🇸🇦അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും മക്ക, മദീന പള്ളികളിൽ പ്രവേശനാനുമതി.
✒️അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് (Children below five years) രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാം. സൗദി ഹജ്ജ് ഉംറ മന്ത്രാലയം (Ministry of Hajj and Umrah, Saudi Arabia) അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എൻജി. ഹിഷാം ബിൻ അബ്ദുൽ മുനീമാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‍കാരത്തിനും ഈ പ്രായക്കാരായ കുട്ടികൾക്ക് അനുമതിയില്ല. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവി പള്ളിയിലും പ്രവേശിക്കുന്നതിന് മുൻകൂട്ടി അനുമതി ആവശ്യമില്ലെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പള്ളികളിൽ നമസ്‌ക്കാരത്തിനായി പ്രവേശിക്കുമ്പോൾ രക്ഷിതാക്കൾക്ക് തങ്ങളുടെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും കൂടെ കൂട്ടാം.
സൗദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് വാക്സിന്‍ കുത്തിവെപ്പ് എടുക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ നിലവിൽ കൊവിഡ് ബാധിതര്‍ക്കും കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കില്ല.
🇴🇲പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്.
✒️ഒമാനില്‍ പ്രവാസികളെ ജോലിക്ക് നിയമിക്കുന്നതിനുള്ള ഫീസ് കുറയ്‍ക്കാന്‍ ഉത്തരവ്. പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകള്‍ കുറയ്‍ക്കണമെന്നാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഒമാന്‍ ടെലിവിഷന്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ അറിയിച്ചു.
മസ്‍കത്ത്, സൌത്ത് അല്‍ ബാത്തിന, മുസന്ദം എന്നിവിടങ്ങളിലെ ശൈഖുമാരുമായി ഞായറാഴ്‍ച അല്‍ ആലം കൊട്ടാരത്തില്‍ വെച്ചുനടന്ന കൂടിക്കാഴ്‍ചയിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. ഫീസ് കുറയ്‍ക്കുന്നത് ഏത് തരത്തിലുള്‍പ്പെടെ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
🇦🇪യുഎഇയില്‍ ഫുട്‍ബോള്‍ മത്സരത്തിനിടെ ആരാധകര്‍ ഏറ്റുമുട്ടി; എല്ലാവരെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്.
✒️ശനിയാഴ്‍ച നടന്ന ഫുട്‍ബോള്‍ മത്സരത്തിനിടെ കാണികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി അധികൃതര്‍. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാന്‍ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. അല്‍ നഹ്‍യാന്‍ സ്റ്റേഡിയത്തില്‍ നടന്ന അഡ്‍നോക് പ്രോ ലീഗ് മത്സരത്തിനിടെയായിരുന്നു അനിഷ്‍ട സംഭവങ്ങള്‍ അരങ്ങേറിയത്.
അല്‍ ഐന്‍, അല്‍ വഹ്‍ദ ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെ കാണികള്‍ ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ക്ലബ് ആരാധകരുടെ ആവേശം മറ്റുള്ളവരുടെ ജീവനും സുരക്ഷയ്‍ക്കും ഭീഷണിയായി മാറുന്നത് അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
🇦🇪ഇഷ്‍ട നമ്പറുകള്‍ക്കായി കോടികള്‍ വാരിയെറിഞ്ഞ് ഉടമകള്‍; ഒറ്റ ദിവസം സമാഹരിച്ചത് 60 കോടി.
✒️ഫാന്‍സി നമ്പറുകള്‍ വിതരണം ചെയ്യുന്നതിനായി ദുബൈ ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി നടത്തിയ ലേലത്തില്‍ സമാഹരിച്ചത് മൂന്ന് കോടി ദിര്‍ഹം (60 കോടിയോളം ഇന്ത്യന്‍ രൂപ). AA90 എന്ന നമ്പറിനായിരുന്നു ഏറ്റവുമധികം ഡിമാന്റ്. 27.4 ലക്ഷം ദിര്‍ഹത്തിനാണ് (5.48 കോടിയോളം ഇന്ത്യന്‍ രൂപ) ഇത് ഒരു വാഹനമുടമ സ്വന്തമാക്കിയത്.
