കോട്ടയം: കോട്ടയം (Kottayam) മാടപ്പള്ളി (Madappally) മുണ്ടുകുഴിയിൽ കെ റെയിൽ (K Rail) കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവച്ചു. നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീർത്ത് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമjക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.
പിന്നീട് കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോഗം വേണ്ടിവന്നത്.
മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകൾ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് സമരക്കാർ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് അങ്ങനെയുള്ളവരെ ബലം പ്രയോഗിച്ച് നീക്കിയത്. ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ഉദ്യോഗസ്ഥർ പൊലീസ് സുരക്ഷയിൽ കെ റെയിൽ സർവ്വേക്കല്ലിട്ടു.
ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.
എറണാകുളം മാമലയിലും കെ റെയിലിനെതിരെ പ്രതിഷേധം ഉണ്ടായി. അതിരടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസഥരെ വീടുകളിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാർ തടഞ്ഞു. പുരയിടങ്ങളിലാണ് ഇവിടെ കല്ലുകൾ സ്ഥാപിക്കേണ്ടത്. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. കെ റെയിൽ ഉദ്യോഗസ്ഥരും പൊലീസുകാരും മാത്രമാണ് എത്തിയത്. സർവ്വേ ഉദ്യോഗസ്ഥരെത്താതെ സർവ്വേ നടത്താനാവില്ലെന്ന നിലപാടിലാാണ് നാട്ടുകാർ. തുടർന്ന് പൊലീസിന്റെ സുരക്ഷയോടെ മതിലുകളും ഗേറ്റുകളും ചാടിക്കടന്നാണ് കല്ലുകൾ സ്ഥാപിക്കുന്നത്.
0 Comments