🇸🇦സൗദിയില്‍ 2,136 പേര്‍ക്ക് കൂടി കൊവിഡ്, 3,482 പേര്‍ക്ക് രോഗമുക്തി.
✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 2,136 പേര്‍ക്ക് കൂടി കൊവിഡ് (Covid 19)ബാധിച്ചു. 3,482 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,28,387 ഉം രോഗമുക്തരുടെ എണ്ണം 6,92,001 ഉം ആയി. രണ്ട് മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,973 ആയി.
നിലവില്‍ 27,413 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 1,014 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 765, ജിദ്ദ 157, ദമ്മാം 149, ഹുഫൂഫ് 93, മദീന 77, മക്ക 41. സൗദി അറേബ്യയില്‍ ഇതുവരെ 5,93,95,739 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,57,58,329 ആദ്യ ഡോസും 2,39,21,480 രണ്ടാം ഡോസും 97,15,930 ബൂസ്റ്റര്‍ ഡോസുമാണ്.
🇧🇭ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈന്‍; ആദ്യ വ്യക്തിയായി യൂസഫലി.
✒️ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ(Golden Visa) നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി(M A Yusuff Ali). ഇന്ന് ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോള്‍ഡന്‍ വിസ 001 നമ്പറില്‍ എം എ യുസുഫലിക്ക് നല്‍കാന്‍ തീരുമാനമായത്.
ഈ ബഹുമതി ലഭിച്ചത് എന്റെ ജീവിതത്തില്‍ വളരെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണെന്നും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫക്കും ബഹ്റൈന്‍ സര്‍ക്കാരിനും ആത്മാര്‍ത്ഥമായി നന്ദി പറയുന്നതായും ഗോള്‍ഡന്‍ വിസ നമ്പര്‍ 001 ലഭിച്ച ശേഷം യൂസഫലി പറഞ്ഞു.
ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്റൈന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്നും പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമെന്നത്തില്‍ സംശയമില്ലെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുമായും യൂസഫലി ഇന്ന് മനാമയില്‍ വെച്ച് കൂടിക്കാഴച നടത്തി.
നിക്ഷേപ വര്‍ധനക്കൊപ്പം ആഗോള പ്രതിഭകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ നല്‍കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹ്റൈന്‍ പ്രഖ്യാപിച്ചത്. വിഷന്‍ 2030ന് അനുസൃതമായി ഈ വിസയുടെ സമാരംഭം എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഖ്യാപന വേളയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
🇦🇪യുഎഇയിലെ തിയേറ്ററുകള്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിക്കും.
✒️അബുദാബി: യുഎഇയിലെ സിനിമാ തിയേറ്ററുകള്‍(Cinema theatres) ഫെബ്രുവരി 15 മുതല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് സാംസ്‌കാരിക, യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു. ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയാണ്(National Emergency Crisis and Disasters Management Authority ) തീരുമാനം പുറപ്പെടുവിച്ചത്.
ഓരോ എമിറേറ്റിനും സിനിമാ ഹാളുകളിലെ ശേഷിയില്‍ മാറ്റം വരുത്താനും അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനോ കര്‍ശനമാക്കാനോ കഴിയുമെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. മഹാമാരിയുടെ തുടക്കം മുതല്‍ പ്രൊഫഷണല്‍ രീതിയിലാണ് യുഎഇ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്തത്. കൊവിഡ് പോരാട്ടത്തില്‍ യുഎഇ സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശ്രമങ്ങളുടെയും വിജയത്തിന്റെയും ഫലമായാണ് സിനിമാ ഹാളുകളില്‍ സീറ്റിങ് ശേഷി ഉയര്‍ത്താനുള്ള തീരുമാനമെടുത്തത് മീഡിയ റെഗുലേറ്ററി ഓഫീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാഷിദ് ഖാല്‍ഫാന്‍ അല്‍ നുഐമി പറഞ്ഞു.
🇦🇪അബുദാബിയില്‍ അഞ്ചു മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങി.
✒️അബുദാബിയില്‍(Abu Dhabi) അഞ്ചു മുതല്‍ 11 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഫൈസര്‍-ബയോഎന്‍ടെക് (Pfizer-BioNTech vaccine)കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെയും മുബാദല ഹെല്‍ത്തിന്റെയും ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാകും വാക്‌സിന്‍ നല്‍കുക. ഇതിനായി ബുക്ക് ചെയ്യേണ്ടതില്ല. ഈ കേന്ദ്രങ്ങളില്‍ കുട്ടികളുമായി നേരിട്ട് എത്തിയാല്‍ മതിയാകും.
