🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 9,000 കടന്നു.
✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് (Covid 19) ബാധിച്ചുള്ള മരണസംഖ്യ 9,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 9,001 ആയി. രാജ്യത്ത് പുതുതായി 563 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവിലെ രോഗികളില്‍ 839 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,45,590 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,24,388 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 12,201 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 554 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമായി. 24 മണിക്കൂറിനിടെ 64,969 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 158, ജിദ്ദ 56, ദമ്മാം 30, ഹുഫൂഫ് 22, അബഹ 20, മദീന 19, മക്ക 19, തായിഫ് 17 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,09,76,393 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,59,64,761 ആദ്യ ഡോസും 2,42,04,042 രണ്ടാം ഡോസും 1,08,07,590 ബൂസ്റ്റര്‍ ഡോസുമാണ്.
🇦🇪യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 500ല്‍ താഴെ മാത്രം; 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 478 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,485 പേരാണ് രോഗമുക്തരായത് (Covid recoveries).
രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,20,289 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,80,451 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,35,526 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 42,624 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇸🇦മലയാളി വ്ലോഗര്‍ റിഫ മെഹ്നു ദുബൈയില്‍ മരിച്ച നിലയില്‍.
✒️വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) (Rifa Mehnu) ദുബൈയില്‍ (Dubai) മരിച്ച നിലയില്‍ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്.
ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
🇸🇦100 ദിവസത്തില്‍ പോണ്‍ അഡിക്ഷന്‍ കുറയ്ക്കും; പുതിയ പദ്ധതിയുമായി സൗദി, ജിസിസിയില്‍ ആദ്യം.
✒️നൂറ് ദിവസത്തിനുള്ളില്‍ പോണ്‍ അഡിക്ഷന്‍ (porn addiction) കുറയ്ക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ട് സൗദി അറേബ്യ (Saudi Arabia). ജിസിസിയില്‍ ഇത്തരത്തിലൊരു പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്. പോണോഗ്രഫിയോടുള്ള (pornography) ആസക്തിയില്‍ നിന്ന് മുക്തി നേടുന്നതിനായി പ്രത്യേക സോക്കോളജിക്കല്‍ ക്ലാസുകളും മറ്റും ഉള്‍പ്പെടുന്ന ഒരു വെബ്‌സൈറ്റാണ് സൗദി പുറത്തിറക്കിയിരിക്കുന്നത്. പോണ്‍ ആസക്തി കുറയ്ക്കാനായി 10 സ്റ്റെപ്പ് പ്രോഗ്രാമും ഈ വെബ്‌സൈറ്റിലുണ്ടെന്ന് ഇഫാ (2019ല്‍ തുടങ്ങിയ സൈക്കോളജിക്കല്‍ കൗണ്‍സിലിങ് പ്രോഗ്രാം) മേധാവി സഊദ് അല്‍ ഹസ്സാനി പറഞ്ഞു.
ചിട്ടയായ മാതൃക അടിസ്ഥാനമാക്കി, പോണ്‍ ആസക്തിക്കുള്ള ചികിത്സയാണ് വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സ്പിരിച്യുവല്‍ തെറാപ്പി, സേഫ് സപ്പോര്‍ട്ട് എന്‍വയോണ്‍മെന്റ് എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളടങ്ങുന്നതാണ് ചികിത്സ. 100 ദിവസമാണ് ഈ ചികിത്സാ പദ്ധതിക്ക് വേണ്ടി വരിക.
പോണോഗ്രഫിയുടെ ദോഷവശങ്ങള്‍, എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് നിര്‍ത്താന്‍ കഴിയാത്തത്, ഇതില്‍ നിന്ന് മുക്തി നേടാനുള്ള മാര്‍ഗങ്ങള്‍ ഇസ്ലാമിക് അനുശാസനങ്ങളെ അടിസ്ഥാനമാക്കി വിശദമാക്കുക എന്നിവയാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ സമ്മാനങ്ങള്‍, പിന്തുണയ്ക്കും സഹായത്തിനുമായി ആഴ്ചതോറുമുള്ള ഇന്ററാക്ടീവ് മീറ്റിങ്ങുകള്‍, പോണ്‍ അഡിക്ഷനില്‍ നിന്ന് പുറത്തുവന്നവരുടെ വിജയകഥകള്‍ എന്നിവയും വെബ്‌സൈറ്റിലുണ്ട്.
🔊തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ.
