Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦നാടുകടത്തില്‍ കേന്ദ്രം വഴി നാട്ടിലേക്ക് പോകുന്നവർക്ക് യാത്രനിബന്ധനയിൽ ഇളവ്.

✒️റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രം (തർഹീൽ - Deportation Centre) വഴി നാട്ടിലേക്ക് മടങ്ങുന്നവർക്ക് യാത്രനിബന്ധനയിൽ ഇളവ് അനുവദിച്ചു. നിയമ ലംഘകരായി പിടിക്കപ്പെട്ട് തർഹീലുകളിൽ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ സുവിധ രജിസ്‌ട്രേഷനും (Air Suvidha Registration) വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും (Vaccination certificate) നിര്‍ബന്ധമില്ലെന്ന് ഇന്ത്യന്‍ എംബസിയാണ് (Indian Embassy Riyadh) അറിയിച്ചത്. 

ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിസൾട്ട് മാത്രം കൈയ്യിൽ കരുതിയാൽ മതിയാകും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ യാത്രാനിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇളവ് ലഭ്യമാക്കിയത്. ഇന്ത്യയില്‍ പ്രാബല്യത്തിലായ കേന്ദ്ര കൊവിഡ് യാത്രാനയം അനുസരിച്ച് വിദേശത്ത് നിന്ന് നാട്ടിലേക്ക് പോകുന്നതിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. 

യാത്രക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധയില്‍ അപ്‍ലോഡ് ചെയ്‍ത് രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കണം. എങ്കില്‍ മാത്രമേ വിമാന കമ്പനികള്‍ ബോർഡിങ് പാസ് അനുവദിക്കുകയുള്ളൂ. എന്നാല്‍ സൗദിയിൽ നിന്ന് തർഹീൽ വഴി വരുന്നവർക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും എയര്‍സുവിധ രജിസ്‌ട്രേഷനും ആവശ്യമില്ല. പകരം നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ ഫലം ഉണ്ടായാല്‍ മതിയെന്ന് സൗദി ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

🇸🇦ചരിത്രത്തിലാദ്യമായി സൗദി കരസേനാ മേധാവി ഇന്ത്യയില്‍.

✒️റോയൽ സൗദി ലാൻഡ് ഫോഴ്‌സ് മേധാവി (Commander of the Royal Saudi Land Forces) ലെഫ്. ജനറൽ ഫഹദ് ബിൻ അബ്‍ദുല്ല മുഹമ്മദ് അൽ മുതൈർ (Lieutenant General Fahd Bin Abdullah Mohammed Al-Mutair) ഇന്ത്യയിലെത്തി. ചരിത്രത്തിലാദ്യമായാണ് സൗദി കരസേനാ മേധാവി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമാവുന്ന ഉഭയകക്ഷി പ്രതിരോധ സഹകരണമാണ് (bilateral defence cooperation) ഇത് അടയാളപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

2020 ഡിസംബറിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെ, സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ചരിത്രത്തില്‍ ഒരു ഇന്ത്യൻ കരസേനാ മേധാവിയുടെ ആദ്യ സൗദി സന്ദർശനമായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയായാണ് റോയൽ സൗദി ലാൻഡ് ഫോഴ്‌സ് മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം. ദില്ലിയിലെത്തിയ ലെഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈറിനെ ചൊവ്വാഴ്‍ച കരസേനാ മേധാവി ജനറൽ എം. എം. നരവനെ സ്വീകരിച്ചു. തുടര്‍ന്ന് സൗത്ത് ബ്ലോക്കില്‍ അദ്ദേഹത്തിന് സൈന്യം ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങളുടെയും കരസേനാ മേധാവിമാര്‍ വിവിധ വിഷയങ്ങളില്‍ ചർച്ചകള്‍ നടത്തുകയും സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

സാമ്പത്തിക അഭിവൃദ്ധി, ഭീകരതയെന്ന വിപത്തിനെ ഇല്ലാതാക്കൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കൽ എന്നിങ്ങനെയുള്ള മേഖലകളില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്‍താവനയില്‍ അറിയിച്ചു. പ്രതിരോധ നയതന്ത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തിന്റെ പ്രധാന തത്വങ്ങളിലൊന്നായി നിലകൊള്ളുകയാണെന്നും പ്രസ്‍താവന പറയുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ ബുധനാഴ്‍ച സൗദി അറേബ്യയിലേക്ക് മടങ്ങും.

രണ്ട് ദിവസം മുമ്പ് ഒമാന്‍ നാവിക സേനാ മേധാവി റിയര്‍ അഡ്‍മിറല്‍ സൈഫ് ബിന്‍ നാസിര്‍ ബിന്‍ മുഹ്‍സിന്‍ അല്‍ രഹ്‍ബി, ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യയ്‍ക്കും ഒമാനും ഇടയിലെ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‍തു.

🇸🇦സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി.

