🇸🇦കോവിഡ്: സൗദിയിൽ പുതിയ രോഗികളുടെ എണ്ണം 1,726 ലെത്തി; 2,983 രോഗമുക്തിയും.
✒️സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. പുതുതായി 1,726 കോവിഡ് രോഗികളും 2,983 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,26,251 ഉം രോഗമുക്തരുടെ എണ്ണം 6,88,519 ഉം ആയി.
രണ്ട് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,971 ആയി. നിലവിൽ 28,761 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,020 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.80 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 643, ജിദ്ദ 128, ദമ്മാം 107, ഹുഫൂഫ് 81, മദീന 64, മക്ക 51. സൗദി അറേബ്യയിൽ ഇതുവരെ 5,92,81,722 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,57,43,893 ആദ്യ ഡോസും 2,39,02,910 രണ്ടാം ഡോസും 96,34,919 ബൂസ്റ്റർ ഡോസുമാണ്.
🇰🇼കോവിഡ് രോഗികൾ താഴേക്ക്; രോഗമുക്തി ഇരട്ടിയിലേറെ.
✒️കുവൈത്തിൽ പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞുവരുന്നു. വെള്ളിയാഴ്ച 2896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5871 പേർ രോഗമുക്തി നേടി. പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞുവരുന്നത് ആശ്വാസമാണ്. ഏതാനും ദിവസമായി പുതിയ രോഗികളേക്കാൾ അധികമാണ് രോഗമുക്തർ. തുടർച്ചയായ ദിവസങ്ങളിൽ പുതിയ രോഗികളേക്കാൾ രോഗമുക്തർ ഉണ്ടാകുന്നതിനാൽ ആക്ടിവ് കേസുകൾ കുറഞ്ഞുവരുന്നു. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2518 ആയി.
28,309 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 10.2 ശതമാനമാണ് രോഗസ്ഥിരീകരണം. 453 പേർ കോവിഡ് വാർഡുകളിലും 96 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. 44,772 ആണ് രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ. സൗദി (30,020), ബഹ്റൈൻ (60,081), ഖത്തർ (9498), യു.എ.ഇ (67,253), ഒമാൻ (22,898) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
🇴🇲ഒമാൻ: ഹോട്ടലുകളിൽ 70 ശതമാനം ശേഷിയിൽ കോൺഫറൻസുകൾ, മറ്റു ചടങ്ങുകൾ എന്നിവ നടത്തുന്നതിന് അനുമതി.
✒️രാജ്യത്തെ ഹോട്ടലുകളിൽ 70 ശതമാനം ശേഷിയിൽ കോൺഫറൻസുകൾ, മറ്റു ചടങ്ങുകൾ എന്നിവ നടത്തുന്നതിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2022 ഫെബ്രുവരി 11-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പ്രാദേശികവും, അന്തർദേശീയവുമായ കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയ്ക്ക്, ഇവ നടക്കുന്ന വേദികളുടെ 70 ശതമാനം ശേഷിയിൽ സന്ദർശകരെ പങ്കെടുപ്പിച്ച് കൊണ്ട്, സുപ്രീം കമ്മിറ്റി ഫെബ്രുവരി 9-ന് അനുമതി നൽകിയ സാഹചര്യത്തിലാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്. കർശനമായ മുൻകരുതൽ നടപടികളോടെയാണ് ഈ അനുവാദം നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന മുഴുവൻ പേരും COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖകൾ ഹാജരാക്കേണ്ടതാണ്.
🇰🇼കുവൈറ്റ്: ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റ് നേടുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി.
✒️രാജ്യത്തേക്ക് ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റുകൾ നേടുന്നതിന് അനുവദിച്ച അധികസമയത്തിന്റെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടാൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് (PAM) ഇക്കാര്യം അറിയിച്ചത്.
ഈ കാലാവധി മാർച്ച് 31 വരെ നീട്ടുന്നതുമായി ബന്ധപ്പെട്ട് PAM ഒരു ഔദ്യോഗിക വിജ്ഞാനാപനം പുറത്തിറക്കിയിട്ടുണ്ട്. കുവൈറ്റ് PAM ഡയറക്ടർ ജനറൽ അഹ്‌മദ് അൽ മൂസ്സയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
2021 നവംബർ 24-ന് മുൻപ് അനുവദിച്ചിട്ടുള്ള ഇത്തരം വിസകളിലുള്ളവർക്കാണ് ഈ പ്രയോജനം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
🇦🇪ദുബായ്: ഫെബ്രുവരി 15 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
✒️2022 ഫെബ്രുവരി 15 മുതൽ രേഖകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ നൽകുന്നതിനായാണ് കൂടുതൽ വിശാലമായ കാത്തിരിപ്പ് മുറികളോട് കൂടിയ പുതിയ കേന്ദ്രത്തിലേക്ക് ഈ സേവനങ്ങൾ മാറ്റുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
2022 ഫെബ്രുവരി 11-നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. “SG IVS Global Commercial Information Services” എന്ന സ്ഥാപനമാണ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകിവരുന്നത്. ദുബായിലെ ഔദ് മേത്തയിൽ ബിസിനസ് അട്രിയം ബിൽഡിംഗിലെ 201, 202 നമ്പർ മുറികളിൽ നിന്നായാണ് നിലവിൽ ഈ സ്ഥാപനം ഇത്തരം സേവനങ്ങൾ നൽകുന്നത്.
ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, “SG IVS Global Commercial Information Services” എന്ന സ്ഥാപനം 2022 ഫെബ്രുവരി 15 മുതൽ ഇതേ കെട്ടിടത്തിലെ തന്നെ ഒന്നാമത്തെ നിലയിലെ കൂടുതൽ വിശാലമായ മുറികളിൽ നിന്ന് സേവനങ്ങൾ നൽകുന്നതാണ്. ഇതേ കെട്ടിടത്തിലെ ഒന്നാം നിലയിലെ 102, 103, 104 എന്നീ മുറികളിൽ നിന്നാണ് ഫെബ്രുവരി 15 മുതൽ ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്.
“SG IVS Global Commercial Information Services” താഴെ പറയുന്ന സമയക്രമം അനുസരിച്ചാണ് സേവനങ്ങൾ നൽകുന്നത്:
തിങ്കൾ – വെള്ളി: രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ.
ശനിയാഴ്ച്ച: രാവിലെ 8 മുതൽ രാവിലെ 11 വരെ.
കൂടുതൽ വിവരങ്ങൾക്ക് 04-3579585, 80046342 എന്നീ നമ്പറുകളിലോ, pbsk.dubai@mena.gov.in, attestation.dubai@mea.gov.in, passport.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിലോ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.
🇦🇪അബുദാബി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി.
✒️എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിത്തുടങ്ങിയതായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിച്ചു. ഫെബ്രുവരി 11-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റിലെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നേരത്തെ തന്നെ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ലഭ്യമാക്കിയിരുന്നു. ഇപ്പോൾ മറ്റു COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടില്ലാത്ത 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും അബുദാബിയിൽ ഫൈസർ ബയോഎൻടെക് വാക്സിൻ കുത്തിവെപ്പ് ലഭ്യമാണ്.
രണ്ട് ഡോസ് കുത്തിവെപ്പുകളായാണ് ഈ പ്രായവിഭാഗക്കാർക്ക് ഫൈസർ ബയോഎൻടെക് വാക്സിൻ നൽകുന്നത്. ഇരു ഡോസുകൾക്കുമിടയിൽ മൂന്നാഴ്‌ച്ചത്തെ ഇടവേളയോടെയാണ് ഈ വാക്സിൻ നൽകുന്നത്.
എമിറേറ്റിലെ മുബദല ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നും, അബുദാബി പബ്ലിക് ഹെൽത്ത് സർവീസ് കമ്പനിയുടെ (SEHA) കീഴിലുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നും ഈ പ്രായവിഭാഗക്കാർക്ക് വാക്സിൻ ലഭിക്കുന്നതാണ്. https://www.adphc.gov.ae/en/COVID-19/COVID-19-Vaccination/COVID-19-Vaccination എന്ന വിലാസത്തിൽ നിന്ന് അബുദാബിയിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്.
🇶🇦ഖത്തർ: നിർമ്മാണ പ്രവർത്തനങ്ങൾക്കായി അൽ ഖീസ ഇന്റർചേഞ്ചിലെ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
✒️നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി അൽ ഖീസ ഇന്റർചേഞ്ചിലെ ഒരു പാലത്തിൽ ആറ് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. അൽ ഖീസ റൗണ്ട്എബൗട്ടിൽ നിന്ന് അൽ ഷമാൽ റോഡിലേക്ക് പോകുന്ന ദിശയിലേക്കുള്ള ഗതാഗതമാണ് ഈ പാലത്തിൽ നിരോധിച്ചിരിക്കുന്നത്.
2022 ഫെബ്രുവരി 11-ന് അർദ്ധരാത്രി മുതൽ ആറ് മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അൽ ഖരൈത്തിയത്, ഇസ്ഖാവ മേഖലകളിൽ നടക്കുന്ന റോഡ്, അടിസ്ഥാന സൗകര്യങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ ഗതാഗത നിയന്ത്രണം.
അൽ ഖീസ റൗണ്ട്എബൗട്ട് ലക്ഷ്യമിട്ട് ഈ പാലത്തിലൂടെ സഞ്ചരിക്കേണ്ടവർക്ക്, ഈ കാലയളവിൽ അൽ ഖരൈത്തിയത് സ്ട്രീറ്റ് ഉപയോഗപ്പെടുത്താമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രികർക്ക് ഈ സ്ട്രീറ്റിലൂടെ കെന്റക്കി റൗണ്ട്എബൗട്ടിലേക്കും, തുടർന്ന് ഇടത്തോട്ട് തിരിഞ്ഞ് സുഹൈൽ ബിൻ നാസ്സർ അൽ അത്തിയ സ്ട്രീറ്റിലേക്കും സഞ്ചരിച്ച് കൊണ്ട് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ജംഗ്ഷനിലേക്ക് എത്താവുന്നതാണ്.
