🇸🇦സൗദി: വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് പ്രവേശനാനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം.
✒️വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 21-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് നിർബന്ധമാക്കിയിരുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി തെളിയിക്കുന്ന നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ വിദേശത്ത് നിന്നെത്തുന്നവർ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന നടപടി ഒഴിവാകുന്നതാണ്.
രാജ്യത്തെ COVID-19 രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ തീരുമാന പ്രകാരം വാക്സിനെടുക്കാത്തവർക്കും സൗദിയിലേക്ക് പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീർത്ഥാടകർക്കും ഇത് ബാധകമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് ഫലം സൗദി 2022 മാർച്ച് 5 മുതൽ ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു.
🇸🇦സൗദി: വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് മാറ്റുന്നതിന് അനുമതിയിലെന്ന് ജവാസത്.
✒️രാജ്യത്ത് വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറുന്നതിന് നിയമപരമായി അനുമതിയില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട് (ജവാസത്) വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിശ്ചിത തുക ഫീസായി അടച്ച് കൊണ്ട് വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റുകളിലേക്ക് മാറാൻ കഴിയുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ജവാസത് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിസ മാറ്റങ്ങൾ സൗദിയിൽ അനുവദനീയമല്ലെന്നും, ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
“സൗദിയിലെ നിലവിലെ നിയമങ്ങൾ പ്രകാരം വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നതിന് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളോ, തീരുമാനങ്ങളോ പുറത്തിറക്കുന്ന സാഹചര്യത്തിൽ അധികൃതർ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ നൽകുന്നതാണ്.”, ജവാസത് വൃത്തങ്ങൾ വ്യക്തമാക്കി.
വിസിറ്റ് വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കുന്ന വ്യക്തികൾക്ക് രാജ്യത്ത് തൊഴിലെടുക്കുന്നതിന് അനുമതി ഇല്ലെന്നും ജവാസത് കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
🇰🇼കുവൈറ്റ്: പൊലീസുകാരെ കയ്യേറ്റം ചെയ്യുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്.
✒️രാജ്യത്ത് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്ന വ്യക്തികൾക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന കുവൈറ്റ് പൗരന്മാർക്കും, പ്രവാസികൾക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡ്യൂട്ടിയിലുള്ള പോലീസുകാർക്കെതിരെ അതിക്രമം പ്രവർത്തിക്കുന്നത് അത്യന്തം ഗൗരവകരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്ത് അടുത്തിടെ പോലീസുകാർക്കെതിരെയുള്ള അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഡ്യൂട്ടിയിലിരിക്കുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും, 5000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
വാക്കുകൾ കൊണ്ടോ, ആംഗ്യങ്ങൾ കൊണ്ടോ ഡ്യൂട്ടിയിലിരിക്കുന്ന പൊലീസുകാരെ അപമാനിക്കുന്ന പ്രവർത്തനങ്ങൾക്ക് രണ്ട് വർഷം വരെ തടവും, 3000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
🇸🇦സൗദി: ഹജ്ജ്, ഉംറ വിസകളിലെത്തിയ ശേഷം വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നതിന് 25000 റിയാൽ പിഴ ചുമത്തും.
✒️രാജ്യത്തേക്ക് ഹജ്ജ്, ഉംറ വിസകളിൽ പ്രവേശിച്ച ശേഷം വിസ കാലാവധി കഴിഞ്ഞും തീർത്ഥാടകർ സൗദിയിൽ തുടരുന്ന സാഹചര്യത്തിൽ, ഇത്തരം തീർത്ഥാടകർക്ക് ഹജ്ജ് ഉംറ സേവനങ്ങൾ നൽകിയ സേവനദാതാക്കൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ വിസ കാലാവധി കഴിഞ്ഞും സൗദിയിൽ താമസിക്കുന്ന ഓരോ തീർത്ഥാടകർക്കും 25000 റിയാൽ എന്ന രീതിയിലാണ് സേവനദാതാക്കൾക്ക് പിഴ ചുമത്തുന്നത്.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മക്കയിലെ ഡയറക്ടറെറ്റ് ഓഫ് പാസ്പോർട്സ് വിഭാഗം ഔദ്യോഗിക വക്താവ് ക്യാപ്റ്റൻ അബ്ദുൽ റഹ്മാൻ അൽ ഖാതമിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദേശത്ത് നിന്ന് ഹജ്ജ്, ഉംറ വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർ തീർത്ഥാടനത്തിന് ശേഷം വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി സൗദിയിൽ നിന്ന് മടങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഹജ്ജ് ഉംറ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കായതിനാലാണ് അവർക്ക് പിഴ ചുമത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാമാരിയ്ക്ക് ശേഷം തീർത്ഥാടകരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിസ നിബന്ധനകൾ കർശനമായി നടപ്പിലാക്കുന്നതിൽ ഹജ്ജ് ഉംറ സേവനങ്ങൾ നൽകുന്ന സേവനദാതാക്കൾക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
🇸🇦സൗദി: മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
✒️മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്ന വ്യക്തികൾക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പ്രോസിക്യൂഷൻ അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മറ്റു വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുക, പൊതു സമൂഹത്തിൽ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ വംശീയ വിവരങ്ങൾ, ഗോത്രപരമായതും, മതപരമായതുമായ വിവരങ്ങൾ, പ്രത്യയശാസ്‌ത്രപരമായ വിശ്വാസങ്ങൾ മുതലായ വിവരങ്ങളെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.
