🇸🇦സൗദി അറേബ്യ: ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.
✒️രാജ്യത്ത് ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സൗദി അറേബ്യയിലെ പൊതു സുരക്ഷാ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ കൈകൊണ്ട് വരുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ ഭിക്ഷാടന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതെന്ന് പൊതു സുരക്ഷാ വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി അൽ ഷുവൈരേഖ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ളതുൾപ്പടെ എല്ലാ തരത്തിലുള്ള ഭിക്ഷാടനവും സൗദിയിൽ നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.
ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരായ അന്വേഷണത്തിന്റെ ആദ്യ നടപടി എന്ന രീതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിക്ഷാടനത്തിൽ ഏർപ്പെടുന്നതും, യാചകവൃത്തിക്കായി ആളുകളെ ഏർപ്പെടുത്തുന്നതും, പ്രോത്സാഹിപ്പിക്കുന്നതും, യാചകരുടെ ഒരു സംഘത്തെ നിലനിർത്തുന്നതും ഇത്തരം ശിക്ഷാനടപടികൾ നേരിടേണ്ടി വരാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തികൾക്ക് ഒരു വർഷത്തെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ വിദേശികളാണെങ്കിൽ ഇവർക്ക് മറ്റു ശിക്ഷാ നടപടികൾ ചുമത്തിയ ശേഷം നാടുകടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരാവുന്നതാണ്.
🇶🇦ഖത്തർ: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി.
✒️രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 30-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് രോഗബാധയേൽക്കുന്നതിന് ഉയർന്ന സാധ്യതയുള്ളവർക്ക് ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിനുകളുടെ നാലാമതൊരു ഡോസ് നൽകുന്നതിനാണ് മന്ത്രാലയം അംഗീകാരം നൽകിയത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് നാലാം ഡോസ് നൽകുന്നതിനാണ് മന്ത്രാലയം ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
COVID-19 വാക്സിന്റെ മൂന്നാം ഡോസ് (ബൂസ്റ്റർ) കുത്തിവെപ്പ് സ്വീകരിച്ച് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ നാലാം ഡോസ് നൽകുന്നത്. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് പുറമെ താഴെ പറയുന്ന വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും ഈ വാക്സിൻ ലഭ്യമാക്കുന്നതാണ്:
ബ്ലഡ് ക്യാൻസർ, ട്യൂമർ മുതലായ രോഗങ്ങൾക്ക് ക്യാൻസർ ചികിത്സ സ്വീകരിക്കുന്നവർ.
അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശേഷം രോഗപ്രതിരോധ ശേഷി സംബന്ധമായ മരുന്നുകൾ കഴിക്കുന്നവർ.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയരായ ശേഷം രോഗപ്രതിരോധ ശേഷി സംബന്ധമായ മരുന്നുകൾ കഴിക്കുന്നവർ.
രോഗപ്രതിരോധ ശേഷി സംബന്ധമായ അസുഖ ബാധിതർ.
HIV രോഗബാധിതർ.
കിഡ്‌നി സംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ.
ഇത്തരത്തിൽ നാലാം ഡോസിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ നിന്നോ, ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്നോ നേരിട്ട് ബന്ധപ്പെടുന്നതാണ്. മേല്പറഞ്ഞ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 4027 7077 എന്ന നമ്പറിൽ വാക്സിൻ ബുക്കിങ്ങിനായി വിളിക്കാവുന്നതാണ്.
🇦🇪റമദാൻ: യു എ ഇയിൽ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി; സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി.
✒️ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി യു എ ഇ നാഷണൽ ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 മാർച്ച് 30-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.
COVID-19 മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും പള്ളികളിൽ തറാവീഹ് നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് അനുമതി ഉണ്ടായിരുന്നില്ല.
റമദാനിൽ പള്ളികളിൽ പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ചും NCEMA മാർച്ച് 30-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് NCEMA അറിയിച്ചിരിക്കുന്നത്:
പള്ളികളിലെത്തുന്ന വിശ്വാസികൾക്കിടയിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം തുടരും.
റമദാനിൽ ഉടനീളം പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകും.
റമദാനിൽ അവസാന പത്ത് ദിനങ്ങളിൽ തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകും. ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങൾക്ക് പള്ളികളിൽ അനുമതി നൽകുന്നത്.
പള്ളികളില്‍ ഇശാ, തറാവീഹ് നമസ്‌കാരത്തിനായി ആകെ 45 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്. തഹജ്ജുദ് നമസ്‌കാരത്തിനും ആകെ 45 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്.
പള്ളികളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം, നിര്‍ഗ്ഗമനം എന്നിവ സുഗമമാക്കുന്നതിനായി നേർരേഖയിലായിരിക്കും (ലംബരൂപമായ രീതിയിൽ) വിശ്വാസികളെ പള്ളികളിൽ പ്രാർത്ഥനകൾക്കായി ഇരുത്തുന്നത്.
പള്ളികളിൽ ഉപയോഗിക്കുന്നതിനായി പരിശുദ്ധ ഖുർആൻ ലഭ്യമാക്കുന്നതാണ്.
ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ റമദാനിലെ ആദ്യ ആഴ്ച്ചയിലുടനീളം നിരീക്ഷണം നടത്തുമെന്നും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും NCEMA അറിയിച്ചിട്ടുണ്ട്.
🇶🇦ഖത്തർ: ഏപ്രിൽ 2 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാളുകളിൽ മാസ്കുകൾ ഒഴിവാക്കാം.
✒️രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ 2022 ഏപ്രിൽ 2, ശനിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ 2022 മാർച്ച് 30-ന് വൈകീട്ട് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം 2022 ഏപ്രിൽ 2 മുതൽ ഖത്തറിലെ COVID-19 നിയന്ത്രണങ്ങൾ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്:
രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം താഴെ പറയുന്ന രീതിയിൽ നടപ്പിലാക്കുന്നതാണ്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് നേടിയവർ എന്നീ വിഭാഗങ്ങളിലുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കാം.
രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ, ഇത്തരം ഇടങ്ങളുടെ പരമാവധി ശേഷിയുടെ 20 ശതമാനം എന്ന രീതിയിൽ, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും റാപിഡ് ആന്റിജൻ പരിശോധനാ ഫലം ഉപയോഗിച്ച് കൊണ്ട് പ്രവേശനം നൽകും. ജിം, കായികമത്സര വേദികൾ, കോൺഫറൻസ്, എക്സിബിഷൻ, മറ്റു പരിപാടികൾ എന്നിവ നടക്കുന്ന വേദികൾ തുടങ്ങിയ ഇൻഡോർ വേദികൾക്ക് ഈ തീരുമാനം ബാധകം. ഇത്തരം ഇടങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ് 24 മണിക്കൂറിനിടയിൽ നേടിയ റാപിഡ് ആന്റിജൻ പരിശോധനാ ഫലമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
രാജ്യത്ത് നടത്തുന്ന കോൺഫെറൻസുകൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് കൊണ്ട് സംഘടിപ്പിക്കേണ്ടതാണെന്ന നിബന്ധന തുടരും.
സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും മുഴുവൻ ജീവനക്കാർക്കും ഓഫീസുകളിൽ നിന്ന് ജോലി ചെയ്യുന്നതിന് നൽകിയിട്ടുള്ള അനുമതി തുടരും.
സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും COVID-19 വാക്സിൻ സ്വീകരിക്കാത്ത മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ മാളുകളിൽ മാസ്കുകളുടെ ഉപയോഗം നിബന്ധനകൾക്ക് വിധേയമായി ഒഴിവാക്കിയിട്ടുണ്ട്. മാളുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാരശാലകളിലേക്കും, സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നവർ മാസ്ക് ധരിക്കേണ്ടതാണ്. മറ്റു അവസരങ്ങളിൽ മാളുകളിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഔട്ഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണെന്ന നിബന്ധന തുടരും. തുറന്ന ഇടങ്ങളിൽ ഉപഭോക്താക്കളുമായി ഇടപഴകുന്ന ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാണ്.
വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
വിവാഹ ചടങ്ങുകൾ നടത്തുന്നതിന് നൽകിയിട്ടുള്ള അനുമതികൾ തുടരും.
🇰🇼കുവൈറ്റ്: റമദാനിൽ നോമ്പ് സമയങ്ങളിൽ ഭക്ഷണശാലകൾ തുറക്കാൻ അനുമതിയില്ല.
