Ticker

6/recent/ticker-posts

Header Ads Widget

Emirates First Class: തിരുവനന്തപുരം - ദുബൈ വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സേവനങ്ങള്‍ ആരംഭിച്ച് എമിറേറ്റ്സ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്കുള്ള വിമാനങ്ങളില്‍ (Thiruvananthapuram - Dubai flights) ഫസ്റ്റ് ക്ലാസ് സര്‍വീസുകള്‍ (First class services) ആരംഭിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ് (Emirates Airlines). ഞായറാഴ്‍ച മുതലാണ് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലും യാത്രയിലുടനീളവും അത്യാഡംബരം നിറഞ്ഞ ഫസ്റ്റ് ക്ലാസ് യാത്രാ അനുഭവം എമിറേറ്റ്സ് നല്‍കാനാരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഫസ്റ്റ് ക്ലാസ് സേവനം നല്‍കുന്ന ആദ്യത്തെ അന്താരാഷ്‍ട്ര വിമാനക്കമ്പനി കൂടിയായി ഇതോടെ എമിറേറ്റ്സ്.

യാത്രക്കാര്‍ക്കായി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് ഒരുക്കുന്ന പുതിയ യാത്രാ അനുഭവങ്ങളുടെ ഭാഗമായാണ് എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് സര്‍വീസ് തുടങ്ങാനായതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദുബൈ വഴി മോസ്‍കോയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദമ്പതികളായ അമീര്‍ ഗല്യാമോവ്, ഗാലിയ ഖോര്‍ എന്നിവരും പ്രമുഖ മജീഷ്യന്‍ ഗോപിനാഥ് മുതുകാടുമായിരുന്നു ആദ്യ ദിവസത്തെ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍. മൂവരെയും വിമാനത്താവള അധികൃതരും എമിറേറ്റ്സ് ജീവനക്കാരും ചേര്‍ന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ബോയിങ് 777 - 300ER വിമാനങ്ങളാണ് എമിറേറ്റ്സ് തിരുവനന്തപുരം - ദുബൈ സെക്ടറില്‍ ഉപയോഗിക്കുന്നത്. എട്ട് ഫസ്റ്റ് ക്ലാസ് സീറ്റുകളും 42 ബിസിനസ് ക്ലാസ് സീറ്റുകളും 182 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ഈ വിമാനങ്ങളിലുണ്ടാവുക. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലായിരിക്കും എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസ് സര്‍വീസ് ലഭ്യമാവുന്നത്. EK 523 വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 4.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് യുഎഇ സമയം 7.15ന് ദുബൈയില്‍ എത്തിച്ചേരും. തിരികെ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലെ EK 522 വിമാനം യുഎഇ സമയം രാത്രി 9.40ന് ദുബൈയില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം പുലര്‍ച്ചെ 3.10ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

Post a Comment

0 Comments