✒️മലയാളി വ്ലോഗര്‍ (vlogger) റിഫ മെഹ്നുവിന്റെ (Rifa Mehnu) വിയോഗം വിശ്വസിക്കാനാകാതെ സോഷ്യല്‍ മീഡിയയും (social media) സുഹൃത്തുക്കളും. തിങ്കളാഴ്ച രാത്രി വരെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു റിഫ. തിങ്കളാഴ്ച റിഫ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ ഏറെ സന്തോഷവതിയായി കാണപ്പെട്ടിരുന്നു. അതിനാല്‍ തന്നെ അപ്രതീക്ഷിതമായി മാരണവാര്‍ത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് റിഫയുടെ ഫോളോവേഴ്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
https://www.instagram.com/p/CYwipcLhukW/?utm_source=ig_embed&ig_rid=037e8858-3ad0-402e-bff9-1c80be9cbf7a&ig_mid=3D1F8E68-8952-49EE-8944-2728A1124CC6
ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി റിഫ അവസാനം പോസ്റ്റ് ചെയ്തത്. റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗിങ് ചെയ്തിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ. വ്ളോഗിംങ് കൂടാതെ റിഫയും ഭർത്താവും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്.ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സും യൂട്യൂബില്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്സും റിഫയ്ക്കുണ്ട്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ കഴിഞ്ഞ മാസമാണ് ദുബൈയില്‍ എത്തിയത്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം.
https://www.instagram.com/p/CZRMogwvjKI/?utm_source=ig_embed&ig_rid=3c0152ce-83a4-4ea6-94ff-a4a6557f4792&ig_mid=3CFB440F-ECF2-402A-B884-18F8B31678C9
ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
🇦🇪30 കോടി നേടുന്ന ഭാഗ്യശാലി നിങ്ങളാകാം, മറ്റൊരു വന്‍ ഓഫറും; സര്‍പ്രൈസ് പുറത്തുവിട്ട് ബിഗ് ടിക്കറ്റ്.
✒️മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ). രണ്ടാം സമ്മാന വിജയിയെ കാത്തിരിക്കുന്നത് 10 ലക്ഷം ദിര്‍ഹമാണ്. കൂടാതെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് ലഭിക്കുന്നു. ഈ മാസം ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും 300,000 ദിര്‍ഹം നേടാനുള്ള അവസരവും ലഭിക്കുന്നു. ആഴ്ച തോറുമുള്ള പ്രമോഷന്‍ കാലയളവില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 300,000 ദിര്‍ഹമാണ്.
വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു വലിയ സര്‍പ്രൈസ് കൂടി ബിഗ് ടിക്കറ്റ് ഒരുക്കുന്നു. മാസം തോറും ആഴ്ച തോറുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെയാണ് പുതിയ പ്രമോഷന്‍. ഒരു ഭാഗ്യശാലിക്ക് എല്ലാ മാസവും സൗജന്യ ബിഗ് ടിക്കറ്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തേക്കാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എന്റര്‍ ചെയ്യും. 12 മാസം വരെ ഇത്തരത്തില്‍ മാസം തോറുമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക. ഇതിന് പുറമെ, ബിഗ് ടിക്കറ്റും ഡ്രീം കാര്‍ ടിക്കറ്റും കോമ്പോയായി ഒരു ട്രാന്‍സാക്ഷനിലൂടെ വാങ്ങുന്നവര്‍ക്കാണ് ഈ മികച്ച സമ്മാനം നേടാനുള്ള അവസരം ലഭിക്കുക. എല്ലാ എന്‍ട്രികളും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് നിക്ഷേപിക്കുകയും ഒരു ഭാഗ്യശാലിയെ ഏപ്രില്‍ മൂന്നിന് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.bigticket.ae സന്ദര്‍ശിക്കുക.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. മറ്റ് ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ, ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങുന്നതിലൂടെ മാസെറാറ്റി ലെവാന്റെ അല്ലെങ്കില്‍ ബിഎംഡബ്ല്യൂ Z430i സ്വന്തമാക്കാനുള്ള അവസവും ലഭിക്കുന്നു. ഡ്രീം കാര്‍ ടിക്കറ്റിന്റെ വില 150 ദിര്‍ഹമാണ്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. പുതിയ പ്രമോഷന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബിഗ് ടിക്കറ്റും ഡ്രീം കാര്‍ ടിക്കറ്റും ചേര്‍ത്ത് 650 ദിര്‍ഹത്തിന് വാങ്ങാം.