അടുത്തിടെയാണ് അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെയുളള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ഫെബ്രുവരി രണ്ട് മുതലാണ് അഞ്ചു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് അബുദാബിയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് വാക്‌സിന്‍ സ്വീകരിച്ച കുട്ടികളില്‍ കൊവിഡ് ബാധിച്ചാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്നും അതിനാല്‍ എല്ലാവരും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
🔊ആഭരണം കുറയ്ക്കണം, ഡ്യൂട്ടിഫ്രീ ഷോപ്പിങ് വേണ്ട; ക്യാബിന്‍ ക്രൂവിന് എയര്‍ ഇന്ത്യ നിര്‍ദ്ദേശങ്ങള്‍.
✒️ക്യാബിന്‍ ക്രൂവിന് (Cabin Crew)പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി എയര്‍ ഇന്ത്യ(Air India). ആഭരണങ്ങള്‍ പരമാവധി കുറയ്ക്കുക(Minimal jewellery), ഡ്യൂട്ടി ഫ്രീ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാതിരിക്കുക എന്നിങ്ങനെ ഏതാനും പുതിയ നിര്‍ദ്ദേശങ്ങളാണ് ഞായറാഴ്ച എയര്‍ ഇന്ത്യ തങ്ങളുടെ ക്യാബിന്‍ ക്രൂവിന് നല്‍കിയിട്ടുള്ളത്. എയര്‍ലൈന്റെ പ്രവര്‍ത്തന മികവ് ഉയര്‍ത്താനായാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.
എയര്‍ ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്
യൂണിഫോം നിബന്ധനകള്‍ ക്യാബിന്‍ ക്രൂ കര്‍ശനമായി പാലിക്കണം. കസ്റ്റംസ്, സുരക്ഷാ പരിശോധനകളില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത് ഒഴിവാക്കാനായി പരമാവധി കുറച്ച് ആഭരണങ്ങള്‍ മാത്രം ധരിക്കുക.
ഇമ്മിഗ്രേഷന്‍, സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കയറാതെ ബോര്‍ഡിങ് ഗേറ്റിലേക്ക് പോകണം.
ക്യാബിന്‍ ക്രൂവിലെ എല്ലാവരും ക്യാബിനില്‍ ഉണ്ടെന്ന് ക്യാബിന്‍ സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തണം. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പോ യാത്രക്കാരുടെ ബോര്‍ഡിങ് സമയത്തോ ക്യാബിന്‍ ക്രൂ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.ബോര്‍ഡിങ് വേഗത്തിലാക്കാന്‍ യാത്രക്കാരെ സഹായിക്കുക.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഭാര പരിശോധനയടക്കം നടത്തണമെന്ന എയര്‍ ഇന്ത്യയുടെ സര്‍ക്കുലറിനെതിരെ ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് എയര്‍ലൈന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
🇸🇦സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 14,000ത്തിലേറെ പേര്‍.
✒️സൗദി അറേബ്യയില്‍ (Saudi Arabia) തൊഴില്‍, താമസ നിയമലംഘനങ്ങള്‍ (Residence and labour violations) കണ്ടെത്താനുള്ള പരിശോധനകള്‍ (Raids) ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 14,470 നിയമലംഘകരെ (illegals) പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ഫെബ്രുവരി മൂന്നു മുതല്‍ ഒമ്പത് വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 7,708 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,971 പേരെയും പിടികൂടിയത്. 1,791 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 168 പേര്‍. ഇവരില്‍ 31 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 65 ശതമാനം പേര്‍ എത്യോപ്യക്കാരും 4 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 168 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 87,424 പേരെ നാടുകടത്തുന്നതിനായി യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
🇸🇦സൗദിയില്‍ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി.
✒️സൗദി അറേബ്യയില്‍(Saudi Arabia) ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് (electronic passport)പുറത്തിറക്കി. ഉന്നത സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാണ് പുതിയ പാസ്‌പോര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നതാണ് പുതിയ പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത.