✒️റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുവൈറ്റ് മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, കുവൈറ്റിലെ ഭക്ഷണശാലകൾ നോമ്പ് സമയങ്ങളിൽ അടച്ചിടേണ്ടതാണ്.
ഇത്തരം സ്ഥാപനങ്ങൾക്ക് നോമ്പ് തുറക്കുന്ന സമയത്തിന് രണ്ട് മണിക്കൂർ മുൻപ് മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഈ ഉത്തരവ് സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി മുനിസിപ്പാലിറ്റി പ്രത്യേക പരിശോധനകൾ നടത്തുന്നതാണ്.
🇶🇦ഖത്തർ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്.
✒️ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തർ ക്യാബിനറ്റ് അഫയേഴ്‌സ് മിനിസ്റ്റർ H.E. മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഖത്തറിലെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ റമദാനിലെ പ്രവർത്തന സമയക്രമം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, റമദാനിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തനം ദിനം തോറും അഞ്ച് മണിക്കൂറാക്കി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ എന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
🇴🇲ഒമാൻ: നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാനസർവീസുകൾ നടത്തുമെന്ന് സലാം എയർ.
✒️കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാം എയർ അറിയിച്ചു. 2022 മാർച്ച് 29-നാണ് സലാം എയർ ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സലാം എയർ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ ജയ്‌പൂർ, ലക്‌നൗ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും സലാം എയർ സർവീസ് നടത്തുന്നതാണ്.
തിരുവനന്തപുരം, ജയ്‌പൂർ, ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മസ്കറ്റിൽ നിന്നും, കോഴിക്കോട്ടേക്കുള്ള സർവീസ് സലാലയിൽ നിന്നുമാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഏപ്രിൽ 3 മുതൽ വെള്ളി, ഞായർ ദിനങ്ങളിലാണ് സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസ്.
മറ്റു സർവീസുകൾ താഴെ പറയുന്ന പ്രകാരമാണ്:
മസ്കറ്റ് – ജയ്പ്പൂർ : ഞായറാഴ്ചകളിൽ ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും.
മസ്കറ്റ് – തിരുവനന്തപുരം : തിങ്കളാഴ്ചകളിൽ ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും.
മസ്കറ്റ് – ലക്‌നൗ : ആഴ്ചയിൽ എല്ലാ ദിവസവും.
🇸🇦സൗദി വിനോദ വ്യവസായ രംഗത്തെ എട്ട് ജോലികള്‍ സ്വദേശിവത്കരിച്ചു.
✒️റിയാദ്: സൗദി വിനോദ വ്യവസായ രംഗത്തെ എട്ട് ജോലികള്‍ സ്വദേശിവത്കരിച്ചതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്റര്‍ടൈന്‍മെന്റ് സിറ്റികളിലെയും മാളുകളിലെ വിനോദ കേന്ദ്രങ്ങളിലെയും ജോലികളില്‍ 70 ശതമാനം സൗദിവത്കരിച്ചതായി മാനവശേഷി വിഭവ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി വ്യക്തമാക്കി. ഈ വര്‍ഷം സെപ്തംബര്‍ 23 മുതലാണ് വ്യവസ്ഥ പ്രാബല്യത്തിലാവുക.
ബ്രാഞ്ച് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകളാണ് സൗദിവത്കരിച്ചത്. ഈ ജോലികളില്‍ വിദേശികളെ നിയമിക്കാന്‍ സാധിക്കില്ല. എന്നാല്‍ ക്ലീനര്‍, ലോഡിംഗ്, അണ്‍ലോഡിംഗ് തൊഴിലാളികള്‍, പ്രത്യേക കഴിവുകളും സര്‍ട്ടിഫിക്കറ്റുകളും ആവശ്യമുള്ള നിര്‍ദ്ദിഷ്ട ഗെയിമുകളുടെ ഓപ്പറേറ്റര്‍മാര്‍ എന്നീ ജോലികളെ സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
🇸🇦മക്ക പള്ളിയിൽ ഭജനമിരിക്കൽ; ബുക്കിംഗ് റംസാൻ ഒന്ന് മുതൽ.
