Ticker

6/recent/ticker-posts

Header Ads Widget

യുക്രൈനില്‍ ആക്രമണം രൂക്ഷം: ഇന്ത്യന്‍ വിദ്യാർഥികളുടെ രക്ഷാദൗത്യം സങ്കീർണം; വഴികൾ ഇങ്ങനെ.

യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രൈനിൽനിന്ന് അതിർത്തിരാജ്യങ്ങളിലെത്തി രക്ഷപ്പെടാൻ ജീവൻ പണയംവെച്ചാണ് ഇപ്പോൾ മലയാളി വിദ്യാർഥികളടക്കമുള്ളവരുടെ യാത്ര. വെടിനിർത്തൽ വന്നാലേ പൂർണ ഒഴിപ്പിക്കൽ സാധ്യമാവൂ. ഹാർകിവിൽനിന്ന് റഷ്യൻ അതിർത്തിയിലേക്ക് 40 കിലോമീറ്ററേ ഉള്ളൂ. എന്നാൽ, റഷ്യ അതിർത്തിയിൽ യുദ്ധം ശക്തമാക്കിയതിനാൽ ഇതുവഴി രക്ഷപ്പെടാനാവില്ല. പിന്നെ ആകെയുള്ള വഴി കിലോമീറ്ററുകൾ താണ്ടി ഓപ്പറേഷൻ ഗംഗയുടെ വിമാനങ്ങളിൽ കയറാൻ മറ്റ് അതിർത്തികളിലെത്തലാണ്. ഇതിന് പലപ്പോഴും റോഡുവഴി സഞ്ചരിക്കേണ്ടിവരുന്നത് ഭീഷണിയാണ്.

റഷ്യയുമായുള്ള നമ്മുടെ അടുപ്പം ഇപ്പോഴാണ് ഇന്ത്യ ഉപയോഗിക്കേണ്ടതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നമ്മുടെ പൗരന്മാരെ കൊണ്ടുവരാൻ താത്‌കാലിക വെടിനിർത്തലിന് പുതിൻ സർക്കാരിൽ സമ്മർദം ചെലുത്താൻ ഇന്ത്യയ്ക്ക് ആവുമെന്ന് റിട്ട. എയർ കമ്മഡോർ ഇ.പി. പദ്‌മരാജൻ നമ്പ്യാർ പറഞ്ഞു. യു.എന്നിൽ രണ്ടുതവണ റഷ്യയെ പിന്തുണച്ചതടക്കം ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താം. റഷ്യ വാക്വം ബോംബുകളടക്കം ഉപയോഗിച്ചാൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകുന്നു.

യുക്രൈനോ റഷ്യയ്ക്കോ മാത്രമേ ഇപ്പോൾ ഇന്ത്യയെ സഹായിക്കാൻ പറ്റൂവെന്ന് മുൻ ഇന്ത്യൻ അംബാസഡറും നയതന്ത്രജ്ഞനുമായ ടി.പി. ശ്രീനിവാസൻ പറഞ്ഞു. അതിനുള്ള ശ്രമം ഇന്ത്യയിപ്പോൾ നടത്തുന്നുണ്ട്. സർക്കാരിനെ കുറ്റം പറയുന്നത് പൗരന്മാരെ നേരത്തേ ഒഴിപ്പിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്. ലോകത്താരും ഇക്കാര്യത്തിൽ തയ്യാറെടുപ്പു നടത്തിയിരുന്നില്ല. ആളുകൾ യുക്രൈൻ അതിർത്തിയിലെത്തിയാൽ രക്ഷപ്പെടുത്താൻ അവിടെ മന്ത്രിമാർ കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യ റഷ്യയ്ക്കു മുകളിൽ സമ്മർദം ചെലുത്തുന്നുമുണ്ട്. പക്ഷേ, റഷ്യയെ സംബന്ധിച്ചിടത്തോളം യുദ്ധം ജയിക്കുക എന്നതാണ് മുഖ്യകാര്യമെന്നും ശ്രീനിവാസൻ പറഞ്ഞു.

