Ticker

6/recent/ticker-posts

Header Ads Widget

യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; വേദി മാറ്റണമെന്ന് ആവര്‍ത്തിച്ച് യുക്രൈന്‍.

ബെലറൂസ് തലസ്ഥാനമായ മിൻസ്കിൽ വെച്ച് ചർച്ച നടത്താമെന്ന റഷ്യൻ നിർദേശം തള്ളി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലെൻസ്കി. സഖ്യരാഷ്ട്രമായ ബെലറൂസിൽ നിന്ന് റഷ്യ തങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിൽ ആ രാജ്യത്തുവെച്ച് സമാധാന ചർച്ച നടത്താനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചകൾക്കായി മറ്റ് അഞ്ച് നഗരങ്ങളുടെ പേരുകളും നിർദേശിച്ചു.

പോളണ്ട് തലസ്ഥാനമായ വാഴ്സ, സ്​ലൊവേക്യൻ തലസ്ഥാനമായ ബ്രാട്ടിസ്​ലാവ, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ്, തുർക്കി തലസ്ഥാനമായ ഇസ്തംബുൾ, അസൈർബൈജാൻ തലസ്ഥാനമായ ബാകു എന്നിവയാണ് ചർച്ചക്കായി സെലെൻസ്കി നിർദേശിച്ച നഗരങ്ങൾ.

'തീർച്ചയായും സമാധാനം പുലരണം, ചർച്ചകൾ നടക്കണം, യുദ്ധം അവസാനിക്കണം. എന്നാൽ, ബെലറൂസിൽ നിന്ന് നിങ്ങൾ ഞങ്ങളെ ആക്രമിക്കുന്നിടത്തോളം മിൻസ്കിൽ വെച്ച് സമാധാന ചർച്ചകൾ നടക്കില്ല. ഞങ്ങളുടെ നേരെ മിസൈൽ തിരിച്ചുവെച്ചിട്ടില്ലാത്ത മറ്റേത് രാജ്യത്ത് വെച്ചും ചർച്ച നടത്താം. ഇതാണ് ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗം' -സെലെൻസ്കി പറഞ്ഞു.

യുക്രെയ്നുമായി ബെലറൂസിൽ വെച്ച് ചർച്ച നടത്താൻ തയാറെന്ന് വീണ്ടും റഷ്യ അറിയിച്ചിരുന്നു. യുക്രെയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർ‌ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുദ്ധം തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് റഷ്യ യുക്രെയ്നുമായി ചർച്ചക്ക് തയ്യാറാണെന്ന് അറിയിക്കുന്നത്. ആയുധം താഴെവെച്ച് നിലവിലെ ഭരണകൂടത്തെ പുറത്താക്കിയിട്ട് വന്നാൽ യുക്രെയ്ൻ ജനതയുമായി ചർച്ചക്ക് തയ്യാറാണെന്ന് നേരത്തേ റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത്തെ ചർച്ചാ സന്നദ്ധതക്ക് പ്രത്യേക നിബന്ധനകൾ വെച്ചിട്ടുള്ളതായി അറിയില്ല.

യുക്രൈന്‍ നഗരങ്ങളില്‍ കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്. കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ യുക്രൈന്‍റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. 

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. കാര്‍കീവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായത്. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദേശമുണ്ട്. ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖാർകീവിലെ ഒരു അപ്പാർട്ട്മെന്‍റിന് നേരെ റഷ്യൻ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമുള്ള റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ. 

അതേ സമയം സാധാരണക്കാർക്ക് ആയുധം നൽകി സൈന്യത്തിൽ ചേർത്ത് റഷ്യൻ ആക്രമണത്തെ ചെറുക്കുകയാണ് യുക്രൈൻ. റഷ്യൻ അധിനിവേശം തടയാൻ യുക്രൈന് ആയുധ പിന്തുണ നൽകുമെന്ന് കൂടുതൽ രാജ്യങ്ങളറിയിച്ചു. യുക്രൈന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങൾ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഓസ്ട്രേലിയൻ സർക്കാർ ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ പെട്ടന്ന് പരിഗണിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. റഷ്യ ടുഡേ ടിവിയുടെ സംപ്രേഷണവും ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.

Post a Comment

0 Comments