300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)
പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3 മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)
പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)
പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.
🇦🇪യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു; ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില മൂന്നു ദിർഹത്തിന് മുകളിൽ.
✒️യുഎഇയിൽ ഇന്ധന വില (UAE fuel price) കുതിച്ചുയരുന്നു. ഉക്രൈനു നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം. പെട്രോൾ, സൂപ്പർ ലിറ്ററിന് മൂന്ന് ദിർഹം 23 ഫിൽസും. സ്പെഷ്യൽ ലിറ്ററിന് 3 ദിർഹം 12ഫിൽസുമായിരിക്കും നിരക്ക്. ചരിത്രത്തിൽ ആദ്യമായാണ് യുഎഇയിൽ പെട്രോൾ വില മൂന്നു ദിർഹത്തിന് (Cross Dh3 Mark) മുകളിൽ എത്തുന്നത്.
ഫെബ്രുവരിയിലെ ഇന്ധന വിലയെ അപേക്ഷിച്ച് 11 ശതമാനത്തോളമാണ് മാര്‍ച്ച് മാസത്തിലെ ഇന്ധന വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂലം ആഗോള തലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വര്‍ധനവാണ് (Crude price) യുഎഇയിലേയും ഇന്ധന വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. 2015 ഓഗസ്റ്റില്‍ ഇന്ധനവിലയില്‍ ഉദാരവല്‍ക്കരണം ഏര്‍പ്പെടുത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഇന്ധന വില ഇത്രയധികമായി കൂടുന്നത്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളഫാൃൃറായത്. ഇത് 100 ഡോളറായി പിന്നീട് കുറഞ്ഞിരുന്നു. തിങ്കളാഴ്ച ക്രൂഡ് ഓയിലിന്‍റെ ബാരല്‍ വിലയില്‍ നേരിയ ചാഞ്ചാട്ടമുണ്ടായിരുന്നു. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം യുഎഇയിലെ ഇന്ധന വില ഒരേ നിലയില്‍ തുടരുകയായിരുന്നു. ഇതില്‍ ചെറിയ മാറ്റമുണ്ടായത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. റഷ്യ യുക്രൈന്‍ പ്രതിസന്ധിക്ക് പിന്നാലെ ഒപെക് യോഗം മാര്‍ച്ച് 2 ന് ചേരും.
🇸🇦സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി.
✒️സൗദിയിലുള്ള (Saudi Arabia) വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് (Umrah) കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ (Umrah host visa) സംവിധാനം റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യത്തുള്ള വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാനുള്ള വിസയായിരുന്നു ഇത്.
സൗദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തില്‍ അതിഥികളായി ഉംറക്ക് കൊണ്ട് വരാന്‍ കഴിയുന്ന 'ഹോസ്റ്റ് ഉംറ വിസ'യാണ് ഒഴിവാക്കിയത്. അടുത്ത ബന്ധുക്കളായ മൂന്ന് മുതല്‍ അഞ്ച് വരെ ആളുകളെ ഉംറക്ക് കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയുമായിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് മറ്റ് ഉംറ തീര്‍ഥാടകരെ പോലെ സൗദിയില്‍ ഉംറ സര്‍വിസ് ഏജന്റുണ്ടായിരിക്കില്ല. സൗദിയില്‍ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം. ആതിഥേയനോടൊപ്പം താമിസിക്കാനും യാത്ര ചെയ്യാനും ഇവര്‍ക്ക് അനുവാദമുണ്ടാകും. കൂടാതെ സ്വദേശികള്‍ക്ക് ബന്ധുക്കളല്ലാത്ത വിദേശികളെ ഉംറക്ക് കൊണ്ട് വരുവാനും ഇതിലൂടെ സാധിച്ചിരുന്നു. ഈ സംവിധാനമാണ് റദ്ദാക്കിയതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
🇶🇦ഖത്തർ: 2022 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
✒️2022 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2022 ഫെബ്രുവരി 28-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം, രാജ്യത്ത് പ്രീമിയം പെട്രോൾ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
2022 മാർച്ച് മാസത്തിലെ ഖത്തറിലെ ഇന്ധന വില:
പ്രീമിയം പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (2022 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2022 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2022 ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.05 റിയാൽ).
🇴🇲ഒമാൻ: മാർച്ച് 6 മുതൽ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കും.