അതിർത്തികളിലേക്കുള്ള തീവണ്ടികളിൽ തിക്കിത്തിരക്കി വിദ്യാർഥികൾ

ഹാർകിവിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ യുക്രൈന്റെ അതിർത്തികളിലേക്ക് പ്രത്യേക തീവണ്ടികൾ തുടങ്ങി. മെട്രോ സ്റ്റേഷനിൽ കഴിയുന്നവരോട് സ്വന്തം ഉത്തരവാദിത്വത്തിൽ ഹാർകിവ് സ്റ്റേഷനിലെത്താനാണ് അധികൃതർ ആവശ്യപ്പെട്ടതെന്ന് പെരിമോഹ മെട്രോ സ്റ്റേഷനിൽ കുടുങ്ങിയ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി വിദ്യാർഥിനി അഴീക്കോട് സ്വദേശിനി അപർണാ വിനോദ് പറഞ്ഞു. കാറിൽ അരമണിക്കൂർകൊണ്ടാണ് ഹാർകിവ് സ്റ്റേഷനിലെത്തിയതെന്നും ബോംബുവർഷം ഭയന്നായിരുന്നു യാത്രയെന്നും അപർണ പറഞ്ഞു. അധികൃതർ അനുവദിച്ച സമയത്ത് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് നാലാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയായ കർണാടക സ്വദേശി കൊല്ലപ്പെട്ടത്.

പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ അതിർത്തികളിലേക്കാണ് തീവണ്ടികൾ ഓടിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ 150-ലധികം വിദ്യാർഥികൾ പോളണ്ട് അതിർത്തിയിലേക്കുള്ള തീവണ്ടിയിൽ കയറിയത്. സപോറിഷ്യ യൂണിവേഴ്‌സിറ്റിയിലെ 1000-ത്തോളം ഇന്ത്യൻ വിദ്യാർഥികൾ സ്ലൊവാക്യ അതിർത്തിയിലേക്കും തിരിച്ചു.

ഒഴിഞ്ഞുപോകണമെന്ന് അറിയിപ്പുവന്നതോടെ തീവണ്ടിയിൽ കയറാൻ വലിയ തിരക്കായിരുന്നു. ഏറെ പാടുപെട്ടാണ് പെരിമോഹയിൽ കഴിഞ്ഞിരുന്ന മലയാളിവിദ്യാർഥികൾ കയറിപ്പറ്റിയത്. 17 മണിക്കൂർ യാത്രചെയ്താൽ ഇവർ റൊമാനിയൻ അതിർത്തിയിൽ നിന്ന്‌ 230-ഓളം കിലോമീറ്റർ അകലെയുള്ള രാഖിവ് എന്ന സ്റ്റേഷനിലെത്തും. തീവണ്ടി പൂർണമായും ഭൂഗർഭപാതയിലൂടെ ആയതിനാൽ ഭയക്കേണ്ടതില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ഓപ്പറേഷൻ ഗംഗ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവരാണ് ഇവർ.

മൂന്ന് വിമാനങ്ങളിലായി 616 പേരെത്തി

ന്യൂഡൽഹി: യുക്രൈനിൽനിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 53 മലയാളിവിദ്യാർഥികൾ ഉൾപ്പെടെ 616 പേരെയും വഹിച്ചുകൊണ്ട് ചൊവ്വാഴ്ച മൂന്ന് വിമാനം ഇന്ത്യയിലെത്തി. രണ്ട് വിമാനം ഡൽഹിയിലും ഒരു വിമാനം മുംബൈയിലുമാണിറങ്ങിയത്.

ബുക്കാറസ്റ്റിൽനിന്ന് രാവിലെ ഏഴരയോടെ 182 പേരുമായി മുംബൈയിലിറങ്ങിയ വിമാനത്തിൽ ആറ്് മലയാളികളാണുണ്ടായിരുന്നത്. അവരെ വൈകീട്ടോടെ കേരളത്തിലേക്ക് അയച്ചു.

