Ticker

6/recent/ticker-posts

Header Ads Widget

ഈ കോവിഡ് കാലത്ത് ജലദോഷത്തെയും ചുമയെയും നിസ്സാരമായി കാണരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കോവിഡ് കാലമായതിനാൽതന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. ചുമയും ശ്വാസതടസ്സവും മാത്രമല്ല, ജലദോഷമോ അനുബന്ധപ്രശ്നങ്ങളോ ആണെങ്കിൽപോലും ജാഗ്രതയോടെ കാണേണ്ട കാലം. കോവിഡ് നെഗറ്റീവായാലും അനുബന്ധബുദ്ധിമുട്ടെന്ന രീതിയിൽ ശ്വാസകോശരോഗങ്ങൾ പലരേയും വലയ്ക്കുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ കോവിഡിനെ തുടർന്നുണ്ടായതാണോ അതോ നേരത്തെ ഉണ്ടായിരുന്നത് ഇപ്പോൾ കൂടിയതാണോ എന്നറിയേണ്ടത് പ്രധാനമാണ്.

ഏതു രോഗമായാലും തുടക്കത്തിൽതന്നെ മനസ്സിലാക്കുവാൻ സാധിച്ചാൽ ചികിത്സ എളുപ്പമാകും. ചികിത്സിക്കാതെതന്നെ ഈ ചുമയും ശ്വാസംമുട്ടും മാറിക്കോളുമെന്ന് കരുതിയാൽ അപകടമുണ്ടാകാം. പ്രത്യേകിച്ചും തണുപ്പുള്ള മാസങ്ങളിൽ ഇത്തരം ബുദ്ധിമുട്ടുകൾ വർധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമാവുകയും ചെയ്യാമെന്നിരിക്കെ.

ജലദോഷവും ചുമയും ശ്വാസംമുട്ടും മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയുടെ കാരണം മനസ്സിലാക്കിയുള്ള ചികിത്സ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.

ജലദോഷം

മൂക്കിലും തൊണ്ടയിലും വളരെ സാധാരണയായി ഉണ്ടാകുന്ന അണുബാധയാണ് ജലദോഷത്തിന് കാരണം. അധികമൊന്നും അപകടകാരിയല്ലാത്തതുകൊണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനോടനുബന്ധിച്ചുള്ള എല്ലാ ബുദ്ധിമുട്ടുകളും സ്വയം ശമിക്കാറുണ്ട്.
അശ്രദ്ധമായി തുമ്മുകയും ചീറ്റുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ വായുവിലേക്കെത്തുന്ന അണുക്കളാണ് രോഗം പരത്തുന്നത്. രോഗിയിൽനിന്നും അണുക്കൾ വ്യാപിച്ച പ്രതലങ്ങളിലോ വസ്തുക്കളിലോ തൊടുന്നവർക്കും രോഗിയുമായി അടുത്തിട പഴകുന്നവർക്കുമൊക്കെ ജലദോഷം പകരാൻ സാധ്യതയുണ്ട്.

മൂക്കിലൊഴിക്കുന്നതും വായിലിട്ട് അലിയിക്കുന്നതുമൊക്കെയായി ജലദോഷത്തിനെതിരേ പലതരം മരുന്നുകൾ ലഭ്യമാണ്. അലർജി, പനി മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.

ജലദോഷമുള്ളപ്പോൾ ശ്രദ്ധിക്കേണ്ടത്

ജലദോഷമുള്ളവർ നിർജലീകരണം വരാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണം.
ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് തേൻചേർത്ത് കുടിക്കുന്നതും ഇഞ്ചിനീരിൽ തേൻചേർത്ത് കഴിക്കുന്നതും ചെറിയചൂടോടെ സൂപ്പ്, ജ്യൂസ് തുടങ്ങിയവ കഴിക്കുന്നതും ചൂടാറ്റിയ വെള്ളം കുടിക്കുന്നതുമൊക്കെ നല്ലതാണ്.
നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കോഫി, സോഡ, കോള എന്നിവ ഒഴിവാക്കണം.
ആവശ്യത്തിന് വിശ്രമിക്കുക.
മൂക്കടപ്പ് ഉള്ളപ്പോൾ ചിക്കൻ സൂപ്പ്, ചായ, ഇളം ചൂട് വെള്ളത്തിൽ തയ്യാറാക്കിയ ആപ്പിൾ ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കാം.
തൊണ്ടയ്ക്ക് ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് ഉപ്പുവെള്ളം കവിൾകൊള്ളുക.
ആറുവയസ്സിനു താഴെയുള്ള കുട്ടികൾ വളരെ ശ്രദ്ധിച്ചു മാത്രമേ ഉപ്പുവെള്ളമോ മരുന്നോ കവിൾ കൊള്ളാൻ പാടുള്ളൂ.
കവിൾകൊണ്ട മരുന്ന് കുടിച്ചിറക്കുന്നത് നല്ലതല്ലാത്തതിനാൽ തുപ്പിക്കളയാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മൂക്കൊലിപ്പ്

ജലദോഷത്തോടൊപ്പം മൂക്കൊലിപ്പ് ഉണ്ടാകുന്നത് ഒരർഥത്തിൽ നല്ലതാണ്. കാരണം അണുക്കളെ ശരീരത്തിന്റെ പുറത്തേക്ക് കളയുവാൻ അത് സഹായിക്കും. അതുപോലെ ജലദോഷമുള്ളവർ തുമ്മുമ്പോഴും രോഗാണുക്കൾ പുറത്തേക്ക് പോകുന്നുണ്ട്. രോഗിയെ സംബന്ധിച്ച് രോഗാണു പുറത്തുപോകുന്നത് നല്ലതാണെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പകരാൻ ഇടവരും എന്നതാണ് മറുവശം. അതുകൊണ്ട് ജലദോഷമുള്ളവർ തുമ്മുമ്പോഴും ചീറ്റുമ്പോഴുമെല്ലാം വായയും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രദ്ധിക്കണം. ഹാൻഡ്കർച്ചീഫ്, ഫെയ്സ് മാസ്ക് എന്നിവ ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാം.

