Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🔊അവധിക്ക് നാട്ടിലെത്തിയ പ്രവാസി എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

✒️അവധിക്ക് നാട്ടിലെത്തിയ പ്രവാസി എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ പാമ്പുരുത്തി സ്വദേശി മേലേപ്പാത്ത് അബ്ദുൽ ഹമീദ് (43) ആണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. 

സൗദിയിൽ നിന്ന് കുറച്ചുനാൾ മുമ്പ് ബഹ്റൈനിലേക്ക് മാറിയ അദ്ദേഹം അവിടെ നിന്ന് അവധിക്ക് ശനിയാഴ്ച നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എയർപ്പോർട്ടിൽ ഇറങ്ങിയ ശേഷം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മൃതദേഹം പള്ളിക്കര കടവിന് സമീപം കണ്ടെത്തുകയായിരുന്നു. ട്രെയിനിൽ നിന്ന് പുഴയിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം. 

മൃതദേഹം തിങ്കളാഴ്ച പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ മാട്ടുമ്മൽ മമ്മു ഹാജിയുടെ മകനാണ് അബ്ദുൽ ഹമീദ്. മാതാവ്: കുഞ്ഞാത്തുമ്മ. ഭാര്യ: റാബിയ. മക്കൾ: റസൽ, റയ, ശബ്ന, സൈബ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, അബ്ദുൽ റാസിഖ് (യാംബു), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, സകീന, റാബിയ, ഖദീജ.

🇧🇭ബഹ്‌റൈനിലും ഗോള്‍ഡന്‍ വിസ; അഞ്ച് വര്‍ഷമായി താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

✒️യുഎഇക്ക് പുറകെ ബഹ്‌റൈനും വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ (Golden Visa) നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്‌മാന്‍, വിസ ആന്റ് റസിഡന്‍സ് മേധാവി ശൈഖ് അഹ്‌മദ് ബിന്‍ അബ്ദുല്ല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഞ്ച് വര്‍ഷമായി ബഹ്‌റൈനില്‍ താമസിക്കുന്ന രണ്ടായിരം ബഹ്‌റൈന്‍ ദീനാര്‍ (നാല് ലക്ഷം ഇന്ത്യന്‍ രൂപ) മാസ ശമ്പളമുളള വിദേശികള്‍ക്ക് ഗോള്‍ഡന്‍ വീസക്ക് അപേക്ഷിക്കാം. രണ്ട് ലക്ഷം ബഹ്‌റൈന്‍ ദീനാര്‍ (നാല് കോടിയോളം ഇന്ത്യന്‍ രൂപ) ബഹ്‌റൈനില്‍ നിക്ഷേപമുള്ളവര്‍ക്കും ഗോള്‍ഡന്‍ വീസ ലഭിക്കും. കൂടാത പ്രൊഫഷനലുകള്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിവര്‍ക്കും വിസ നല്‍കും. 

10 വര്‍ഷത്തെ വിസക്ക് 300 ബഹ്‌റൈന്‍ ദീനാറാണ് ഫീസ്. ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ വീസക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാനും പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമാണ് വിസ അനുവദിക്കുന്നതെന്ന് ശൈഖ് അഹ്‌മദ് ബിന്‍ അബ്ദുല്ല വ്യക്തമാക്കി.

🇴🇲പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് ഫെബ്രുവരി 11ന്.

✒️ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് (Indian Expats in Oman) ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ (Indian Ambassador) നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് (Open House) ഫെബ്രുവരി പതിനൊന്നിന് നടക്കുമെന്ന് എംബസി (Indian Embassy in Oman) വൃത്തങ്ങൾ അറിയിച്ചു .

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഫെബ്രുവരി പതിനൊന്നിന് നൽകുമെന്നും എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

🇸🇦നോര്‍ക്ക റൂട്ട്‌സില്‍ ഇനി സൗദി എംബസി അറ്റസ്‍റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാവും.

