🇸🇦ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ടുകൾ പുതുക്കി നൽകുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി; അറിയേണ്ടതെല്ലാം
✒️സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്ന ഇന്ത്യൻ പ്രവാസികൾക്ക് അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യൻ പ്രവാസികളെ പാസ്പോർട്ട് പുതുക്കാൻ പുറംകരാർ ഏജൻസിയായ വി.എഫ്.എസ് സെന്‍ററുകൾ അനുവദിക്കുന്നില്ല എന്ന വിഷയം ഉന്നയിച്ച് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19 ന് ഇന്ത്യൻ എംബസിക്ക് അയച്ച നിവേദനത്തിന് മറുപടിയായാണ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാൾ ഇക്കാര്യം അറിയിച്ചത്.
ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാൻ വി.എഫ്.എസ് സെന്ററുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, അത്തരം പ്രവാസികൾ അവരുടെ സ്പോൺസറുടെയോ കമ്പനിയുടെയോ 'ഇഖാമ പിന്നീട് പുതുക്കികൊടുക്കാം' എന്ന് ഉറപ്പ് നൽകുന്ന ഒരു കത്ത് ഹാജരാക്കിയാൽ അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കും. പിന്നീട് ഇഖാമ പുതുക്കിയാൽ ഇവർക്ക് 10 വർഷം കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാമെന്നും എംബസി വ്യക്തമാക്കി. ഈ വിഷയം ഉന്നയിച്ചു നവയുഗം കേന്ദ്രകമ്മിറ്റി വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നൽകിയിരുന്നു. നവയുഗത്തിന്റെ അഭ്യർഥന മാനിച്ചു ബിനോയ് വിശ്വം എം.പിയും ഈ വിഷയം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
🇰🇼കുവൈറ്റ്: പ്രവാസികളുടെ ഇൻഷുറൻസ് ഫീസ് 500 ദിനാറാക്കി നിശ്ചയിച്ചതായി സൂചന.
✒️അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള വാർഷികാടിസ്ഥാനത്തിലുള്ള ഇൻഷുറൻസ് ഫീസ് 500 ദിനാറാക്കി നിശ്ചയിച്ചതായി സൂചന. കുവൈറ്റ് ഹെൽത്ത് ഇൻഷുറൻസ് കമ്മിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ മന്ത്രാലയം 2022 ജനുവരി 24-ന് അറിയിച്ചിരുന്നു. ഹൈ സ്‌കൂൾ ഡിഗ്രി അല്ലെങ്കിൽ അതിലും താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവിയെ ഉദ്ധരിച്ച് കൊണ്ട് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് നേരത്തെ റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ അടിസ്ഥനത്തിൽ ഇത്തരം പ്രവാസികൾക്ക് വാർഷിക ഇൻഷുറസ് ഫീസായി 500 ദിനാർ, അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ഇനത്തിൽ മൂന്നര ദിനാർ എന്നിവ നൽകിക്കൊണ്ട് ഇൻഷുറൻസ് ഫീസ് നിബന്ധനകൾ പാലിക്കാവുന്നതാണ്.
🇶🇦ഖത്തർ: Ehteraz ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരു ഗൈഡ് പുറത്തിറക്കി.
✒️Ehteraz ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു ഓൺലൈൻ ഗൈഡ് പുറത്തിറക്കി. ഈ ഗൈഡ് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാണ്.
2022 ഫെബ്രുവരി 2-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉപഭോക്താക്കളുടെ ആരോഗ്യ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനായി Ehteraz ആപ്പിൽ ഉപയോഗിക്കുന്ന വിവിധ കളർ കോഡുകൾ, രോഗപ്രതിരോധ ശേഷി സ്റ്റാറ്റസ് രേഖപെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗോൾഡൻ ഫ്രെയിം, രോഗമുക്തരായവരുടെ സ്റ്റാറ്റസ്, ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ള COVID-19 ടെസ്റ്റ് റിസൾട്ടുകൾ തുടങ്ങിയ വിവിധ വിവരങ്ങൾ ഈ ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://covid19.moph.gov.qa/EN/Documents/PDFs/Ehteraz-Guide-en.pdf എന്ന വിലാസത്തിൽ നിന്ന് PDF രൂപത്തിലുള്ള ഈ ഗൈഡ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഈ ഗൈഡിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരം, COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 9 മാസങ്ങൾ പൂർത്തിയാക്കിയവർക്ക് ആപ്പിലെ ഗോൾഡ് ഫ്രെയിം (രോഗപ്രതിരോധ ശേഷി നേടിയതായി സൂചിപ്പിക്കുന്നു) നഷ്ടമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണ്.
2022 ഫെബ്രുവരി 1 മുതലാണ് രോഗപ്രതിരോധ ശേഷി നേടിയതായുള്ള സ്റ്റാറ്റസ് ലഭിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിരിക്കുന്നത്. ബൂസ്റ്റർ ഡോസ് എടുക്കുന്നവർക്ക് 9 മാസത്തെ കാലയളവിലേക്ക് കൂടി ഗോൾഡൻ ഫ്രെയിം തിരികെ ലഭിക്കുന്നതാണ്.
🇰🇼കുവൈറ്റ്: 2022 ജനുവരിയിൽ 1764 പ്രവാസികളെ നാട്കടത്തിയതായി ആഭ്യന്തര മന്ത്രാലയം.
✒️രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1764 പ്രവാസികളെ 2022 ജനവരി മാസത്തിൽ നാട്കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 1-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
റെസിഡൻസി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് അധികൃതർ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 2022 ജനുവരി 1 മുതൽ 31 വരെയുള്ള കാലയളവിൽ 1764 പ്രവാസികളെ നാട്കടത്തിയിരിക്കുന്നത്.
ഇതിൽ 1058 പുരുഷന്മാരും, 706 സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം വ്യക്തമാക്കി. നിയമം ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനും, ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ ഉറപ്പ് വരുത്തുന്നതിനും ആഭ്യന്തര മന്ത്രാലയം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments