രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും, വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും ബാധകമാക്കിയിട്ടുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി. 2022 ഫെബ്രുവരി 10-നാണ് ഒമാൻ എയർപോർട്ടസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഒമാനിലേക്ക് പ്രവേശിക്കുന്നവർക്കും, ഒമാനിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ https://www.omanairports.co.om/news/update-on-travel-restrictions-related-to-covid-19/ എന്ന വിലാസത്തിൽ ലഭ്യമാണ്.
ഈ അറിയിപ്പ് അനുസരിച്ച് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:
ഒമാനിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും ചുരുങ്ങിയത് ഒരു മാസത്തെയെങ്കിലും COVID-19 ചികിത്സാ പരിരക്ഷ ഉറപ്പ് നൽകുന്ന ഇന്റർനാഷണൽ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. ഒമാൻ പൗരന്മാർ, ജി സി സി പൗരന്മാർ, സൗജന്യ ചികിത്സാ കാർഡുകളുള്ള യാത്രികർ എന്നിവർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, കോവിഷീൽഡ് ആസ്ട്രസെനേക, സ്പുട്നിക്, സിനോവാക്, മോഡർന, സിനോഫാം എന്നിവയുടെ രണ്ട് ഡോസ് അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ ഒരു ഡോസ് എന്നീ COVID-19 വാക്സിനുകൾക്കാണ് ഒമാൻ അംഗീകാരം നൽകിയിട്ടുള്ളത്. ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് 14 ദിവസം മുൻപെങ്കിലും യാത്രികർ രണ്ടാം ഡോസ് എടുത്തിരിക്കണം.
പതിനെട്ട് വയസിന് താഴെ പ്രായമുള്ളവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ ഇളവുകളുള്ള യാത്രികർ എന്നിവർ ഒഴികെയുള്ളവർ ഒമാനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്, PCR റിസൾട്ട് എന്നിവ ഹാജരാക്കേണ്ടതാണ്.
0 Comments