✒️നോര്‍ക്ക റൂട്ട്‌സിന്റെ (Norka Roots) തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴി സൗദി എംബസി (Saudi Embassy) സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു. കേരളത്തില്‍ നിന്നും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആ രാജ്യത്തേക്ക് ജോലിക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ (റെഗുലര്‍ മോഡ്) നോര്‍ക്ക റൂട്ട്‌സ് ഓഫീസുകള്‍ വഴി സൗദി അറേബ്യന്‍ കള്‍ച്ചറല്‍ അറ്റാഷേയുടെയും സൗദി അറേബ്യന്‍ എംബസിയുടെയും അറ്റസ്റ്റേഷന് വേണ്ടി സമര്‍പ്പിക്കാവുന്നതാണ്.  

സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഓഫര്‍ ലെറ്റര്‍ ‍/ എംപ്ലോയ്‌മെന്റ് ലെറ്റര്‍ ഹാജരാക്കേണ്ടതാണ്.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലോ norkacertificates@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

🇦🇪യുഎഇയില്‍ ഇന്ന് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും താഴ്‍ന്ന കൊവിഡ് നിരക്ക്.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 1704 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,992 പേരാണ് രോഗമുക്തരായത് (Covid recoveries). പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞതിന് പുറമെ രോഗമുക്തരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ വര്‍ദ്ധിച്ചുവെന്നതും ആശ്വാസകരമാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

 കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,73,298 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,59,361 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,86,642 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,265 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 70,454 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇰🇼കൊവിഡ് കാലത്ത് കുവൈത്തില്‍ നിന്ന് മടങ്ങിയത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍.

✒️കൊവിഡ് പ്രതിസന്ധിക്കാലത്ത് (Covid crisis) കുവൈത്തില്‍ നിന്ന് 97802 പ്രവാസി ഇന്ത്യക്കാര്‍ (Indian Expats) നാട്ടിലേക്ക് മടങ്ങിയതായി കുവൈത്തിലെ ഇന്ത്യന്‍ അംബംസഡര്‍ (Indian Ambassador to Kuwait) സിബി ജോര്‍ജ്. ഇവരില്‍ ചിലര്‍ പിന്നീട് തിരികെ വന്ന് ജോലികളില്‍ പ്രവേശിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഏഴ് ലക്ഷത്തോളം പ്രവാസികള്‍ കൊവിഡ് കാലത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.

കുവൈത്തില്‍ നിന്ന് മടങ്ങിയ പ്രവാസികളില്‍ ഒരുവിഭാഗം പിന്നീട് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന യാത്രാ പ്രതിസന്ധി മാറിയതോടെ മടങ്ങിവരികയും ചെയ്‍തു. അത്യാവശ്യ സാഹചര്യങ്ങളില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയത് യുഎഇയില്‍ നിന്നാണ്. 3,30,058 പേരാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോയത്. സൗദി അറേബ്യയില്‍ നിന്ന് 1,37,900 പേരും ഒമാനില്‍ നിന്ന് 72,259 പേരും ഇക്കാലയളവില്‍ രാജ്യത്തേക്ക് മടങ്ങിയതായും ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

🇰🇼കുവൈറ്റ്: വിമാനം യാത്രപുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കുമെന്ന് DGCA അറിയിപ്പ്.

✒️കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രപുറപ്പെടുന്ന വിമാനങ്ങളിൽ, യാത്ര പുറപ്പെടുന്ന സമയത്തിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മുന്നറിയിപ്പ് നൽകി. ഈ സമയത്തിന് ശേഷമെത്തുന്ന യാത്രികർക്ക് ഡിപ്പാർച്ചർ ഗേറ്റുകളിലൂടെ വിമാനത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും DGCA കൂട്ടിച്ചേർത്തു.

2022 ഫെബ്രുവരി 6-നാണ് കുവൈറ്റ് DGCA ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഈ നിബന്ധന ബാഗേജ് കൗണ്ടറുകളിൽ ബാഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കിയ യാത്രികർക്കും ബാധകമാണെന്ന് DGCA വ്യക്തമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്ന സമയത്തിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടച്ച ശേഷം ഡിപ്പാർച്ചർ ഗേറ്റിലെത്തുന്ന ബാഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കിയ യാത്രികരെയും യാത്രചെയ്യുന്നതിനായി വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് അനുവദിക്കില്ലെന്ന് ഈ അറിയിപ്പിലൂടെ DGCA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

🇴🇲ഒമാൻ: കാർഷികോല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധമാണെന്ന് മുന്നറിയിപ്പ്.