ഒറ്റ നോട്ടത്തില്‍ വ്യത്യാസം തോന്നില്ലെങ്കിലും ഒട്ടേറെ സവിശേഷതകളോടെയാണ് സൗദി അറേബ്യ പുതിയ പാസ്‌പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഉന്നത സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത പുതിയ പാസ്‌പോര്‍ട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ പ്രകാശനം ചെയ്തു. പഴയ പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി പുതിയ പാസ്‌പോര്‍ട്ടില്‍ വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ സ്‌കാന്‍ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് അറിയാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
🇴🇲ഒമാനില്‍ 4,701 പുതിയ കൊവിഡ് കേസുകള്‍.
✒️ഒമാനില്‍ (Oman) 4,701 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. വ്യാഴാഴ്ച 2,064 പേര്‍ക്കും വെള്ളിയാഴ്ച 1,295 പേര്‍ക്കും ശനിയാഴ്ച 1,342 പേര്‍ക്കും രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 7,141 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി 13 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ 3,65,700 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,41,047 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,208 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 93.3 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 110 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 421 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 87 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇦🇪യുഎഇയില്‍ 1266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം.
✒️യുഎഇയില്‍ ഇന്ന് 1,266 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,513 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,54,763 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,68,237 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,00,884 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,285 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 65,068 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🔊പ്രവാസികളുടെയും വിദേശത്തു നിന്ന് തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്.
✒️സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആര്‍ കാറ്റഗറിയില്‍പ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്.
20,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര- ബിരുദ കോഴ്സുകള്‍ക്കോ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കോ 2021-22 അധ്യയന വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച റഗുലര്‍ കോഴ്സുകള്‍ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്.
www.scholarship.norkaroots.org എന്ന വെബ്‍സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 26. 2019 മുതല്‍ നിലവിലുള്ള ഈ പദ്ധതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 317 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 0471-2770528, 2770500 എന്നീ ഫോണ്‍ നമ്പരുകളിലോ നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. 00918802012345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ്കോള്‍ സേവനവും ലഭ്യമാണ്.
🇰🇼കുവൈറ്റ്: ഫാമിലി, ടൂറിസം വിസകൾ പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതായി സൂചന.
✒️2022 മാർച്ച് മാസത്തോടെ രാജ്യത്തേക്ക് ഫാമിലി, ടൂറിസം വിസകളിൽ യാത്രികർക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം വിസകൾ അനുവദിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി ആഭ്യന്തര മന്ത്രാലയം ചർച്ചകൾ നടത്തുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രവാസികൾക്ക് എല്ലാത്തരം വിസകളും അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിരുന്നെങ്കിലും, കൊറോണ വൈറസ് പശ്ചാത്തലത്തിൽ പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് ആർട്ടിക്കിൾ 22 പ്രകാരമുള്ള ആശ്രിത, അല്ലെങ്കിൽ ഫാമിലി വിസ, ആർട്ടിക്കിൾ 14 പ്രകാരമുള്ള വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസ എന്നിവ നിബന്ധനകളോടെ, വളരെ പരിമിതമായ അളവിൽ മാത്രമാണ് കുവൈറ്റ് ഒരു വർഷമായി നൽകുന്നത്. ഈ നിയന്ത്രണം ഒഴിവാക്കുന്നതിനും, ഇത്തരം വിസകൾ അർഹതയുള്ള എല്ലാവർക്കും അനുവദിക്കുന്നതിനുമുള്ള സാധ്യതകളെക്കുറിച്ചാണ് കുവൈറ്റ് ഇപ്പോൾ ആലോചിക്കുന്നത്.
🇴🇲ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് അവ സൗജന്യമായി പുതുക്കി നൽകുമെന്ന് ഇന്ത്യൻ എംബസി.
✒️2021 ഒക്ടോബർ മാസത്തിൽ ഒമാനിൽ കനത്ത നാശം വിതച്ച ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് അവ സൗജന്യമായി പുതുക്കി നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2022 ഫെബ്രുവരി 11-ന് എംബസിയിൽ നടന്ന ഓപ്പൺ ഹൗസിലാണ് ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗ് ഇക്കാര്യം അറിയിച്ചത്.
ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെടുകയോ, കേടുവരികയോ ചെയ്ത ഇന്ത്യക്കാർക്ക് ഇവയ്ക്ക് പകരമായി പുതിയ പാസ്‌പോർട്ടുകൾ, പ്രത്യേക ഫീസുകൾ കൂടാതെ, തികച്ചും സൗജന്യമായി അനുവദിക്കുമെന്നാണ് അംബാസഡർ അറിയിച്ചത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്.
0 Comments