✒️മക്കയിലെ വിശുദ്ധ പള്ളിയിൽ 'ഭജനമിരിക്കൽ' (ഇഅ്തികാഫ്) നടത്തുന്നതിനുള്ള രജിസ്‌ട്രേഷൻ റംസാൻ മാസം ഒന്നു മുതൽ അഞ്ചു വരെ നിലവിലുണ്ടാകുമെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ശൈഖ് ബദ്ർ അൽഫരീഹ് അറിയിച്ചു. അൽഹറമൈൻ ആപ്പ് വഴിയും ഹറംകാര്യ വകുപ്പ് വെബ്‌സൈറ്റ് വഴിയും ആണ് ഇഅ്തികാഫ് രജിസ്‌ട്രേഷന് സൗകര്യമുണ്ടാവുക.
ഇതിനു പുറമെ, ഹറമിന്റെ പടിഞ്ഞാറു മുറ്റത്ത് കിംഗ് അബ്ദുല്ല ഗെയ്റ്റിനു (നമ്പർ 119) മുന്നിൽ സ്ഥാപിക്കുന്ന പ്രത്യേക കൗണ്ടർ വഴിയും ഇഅ്തികാഫിന് രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നവർ ഹറം ജീവനക്കാരുമായി സഹകരിക്കുകയും നിയമ ലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. കൂടാതെ ഇഅ്തികാഫുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും മാനിക്കുകയും വേണം. ഇഅ്തികാഫ് ഇരിക്കുന്നവരുടെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ഹറംകാര്യ വകുപ്പ് വഹിക്കില്ലെന്നും ശൈഖ് ബദ്ർ അൽഫരീഹ് പറഞ്ഞു. റമദാൻ അവസാന പത്തിലാണ് വിശുദ്ധ ഹറമിൽ ഇഅ്തികാഫ് ഇരിക്കാൻ വിശ്വാസികൾക്ക് ഹറംകാര്യ വകുപ്പ് സൗകര്യമൊരുക്കുക.
🇸🇦കഴിഞ്ഞ വർഷം ഹജ്ജ് നിർവഹിച്ചത് അരലക്ഷത്തിലേറെ ആളുകൾ.
✒️കൊവിഡ് വ്യാപനം ശക്തമായിരുന്ന 2021ൽ അരലക്ഷത്തിലെറെ ആളുകൾ ഹജ്ജ് നിർവഹിച്ചതായി കണക്ക്. വിദേശികൾ ഉൾപ്പടെ ഏതാണ്ട് 58,745 തീർത്ഥാടകരാണ് മക്കയിലെത്തി ഹജ്ജ് നിർവഹിച്ചതെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. സൗദിയിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കൃത്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ രാജ്യത്തിനകത്ത് നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായിരുന്നു കഴിഞ്ഞ വർഷം ഹജ്ജിന് അനുമതി നൽകിയിരുന്നത്.
കൊവിഡ് മഹാമാരി അതിന്റെ ഉച്ചസ്ഥായിയിലായതിനാൽ 2020 ൽ തീർത്ഥാടകരുടെ എണ്ണം 1,000 ത്തിൽ മാത്രം പരിമിതപ്പെടുത്തിയിരുന്നു. 2021 ൽ സ്വദേശി തീർഥാടകരുടെ ആകെ എണ്ണം 56 ശതമാനം (33,000) ആയിരുന്നു. ഇവരിൽ ഏകദേശം 50.7 ശതമാനം പുരുഷന്മാരും 49.3 ശതമാനം സ്ത്രീകളുമായിരുന്നു. മൊത്തം തീർത്ഥാടകരിൽ 44 ശതമാനം (25,745) ആയിരുന്നു വിദേശികൾ. ഇവരിൽ 63.9 ശതമാനം പുരുഷന്മാരും 37.1 ശതമാനം സ്ത്രീകളുമായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഹജ്ജ് തീർത്ഥാടനത്തിലും കുട്ടികൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഈ വർഷത്തെ ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നും തീർത്ഥാടകർക്ക് അനുമതി ഉണ്ടാവും എന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.
🇦🇪യുഎഇയില്‍ 313 പേര്‍ക്ക് കൂടി കൊവിഡ് 19; പുതിയ മരണങ്ങളില്ല.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 313 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 790 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 3,23,104 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,91,300 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,67,662 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 21,336 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🛫മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട് അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്.
