Ticker

6/recent/ticker-posts

Header Ads Widget

വൈദ്യുതി: ഫിക്‌സഡ് ചാർജും കുത്തനെ കൂടും

തിരുവനന്തപുരം: വൈദ്യുതിനിരക്കിൽ ഏപ്രിൽ മുതൽ ഒരുരൂപ കൂട്ടാൻ കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഫിക്സഡ് ചാർജും കുത്തനെ ഉയരും. വീടുകൾക്ക് 19.8 ശതമാനമാണ് വർധന പ്രതീക്ഷിക്കുന്നത്. ചെറുകിട വ്യവസായങ്ങൾക്ക് 21 ശതമാനവും വൻകിട വ്യവസായങ്ങൾക്ക് 13 ശതമാനവും കൂട്ടാനാണ് ശുപാർശ.

ഫിക്സഡ് ചാർജിലും വൈദ്യുതിനിരക്കിലും ശുപാർശചെയ്യുന്ന വർധന ഒരുമിച്ച് കണക്കാക്കുമ്പോൾ വീടുകൾക്ക്‌ 95 പൈസയും ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട വ്യവസായങ്ങൾക്ക് 1.10 രൂപയും കൃഷിക്ക് 46 പൈസയും അധികബാധ്യത ഓരോ യൂണിറ്റിലും ഉണ്ടാവും. ഇതെല്ലാം ചേർത്താൽ വിൽക്കുന്ന ഓരോ യൂണിറ്റിനും ശരാശരി 99 പൈസ ബോർഡിന് അധികമായി കിട്ടും.

വീടുകളിൽ കുറഞ്ഞനിരക്ക് 1.50 ആയി തുടരും. ഇത് ബി.പി.എൽ. വിഭാഗങ്ങൾക്കാണ്. പൊതുവിഭാഗത്തിലെ കുറഞ്ഞനിരക്ക് 3.15 രൂപയിൽനിന്ന് 3.50 രൂപയായും കൂടിയത് 7.90 രൂപയിൽനിന്ന് 8.20 ആയും കൂട്ടണമെന്നാണ് ശുപാർശ.

ഫിക്സഡ് ചാർജ് സിംഗിൾ ഫേസിൽ ഇരട്ടിയും ത്രീഫേസിൽ ഇരട്ടിയിലേറെയും കൂട്ടാനാണ് ശുപാർശ. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ടതാണ് ഫിക്സഡ് ചാർജ്. ചെറുകിട വ്യവസായങ്ങൾക്കുള്ള ഫിക്സഡ് ചാർജിൽ 50 രൂപവരെയും വൻകിട വ്യവസായങ്ങളുടെ ഡിമാൻഡ് ചാർജിൽ 60 രൂപയും കൂട്ടണം.

2022-23ൽ കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്ന നഷ്ടം 2809 കോടി രൂപയാണ്. നിരക്കുവർധനയിലൂടെ 2277.52 കോടിയേ കിട്ടൂ എന്നാണ് കണക്കാക്കുന്നത്. അഞ്ചുവർഷത്തിൽ വീടിനും കൃഷിക്കും നിരക്ക് ക്രമമായി കൂട്ടണമെന്നും വ്യവസായങ്ങൾക്ക് ക്രമമായി കുറയ്ക്കണമെന്നുമാണ് ബോർഡ് സ്വീകരിച്ചിരിക്കുന്ന നയം.

വൻകിട വ്യവസായങ്ങൾക്കുള്ള ശുപാർശ (പഴയത് ബ്രാക്കറ്റിൽ)

ഡിമാൻഡ് ചാർജ്: 380-400 (320-340)

വൈദ്യുതിനിരക്ക്: 5.50-6.00 (5.00-5.55)

ചെറുകിട വ്യവസായങ്ങൾക്കുള്ള ശുപാർശ

ഫിക്സഡ് ചാർജ്: 160-210 (120-170)

വൈദ്യുതി നിരക്ക്: 6.15-6.70 (5.65-6.25)

കൃഷി

ഫിക്സഡ് ചാർജ്: 25.00 (10.00)

വൈദ്യുതി നിരക്ക് 3.30 (2.80)

Post a Comment

0 Comments