✒️റിയാദ്: സൗദി അറേബ്യയിൽ ആശ്വാസമായി കോവിഡ് ബാധിതരിലെ ഗുരുതരസ്ഥിതിയുള്ളവരുടെ എണ്ണം ആയിരത്തിൽ താഴെയായി. നിലവിൽ ചികിത്സയിൽ കഴിയുന്ന 23,363 പേരിൽ 979 പേരുടെ നിലയാണ് ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

അതേസമയം 24 മണിക്കൂറിനിടെ 1,793 പേർക്കാണ് പുതിയതായി സൗദി അറേബ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 3,207 പേർ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി കൊവിഡ് മൂലം രണ്ട് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,34,389 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,02,049 ആയി ഉയർന്നു. ആകെ മരണസംഖ്യ 8,977 ആയി. 

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.59 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമായി. 24 മണിക്കൂറിനിടെ 99,385 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 546, ദമ്മാം - 125, ജിദ്ദ - 121, ഹുഫൂഫ് - 62, മക്ക - 61, ജിസാൻ - 51, മദീന - 47 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,97,85,536 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,58,08,684 ആദ്യ ഡോസും 2,39,85,081 രണ്ടാം ഡോസും 99,91,771 ബൂസ്റ്റർ ഡോസുമാണ്.

🇴🇲ഒമാനിൽ കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്; 24 മണിക്കൂറിൽ രോഗമുക്തരായത് 2114 പേർ.

✒️ഒമാനില്‍ 2,114 പേര്‍ കൂടി കൊവിഡ് വൈറസ് ബാധയില്‍ നിന്ന് മുക്തരായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 1430 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 93.7 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

കൊവിഡ് ബാധിച്ച് പുതിയതായി അഞ്ച് മരണങ്ങളാണ് ബുധനാഴ്‍ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്‍തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,70,620 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,47,243 പേരും ഇതിനോടകം തന്നെ രോഗമുക്തരായിക്കഴിഞ്ഞു. ആകെ 4,221 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

ആകെ 361 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 78 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🇦🇪യുഎഇയില്‍ ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ.

✒️യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയാവുന്നത്. ഇന്ന് 957 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,538 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid death) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,65,306 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,71,315 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,08,824 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,289 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 60,202 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,165 ഡോസ് കൊവിഡ് വാക്സിനാണ് യുഎഇയില്‍ നല്‍കിയത്. രാജ്യത്ത് ഇതുവരെ 23,937,141 ഡോസ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 100 പേര്‍ക്ക് 242.02 ഡോസ് എന്ന നിലയിലാണ് രാജ്യത്ത് വാക്സിനേഷന്‍ നിരക്ക്.

യുഎഇയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് മാറ്റം വന്നത്. പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്‍ച കാണിക്കാതെ സമൂഹത്തിലെ ഓരോരുത്തരും ശ്രദ്ധിച്ചത് കൊണ്ടാണ് രോഗബാധിതരുടെ എണ്ണം താഴേക്ക് കൊണ്ടുവാരാന്‍ സാധിച്ചതെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പോലുള്ള സാമൂഹിക ചടങ്ങുകളില്‍ പരമാവധി ആളുകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഓരോ എമിറേറ്റിനും സ്വന്തമായി നിബന്ധനകള്‍ പ്രഖ്യാപിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാ തീയറ്ററുകള്‍ പരമാവധി ശേഷിയില്‍ ഫെബ്രുവരി 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളിലും ഫുട്‍ബോള്‍ സ്റ്റേഡിയങ്ങളിലും 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം. ഇവിടങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിലവിലുണ്ടാകും. സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസോ അല്ലെങ്കില്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമോ ഹാജരാക്കണം.

പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ തമ്മില്‍ പാലിക്കേണ്ട സാമൂഹിക അകലം ഒരു മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ അവസ്ഥ ഫെബ്രുവരി മാസത്തിലുടനീളം നിരീക്ഷിക്കുമെന്നും പിന്നീട് ആവശ്യമെങ്കില്‍ മറ്റ് നിബന്ധനകള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ സാമൂഹിക അകലം സംബന്ധിച്ച നിബന്ധന എടുത്തുകളയുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

നിബന്ധനകളില്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും വ്യക്തിഗത കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‍ക് ധരിക്കല്‍, സാമൂഹിക അകലം, സാനിറ്റൈസേഷന്‍ എന്നിവ ജനങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. വിവിധ സ്ഥലങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

🇰🇼കുവൈറ്റ്: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാക്സിനെടുത്തവർക്ക് PCR പരിശോധന, ക്വാറന്റീൻ എന്നിവ ഒഴിവാക്കും.

