Ticker

6/recent/ticker-posts

Header Ads Widget

പഴങ്ങളില്‍ ഉപ്പുപിടിക്കാന്‍ ആസിഡ് പ്രയോഗം; വെള്ളമെന്ന് കരുതി കുടിച്ച കുട്ടിയുടെ ശ്വാസംപോലും നിലച്ചു.

ബീച്ചുകളിലേയും വഴിയോരത്തേയും പെട്ടിക്കടകളിൽ മനോഹരമായ സ്ഫടികക്കുപ്പികളിലുള്ള ഉപ്പിലിട്ടത് കോഴിക്കോട്ടെത്തുന്നവരെ കൊതിപ്പിക്കാതിരിക്കില്ല. എരിവുള്ള കൈതച്ചക്കയും ആപ്പിളും നെല്ലിക്കയുമെല്ലാം വലിയതോതിൽ ഇവിടങ്ങളിൽ വിറ്റുപോകുന്നുണ്ട്. ഇത്ര മധുരമുള്ള കൈതച്ചക്കയിലും ആപ്പിളിലുമെല്ലാം നന്നായി ഉപ്പുപിടിക്കുന്നത് എങ്ങനെയെന്ന് സംശയിച്ചവർക്കുള്ള ഉത്തരമാണ് ഞായറാഴ്ച രണ്ട് കുട്ടികൾക്കുണ്ടായ അനുഭവം.

ബീച്ചിലെത്തി ഉപ്പിലിട്ടത് കഴിച്ച കാസർകോട്ട് സ്വദേശികളായ രണ്ട് കുട്ടികൾക്കാണ് വലിയ രീതിയിൽ പൊള്ളലേറ്റത്. ഇതിനെ തുടർന്നുണ്ടായ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കുണ്ടായ സംശയം ആരെയും ഞെട്ടിക്കുന്നതാണ്. പഴങ്ങൾ പെട്ടെന്ന് ഉപ്പ് പിടിക്കാൻ ആസിഡ് പ്രയോഗം നടത്തുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇത്തരം ഉപ്പിലിട്ടതിനെതിരേ പലതവണ ഭക്ഷ്യ സുരക്ഷാ വകുപ്പും കോർപ്പറേഷൻ ആരോഗ്യവിഭാഗവുമെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആരും ഈ മുന്നറിയിപ്പൊന്നും കാര്യമായെടുക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഓർമിപ്പിക്കുന്നത്. ഉപ്പുപിടിക്കാൻ സഹായിക്കുന്ന വീര്യം കൂടിയ അസറ്റിക് ആസിഡ് നേർപ്പിക്കാതെ പോലും ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു. പലരും ഇത് രഹസ്യമായി സൂക്ഷിക്കുന്നുമുണ്ടെന്നാണ് ലഭിച്ച വിവരം. വീര്യംകൂടിയ അസറ്റിക് ആസിഡാണോ ഇതിനായി ഉപോയോഗിച്ചത് എന്ന് സംശയിക്കുന്നതിനാൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഇക്കാര്യം തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വരുംദിവസങ്ങളിലും സംയുക്ത പരിശോധന തുടരും.

ഞായറാഴ്ച വൈകിട്ടാണ് കാസർകോട്ട് നിന്ന് മദ്രസാ വിദ്യാർഥികൾക്കൊപ്പം കോഴിക്കോട് എത്തിയ തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദും സാബിദും വരക്കൽ ബീച്ചിലെ പെട്ടിക്കടയിൽനിന്ന് ഉപ്പിലിട്ടത് കഴിച്ചത്. നല്ല എരിവുള്ള പൈനാപ്പിൾ കഴിച്ചതോടെ വെള്ളമെന്ന് കരുതി അടുത്തുതന്നെ സൂക്ഷിച്ചിരുന്ന മിനറൽ വാട്ടർ കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ച മുഹമ്മദിനാണ് ആദ്യം പൊള്ളലേറ്റത്. അസ്വസ്ഥത തോന്നിയ മുഹമ്മദ് പെട്ടെന്ന് തുപ്പുകയും അത് കൂടെയുള്ള സാബിദിന്റെ പുറത്തുവീഴുകയും ചെയ്തു. ഇരുവർക്കും കടുത്ത പൊള്ളലേറ്റു.

ലായനി കുടിച്ചയുടൻ മുഹമ്മദിന്റെ ശ്വാസം പൂർണമായും നിലച്ചുപോയെന്ന് സഹോദരൻ പറയുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാനായതാണ് ഭാഗ്യമായത്. പിന്നീട്, മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിനാഗിരി കുടിച്ചതാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. പക്ഷെ, നാട്ടിലെത്തിയതോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. പുറത്ത് പൊള്ളലേറ്റ കുട്ടിയുടെ ദേഹത്തെ തൊലി കറുത്തുപോയിട്ടുണ്ട്.

വായിലും അന്നനാളത്തിലും കുമിളകൾ ഉള്ളതിനാൽ എൻഡോസ്കോപ്പി ചെയ്യാനാവുന്നില്ലെന്നും കൂടുതൽ പൊള്ളലേറ്റോ എന്ന് മനസ്സിലാക്കാനാവുന്നില്ലെന്നും കുട്ടികളുടെ വീട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

0 Comments