Ticker

6/recent/ticker-posts

Header Ads Widget

എ എ റഹീം സിപിഎം രാജ്യസഭ സ്ഥാനാർത്ഥി.

എ എ റഹീം സിപിഎം രാജ്യസഭാ സ്ഥാനാർത്ഥിയാവും. ഡിവിഐഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായ എ എ റഹീമിനെ രാജ്യസഭയിലേക്ക് അയക്കാനാണ് സിപിഎം തീരുമാനം. എസ്എഫ്ഐയിലൂടെ വളർന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു. ഭരണഘടന സംരക്ഷിക്കാൻ പാർലമെന്‍റിൽ ശക്തമായി പ്രവർത്തിക്കുമെന്ന് എ എ റഹീം പ്രതികരിച്ചു.

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്‌, കേരളാസർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്, നിലവിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

41കാരനായ എ എ റഹീം എം എ ബേബിക്ക് ശേഷം സിപിഎം രാജ്യസഭയിലേക്ക് അയക്കുന്ന പ്രായം കുറഞ്ഞ നേതാവാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷ പദവിയാണ് രാജ്യസഭയിലേക്കും കവാടമായി മാറിയത്. 

സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ എഎ റഹീം ചാനൽ സംവാദങ്ങളിലൂടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധേയമായ മുഖമായി മാറുന്നത്. പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കൊവിഡ് കാലത്ത് വ്യത്യസ്തമായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് സംഘടനയെ സജീവമാക്കി. മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷനാകുന്നത്.

തലസ്ഥാനത്ത് നിന്നും രാജ്യസഭയിലേക്ക് യുവ പരിഗണനയും ഇതാദ്യമാണ്. യുവ നേതാവായ സന്തോഷ് കുമാറിനെ സിപിഐ കൂടി രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതോടെ എൽഡേർസ് ഹൗസിൽ ചെറുപ്പം നിറക്കുകയാണ് എൽഡിഎഫ്. ഇടതുമുന്നണിയുടെ നീക്കങ്ങൾ യുവ പ്രാതിനിധ്യത്തിനായി വാദിക്കുന്ന കോണ്‍ഗ്രസ് നിരയിലെ നേതാക്കൾക്കും ആയുധമാകുകയാണ്. എഴുപത് പിന്നിട്ട നേതാക്കളെ രാജ്യസഭയിലേക്ക് അയക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഇടതുമുന്നണി നീക്കങ്ങൾ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് യുവനിര.

Post a Comment

0 Comments