🛫കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം പിടികൂടി.
✒️കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 22 യാത്രക്കാരിൽ നിന്നായി 23 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. സ്വർണം കടത്തിയവരെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയവരും പിടിയിലായി.
ഗൾഫിൽ നിന്ന് വിവിധ വിമാനങ്ങളിൽ എത്തിയവരാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ വൻതോതിൽ സ്വർണം എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകളും പിടിച്ചെടുത്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് സ്വർണം പിടിച്ചെടുത്തത്.
🇦🇪ദുബായ് ഭരണാധികാരികളെ കണ്ട് മുഖ്യമന്ത്രി: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കേരളത്തിലേക്ക് ക്ഷണിച്ചു.
✒️ദുബായ്: യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായി എക്സ്പോ വേദിയിലെ യുഎഇ പവലിയനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
മലയാളി സമൂഹത്തോട് കാട്ടുന്ന സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകളിൽ യു എ ഇ ആവിഷ്കരിച്ച നൂതന പദ്ധതികളെ പ്രശംസിച്ച പിണറായി വിജയന്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ദുബായ് ഭരണാധികാരികളുമായി പങ്കുവെച്ചു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വ്യവസായ മന്ത്രി പി.രാജീവ്, യു എ ഇ യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീര്‍, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
🇦🇪ലുലു ഹൈപ്പർമാർക്കറ്റിൽ കേരള വീക്ക് പ്രോമോഷൻ; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.
✒️കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശന വാരാഘോഷം മുഖ്യമന്ത്രി അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. അബുദാബി മുഷ്റിഫ് മാളിൽ വെച്ച് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്കം, ഇൻകെൽ എം.ഡി. ഡോ: ഇളങ്കോവൻ എന്നിവരും സംബന്ധിച്ചു.
ഉദ്ഘാടനത്തിനു ശേഷം ലുലു ഹൈപ്പർമാർക്കറ്റിലെ പ്രദർശന സ്റ്റാളുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. നാട്ടിൻപുറത്തെ കാഴ്ചകളും ഭക്ഷ്യ വിഭവങ്ങളുമാണ് ഫെസ്റ്റിവലിൽ മനോഹരമായി ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പലഹാര പെരുമയെ പരിചയപ്പെടുത്തുന്ന വേദി കൂടിയായി മാറി ഫെസ്റ്റിവൽ. കേരളത്തിൽ നിന്നുള്ള അരി, ഭക്ഷ്യ എണ്ണകൾ, കറി പൗഡറുകൾ, ചക്ക ഉല്പന്നങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉല്പന്നങ്ങളാണ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ലുലുവിലുള്ളത്
വളരെ കൗതുകപൂർവ്വമാണ് മുഖ്യമന്ത്രി പ്രദർശനം നോക്കികണ്ടത്. നാട്ടിൽ പുറങ്ങളിലെ ചായക്കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഒക്കെ ഭക്ഷണം കഴിക്കുന്ന അനുഭവമാണ് ഫെസ്റ്റിവൽ സമ്മാനിക്കുന്നത്. രുചിഭേദങ്ങളുടെ സംഗമവേദിയായി ഫെസ്റ്റ്.ചൂടുചായയും നാടൻ പലഹാരങ്ങൾ ലഭിക്കുന്ന ചെറിയ തട്ടുകടയും ഓലമേഞ്ഞ പലചരക്കുകടയുമെല്ലാം ഒരുക്കി. നാടൻ വേഷത്തിൽ വിഭവങ്ങൾ ഒരുക്കുന്നവരെയും ഇവിടെ കാണാനായി. നാട്ടിൻ പുറത്തെ വെല്ലുന്ന പച്ചക്കറി കടയാണ് മറ്റൊരു ആകർഷണം.
താലപ്പൊലി, മോഹിനിയാട്ടം, ചെണ്ട മേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് മാളിൽ മുഖ്യമന്ത്രിയെയും മറ്റും സ്വീകരിച്ചത്. ആനയുടെ വലിയ ഒരു മാതൃക ഏറെ കൗതുകത്തോടെയാണ് മുഖ്യമന്ത്രി വീക്ഷിച്ചത്. വൻജനാവലിയായിരുന്നു കേരളത്തിൻ്റെ മുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബി മുഷ്റിഫ് മാളിൽ തടിച്ചു കൂടിയത്. എല്ലാവരെയും മുഖ്യമന്ത്രി അഭിവാദ്യം ചെയ്താണ് മടങ്ങിയത്. എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ സംബന്ധിച്ചു.
🇸🇦‘അറബി കോഫി’ ഇനി ‘സൗദി കോഫി’; പേര് മാറ്റാന്‍ നിര്‍ദേശം നല്‍കി വാണിജ്യ മന്ത്രാലയം.