✒️2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടുള്ള പഠന രീതി സമ്പൂർണമായ തോതിൽ നടപ്പിലാക്കുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2022 ഫെബ്രുവരി 28-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനങ്ങളോടൊപ്പമാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും, മുഴുവൻ ക്ലാസ്സുകളിലും സമ്പൂർണ്ണ രീതിയിലുള്ള നേരിട്ടുള്ള അധ്യയനം 2022 മാർച്ച് 6 മുതൽ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി അനുവാദം നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമായിട്ടുണ്ട്.
🇰🇼കുവൈറ്റ്: ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3 വർഷത്തെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിപ്പ് നൽകി.
✒️രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 ഫെബ്രുവരി 28-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കുവൈറ്റ് ദേശീയ പതാകയെയോ, മറ്റു സൗഹൃദരാജ്യങ്ങളുടെ ദേശീയ പതാകയെയോ അപമാനിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് മൂന്ന് വർഷം വരെ തടവും, 250 ദിനാർ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ മേജർ ജനറൽ ഫരാജ് അൽ സൗബി ചൂണ്ടിക്കാട്ടി. ദേശീയ പതാക കേടു വരുത്തുന്നതും, കീറുന്നതും, പ്രവർത്തികളിലൂടെ അപമാനിക്കുന്നതുമായ എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കുവൈറ്റിലെ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ചെറുപ്പക്കാരുടെ ഇടയിൽ നിന്നുണ്ടായ ചില പ്രവർത്തികളുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പുകൾ നൽകിയത്. കുട്ടികളിൽ ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിനുള്ള ബോധവത്കരണം നൽകേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🇴🇲ഒമാൻ: മാർച്ച് 1 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; വാക്സിനെടുത്തവർക്ക് PCR ടെസ്റ്റ് ആവശ്യമില്ല.
✒️രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 1, ചൊവാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2022 ഫെബ്രുവരി 28-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിലേക്ക് യാത്ര ചെയ്യുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് (2 ഡോസ് കുത്തിവെപ്പ് നിർബന്ധം) PCR പരിശോധനാ ഫലം ഹാജരാക്കുന്ന നടപടി ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
COVID-19 നിയന്ത്രണങ്ങളിൽ 2022 മാർച്ച് 1 മുതൽ ഒമാൻ സുപ്രീം കമ്മിറ്റി നടപ്പിലാക്കുന്ന ഭേദഗതികൾ:
2022 മാർച്ച് 1 മുതൽ രാജ്യത്ത് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ 2 ഡോസ് കുത്തിവെപ്പെടുത്തിട്ടുള്ള മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് നേടിയിട്ടുള്ള PCR സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ യാത്രകൾ അനുവദിക്കുന്നതാണ്.
മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള തീരുമാനം രാജ്യത്തെ ഇൻഡോർ ഇടങ്ങളിൽ മാത്രമാക്കി ചുരുക്കുന്നതാണ്. രാജ്യത്തെ ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്.
2022 മാർച്ച് 1 മുതൽ ഒമാനിലെ ഹോട്ടലുകൾക്ക് 100 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്നതാണ്.
ഇതിന് പുറമെ 2022 മാർച്ച് 6 മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും 100 ശതമാനം വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനരീതി നടപ്പിലാക്കുന്നതാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഒമാനിലെ ഹാളുകൾ, ടെന്റുകൾ എന്നിവയുടെ പ്രവർത്തനം 70 ശതമാനം എന്ന രീതിയിൽ അനുവദിക്കാനും, ജനങ്ങൾ വലിയ രീതിയിൽ പങ്കെടുക്കാനിടയുള്ള പ്രാദേശിക, അന്തർദേശീയ പ്രദർശനങ്ങൾ, സമ്മേളനങ്ങൾ എന്നിവ 70 ശതമാനം ശേഷിയിൽ സന്ദർശകരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്നതിനും കമ്മിറ്റി അനുവാദം നൽകിയിട്ടുണ്ട്.
🇴🇲ഒമാൻ: തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് സുപ്രീം കമ്മിറ്റി.
✒️രാജ്യത്തെ തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2022 ഫെബ്രുവരി 28-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള തീരുമാനം ഒമാനിലെ ഇൻഡോർ ഇടങ്ങളിൽ മാത്രമാക്കി ചുരുക്കുന്നതാണ്. രാജ്യത്തെ ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്.
രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ സുപ്രീം കമ്മിറ്റി ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
🇸🇦സൗദിയിൽ ഉപേക്ഷിച്ച വാഹനങ്ങൾ ഉടമകൾക്ക് സൗജന്യമായി ട്രാഫിക് രജിസ്റ്ററിൽനിന്ന് ഒഴിവാക്കാം.
✒️ജിദ്ദ: സൗദിയിൽ ഉപേക്ഷിച്ചതോ, കേടായതോ ആയ വാഹനങ്ങൾ ഉടമകൾക്ക് ട്രാഫിക് രജിസ്റ്ററിൽനിന്ന് ഒഴിവാക്കാനുള്ള സൗജന്യ തിരുത്തൽ കാലയളവ് ആരംഭിച്ചതായി ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ ഒരു വർഷത്തേക്കാണ് തിരുത്തൽ കാലളവ്.
ഈ കാലയളവ് പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് ജനറൽ ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. ട്രാഫിക് രജിസ്റ്ററിൽനിന്ന് ഒഴിവാക്കുന്നതോടെ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസും അതിനു കാലതാമസം നേരിടുന്നതിന്റെ പിഴകളും ഒഴിവാക്കപ്പെടുമെന്നും ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. വാഹനങ്ങൾ ട്രാഫിക് രജിസ്റ്ററി നിന്ന് ഒഴിവാക്കാനാഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ റദ്ദാക്കിയ വാഹനങ്ങൾ വിൽക്കാൻ ലൈസൻസുള്ള കടകളിലോ, അല്ലെങ്കിൽ അംഗീകൃത ഇരുമ്പ് പ്രസിങ് കടകളിലോ ഏൽപ്പിക്കണം.
അവിടെ നിന്നുള്ള രേഖകൾ, വാഹന രജിസ്ട്രേഷൻ കാർഡ് (ഇസ്തിമാറ), നമ്പർ പ്ലേറ്റ് എന്നിവ ഉടമകൾ അവരുടെ മേഖലയിലെ ട്രാഫിക് ഓഫിസിന് കൈമാറിയാൽ മതിയെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.
🇸🇦ഹൗസ് ഡ്രൈവർക്കും വീട്ടുജോലിക്കാർക്കും വാരാന്ത്യ, വാർഷിക അവധികൾ; സൗദിയിൽ പുതിയ ഗാർഹിക തൊഴിൽ നിയമം ഉടൻ.
✒️ജിദ്ദ: സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച പുതിയ ഗാർഹികതൊഴിൽ നിയമം ഉടൻ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് ആഴ്ചയിലുള്ള അവധി, വാർഷിക അവധി, മെഡിക്കൽ അവധി, സേവനാനന്തര ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും.
തൊഴിൽ കരാറിലോ താമസ രേഖയിലോ (ഇഖാമ) രേഖപ്പെടുത്താത്ത ജോലികൾ ഗാർഹിക തൊഴിലാളികളെ കൊണ്ട് ചെയ്യിക്കാനും 21 വയസ്സിന് താഴെയുള്ളവരെ ഗാർഹിക തൊഴിലാളികളായി നിയമിക്കാനും പാടില്ല. പുതിയ നിയമത്തിൽ തൊഴിൽ കരാറിന്‍റെ എല്ലാ വിശദാംശങ്ങളും അത് റദ്ദാക്കുന്നതിനുള്ള നിയമങ്ങളും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ, പരസ്പരം കടമകൾ എന്നിവയുമെല്ലാം ഉൾപ്പെടുന്നു.
വീട്ടുജോലിക്കാരനും തൊഴിലുടമയും തമ്മിലുള്ള ബന്ധം രേഖാമൂലമുള്ള തൊഴിൽ കരാർ മുഖേന നിയന്ത്രിക്കാനായി അത് കൃത്യമായി തയാറാക്കി മന്ത്രാലയത്തിന്‍റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തണം. ജോലിയുടെ സ്വഭാവം, വേതനം എന്നിവയെല്ലാം വ്യക്തമാക്കി ഇരുകൂട്ടരും സമ്മതിച്ചു കരാറിൽ ഉൾപ്പെടുത്തണം. പ്രൊബേഷണറി കാലയളവ്, കരാറിന്‍റെ ദൈർഘ്യം, പിന്നീട് പുതുക്കുന്ന രീതി, അധിക ജോലി സമയം തുടങ്ങിയ വിവരങ്ങളെല്ലാം കരാറിൽ ഉൾപ്പെടണം.