✒️2022 ഫെബ്രുവരി 20 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ഫെബ്രുവരി 14-ന് രാത്രിയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് (കുവൈറ്റ് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിച്ചിട്ടുള്ളവർ, ബൂസ്റ്റർ ഒഴികെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ) യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന PCR ടെസ്റ്റ് ഫെബ്രുവരി 20 മുതൽ ഒഴിവാക്കുന്നതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള (കുവൈറ്റ് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിച്ചിട്ടുള്ളവർ) യാത്രികർക്ക് കുവൈറ്റിലെത്തിയ ശേഷം നിർബന്ധമാക്കിയിരുന്ന ഹോം ക്വാറന്റീൻ ഒഴിവാക്കാനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത യാത്രികർക്ക് കുവൈറ്റിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് PCR ടെസ്റ്റ് നിർബന്ധമാണ്. ഇത്തരം യാത്രികർക്ക് കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുള്ളത് തുടരുന്നതാണ്. ഇവർക്ക് ഏഴാം ദിവസം മറ്റൊരു PCR ടെസ്റ്റ് നടത്തിയ ശേഷം നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മെസരേമിനെ ഉദ്ധരിച്ചാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ താഴെ പറയുന്ന തീരുമാനങ്ങളും കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്:

മാർച്ച് 13 മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സാധാരണ സമയക്രമത്തിലേക്ക് മടങ്ങുന്നതാണ്.
ഫെബ്രുവരി 20 മുതൽ എല്ലാ തരത്തിലുള്ള സാമൂഹിക ഒത്ത് ചേരലുകൾക്കും, (ഇൻഡോർ, ഔട്ഡോർ വേദികളിൽ ഉൾപ്പടെ) സത്കാരങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
ഫെബ്രുവരി 20 മുതൽ മീറ്റിംഗുകൾ, കോൺഫറൻസുകൾ എന്നിവ വ്യക്തികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടത്തുന്നതിന് അനുമതി.
പള്ളികൾ, പൊതുഗതാഗത സംവിധാനങ്ങൾ, സിനിമാശാലകൾ, തീയറ്ററുകൾ തുടങ്ങിയ ഇടങ്ങളിലെ സാമൂഹിക അകലം സംബന്ധിച്ച വ്യവസ്ഥകൾ ഒഴിവാക്കും.
വാക്സിനെടുക്കാത്തവർക്ക് മാളുകളിലും, ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് അനുമതി.
വിദ്യാലയങ്ങളിലെത്തുന്ന 16 വയസിന് താഴെ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ച്ച തോറും നിർബന്ധമായിരുന്ന PCR പരിശോധന ഒഴിവാക്കും.

🇦🇪ഷാർജ: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം.

✒️എമിറേറ്റിലെ COVID-19 നിയന്ത്രണങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു. 2022 ഫെബ്രുവരി 15-ന് വൈകീട്ടാണ് ഷാർജ മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി എമിറേറ്റിലെ പൊതു ചടങ്ങുകൾ, പൊതു പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പരമാവധി അനുവദനീയമായ ആളുകളുടെ എണ്ണം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതാണ്. ഇത് കൂടാതെ വിവിധ വാണിജ്യ പ്രവർത്തനങ്ങൾ, ടൂറിസം, വിനോദ മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിവയ്ക്കും, ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾക്കും, പൊതു ഗതാഗത സംവിധാനങ്ങൾക്കും നൂറ് ശതമാനം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തിക്കാവുന്നതാണ്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ഷാർജ മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്:
വാണിജ്യ, വിനോദ, ടൂറിസം മേഖലകളിലും, വാണിജ്യ കേന്ദ്രങ്ങളിലും പരമാവധി ശേഷിയിൽ ഉപഭോക്താക്കളെ അനുവദിക്കും.
പൊതുഗതാഗത സംവിധാനങ്ങളിൽ പരമാവധി ശേഷിയിൽ ഉപഭോക്താക്കളെ അനുവദിക്കും.
പള്ളികളിലെത്തുന്നവർക്കിടയിൽ നടപ്പിലാക്കുന്ന സാമൂഹിക അകലം ഒരു മീറ്ററാക്കി ചുരുക്കും.
വിവാഹം, ശവസംസ്കാര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കും.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 354 പേര്‍ കൂടി അറസ്റ്റിൽ.

✒️ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ആളുകൾക്കെതിരെ ശക്തമായ നടപടിയുമായി അധികൃതർ. 354 പേര്‍ കൂടി ചൊവ്വാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 338 പേരെയും മാസ്‌ക് (mask) ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.

സാമൂഹിക അകലം പാലിക്കാത്തതിന് (Not maintaining social distance) 10 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ആറു പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

🇶🇦ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍.

✒️ദോഹ:ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അല്‍ മസദ് (ആടുകളുടെ പൊതു ലേലം), അല്‍ ഇസാബ്(വ്യത്യസ്ത ഇനത്തില്‍പ്പെട്ട ആടുകളുടെ പ്രദര്‍ശനം), അല്‍ മസാഇന്‍ (ഏറ്റവും സുന്ദരന്മാരായ ആടുകളെ കണ്ടെത്തുന്നതിനുള്ള മല്‍സരം) എന്നിവയാണ് ഹലാല്‍ ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണങ്ങള്‍. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഹലാല്‍ ഫെസ്റ്റിവല്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ്. അറേബ്യന്‍ സംസ്‌കാരവുമായും ജീവിതരീതിയുമായും ഏറെ ബന്ധപ്പെട്ട ആട് വളര്‍ത്തല്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കന്നുകാലികളുടെ പ്രദര്‍ശനവും വിപണനവും മല്‍സരവുമൊക്കെ ഫെസ്റ്റിവെലിന്റെ ഭാഗമായി നടക്കും.

Post a Comment

0 Comments