യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി നോര്‍ക്കയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 1800 425 3939 എന്ന നമ്പറില്‍ യാത്രാക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. മുംബൈയിലും ഡല്‍ഹിയിലും തിരിച്ചെത്തുന്നവര്‍ക്ക് സഹായത്തിനായി നോര്‍ക്കയെ ബന്ധപ്പെടാം. മുംബൈയിലുള്ളവര്‍ക്ക് 7907695568 എന്ന നമ്പറിലും ഡല്‍ഹിയിലുള്ളവര്‍ക്ക് 7289940944 എന്ന നമ്പറിലും ബന്ധപ്പെടാം.
ഇന്ത്യയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും നടപടികള്‍ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുക്രൈയിനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി......
യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽനിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്.
യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്. യുക്രൈന്‍ രക്ഷാ ദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചേര്‍ന്നാണ് രണ്ടാം വിമാനത്തില്‍ എത്തിയവരെ സ്വീകരിച്ചത്.
0 Comments