കരാറിലെ അവകാശങ്ങൾ നിയമപരമായി ഉറപ്പാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി രണ്ട് കക്ഷികളുടെയും വിലാസം, ഇമെയിൽ, ബന്ധപ്പെടാനുള്ള നമ്പറുകൾ, ഇരു കക്ഷികളുടെയും ഓരോ ബന്ധുക്കളുടെ വിവരങ്ങൾ എന്നിവയും കരാറിൽ അടങ്ങിയിരിക്കണം. പ്രൊബേഷൻ കാലാവധി 90 ദിവസത്തിൽ കൂടരുത്. എന്നാൽ ഈ കാലയളവിൽ തൊഴിലാളിയുടെ കഴിവ് പരിശോധിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. തൊഴിലുടമയ്ക്കും ജോലിക്കാർക്കും പ്രൊബേഷൻ കാലയളവിൽ സ്വന്തം ഇഷ്ടപ്രകാരം കരാർ അവസാനിപ്പിക്കാം. ഒരേ തൊഴിലുടമയുടെ കീഴിൽ ഗാർഹിക തൊഴിലാളിയെ ഒന്നിലധികം തവണ പ്രൊബേഷനിൽ നിർത്തുന്നത് അനുവദനീയമല്ല.
ഗാർഹിക തൊഴിൽ കരാർ അവസാനിപ്പിക്കാൻ ഇരുകക്ഷികളും സമ്മതിക്കുകയോ അല്ലെങ്കിൽ വീട്ടുജോലിക്കാരന്‍റെയോ തൊഴിലുടമയുടെയോ ഭാഗത്തുനിന്ന് നിയമാനുസൃതമായ കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കക്ഷികളിൽ ഒരാളുടെ മരണം സംഭവിക്കുകയോ ചെയ്താൽ കരാർ അവസാനിച്ചതായി കണക്കാക്കും. ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ മാർഗരേഖ തൊഴിൽ മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രാബല്യത്തിൽ വരികയെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
പുതിയ ഗാർഹികതൊഴിൽ നിയമത്തിലെ വിശദാംശങ്ങൾ
ഗാർഹിക തൊഴിലാളിയുടെ അവകാശങ്ങൾ
ഉഭയകക്ഷി സമ്മത പ്രകാരം വീട്ടുജോലിക്കാരന് ആഴ്ചയിൽ ഒരു ദിവസം വിശ്രമിക്കാൻ അർഹതയുണ്ട്.
തൊഴിലുടമ മുൻകൂർ നൽകിയ വേതനമോ തൊഴിലാളി മനപ്പൂർവ്വമോ അശ്രദ്ധ മൂലമോ വരുത്തിയ ചെലവുകളോ അല്ലാതെ ഒരു സന്ദർഭത്തിലും കരാർ പ്രകാരമുള്ള ശമ്പളത്തിൽ നിന്ന് ഒരു റിയാൽ പോലും കുറയ്ക്കാൻ പാടില്ല. അനുവദനീയമായ കിഴിവ് ശമ്പളത്തിന്‍റെ പകുതിയിൽ കൂടുകയുമരുത്.
രണ്ട് വർഷം മുഴുവൻ സേവനമനുഷ്ഠിച്ച ഒരു തൊഴിലാളിക്ക് ഒരു മാസം മുഴുവൻ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്.
അവധിയെടുക്കുന്നില്ലെങ്കിൽ തൊഴിലാളിക്ക് അതിന്‍റെ നഷ്ടപരിഹാരം ലഭിക്കാനും അവകാശമുണ്ട്.
നിലവിലുള്ള ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി തൊഴിലാളിയുടെ ആരോഗ്യ സംരക്ഷണത്തിനായി പരമാവധി 30 ദിവസത്തെ ശമ്പളത്തോടുകൂടി വാർഷിക അസുഖ അവധിക്ക് അർഹതയുണ്ട്. എന്നാൽ ഇത് അംഗീകൃത മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അനുവദിക്കുക.
നാല് വർഷം തൊഴിലുടമയുടെ കീഴിൽ തുടർന്നാൽ ഒരു മാസത്തെ വേതന മൂല്യമുള്ള സേവനാനന്തര ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്.
കരാർ പ്രകാരമുള്ള നടപടികളിൽ തൊഴിലുടമ വീഴ്ചവരുത്തുന്ന പക്ഷം തൊഴിലാളിക്ക് അധികൃതരോട് പരാതിപ്പെടാം.