ലേലത്തിന്റെ വിശദ വിവരങ്ങള്‍ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് പുറത്തുവിട്ടത്. M73 എന്ന നമ്പറിന് 23.6 ലക്ഷം ദിര്‍ഹം (4.72 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചു. W55555 എന്ന നമ്പര്‍ 17.1 ലക്ഷം ദിര്‍ഹത്തിനും (3.42 കോടിയോളം ഇന്ത്യന്‍ രൂപ), X800 എന്ന നമ്പര്‍ 10.2 ലക്ഷം ദിര്‍ഹത്തിനും (2.04 കോടിയോളം ഇന്ത്യന്‍ രൂപ) വാഹനമുടമകള്‍ സ്വന്തമാക്കി. ആകെ 90 നമ്പറുകളാണ് ലേലത്തിനായി വെച്ചിരുന്നത്.
🇴🇲ഒമാനില്‍ കൂടുതല്‍ ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി.
✒️ഒമാനില്‍ കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങളെ മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന് ഒഴിവാക്കി. ടാക്സ് അതോരിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ബാര്‍ലി, ചോളം, ഗോതമ്പ്, സോയാബീന്‍, പക്ഷികള്‍ക്കും കോഴികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള തീറ്റകള്‍ എന്നിവയാണ് നികുതി ഇല്ലാത്ത ഉത്പന്നങ്ങളുടെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 318 പേര്‍ക്ക്.
✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 318 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,170 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,41,261 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,85,407 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,51,326 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 31,779 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇰🇼കുവൈറ്റ്: മാർച്ച് 13 മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് തിരികെ മടങ്ങും.
✒️2022 മാർച്ച് 13, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ഓഫീസുകളുടെയും, സ്ഥാപനങ്ങളുടെയും പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് തിരികെ മടങ്ങുമെന്ന് കുവൈറ്റ് സിവിൽ സർവീസ് ബ്യുറോ അറിയിച്ചു. 2022 മാർച്ച് 11-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഇതോടെ ഞായറാഴ്ച്ച മുതൽ കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങൾ COVID-19 മഹാമാരി ആരംഭിക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന ഔദ്യോഗിക പ്രവർത്തന രീതിയിലേക്ക് മടങ്ങുന്നതാണ്. സമ്പൂർണ്ണ ശേഷിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് ഓഫീസുകളിൽ എത്തുന്നതിൽ നൽകി വന്നിരുന്ന എല്ലാ ഇളവുകളും ഒഴിവാക്കിയതായി കുവൈറ്റ് സിവിൽ സർവീസ് ബ്യുറോ വ്യക്തമാക്കിയിട്ടുണ്ട്.
കൃത്യമായ കാരണങ്ങളാൽ അനുവദിക്കപ്പെട്ട അവധികൾ പ്രകാരം മാത്രമാണ് ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിന് അനുമതി നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഷിഫ്റ്റ് സമ്പ്രദായം, ഫ്ലെക്സിബിൾ വർക്കിംഗ് ശൈലി എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.
🇸🇦സൗദി: റമദാൻ മാസത്തിലെ ഉംറ പെർമിറ്റ് ബുക്കിംഗ് അവസാനിച്ചതായുള്ള റിപ്പോർട്ടുകൾ ഹജ്ജ് മന്ത്രാലയം തള്ളിക്കളഞ്ഞു.