ഇതിന് പുറമെ വ്യക്തികളുടെ സുരക്ഷാ വിവരങ്ങൾ, ബിയോമെട്രിക് വിവരങ്ങൾ, ആരോഗ്യ സംബന്ധമായ വിവരങ്ങൾ, ജനിതക സംബന്ധിയായ വിവരങ്ങൾ, ക്രിമിനൽ പശ്ചാത്തലം ഉണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് ഈ നിയമത്തിന്റെ കീഴിൽ അനുശാസിക്കുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്.
ഈ നിയമപ്രകാരം, ഒരു വ്യക്തിയെ മനപ്പൂർവം ദ്രോഹിക്കുന്നതിനായോ, സ്വന്തം നേട്ടത്തിനായോ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവും, 3 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തപ്പെടാവുന്നതാണ്.
🇴🇲ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം നൂറില്‍ താഴെ.
✒️മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് മുക്തരുടെ എണ്ണം വര്‍ദ്ധിച്ചതിന് പുറമെ പുതിയ രോഗികളുടെ എണ്ണം നൂറില്‍ താഴെയായി. രാജ്യത്ത് ഇന്ന് 99 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്ന. ചികിത്സയിലായിരുന്ന 142 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,81,757 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,87,829 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 4,250 പേര്‍ കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 86 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 16 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
🇶🇦സ്വദേശിവത്കരിച്ച തസ്‍തികകളില്‍ പ്രവാസികളെ നിയമിച്ച രണ്ട് കമ്പനികള്‍ക്കെതിരെ നടപടി.
✒️സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകള്‍ ലംഘിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കും. നിയമങ്ങളും അറിയിപ്പുകളും ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ നടപടികളുമുണ്ടാകും. രാജ്യത്തെ സ്വദേശികളായ സ്‍ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ജോലി ചെയ്യുന്നതിന് നേരിട്ടേക്കാവുന്ന തടസങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി കമ്പനികളെ നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്.
🛫തിരുവനന്തപുരത്ത് നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.
✒️തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത. അടുത്തയാഴ്‍ച മുതല്‍ സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് വരാനിരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 540 ആയി ഉയരും.
നിലവില്‍ 348 പ്രതിവാര ഓപ്പറേഷനുകള്‍ നടക്കുന്ന സ്ഥാനത്താണ് ഏപ്രില്‍ 27 മുതല്‍ ഇത് 540 ആയി ഉയരുന്നത്. അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര ഫ്ലൈറ്റ് സർവീസുകൾ 138 ആയി വര്‍ദ്ധിക്കും. നിലവില്‍ ഇത് 95 ആണ്. ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍. ആഴ്‍ചയില്‍ 30 സര്‍വീസുകളാണ് ഷാര്‍ജയിലേക്കുള്ളത്. ദോഹയിലേക്ക് പതിനെട്ടും മസ്‌കത്ത്, ദുബായ് എന്നിവിടങ്ങളിലേക്ക് ആഴ്‍ചയില്‍ 17 വീതം സര്‍വീസുകളുമുണ്ടാകും. ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്) എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ.
പ്രതിവാര ആഭ്യന്തര വിമാന സർവീസുകൾ നിലവിലുള്ള 79ൽ നിന്ന് 132 ആയി ഉയരും. ബെംഗളൂരുവിലേക്കാണ് കൂടുതൽ സർവീസുകൾ. ആഴ്‍ചയില്‍ 28 വിമാനങ്ങള്‍ തിരുവന്തപുരത്തു നിന്ന് ബംഗളുരുവിലേക്ക് പറക്കും. മുംബൈ (23), ചെന്നൈ, ഡൽഹി (14 വീതം) എന്നിവയാണ് കൂടുതൽ സർവീസുകളുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങൾ. കൊൽക്കത്ത, പൂനെ, ദുർഗാപൂർ എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ. ഗതാഗതം സുഗമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്‍ത പ്രതിവാര സർവീസുകളുടെ എണ്ണം
ഷാർജ - 30
ദോഹ - 18
മസ്‌കത്ത് - 17
ദുബായ് - 17
അബുദാബി - 11
സിംഗപ്പൂർ - 8
മാലി - 7
ബാങ്കോക്ക് - 7
ബഹ്‌റൈൻ - 7
കൊളംബോ - 7
കുവൈത്ത് - 4
റിയാദ് - 2
ഹാനിമാധു - 2
സലാല - 1
ആകെ 138
ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്‍ത പ്രതിവാര സർവീസുകളുടെ എണ്ണം
ബംഗളുരു - 28
മുംബൈ - 23
ഡൽഹി - 14
ചെന്നൈ - 14
ഹൈദരാബാദ് - 14
കൊച്ചി - 7
കൊൽക്കത്ത - 7
പൂനെ - 7
കണ്ണൂർ - 7
ദുർഗാപൂർ - 7
കോഴിക്കോട് - 4
ആകെ 132
🇶🇦ഖത്തറില്‍ 'മെര്‍സ്' വൈറസ് ബാധ സ്ഥിരീകരിച്ചു.
