Uttar Pradesh (UP), Uttarakhand (UK), Manipur, Goa, Punjab Election Results 2022 Live Updates: ലഖ്‌നൗ: പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 690 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ ബിജെപി മുന്നിലാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണത്തുടർച്ചയിലേക്കാണെന്നാണ് സൂചനകൾ. പഞ്ചാബിൽ വ്യക്തമായ ലീഡുമായി ആം ആദ്മിയാണ് മുന്നിൽ.
യുപിയിൽ 260 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. പഞ്ചാബിലെ 80 മണ്ഡലങ്ങളിലാണ് ആം ആദ്മി ലീഡ് നിലനിർത്തുന്നത്. ഉത്തരാഖണ്ഡിൽ 40 സീറ്റുകളിൽ ലീഡ് ബിജെപിയാണ് മുന്നിൽ. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പിന്നിലാണ്. ആദ്യ സൂചനകളിൽ ഗോവയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടമാണ്. മണിപ്പൂരിൽ 20 ഓളം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
അടിപതറി പ്രമുഖർ; പിടിച്ചു നിന്നത് ചുരുക്കം ചിലർ മാത്രം
പഞ്ചാബിൽ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിമാരും പിന്നിലാണ്. അമൃത്സറിൽ നവ്‌ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ കാലിടറി.
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പിന്നിലാണ്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പിന്നിലാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് നേരിയ ലീഡുണ്ട്. എന്നാൽ സംസ്ഥാനത്തെ രണ്ട് ഉപമുഖ്യമന്ത്രിമാരും പിന്നിലാണ്. യുപിയിൽ യോഗി ആദിത്യനാഥും, അഖിലേഷ് യാദവും മുന്നേറുകയാണ്. മണിപ്പൂരിൽ ബിരേൻ സിംഗും മുന്നേറുന്നുണ്ട്.
ഇന്ന് ഫലം വരുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും നിലവിൽ ബിജെപിയാണ് ഭരണം. പഞ്ചാബിൽ കോൺഗ്രസാണ് ഭരിക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഉത്തരാഖണ്ഡിലും ഗോവയിലും ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിലും മണിപ്പൂരിലും ബി.ജെ.പിക്ക് തുടരുമെന്നും, പഞ്ചാബിൽ ആം ആദ്മി ഭരണംപിടിക്കുമെന്നും പറയുന്നു.
ഫെബ്രുവരി 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഏഴ് ഘട്ടങ്ങളായി നടന്ന യുപി തിരഞ്ഞെടുപ്പ് മാർച്ച് ഏഴിനാണ് അവസാനിച്ചത്. ഫെബ്രുവരി 28 നും മാർച്ച് 5 നുമായി രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു മണിപ്പൂർ തിരഞ്ഞെടുപ്പ്. പഞ്ചാബിൽ ഫെബ്രുവരി 20 നും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14 നും തിരഞ്ഞെടുപ്പ് നടന്നു.
ഉത്തർപ്രദേശിലെ പോരാട്ടം ബിജെപി, സമാജ് വാദി പാർട്ടി, കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി എന്നിവർക്കിടയിലാണ്. പഞ്ചാബിൽ കോൺഗ്രസ്, ബി.ജെ.പി, ശിരോമണി അകാലിദൾ, ആം ആദ്മി പാർട്ടി, പുതുതായി രൂപീകരിച്ച സംയുക്ത് സംഘർഷ് പാർട്ടി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് എന്നിവരാണ് പോരാട്ടത്തിൽ. ഗോവയിലും ബി.ജെ.പി, തൃണമൂൽ കോൺഗ്രസ്, എഎപി, കോൺഗ്രസ് എന്നിവരാണ് ഏറ്റുമുട്ടുന്നത്. മണിപ്പൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഫോർവേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ജനതാദൾ (സെക്കുലർ), കോൺഗ്രസ് മണിപ്പൂർ പുരോഗമന മതേതര സഖ്യം എന്നിവർക്കെതിരെയാണ് ബിജെപി മത്സരിക്കുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിനാണ് ഉത്തരാഖണ്ഡ് സാക്ഷ്യം വഹിക്കുന്നത്.
0 Comments