✒️അറബി കോഫി (Arabic coffee) എന്നതിന് പകരം ഇനി സൗദി കോഫി (Saudi coffee) എന്ന് ഉപയോഗിക്കണമെന്ന് സൗദി അറേബ്യയിൽ ഉത്തരവ്. ‘അറബി കാപ്പി’ (ഖഹ്വ അറബി) എന്ന പേരിന് പകരം ‘സൗദി കാപ്പി’ (ഖഹ്വ സൗദി) എന്ന പേര് രാജ്യത്തെ കോഫി ഷോപ്പുകളും റെസ്റ്റോറന്‍റുകളും, കാപ്പിക്കുരു വറുത്ത് പൊടിക്കുന്ന മില്ലുകളും ഉപയോഗിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
‘അറബി കാപ്പി’ എന്ന വാക്കിനു പകരം ‘സൗദി കാപ്പി’ എന്ന പേര് എല്ലാ സ്ഥാപനങ്ങളും ഉപയോഗിക്കണമെന്ന് മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. ഈ വർഷം ‘സൗദി കാപ്പി’ വർഷമായി പ്രഖ്യാപിക്കാനുള്ള സാംസ്കാരിക മന്ത്രാലയ പദ്ധതിയോടനുബന്ധിച്ചാണ് വ്യാപാര സ്ഥാപനങ്ങളിൽ ‘അറബി കാപ്പി’ എന്നതിന് പകരം ‘സൗദി കാപ്പി’ എന്നത് ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് വക്താവ് പറഞ്ഞു.
🇸🇦സൗദി അറേബ്യയിൽ ഈ വർഷം എട്ട് പുതിയ പൊതുഗതാഗത പദ്ധതികൾ.
✒️റിയാദ്: സൗദിയിൽ ഈ വർഷം വിവിധ പ്രദേശങ്ങളിലായി എട്ട് പൊതുഗതാഗത പദ്ധതികൾ ആരംഭിക്കുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (പി.ടി.എ) വക്താവ് സാലിഹ് അൽ സുവൈദ് പറഞ്ഞു. നഗരങ്ങളിലെ ജനങ്ങൾക്ക് പൊതുഗതാഗതം സുഗമമാക്കുന്നതിന് പദ്ധതികൾ സഹായകമാകുമെന്നും ഇത് ഗതാഗതക്കുരുക്ക്, വായു-ശബ്ദ മലിനീകരണം എന്നിവ കുറയ്ക്കുന്നതിനും ജീവിതനിലവാരം വർധിപ്പിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
എട്ട് ഗതാഗത സരംഭങ്ങളും ബൃഹത്തായതും സുപ്രധാനവുമായ പദ്ധതികളിൽ പെട്ടതാണെന്നും പുതിയവ ആരംഭിക്കുന്നതിലൂടെ ഈ വർഷം പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മാറ്റം ഉണ്ടാക്കുമെന്നും അൽ സുവൈദ് വിശദീകരിച്ചു. പൊതുഗതാഗത സംസ്കാരത്തിന്റെ നിലനിൽപ്പിന് പുറമെ ജനസാന്ദ്രത, ഗതാഗതക്കുരുക്ക് എന്നിവയെ പ്രതിനിധീകരിക്കുന്ന നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായാണ് പദ്ധതികൾ ആരംഭിക്കുന്ന നഗരങ്ങൾ തെരഞ്ഞെടുക്കുക. പൊതുഗതാഗതം ഉപയോഗിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക, അത് ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നിവയാണ് അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളെന്നും അൽ സുവൈദ് ചൂണ്ടിക്കാട്ടി.
🇸🇦Saudi Arabia : സൗദിയില്‍ കടകളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം.
✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് (Covid vaccine booster dose) എടുക്കല്‍ നിര്‍ബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് എട്ടു മാസവും അതില്‍ കൂടുതലും പിന്നിട്ട, പതിനെട്ട് വയസ്സില്‍ കൂടുതലും പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര്‍ ഡോസ് എടുത്ത് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചിരിക്കണം. വാക്‌സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകല്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
🇦🇪ദുബായ്: അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി DHA.
✒️എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. 2022 ഫെബ്രുവരി 1-ന് വൈകീട്ടാണ് DHA ഇക്കാര്യം അറിയിച്ചത്.
ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് DHA ആപ്പിലൂടെയും, 800342 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും ഈ വാക്സിനേഷൻ ലഭിക്കുന്നതിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്. പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ ദുബായിൽ 2021 മെയ് മാസത്തിൽ ആരംഭിച്ചിരുന്നു.
അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള പ്രായവിഭാഗക്കാർക്ക് വാക്സിനേഷൻ നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്നവരൊഴികെയുള്ള അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതാണ്:
നിലവിൽ COVID-19 രോഗബാധിതരായ കുട്ടികൾ.