✒️റമദാൻ മാസത്തിലേക്കുള്ള ഉംറ പെർമിറ്റ് ബുക്കിംഗ് നിലവിൽ ലഭ്യമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റമദാൻ മാസത്തിലെ ഉംറ പെർമിറ്റ് ബുക്കിംഗ് അവസാനിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. സൗദി ഹജ്ജ് മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഹിഷാം സഈദിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റമദാനിൽ സാധാരണയായി ഉംറ തീർത്ഥാടനത്തിന് വലിയ തിരക്ക് അനുഭവപ്പെടുന്നതാണ്. ഈ വർഷത്തെ റമദാനിലും ഉംറ പെർമിറ്റുകൾക്ക് വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും, എന്നാൽ ബുക്കിംഗ് ഇപ്പോഴും ലഭ്യമാണെന്നും ഹിഷാം സഈദ് സ്ഥിരീകരിച്ചു.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13360 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 മാർച്ച് 3 മുതൽ 2022 മാർച്ച് 9 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 മാർച്ച് 12-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 7533 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1943 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3884 പേരെയാണ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 253 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 58 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 38 ശതമാനം പേർ യെമൻ പൗരന്മാരും, 4 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
🇶🇦ഖത്തറിൽ ഇന്ന് 121 പേർക്ക് കോവിഡ്: 117 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
✒️ദോഹ: ഖത്തറിൽ ഇന്ന് 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യമന്ത്രാലയം. ഇതിൽ 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 161 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 357218 ആയി. നിലവില്‍ കൊവിഡ് ബാധിച്ച് നാല് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1811 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ കാംപെയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 6,476114 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.
🇶🇦മെട്രാഷ്2-ൽ ആറ് പുതിയ സേവനങ്ങൾ കൂടി ചേർത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം.
✒️ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലളിതമാക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി മെട്രാഷ്2-ൽ ആറ് പുതിയ സേവനങ്ങൾ കൂടി ചേർത്തു. റിക്രൂട്ട്‌മെന്റ് അപേക്ഷകൾ അവലോകന സമിതി, വിസ സേവനങ്ങൾ, സ്ഥാപന രജിസ്ട്രേഷൻ സേവനം എന്നിവയുടെ ചില സേവനങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് അവരുടെ സ്പോണ്‍സര്‍ഷിപ്പ് കുടുംബാംഗത്തിലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നതിനുള്ള സേവനം, എംപ്ലോയര്‍ ചേഞ്ച് സേവനം, വിസ വിപുലീകരണ സേവനം രാജ്യത്തിനകത്തുള്ളവര്‍ക്ക് തൊഴില്‍ ദാതാവിനെ മാറ്റല്‍, ഫാമിലി വിസിറ്റ് വിസയില്‍ രാജ്യത്തിനകത്തുള്ള അമ്മയ്ക്ക് നവജാതശിശു വിസ സേവനം, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്കുള്ള എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് പുതിയ സേവനങ്ങൾ.
🇶🇦ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കുള്ള നിബന്ധനകളില്‍ മാറ്റം.
✒️ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കുള്ള നിബന്ധനകളില്‍ മാറ്റം. സ്വന്തം പേരിലോ, കൂടെ യാത്രചെയ്യുന്ന അടുത്ത ബന്ധുക്കളുടെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയില്‍ കരുതണം. ഖത്തറിന്‍റെ നിര്‍ദേശ പ്രകാരം എയര്‍ലൈന്‍ കമ്പനികളാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്. ഇതുവരെ 5000 റിയാൽ കൈവശം സൂക്ഷിച്ചാൽ ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക് പ്രവേശിക്കാമായിരുന്നു. എന്നാൽ, പുതിയ നിർദേശ പ്രകാരം ബാങ്ക് അക്കൗണ്ടിൽ തത്തുല്യമായ തുക (ചുരുങ്ങിയത് 105,000 രൂപ) നില നിർത്തുകയും, യാത്രക്കാരന്‍റെ പേരിലോ, കുടെ യാത്രചെയ്യുന്ന അടുത്ത ബന്ധുവിന്‍റെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് സൂക്ഷിക്കുകയോ വേണം. യാത്രക്ക് മുമ്പ് കോവിഡ് മാനദണ്ഡ പ്രകാരമുള്ള ഇഹ്തിറാസ് അപ്രുവലിനായി ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് രേഖകൾ അപ്ലോഡ് ചെയ്യാൻ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റിന്‍റെ കോപ്പിയും അപ്ലോഡ് ചെയ്യണമെന്നാവശ്യപ്പെടുന്നതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ആറു മാസം കാലാവധിയുള്ള പാസ്പോർട്ട്, മടക്ക ടിക്കറ്റ്, ഖത്തറിൽ കഴിയുന്നത് വരെയുള്ള ഹോട്ടൽ റിസർവേഷൻ ടിക്കറ്റ് എന്നിവയും നിർബന്ധമാണ്.
