Ticker

6/recent/ticker-posts

Header Ads Widget

World Cancer Day : ഇന്ന് ലോക ക്യാന്‍സര്‍ ദിനം; അർബുദത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...

ഇന്ന് ലോക ക്യാന്‍സര്‍ ദിനം (World Cancer Day). ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്ക് ക്യാൻസർ (cancer) പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ക്യാൻസർ കേസുകളിൽ പകുതിയും ഇത്തരത്തില്‍ അനാരോഗ്യകരമായ ജീവിതശൈലി, പുകവലി (smoking), വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം (obesity) മുതലായവ മൂലം ഉണ്ടാകുന്നതാണ്. 

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീര്‍ണമാകുന്നത്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമെല്ലാം ക്യാൻസർ പിടിപെടുന്നതിന് രണ്ട് പ്രധാനകാരണങ്ങളാണ്. പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധി വരെ നമുക്ക് ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയും.

ലോകമെമ്പാടും ഫെബ്രുവരി നാലിനാണ് ലോക ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്. അർബുദത്തെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുന്നതിനും രോഗത്തെപ്പറ്റിയുള്ള ആളുകളുടെ തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ലോക ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്. അർബുദം ഇപ്പോള്‍ ലോകത്തിലെ മരണനിരക്കിന്റെ രണ്ടാമത്തെ പ്രധാന കാരണമായി മാറിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, അതോടൊപ്പം രോഗികളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ക്യാന്‍സര്‍ പരിചരണ ലഭ്യതയിലെ വിടവില്ലാതാക്കുക (Close the Care Gap) എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ ആപ്തവാക്യമായി ഉയര്‍ത്തിയിരിക്കുന്നത്.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

അനാരോഗ്യകരമായ ജീവിതശൈലിയാണ് പലപ്പോഴും ക്യാന്‍സറിന് (Cancer) കാരണമാകുന്നത്. ഏതുതരം ക്യാൻസറിനും ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുന്നത് രോഗപ്രതിരോധശേഷി (immunity) വർധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും ജീവിതശൈലിയും മാനസികാരോഗ്യവും എല്ലാം ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. സസ്യാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് ഏറെ പ്രധാനം. 

പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് ക്യാൻസറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഘടകം. അതിനാല്‍ ചീര, കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, ക്യാരറ്റ്, തക്കാളി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

എന്നാൽ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. ചുവന്ന മാംസത്തിന്റെ അമിതോപയോഗം ക്യാൻസർ സാധ്യത വർധിപ്പിക്കും. അതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കുക. കൊഴുപ്പിന്റെയും പ്രിസർവേറ്റീവുകളുടെയും അജിനോമോട്ടോയുടെയും അമിത ഉപയോഗം ശരീരത്തിന് ദോഷകരമാണ്. കൂടാതെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കാം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

Post a Comment

0 Comments