തൊഴിലാളിയുടെ കടമകൾ
സമ്മതിച്ച ജോലി നിർവഹിക്കാനും അതിനുവേണ്ടി തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും നിർദേശങ്ങൾ പാലിക്കാനും തൊഴിലാളി ബാധ്യസ്ഥനാണ്.
തൊഴിലുടമയുടെയും കുടുംബത്തിന്‍റെയും സ്വത്ത് സംരക്ഷിക്കുന്നതിനും തൊഴിലാളി ബാധ്യസ്ഥനാണ്.
തൊഴിലുടമയെയും കുടുംബ ത്തെയും നേരെ ശാരീരികമായി ഉപദ്രവിക്കുകയോ അക്രമാസക്തമായ പ്രവൃത്തികൾ ചെയ്യുകയോ അരുത്.
ജോലിയുടെ ഭാഗമായി മനസിലാക്കിയ തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും വീട്ടിലുള്ള മറ്റുള്ളവരുടെയും രഹസ്യങ്ങൾ സൂക്ഷിക്കണം. ഈ രഹസ്യങ്ങൾ മറ്റുള്ളവരോട് പറയരുത്. അവരുടെ അന്തസ്സിന് കളങ്കമുണ്ടാക്കരുത്.
നിയമാനുസൃതമായ കാരണമില്ലാതെ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യരുത്
സ്വന്തമായി മറ്റു ജോലികൾ ചെയ്യുകയോ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുകയോ അരുത്.
മതത്തെ ബഹുമാനിക്കുകയും രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങളും സൗദി സമൂഹത്തിന്‍റെ ആചാരങ്ങളും പാരമ്പര്യങ്ങളും പാലിക്കുകയും കുടുംബത്തിന് ഹാനികരമായ ഒരു പ്രവർത്തനത്തിലും ഏർപ്പെടാതിരിക്കുകയും വേണം.
തൊഴിലുടമയുടെ ബാധ്യതകൾ
21 വയസ്സിൽ താഴെയുള്ളവരെ ഗാർഹിക തൊഴിലാളികളായി നിയോഗിക്കാൻ പാടില്ല.
തൊഴിൽ കരാറിലും ഇഖാമയിലും രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള ജോലി മാത്രമേ എടുപ്പിക്കാവൂ.
ഗാർഹിക തൊഴിലാളിയെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ തൊഴിലുടമ നിർബന്ധിക്കരുത്.
കരാറിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഓരോ മാസാവസാനത്തിലും വേതനം നൽകണം.
തൊഴിലാളിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം നൽകേണ്ടത്.
വീട്ടുജോലിക്കാർക്ക് അനുയോജ്യമായ പാർപ്പിട സൗകര്യവും തൊഴിലുടമ നൽകണം.
തൊഴിലാളികളോട് നിറം, ലിംഗം, പ്രായം, ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല.
തൊഴിലാളിയുടെ പാസ്‌പോർട്ടോ മറ്റേതെങ്കിലും സ്വകാര്യ രേഖകളോ തിരിച്ചറിയൽ രേഖകളോ തൊഴിലുടമ പിടിച്ചുവെക്കാൻ പാടില്ല.
തൊഴിലാളി മരിച്ചാൽ ഇൻഷുറൻസ് പോളിസിയിൽ വ്യവസ്ഥ ചെയ്യുന്നില്ലെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ തൊഴിലുടമ വഹിക്കണം.
തൊഴിലാളിയെ കുടുംബാംഗങ്ങളുമായും രാജ്യത്തെ അവരുടെ എംബസിയുമായും റിക്രൂട്ട്‌മെന്‍റ് ഓഫീസുമായും മറ്റ് അധികാരികളുമായും ആശയവിനിമയം നടത്താൻ തൊഴിലുടമ അനുവദിക്കണം.
കാലാവധി കഴിയുന്ന കരാർ തൊഴിലാളി പുതുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് ഫൈനൽ എക്സിറ്റ് നൽകണം.
തൊഴിലാളിയുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ അന്തസ്സിനെ ബാധിക്കുന്ന തരത്തിലോ ഉള്ള ജോലികൾ ഏൽപ്പിക്കുന്നത് അനുവദനീയമല്ല.
തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ തൊഴിലുടമക്ക് അധികൃതരോട് പരാതിപ്പെടാം.
0 Comments