Ticker

6/recent/ticker-posts

Header Ads Widget

സ്വകാര്യ ബസ് സമരം: കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് നടത്തും....

സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ 24-ാം തീയതി മുതല്‍ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് നടത്തും.

നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസ് നടത്തുവാന്‍ സി.എം.ഡി. നിര്‍ദേശം നല്‍കി. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും.

യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണല്‍ ട്രിപ്പുകള്‍ നടത്തേണ്ടി വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

എല്ലാ ജനറല്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍മാരും സര്‍പ്രൈസ് സ്‌ക്വാഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യൂണിറ്റ് അധികാരികള്‍ ഷെഡ്യൂളുകള്‍ ക്രമീകരിക്കാനും നിര്‍ദേശം നല്‍കി.

യൂണിറ്റ് കേന്ദ്രീകരിച്ച് സര്‍വീസ് ഓപ്പറേഷന്‍ മേല്‍നോട്ടം വഹിക്കുന്നതിന് യൂണിറ്റ് അധികാരികളെയും ദീര്‍ഘദൂര സര്‍വീസുകള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിന് മേഖലാ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെയും ചുമതലപ്പെടുത്തി. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പക്ഷം പോലീസ് സഹായം തേടണമെന്നും സി.എം.ഡി. അറിയിച്ചു.

സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തിയിലായിരുന്നു.

നിരക്ക് വർധനവിൽ നാളെ നാളെ നീളെ നീളെ എന്ന തരത്തിലുള്ള സർക്കാരിൻറെ സമീപനത്തിലാണ് സ്വകാര്യ ബസ് ഉടമകൾക്ക് പ്രതിഷേധം. നിരക്ക് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തീരുമാനിച്ച അനിശ്ചിതകാല പണിമുടക്കിൽ പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.

ഒരു ഭാഗത്ത് നിരക്ക് ഉയർത്തുന്നതിൽ ആഘാതം നേരിടേണ്ടി വരുന്ന സാധാരണ ജനങ്ങൾ. മറുഭാഗത്ത് പ്രതിസന്ധി ഉയർത്തി സമരം ചെയ്യാൻ ഒരുങ്ങുന്ന സ്വകാര്യ ബസുടമകൾ. ഇതിനിടയിലാണ് സർക്കാർ. നിരക്ക് വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ഇന്നും ആവർത്തിച്ചു. എന്നാൽ എന്ന് മുതൽ എങ്ങനെ വേണമെന്നതിൽ വ്യക്തത വരുത്താൻ മന്ത്രി ഇന്നും തയാറായില്ല.

വിലക്കയറ്റത്തിലും ഇന്ധന നിരക്ക് ഉയരുന്നതിലും ജനങ്ങൾ നട്ടം തിരിയുമ്പോൾ ബസ് ചാർജ് വർധന മന്ത്രിസഭ വൈകിപ്പിക്കുകയാണ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ വിഷയം ഉൾപ്പെട്ടില്ല. മാർച്ച് അവസാനം ചേരുന്ന എൽഡിഎഫ് യോഗം വരെ തീരുമാനം നീണ്ടേക്കും. ഓട്ടോ ടാക്സി ഉടമകളും സമരത്തിലേക്ക് നീങ്ങും എന്ന് സർക്കാരിനെ അറിയിച്ച് കഴിഞ്ഞു.

Post a Comment

0 Comments