വാക്സിനുകൾ, വാക്സിനുകളിലടങ്ങിയിട്ടുള്ള ഘടകങ്ങൾ എന്നിവ മൂലം ഗുരുതരമായ അലർജി ഉള്ളതായി സ്ഥിരീകരിച്ചിട്ടുള്ള കുട്ടികൾ.
ദുബായിൽ അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് താഴെ പറയുന്ന DHA ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതാണ്:
Oud Metha Vaccination Centre
Al Twar Health Centre
Al Mizhar Health Centre
Nad Al Hammar Health Centre
Al Mankhool Health Centre
Al Lussaily Health Centre
Nad Al Sheba Health Centre
Zabeel Health Centre
Al Barsha Health Centre
ഈ പ്രായവിഭാഗത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെത്തുന്ന രക്ഷിതാക്കൾ ആരോഗ്യകേന്ദ്രങ്ങളിൽ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടതാണ്:
കുട്ടിയുടെ സമ്പൂർണ്ണ മെഡിക്കൽ ഹിസ്റ്ററി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ കുട്ടികളിൽ പനി പോലുള്ള ലക്ഷണങ്ങൾ പ്രകടമായിരുന്നെങ്കിൽ അക്കാര്യം ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കേണ്ടതാണ്.
കുട്ടികളിൽ രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കേണ്ടതാണ്.
രക്തം കട്ടപിടിക്കുന്നതിൽ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ, കുത്തിവെപ്പുകളെ തുടർന്ന് രക്തം വാർന്ന് പോകുന്നതിന് സാധ്യതയുള്ള കുട്ടികൾ തുടങ്ങിയവരുടെ രക്ഷിതാക്കൾ ഇക്കാര്യം ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കേണ്ടതാണ്.
വാക്സിനെടുക്കുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളോടൊപ്പം രക്ഷിതാവ് നിർബന്ധമായും എത്തേണ്ടതാണ്.
🇴🇲ഒമാൻ: സ്വർണ്ണം, രത്‌നക്കല്ലുകൾ മുതലായവ വാങ്ങുന്നവർ സ്വകാര്യ തിരിച്ചറിയൽ കാർഡ് ഹാജരാക്കേണ്ടതാണെന്ന് MOCIIP.
✒️രാജ്യത്ത് സ്വർണ്ണം, രത്‌നക്കല്ലുകൾ, മറ്റു വിലപിടിച്ച ലോഹങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ഇവ വാങ്ങുന്ന ഉപഭോക്താക്കളുടെ സ്വകാര്യ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഒമാൻ വാണിജ്യ, വ്യവസായ മന്ത്രാലയം (MOCIIP) നിർദ്ദേശം നൽകി. രാജ്യത്തെ ജ്വല്ലറികൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവരോടാണ് MOCIIP ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളിൽ സ്വർണ്ണം, രത്‌നക്കല്ലുകൾ, മറ്റു വിലപിടിച്ച ലോഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കണമെന്നാണ് ജനുവരി 31-ന് MOCIIP പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതും, തീവ്രവാദവുമായി ബന്ധപ്പെട്ട ധനസമാഹരണം തടയുന്നതും ലക്ഷ്യമിട്ടുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം.
രാജ്യത്തെ ഇത്തരം നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വാണിജ്യ ഇടപാടുകൾ കൃത്യമായ നടപടിക്രമങ്ങളും, നിബന്ധനകളും അനുസരിച്ച് കൊണ്ട് നടപ്പിലാക്കാൻ മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
🇶🇦ഖത്തറില്‍ ഇന്ന് പുതുതായി 1,245 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം.
✒️ഖത്തറിൽ 1,245 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 249 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. ഇന്ന് 2 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,975 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 321,767 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 19,212 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 62 ആയി. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,033 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇰🇼കുവൈത്തിൽ 5 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് നാളെ മുതൽ.
✒️കുവൈത്തിൽ അഞ്ചു വയസിന് മുകളിലുള്ളവരുടെ കുത്തിവെയ്പ്പ് നാളെ മുതൽ( വ്യാഴം) ആരംഭിക്കും. മിശ്രിഫ് വാക്സിനേഷന് സെന്ററില്‍ മാത്രമാണ് ഈ പ്രായവിഭാഗത്തിലെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുക. അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സ്പെഷലൈസ്ഡ് ടെക്നിക്കല്‍ കമ്മിറ്റിയും അംഗീകാരം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുക. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള നാലര ലക്ഷത്തോളം കുട്ടികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച മുതല്‍ ആരോഗ്യമന്ത്രാലയം ഈ പ്രായവിഭാഗത്തിലെ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ കുത്തിവെയ്പ്പ് സംബന്ധിച്ച് സന്ദേശമയക്കും.