തുമ്മുമ്പോൾ തെറിക്കുന്ന അണുക്കൾ സാധാരണയായി 24 മണിക്കൂർവരെ സജീവമായിരിക്കും. പല പ്രതലങ്ങളിലും സ്പർശിക്കുന്നവരായതുകൊണ്ട് എല്ലാവരും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.
ജലദോഷം അത്ര പ്രശ്നമുള്ള രോഗമല്ലെങ്കിലും പകർച്ചപ്പനി പോലെ മറ്റെന്തെങ്കിലും അസുഖത്തിന്റെ ലക്ഷണമാണോ എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. രോഗം ഒരുപാട് കാലം നീണ്ടുനിന്നാൽ പലതരം ബുദ്ധിമുട്ടുകളും സങ്കീർണതകളും ഉണ്ടാകാം.


ചുമ

ജലദോഷംപോലെതന്നെ സാധാരണമാണ് ചുമയും. തുടർച്ചയായി കാണുന്ന ചുമയും സൈനസൈറ്റിസും നിസാരമായി കാണരുത്. എത്രയും വേഗം ചികിത്സിച്ച് മാറ്റണം.

ചുമ മാറ്റാൻ ആയുർവേദ സിറപ്പുകൾ ലഭ്യമാണ്. ഇവ തൊണ്ടയിൽ നിർത്തുന്നതും തുള്ളികളായി കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇത് ചെയ്യേണ്ടത്. മരുന്നുകൾ കുടിക്കുന്നതിന് മുമ്പായി വായ വൃത്തിയാക്കുകയും ചെറുചൂടുള്ളവെള്ളം കവിൾകൊണ്ട് തുപ്പുകയും ചെയ്യേണ്ടതാണ്.


മൂക്കടപ്പ്, ഗ്യാസ് എന്നിവയുള്ളവർക്ക് ഉറക്കത്തിലും ചുമ വർധിക്കാം. അങ്ങനെയുള്ളവർ തലയണ ഉയർത്തിവച്ച്, കഴുത്തും തലയും സൗകര്യത്തിനു വെച്ച് ചാഞ്ഞിരുന്ന് ഉറങ്ങുന്നതാണ് നല്ലത്.

ആസ്ത്മ

ശ്വാസകോശത്തിലേക്കും അവിടെനിന്ന് പുറത്തേക്കും വായുവിനെ എത്തിക്കുന്ന ശ്വസനപഥത്തിനുണ്ടാകുന്ന നീർവീക്കമാണ് ആസ്ത്മയ്ക്ക് കാരണം. ഓരോ വ്യക്തിക്കും അനുഭവപ്പെടുന്ന രോഗതീവ്രത പലവിധത്തിലായിരിക്കും.
എല്ലാത്തരം ആസ്ത്മാരോഗങ്ങളും ചികിത്സിച്ച് പൂർണമായി ഭേദമാക്കാൻ കഴിയുന്നതല്ല. എന്നാൽ ചിലത് ഭേദപ്പെടുത്താൻ സാധിക്കുന്നവയുമാണ്. ശരിയായ ചികിത്സ ചെയ്തുകൊണ്ടിരുന്നാൽ, ഭേദമാകാത്തതരത്തിലുള്ളവയിൽപോലും രോഗതീവ്രത കുറയ്ക്കാൻസാധിക്കും.

ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധകൾ, അലർജിക്ക് കാരണമായ വസ്തുക്കൾ, രാസവസ്തുക്കൾ, ചിലതരം മണങ്ങൾ, കായികാധ്വാനം ഇവയിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും ശരിയായി മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നതിന് ആസ്ത്മാരോഗികൾ ശ്രദ്ധിക്കേണ്ടതുണ്ട്.

നീന്തൽ, നടത്തം, കളികൾ, യോഗ പോലുള്ള വ്യായാമങ്ങളിലൂടെ ആസ്തമ നിയന്ത്രിക്കാൻ സാധിക്കും.
വീട്ടിനുള്ളിലെ പൊടിപടലങ്ങൾ, ജീവികളുടെ അവശിഷ്ടങ്ങൾ,പാറ്റകൾ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, മാലിന്യങ്ങളും മറ്റും കത്തിക്കുമ്പോഴുള്ള പുക, പുകവലി, ബോഡി സ്പ്രേ ശക്തമായ മണങ്ങൾ എന്നിവ ശ്വാസംമുട്ടുള്ളവർക്ക് അലർജിയുണ്ടാക്കി രോഗത്തെ വീണ്ടും വർധിപ്പിക്കാറുണ്ട്. ടെൻഷൻ കാരണവും ആസ്ത്മ വർധിക്കാറുണ്ട്. കാരണങ്ങളെ ഒഴിവാക്കുന്നതിനൊപ്പം ചികിത്സയും അനിവാര്യമാണ്. തുടക്കത്തിൽതന്നെയുള്ള ചികിത്സ രോഗവർധന തടയും.

(നേമം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ് ലേഖകൻ)

Post a Comment

0 Comments