ദോഹയിലേക്ക് സഞ്ചരിക്കേണ്ടവർക്ക് അൽ ഷമാൽ റോഡിലെ സർവീസ് റോഡ് ഉപയോഗപ്പെടുത്താവുന്നതാണ്. അൽ റുവൈസ്, മറ്റു വടക്കന്‍ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ ശേഷം ജാസ്സിം ബിൻ മുഹമ്മദ് സ്ട്രീറ്റിലൂടെ സഞ്ചരിച്ച് അൽ ഖീസ ഇന്റർസെക്ഷനിൽ എത്താവുന്നതാണ്.
🇶🇦Booster Doses in Qatar : കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ 10 ലക്ഷം കടന്നു.
✒️ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ(covid vaccine) ബൂസ്റ്റര്‍ ഡോസ് (booster dose)സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 1,022, 567 പേരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്.
കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ട 12 വയസ്സിനും അതിന് മുകളിലുമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ 28 ആരോഗ്യ കേന്ദ്രങ്ങളിലും ലുസൈല്‍ ഡ്രൈവ് ത്രൂ സെന്ററുകള്‍, ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവിടങ്ങളിലും ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് നിയമലംഘനം; ഖത്തറില്‍ വെള്ളിയാഴ്‍ച പിടിയിലായത് 723 പേര്‍
ദോഹ: ഖത്തറില്‍(Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 723 പേര്‍ കൂടി വെള്ളിയാഴ്‍ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 504 പേരും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) നടപടി നേരിട്ടത്.
സാമൂഹിക അകലം പാലിക്കാത്തതിന് (Not maintaining social distance) 210 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഒന്‍പത് പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
🇸🇦സാമൂഹിക മാധ്യമങ്ങളില്‍ 'റെഡ് ഹാര്‍ട്ട്', 'റോസ്' ഇമോജികള്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കുക; തടവുശിക്ഷയും പിഴയും
✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) സാമൂഹിക മാധ്യമങ്ങളില്‍ റെഡ് ഹാര്‍ട്ട്, റോസ് തുടങ്ങിയ ഇമോജികള്‍ അയയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക. ഒരാളുടെ സമ്മതമില്ലാതെ ഇത്തരം ഇമോജികള്‍ അയച്ചാല്‍ കുറ്റകൃത്യമായി കണക്കാക്കും. രണ്ടു വര്‍ഷം വരെ തടവും 1,00,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. സൗദി ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗവും വിവര സാങ്കേതിക രംഗങ്ങളിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനുമായ അല്‍ മോതാസ് കുത്ബി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച വിവരം കൈമാറിയത്.
നിസാരമെന്ന് തോന്നിയേക്കാവുന്ന ഈ വിഷയം പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നതായും ഇതിന്റെ ഗൗരവം പലരും മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെഡ് ഹാര്‍ട്ട്, റോസ് ചിഹ്നങ്ങള്‍ പോലുള്ളവയും മറ്റ് സമാന അര്‍ത്ഥങ്ങള്‍ ഉള്ള ചിഹ്നങ്ങളും സ്വീകരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ അവരെ അസ്വസ്ഥരാക്കുകയോ ചെയ്താല്‍ അത് ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് അല്‍ മോതാസ് കുത്ബി വിശദമാക്കി. മോശമായ പ്രയോഗത്തില്‍ അല്ലാതെ സാധാരണ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഭാഷണത്തിലോ സന്ദേശം കൈമാറുന്നതിലോ ഇത്തരം ഇമോജികള്‍ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കില്ല.
🇦🇪യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് ഒരു മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 1,395 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,331 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,80,766 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,66,971 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,98,371 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,284 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 66,316 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇶🇦ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ.
✒️ദോഹ. ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ നിലവിൽ വരും. ഇനി മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല. എന്നാൽ അടഞ്ഞ പൊതു സ്ഥഥലങ്ങളില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. തുറന്ന പൊതു സ്ഥലങ്ങളില്‍ മാര്‍ക്കറ്റുകളിലെ സംഘടിതമായ പൊതു പരിപാടികള്‍, എക്സിബിഷനുകള്‍, ചടങ്ങുകള്‍ , ആശുപത്രികള്‍,സ്‌കൂളുകള്‍, യൂണിവേര്‍സിറ്റികള്‍ , പള്ളി പരിസരങ്ങള്‍ എന്നിവടങ്ങളിൽ മാസ്ക് നിര്ബന്ധമാണ്.
വിവാഹ പാര്‍ട്ടികള്‍ക്ക് തുറന്ന ഹാളുകളില്‍ 300 പേരെ വരെ അനുവദിക്കാം. ഹാളിന്റെ ശേഷിയുടെ പരമാവധി 50 ശതമാനം ആളുകളാവാം. വാക്സിനെടുക്കാത്തവര്‍ 50 ല്‍ കൂടരുത്. പൊതു പാര്‍ക്കുകളിലും കോര്‍ണിഷിലും 30 പേര്‍ക്ക് വരെ ഒത്തുകൂടാം എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍.
0 Comments