🇶🇦ഖത്തറിന്റെ പുതിയ കറന്സികൾക്ക് അന്താരാഷ്ട്ര പുരസ്‌കാരം
✒️അഞ്ചാം സീരീസിലുള്ള ഖത്തറിന്റെ പുതിയ കറന്‍സി നോട്ടുകള്‍ക്ക് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഹൈ സെക്യൂരിറ്റി പ്രിന്റിംഗ് ബാങ്ക് നോട്ട് കളക്ഷന്‍ അവാര്‍ഡ്. 2021 ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ഖത്തരി റിയാല്‍ ബാങ്കുനോട്ടുകളുടെ അഞ്ചാം സീരിസില്‍ ഇരുന്നൂറിന്റെ പുതിയ നോട്ടും പുതിയ ഡിസൈനുകളിലുള്ള ഖത്തരി റിയാല്‍ നോട്ടുകളും പുറത്തിറക്കിയത്.
ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സുകളും ഇവന്റുകളും കറന്‍സികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സവിശേഷതകളും സംഘടിപ്പിക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ബ്രിട്ടീഷ് റെക്കണൈസന്‍സ് ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച മത്സരത്തിലാണ് ഈ അവാര്‍ഡ് ഖത്തര്‍ കറന്‍സി നേടിയത്.
📲പ്രവാസികള്‍ നാട്ടിലേക്ക് പണമയയ്ക്കുന്നതില്‍ വര്‍ധനവ്.
✒️സൗദി പ്രവാസികളുടെ സ്വന്തം രാജ്യങ്ങളിലേക്കുള്ള വ്യക്തിഗത പണമയയ്ക്കല്‍ തോത് 2.79 ശതമാനമായി വര്‍ധിച്ചു. 2020ല്‍ 149.69 ബില്യണ്‍ റിയാലായിരുന്നതാണ് 2021ല്‍ 153.87 ബില്യണ്‍ റിയാലിലെത്തിയത്. 2015(56.86 ബില്യണ്‍ റിയാല്‍)ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. എങ്കിലും 2020ലെ നാലാം പാദത്തിലെ 39.45 ബില്യണ്‍ റിയാലുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ലെ നാലാം പാദത്തില്‍ 4.82 ശതമാനത്തിന്റ(37.5 ബില്യണ്‍ റിയാല്‍) ഇടിവാണ് പണമയക്കലിന്റെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്. അതുപോലെ, 2020 ഡിസംബറിലെ 13.4 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഡിസംബറില്‍ 11.1 ബില്യണ്‍ റിയാലായും കുറഞ്ഞിട്ടുണ്ട്.
അതേസമയം, സൗദികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കല്‍ 34.8 ശതമാനം വര്‍ധിച്ച് 65.47 ബില്യണ്‍ റിയാലിലെത്തിയിട്ടുണ്ട്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കല്‍ 2021ല്‍ 7.3 ശതമാനം വര്‍ധിച്ച് 589 ബില്യണ്‍ ഡോളറിലെത്തുമെന്ന് ലോക ബാങ്ക് പുറത്തിറക്കിയ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ബ്രീഫ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ചയിലുള്ള ഈ തിരിച്ചുവരവ് മുമ്പത്തെ കണക്കുകളേക്കാള്‍ കൂടുതല്‍ ശക്തമാണ്. ഈ കോവിഡ് മഹാമാരിക്കാലത്തും തങ്ങളുടെ നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുള്ള പ്രവാസികളുടെ ദൃഢനിശ്ചയമാണ് പണമയക്കലിന്റെ തോത് വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് ലോകബാങ്ക് പറയുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ രാജ്യങ്ങളിലും റഷ്യയിലും എണ്ണവില ഉയര്‍ന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും പ്രവാസികള്‍ അവരുടെ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിലും സൗദികള്‍ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിലും വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.
🇸🇦സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം 1000 പിന്നിട്ടു.
✒️സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം 1000 പിന്നിട്ടു. 1,002 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ ഉള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
പുതുതായി രാജ്യത്ത് 4,092 കോവിഡ് രോഗികളും 4,604 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,95,217 ഉം രോഗമുക്തരുടെ എണ്ണം 6,49,334 ഉം ആയി. പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,943 ആയി.
നിലവിൽ 36,940 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.40 ശതമാനവും മരണനിരക്ക് 1.28 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,408, ജിദ്ദ 325, ദമ്മാം 272, ഹുഫൂഫ് 172, മക്ക 122, ജിസാൻ 101, മദീന 86.
സൗദി അറേബ്യയിൽ ഇതുവരെ 5,77,01,653 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,55,92,472 ആദ്യ ഡോസും 2,37,29,950 രണ്ടാം ഡോസും 83,79,231 ബൂസ്റ്റർ ഡോസുമാണ്.
0 Comments