✒️ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ വിമാനത്താവളം നേടി.
പ്രതിവര്‍ഷം 50 ലക്ഷം മുതല്‍ 1.5 കോടി വരെ യാത്രക്കാരുടെ വിഭാഗത്തിലാണ് ഷാര്‍ജ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത്. ലോകമെമ്പാടുമുള്ള 253 വിമാനത്താവളങ്ങളില്‍ നിന്നാണ് ഷാര്‍ജ വിമാനത്താവളത്തെ തെരഞ്ഞെടുത്ത്. പ്രമുഖ ആഗോള ട്രാവല്‍ ടെക്‌നോളജി കമ്പനിയായ അമേഡിയസ് സ്‌പോണ്‍സര്‍ ചെയ്ത ഇവന്റിലാണ് എസിഐ വേള്‍ഡിന്റെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡ് 2021 ഷാര്‍ജ എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്. 370,000 സര്‍വേ ഫലത്തില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.
കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കിയ ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ അര്‍പ്പണമനോഭാവത്തിലും പ്രതിജ്ഞാബദ്ധതയിലും അഭിമാനമുണ്ടെന്ന് എസിഐയുടെ ഏഷ്യ പസഫിക് ഡയറക്ടര്‍ ജനറല്‍ സ്റ്റെഫാനോ ബാരോണ്‍സി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിരന്തരം ശ്രമിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.
🇧🇭ബഹ്‌റൈനില്‍ മാസ്‌ക് നിര്‍ബന്ധമല്ല; തീരുമാനം പ്രാബല്യത്തില്‍.
✒️ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഔട്ട്‌ഡോറിലും ഇന്‍ഡോറിലും മാസ്‌ക് ധരിക്കുന്നത് ഇഷ്ടാനുസരണമാകാമെന്ന് കൊവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ സമിതി അറിയിച്ചു.
മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയെങ്കിലും പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് മെഡിക്കല്‍ സമിതി വ്യക്തമാക്കി. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നടപ്പിലാക്കിയിരുന്ന ട്രാഫിക് ലൈറ്റ് സംവിധാനം ഒഴിവാക്കാനും തീരുമാനമായി. നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പുതിയ തീരുമാനം. എന്നാല്‍ ഭാവിയില്‍ വേണ്ടി വന്നാല്‍ വീണ്ടും നടപ്പാക്കുമെന്ന് മെഡിക്കല്‍ സമിതി വിശദമാക്കി.
🇦🇪ആറുമാസത്തെ 'ആറാട്ടിന്' ശേഷം കൊടിയിറക്കം; എക്സ്പോ സമാപനത്തില്‍ ദൃശ്യവിരുന്നൊരുക്കാന്‍ പ്രശസ്തര്‍.
✒️ആറുമാസക്കാലം ലോകത്തെ വിസ്മയിപ്പിച്ച എക്‌സ്‌പോ 2020 ദുബൈയ്ക്ക് തിരശ്ശീല വീഴുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയ്ക്ക് ഇന്ന് സമാപനം കുറിക്കുകയാണ്. 180 ദിവസങ്ങളില്‍ 96 ലൊക്കേഷനുകളിലായി 30,000ത്തിലേറെ പരിപാടികളാണ് അരങ്ങേറിയത്.
എക്‌സ്‌പോ അവസാന ദിവസങ്ങളിലേക്ക് കടന്നപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നു. എക്‌സ്‌പോ സമാപിക്കുന്നതിന് തൊട്ടു മുമ്പുള്ള വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 10 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് എക്‌സ്‌പോയിലെത്തിയത്. ലോകം ഇതുവരെ കാണാത്ത ദൃശ്യവിരുന്നാണ് സമാപന ചടങ്ങില്‍ എക്‌സ്‌പോ 2020 കാത്തുവെച്ചിരിക്കുന്നത്.