✒️രാജ്യത്തേക്ക് കൃഷി സംബന്ധമായ ഉത്പന്നങ്ങളും, കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയെയും ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസ് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലൂടെയും ഇത്തരം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാണ്.

ഇത്തരം സ്ഥാപനങ്ങളോട് ഇതുമായി ബന്ധപ്പെട്ട ഇമ്പോർട്ട് പെർമിറ്റുകൾ ഔദ്യോഗികമായി നേടുവാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഒമാനിലേക്ക് ഇത്തരം ഉൽപ്പന്നങ്ങൾ അയക്കുന്നതിന് മുൻപ് തന്നെ ഈ രേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തുന്നതിനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ രേഖകൾ ഒമാനിലെത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതും, അയച്ച രാജ്യത്തേക്ക് തിരിച്ചയക്കുന്നതും ഉൾപ്പടെയുള്ള നടപടികൾ ഒഴിവാക്കുന്നതിന് പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

🇰🇼കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ മാറ്റുന്നതിന് അനുമതി നൽകും.

✒️രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ ഇഖാമ (റെസിഡൻസി പെർമിറ്റ്) ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകുമെന്ന് കുവൈറ്റ് തൊഴിൽ മന്ത്രാലയം അറിയിച്ചതായി സൂചന. തൊഴിൽ വകുപ്പിലെ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടികൾ കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നാണ് മാധ്യമങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതിനായി തൊഴിലുടമയുടെ അനുമതി, ആരോഗ്യ ഇൻഷുറൻസ് രേഖകൾ എന്നിവ ആവശ്യമാണ്.

ഹൈ സ്‌കൂൾ ഡിഗ്രി അല്ലെങ്കിൽ അതിലും താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവിയെ ഉദ്ധരിച്ച് കൊണ്ട് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് 2022 ജനുവരി 24-ന് റിപ്പോർട്ട് ചെയ്തിരുന്നു.

🇸🇦സൗദിയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന മലയാളി പത്ത് കോടിയോളം രൂപ തട്ടി മുങ്ങിയതായി പരാതി.

✒️സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന മലയാളി പത്ത് കോടിയോളം രൂപ തട്ടി മുങ്ങിയതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്ബ് കൊള്ളോളത്ത് തിരുത്തിപ്പള്ളി മൊയ്തീന്‍റെ മകന്‍ അല്‍താഫ് ആണ് എണ്‍പതോളം പേരില്‍ നിന്ന് ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി മുങ്ങിയതെന്ന് പരാതിക്കാർ പറയുന്നു. ആറു വര്‍ഷത്തോളം ബിന്‍ലാദന്‍ കമ്ബനിയില്‍ ജോലി ചെയ്ത ഇദ്ദേഹം ഇപ്പോള്‍ മൂന്നു വര്‍ഷമായി റിയാദിലെ സ്വകാര്യ സ്‌കൂളില്‍ കെമിസ്ട്രി അധ്യാപകനായി ജോലി ചെയ്തുവരവെയാണ് തട്ടിപ്പുകൾ നടത്തിയിരിക്കുന്നത്. എല്ലാവരിലും അടുത്ത ബന്ധം കാത്തുസൂക്ഷിച്ച ഇയാൾ പലരുടെയും ശമ്ബളവും ജോലിയില്‍ നിന്ന് പിരിയുമ്ബോള്‍ കിട്ടുന്ന സര്‍വീസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞ് കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. ദുബായില്‍ നിന്ന് സൗദിയിലേക്ക് ചോക്ലേറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണ് ചിലരോട് ഇദ്ദേഹം പറഞ്ഞിരുന്നത്.