✒️ദോഹ: ഖത്തറില്‍ 'മെര്‍സ്' വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 50 വയസുകാരനായ പുരുഷനിലാണ് 'മിഡില്‍ ഈസ്റ്റ് റെസ്‍പിറേറ്ററി സിന്‍ട്രോം' എന്ന 'മെര്‍സ്' സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഒട്ടകങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'മെര്‍സ്' ബാധ സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്കായുള്ള ഖത്തറിലെ ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയും പരിചരണവും ഇദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. നാഷണല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഇവരെയും 14 ദിവസം നിരീക്ഷണത്തിന് വിധേയമാക്കും.
രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം എല്ലാ മുന്‍കരുതല്‍ നടപടികളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചുവരികയാണ്. കൊറോണ വൈറസ് വിഭാഗത്തില്‍ പെടുന്ന (MERS - CoV) വൈറസായ മെര്‍സ്, ശ്വസന വ്യവസ്ഥയിലെ അവയവങ്ങളെയാണ് ബാധിക്കുന്നത്. എന്നാല്‍ ലോകമെമ്പാടും വ്യാപിച്ച നോവല്‍ കൊറേണ വൈറസുമായി (Covid - 19) ഇതിന് വ്യത്യാസങ്ങളുണ്ട്. രോഗം ബാധിക്കുന്ന ഉറവിടം, വ്യാപന രീതി, രോഗത്തിന്റെ തീവ്രത എന്നിവയിലെല്ലാം രണ്ട് വൈറസുകളും തമ്മില്‍ വ്യത്യാസമുണ്ട്.
പൊതുജനങ്ങള്‍ ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ പാലിക്കണമെന്നും ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളവും സോപ്പും ഉപയോഗിച്ചോ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക, ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ വൈദ്യ സഹായം തേടുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
🇦🇪യുഎഇയില്‍ 332 പുതിയ കൊവിഡ് കേസുകള്‍ കൂടി, 974 പേര്‍ക്ക് രോഗമുക്തി.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 332 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 974 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,88,715 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,61,048 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 25,365 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪റമദാന്‍: യുഎഇയിലെ രണ്ട് എമിറേറ്റുകള്‍ കൂടി പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
✒️ദുബൈയിലും അജ്മാനിലും റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് എമിറേറ്റുകളിലെയും മാനവവിഭവശേഷി വിഭാഗമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലുടമകള്‍ക്ക് ജോലി സമയം തീരുമാനിക്കാം. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ ഫ്‌ലെക്‌സിബിള്‍ ജോലി സമയത്തിനും റിമോട്ട് വര്‍ക്കിങ് സംവിധാനം നടപ്പിലാക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
🇸🇦മക്ക, മദീന പള്ളികളില്‍ റമദാനില്‍ വിപുലമായ ഇഫ്താര്‍; 12,000 ജീവനക്കാര്‍ സേവനത്തിന്.
✒️കൊവിഡ് ചട്ടങ്ങള്‍ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റംസാനെ വരവേല്‍ക്കാന്‍ മക്ക, മദീന പള്ളികളില്‍ വിപുലമായ പദ്ധതി. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി സ്ത്രീകള്‍ ഉള്‍പ്പടെ 12,000 ജീവനക്കാരെ നിയോഗിച്ചു. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ മക്ക, മദീന പള്ളികളില്‍ വിപുലമായ സമൂഹ നോമ്പുതുറ (ഇഫ്താര്‍) ഉണ്ടാകും. പ്രതിദിനം 2,000 പേര്‍ക്കാണ് ഓരോയിടത്തും ഇഫ്താര്‍ അനുമതി. പള്ളികളില്‍ പ്രഭാഷണങ്ങളും പഠനക്ലാസുകളും ഉണ്ടാവും. മുതിര്‍ന്ന പണ്ഡിത സഭയിലെ എട്ട് പണ്ഡിതന്മാരടക്കമുള്ള പ്രമുഖര്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
0 Comments