ഉച്ചയ്ക്ക് ഒന്നരയോടെയെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മൂന്ന് മണിക്കൂറോളം വൈകി നാലുമണിയോടെയാണ് ബുദാപെസ്റ്റിൽനിന്ന് 216 യാത്രാക്കാരുമായുള്ള വിമാനം ഡൽഹിയിലെത്തിയത്. അഞ്ചുമണിയോടെയെത്തിയ രണ്ടാമത്തെ വിമാനത്തിൽ 218 പേരുണ്ടായിരുന്നു. ഇരു വിമാനത്തിലുമായി 47 മലയാളി മെഡിക്കൽ വിദ്യാർഥികളുണ്ടായിരുന്നു. അതിൽ 11 പേരെ കണ്ണൂരിലേക്കും 20 പേരെ കൊച്ചിയിലേക്കും 16 പേരെ തിരുവനന്തപുരത്തേക്കും വിമാന മാർഗം അയച്ചതായി കേരള ഹൗസ് അധികൃതർ അറിയിച്ചു.

യുക്രൈനിൽനിന്ന് ഏഴ് വിമാനങ്ങളാണ് ചൊവ്വാഴ്ചവരെ ഡൽഹിയിലെത്തിയിട്ടുള്ളത്. മൊത്തം മടങ്ങിയെത്തിയ മലയാളിവിദ്യാർഥികളുടെ എണ്ണം 184 ആയി. രാത്രിവൈകിയും ഡൽഹിയിൽ വിമാനമെത്തുമെന്ന് വിദേശകാര്യമന്ത്രാലയവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ന്യൂഡൽഹിയിലും മുംബൈയിലുമെത്തുന്ന വിദ്യാർഥികൾ വീടുകളിൽ എത്തുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഇരു വിമാനത്താവളങ്ങളിലും 24 മണിക്കൂറുമുണ്ടെന്ന് സർക്കാർ അറിയിച്ചു.

ന്യൂഡൽഹി വിമാനത്താവളത്തിൽ കേരള ഹൗസിലെ ലെയ്‌സൺ വിഭാഗത്തിന്റെ പ്രത്യേക കൺട്രോൾ റൂമുണ്ട്. മുംബൈ കേരള ഹൗസിലെ നോർക്ക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മുംബൈയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിദ്യാർഥികളുടെ യാത്രയടക്കമുള്ള കാര്യങ്ങളുടെ മേൽനോട്ടത്തിന് നോർക്ക റൂട്സിലെ ഉദ്യോഗസ്ഥരുമുണ്ട്. ഇതിനുപുറമേ യുക്രൈനിലെ വിദ്യാർഥികൾക്കും നാട്ടിലെ രക്ഷാകർത്താക്കൾക്കും ബന്ധപ്പെടാൻ നോർക്ക റൂട്സിന്റെ 24 മണിക്കൂർ കൺട്രോൾറൂമിൽനിന്ന് 1800-425-3939 എന്ന ടോൾഫ്രീ നമ്പറിൽ സഹായംകിട്ടും.

ഓപറേഷൻ ഗംഗ തുടരുന്നു: വ്യോമസേന വിമാനം റൊമാനിയയിൽ, മൾഡോവ അതിർത്തി തുറന്നെന്ന് കേന്ദ്രമന്ത്രി.


ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങൾ ദില്ലിയിൽ തിരിച്ചെത്തും. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ദില്ലിക്ക് എത്തും. ഇതു വരെ 2500 ലധികം ഇന്ത്യക്കാർ മിഷന്റെ ഭാഗമായി തിരികെ എത്തിയിട്ടുണ്ട്. അതേസമയം കർക്കിവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്കുള്ള പദ്ധതി ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മൾഡോവയുടെ അതിർത്തി തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്റർ വഴി അറിയിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതിർത്തി കടക്കാൻ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവർക്ക് വെള്ളവും ഭക്ഷണവും വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വ്യോമസേന വിമാനം നാളെ രാവിലെ റൊമാനിയയിലേക്ക് പോകും. ഫ്രഞ്ച് പ്രസിഡൻറുമായും പോളണ്ട് പ്രസിഡൻറുമായും പ്രധാനമന്ത്രി സംസാരിച്ചു. കാർഖീവിലും സുമിയിലുമായി 4000 പേരുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി. റഷ്യൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

0 Comments