മറ്റു ചിലരില്‍ ചിട്ടിയെന്ന് വിശ്വസിപ്പിച്ച്‌ എല്ലാ മാസവും വന്‍തുക വാങ്ങിയിരുന്നു. പലര്‍ക്കും പല സമയങ്ങളിലും ലാഭവിഹിതമായി ചെറിയ സംഖ്യകള്‍ നല്‍കുകയും ചെയ്തു. നാട്ടിലുള്ളവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. സംഘടനകളിലോ കൂട്ടായ്മകളിലോ അംഗമല്ലാത്ത ഇയാള്‍ മാന്യമായി പെരുമാറിയാണ് പണം കൈപറ്റിയിരുന്നത്. എല്ലാവരില്‍ നിന്നും രഹസ്യമായി ഇടപാട് നടത്തിയതിനാല്‍ പണം കൈമാറ്റം സുഹൃത്തുക്കള്‍ പോലും പരസ്പരം അറിഞ്ഞിരുന്നില്ല. ബിസിനസ് പാര്‍ട്ണര്‍മാരാണെന്ന് പറഞ്ഞു മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യിച്ചിരുന്ന ഇയാള്‍ തന്റെ അക്കൗണ്ട് വിവരങ്ങളും മറച്ചുവച്ചിരുന്നതായും പരാതിയിൽ പറയുന്നു

ഭാര്യയുടെ ഉമ്മയ്ക്ക് സുഖമില്ലെന്നും അവരെ എയര്‍പോര്‍ട്ടില്‍ എത്തിച്ച്‌ തിരിച്ചുവരാമെന്ന് പറഞ്ഞ് ഒന്നരമാസം മുമ്ബാണ് ഇവിടെ നിന്ന് മുങ്ങിയത്. എന്നാല്‍ നാട്ടിലന്വേഷിച്ചപ്പോള്‍ അങ്ങനെ ആര്‍ക്കും അസുഖമില്ലെന്നും അവര്‍ അവിടെ എത്തിയിട്ടില്ലെന്നും വ്യക്തമായി. 13 വര്‍ഷമായി ബന്ധമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നതെങ്കിലും 2019ല്‍ അയാളുടെ മാതാപിതാക്കള്‍ റിയാദില്‍ സന്ദര്‍ശക വിസയില്‍ വന്നു താമസിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് ഒരാഴ്ചത്തെ ലീവെടുത്താണ് ഇദ്ദേഹം ഭാര്യയെയും മക്കളെയും കൂട്ടി പോയിരിക്കുന്നത്.

ഇദ്ദേഹം ഇന്ത്യയിലെത്തിട്ടുണ്ടെന്ന് എംബസി അറിയിച്ചതായി ഇവര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന കോഴിക്കോട് പുവാട്ട് പറമ്ബിലെ വീട്ടിലും ഇപ്പോള്‍ ഇയാള്‍ താമസിക്കുന്ന പുളിക്കലിലെ വീട്ടിലും ഇതുവരെ ഇയാള്‍ എത്തിയിട്ടില്ല. മുംബൈയിലുണ്ടാകാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു.

🇶🇦ഖത്തർ ലോകകപ്പ്: ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടം നാളെ അവസാനിക്കും.

✒️ദോഹ∙ ഖത്തർ ലോക കപ്പ് ബുക്കിങ്ങിന്റെ പ്രാഥമീക ഘട്ടം നാളെ അവസാനിക്കും. ടിക്കറ്റ് ബുക്കിങ്ങിന്റെ ആദ്യ ഘട്ടമാണ് അവസാനിക്കുന്നത്. വ്യക്തിഗത മത്സര ടിക്കറ്റ്, ടീം സ്പെസിഫിക് സീരീസ്, ഫോർ-സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിങ്ങനെ 3 തരം ടിക്കറ്റുകൾക്കുള്ള ബുക്കിങ്ങാണ് ആദ്യ ഘട്ടത്തിലുള്ളത്. ഫിഫ ലോകകപ്പിന്റെ 30 ലക്ഷത്തിലധികം വരുന്ന മൊത്തം ടിക്കറ്റിന്റെ മൂന്നിലൊന്നാണ് ആദ്യ ഘട്ടത്തിലേയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഖത്തറിലെ താമസക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ-40 റിയാലിന് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരവും ഇതവണയുണ്ട്.