ഇന്ന്(വ്യാഴാഴ്ച) വൈകിട്ട് യുഎഇ സമയം ഏഴ് മണി മുതല്‍ അല്‍ വാസല്‍ പ്ലാസയിലാണ് 400ലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിസ്മയ പരിപാടികള്‍ അരങ്ങേറുക. പരിപാടികള്‍ വീക്ഷിക്കുന്നതിനായി എക്‌സ്‌പോ നഗരിയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. ജൂബിലി സ്റ്റേജ്, ഫെസ്റ്റിവല്‍ ഗാര്‍ഡന്‍, സ്‌പോര്‍ട്‌സ് ഹബുകള്‍ എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇത്തവണ പരിപാടികളിലെ വിഐപി അതിഥികളായി പങ്കെടുക്കുക യുഎഇയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളായിരിക്കും. വിഐപി അതിഥികള്‍ക്കായി നിശ്ചയിച്ച ഒരു ചെറിയ ഭാഗം സ്ഥലത്ത് ഒഴികെ അല്‍ വാസല്‍ പ്ലാസയിലും മറ്റ് എല്ലായിടങ്ങളിലും തടസ്സമില്ലാതെ പ്രവേശിക്കാന്‍ അനുവാദം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എക്‌സ്‌പോയുടെ പൈതൃകം ഭാവിയിലേക്ക് എത്തിക്കേണ്ടവര്‍ എന്ന നിലയിലാണ് കുട്ടികളെ അതിഥികളായി തെരഞ്ഞെടുത്തത്.
എക്‌സ്‌പോ ഉദ്ഘാടന ചടങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ഇന്ത്യന്‍ പെണ്‍കുട്ടി, മിറാ സിങ് തന്നെയായിരിക്കും സമാപന ചടങ്ങിനും തുടക്കം കുറിക്കുക. ചടങ്ങില്‍ എക്‌സ്‌പോ പതാക 2025ലെ മേളയുടെ ആതിഥേയരായ ജപ്പാന് കൈമാറും. ജപ്പാനിലെ ഒസാകയില്‍ 2025 ഏപ്രില്‍ 13 മുതല്‍ ഒക്ടോബര്‍ 13 വരെയാണ് അടുത്ത എക്‌സ്‌പോ. എ ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തിലായിരിക്കും യുഎഇയുടെ ദേശീയഗാനം ആലപിക്കുക.
ഗ്രാമി ജേതാവായ സെലിസ്റ്റ് യോ യോ മാ ദുബൈ മില്ലേനിയം ആംഫി തിയേറ്ററില്‍ രാത്രി എട്ടിന് സംഗീത പരിപാടി അവതരിപ്പിക്കും. ഗ്രാമി അവാര്‍ഡ് നേടിയ ഗായികയും ഗാനരചയിതായും പിയാനിസ്റ്റുമായ നോറ ജോണ്‍സും തന്റെ കലാപ്രകനങ്ങള്‍ കൊണ്ട് കാണികളെ വിസ്മയിപ്പിക്കും. പോപ്പ് സംഗീത ഇതിഹാസം ക്രിസ്റ്റീന് അഗ്വിലേറ ജൂബിലി സ്റ്റേജില്‍ രാത്രി 10 മണിക്ക് പരിപാടി അവതരിപ്പിക്കുക. പുലര്‍ച്ചെ മൂന്നു മണി വരെ എക്‌സ്‌പോയുടെ സമാപന ചടങ്ങുകള്‍ നീളും. സന്ദര്‍ശകര്‍ക്ക് എത്താന്‍ രാത്രി മുഴുവന്‍ ദുബൈ മെട്രോ സര്‍വീസ് നടത്തും. വിവിധ മേഖലകളില്‍ നിന്നുള്ള എക്‌സ്‌പോ റൈഡര്‍ ബസുകള്‍ക്കും പുറമെ ടൂറിസ്റ്റ് ബസുകളും സര്‍വീസ് നടത്തും.
🇸🇦സൗദിയിൽ 107 പേർക്ക് കൊവിഡ്, രണ്ട് മരണം.
✒️റിയാദ്: സൗദി അറേബ്യയിൽ പുതുതായി 107 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 242 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,50,814 ഉം രോഗമുക്തരുടെ എണ്ണം 7,34,283 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,045 ആയി. നിലവിൽ 7,486 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 115 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.8 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 23, ജിദ്ദ 18, മദീന 13, മക്ക 10, തായിഫ് 7, ദമ്മാം 6, അബഹ 4.
0 Comments