🇸🇦സൗദിയിൽ പൊതുടാക്സി നിരക്ക് വർധിപ്പിച്ചു; ഏറ്റവും കുറഞ്ഞത് 10 റിയാൽ.
✒️സൗദിയിലെ നഗരങ്ങളിൽ പൊതുടാക്സി നിരക്ക് വർധിപ്പിച്ചു. നഗരങ്ങളിലെ പൊതു ടാക്സി നിരക്ക് പൊതുഗതാഗത അതോറിറ്റി വർധിപ്പിച്ചതായി പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ നിരക്ക് (നാല് യാത്രക്കാരുടെ ശേഷിയുള്ള വാഹനത്തിൽ) 10 റിയാൽ ആയിരിക്കും. നേരത്തെയിത് അഞ്ച് റിയാലായിരുന്നു. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ചാർജ് 1.8 റിയാലിന് പകരം 2.1 റിയാലായി കണക്കാക്കും.
ടാക്സി സർവിസ് ചാർജ് 16.36 ശതമാനം ഉയർത്തിയപ്പോൾ 'ഓപ്പണിങ്' ചാർജ് 5.5 റിയാലിന് പകരം 6.4 റിയാലായി ഉയർത്തി. വെയ്റ്റിങ് ചാർജ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവാണെങ്കിൽ മിനിറ്റിനു 12.5 ശതമാനം വർധിക്കും. വെയ്റ്റിങ് ചാർജ് 0.8 റിയാലിന് പകരം 0.9 റിയാൽ ആയിരിക്കും.
അഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്സികളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. മീറ്റർ ഓപ്പണിങ്ങിനുള്ള നിരക്ക് 21.67 ശതമാനം ഉയർത്തി. ഇതനുസരിച്ച് പുതിയ നിരക്ക് ആറ് റിയാലിന് പകരം 7.3 റിയാലായിരിക്കും. ഒരു കിലോമീറ്റർ ദൂരത്തിന് രണ്ട് റിയാലിന് പകരം 2.4 റിയാലായി 20 ശതമാനം വർധിക്കും. വെയ്റ്റിങ് ചാർജ് മിനിറ്റിന് 22.22 ശതമാനം വർധിച്ച് 0.9 റിയാലിന് പകരം 1.1 റിയാലായിരിക്കും.
🇸🇦സൗദിയിൽ ടാക്‌സി നിയമലംഘനങ്ങൾ കണ്ടെത്താൻ ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം പ്രാബല്യത്തിൽ വന്നു.
✒️ജിദ്ദ: സൗദിയിൽ ടാക്സികളുടെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ടാക്സി കാറുകളുമായി ബന്ധപ്പെട്ട മൂന്ന് നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുക.
കാലാവധി കഴിഞ്ഞ രേഖകൾ ഉപയോഗിച്ച് ടാക്സി സർവിസ് നടത്തൽ, ടാക്സി കാറുകൾക്ക് ഓപറേറ്റിംഗ് കാർഡ് ഇല്ലാതിരിക്കൽ, കാൻസൽ ചെയ്ത ഓപറേറ്റിംഗ് കാർഡ് ഉപയോഗിച്ച് സർവിസ് നടത്തൽ എന്നീ മൂന്ന് നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. പ്രധാന റോഡുകളിൽ സ്ഥാപിച്ച പ്രത്യേക കാമറകൾ വഴിയാണ് ടാക്സികളുടെ നിയമ ലംഘനം ഔട്ടോമാറ്റിക്കായി കണ്ടെത്തുക.
ടാക്സി വാഹനങ്ങളുടേയും അവ ഓടിക്കുന്ന ഡ്രൈവർമാരുടേയും മുഴുവൻ നിയമലംഘനങ്ങളും ഇതുവഴി കണ്ടെത്താൻ സാധിക്കും. ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിയമസാധുത ഉറപ്പുവരുത്തൽ, പൊതുജന സുരക്ഷ കാത്തുസൂക്ഷിക്കൽ, ഗതാഗത സുരക്ഷ വർധിപ്പിക്കൽ, സാങ്കേതിക വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ എന്നിവയാണ് ടാക്‌സികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുന്നതിലൂടെ ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.
0 Comments