കാണികൾക്ക് ഇഷ്ടമുള്ള നിശ്ചിത മത്സരത്തിന് മാത്രമായുള്ള ടിക്കറ്റാണ് വ്യക്തിഗത മത്സര ടിക്കറ്റ്. 4 കാറ്റഗറികളിലായി ലഭിക്കുന്ന ടിക്കറ്റിൽ 4-ാമത്തെ കാറ്റഗറി ഖത്തറിലെ താമസക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. ഖത്തർ പ്രവാസികൾക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 40 റിയാൽ (ഏകദേശം 800-820 ഇന്ത്യൻ രൂപ )ആണ്. വിദേശ കാണികൾക്കായുള്ള കുറഞ്ഞ നിരക്ക് 250 റിയാൽ (5,000-5,100 ഇന്ത്യൻ രൂപ) ആണ്.

ഇഷ്ടടീമിന്റെ മത്സരം കാണാൻ മാത്രമുള്ള ടീം സ്പെസിഫിക്ക് ടിക്കറ്റുകളിൽ കുറഞ്ഞ നിരക്ക് 825 റിയാൽ (16,500-16,800 ഇന്ത്യൻ രൂപ) ആണ്. ഇഷ്ടമുള്ള തീയതികളിൽ 4 വ്യത്യസ്ത സറ്റേഡിയങ്ങളിലായി 4 മത്സരങ്ങൾ കാണാനുള്ള ഫോർ-സ്റ്റേഡിയം മത്സര ടിക്കറ്റിന്റെ കുറഞ്ഞ നിരക്ക് 1,000 റിയാൽ (20,000-20,300 ഇന്ത്യൻ രൂപ) ആണ്. അക്സസിബിലിറ്റി ടിക്കറ്റിന്റെയും കുറഞ്ഞ നിരക്ക് 40 റിയാൽ (800-820 ഇന്ത്യൻ രൂപ) ആണ്.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ : https://www.qatar2022.qa/en/tickets, https://www.fifa.com/tournaments/mens/worldcup/qatar2022/tickets ആദ്യ ഘട്ട ബുക്കിങ്ങിൽ ലഭിച്ച അപേക്ഷകളുടെ റാൻഡം തിരഞ്ഞെടുപ്പ് മാർച്ച് 8ന് തുടങ്ങും. നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അർഹരായവരെ പ്രഖ്യാപിക്കുകയും ഇവർക്ക് ഇ-മെയിൽ വഴി അറിയിപ്പ് ലഭിക്കുകയും ചെയ്യും.

🇶🇦ദേശീയ കായിക ദിനം; ഖത്തറിൽ നാളെ പൊതു അവധി.

✒️ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തറിൽ നാളെ പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് എല്ലാ വർഷവും ദേശീയ കായിക ദിനമായി ഖത്തര്‍ ആഘോഷിക്കുന്നത്.

🇸🇦ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പരിഷ്‌കരിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം.

✒️വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്ന ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നിബന്ധനകൾ പരിഷ്‌കരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. പരിഷ്‌കരിച്ച ചട്ടപ്രകാരം തീർത്ഥാടകർ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലമാണ് ഇനി മുതൽ ഹാജരാക്കേണ്ടത്. പി.സി.ആർ പരിശോധന ഫലവും, ആന്റിജൻ പരിശോധന ഫലവും സ്വീകാര്യമാണ്. ഇക്കാര്യത്തിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രത്യേക ഇളവുകളൊന്നുമില്ല. ഫെബ്രുവരി 9ന് ബുധനാഴ്ച പുലർച്ചെ ഒരു മണിമുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും. വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്ന സ്വദേശികൾക്കും താമസ വിസയിലുള്ള വിദേശികൾക്കും യാത്ര നടപടിക്രമങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അതിനനുസൃതമായി ജനറൽ അതേറിറ്റി ഓഫ് സിവിൽ ഏവിയേഷനും വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു.ഇതിന്റെ തുടർച്ചായായാണ് ഇപ്പോൾ ഉംറ തീർത്ഥാടകർക്കുള്ള നടപടിക്രമങ്ങളും പരിഷ്‌കരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചത്.

Post a Comment

0 Comments