തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില (Petrol Diesel Price Hike) എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് (26-3-2022) ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.
നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ചൊവ്വയും ബുധനും വര്‍ധനവുണ്ടായി. അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.
അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുകയാണ്. നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് ബസുടമകളുടെ സമരം. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാര്‍ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകള്‍ ആലോചിക്കണമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറയുന്നത്. 30-ാം തീയതിയിലെ എല്‍.ഡി.എഫ് യോഗത്തിന് ശേഷമേ തീരുമാനം ഉണ്ടാകൂ എന്നും മന്ത്രി അറിയിച്ചു. ബസ് സമരത്തെ തുടര്‍ന്ന് വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സി 700 ഓളം സര്‍വീസുകളാണ് അധികമായി നടത്തിയത്.
0 Comments