Ticker

6/recent/ticker-posts

Header Ads Widget

കപ്പടിക്കണം...കലിപ്പടക്കണം.... ഐ.എസ്.എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കന്നിക്കിരീടത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ്‌ എഫ്‌.സിയും ഇന്ന് നേർക്കുനേർ. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 7.30 നാണ്‌ കലാശപ്പോരാട്ടം. കപ്പിൽ ബ്ളാസ്റ്റേഴ്സിന്റെ ചുംബനമുദ്ര പതിയുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര. ഫൈനലിൽ കാണികൾക്ക് പ്രവേശനമുണ്ട്.

ഒരു നാടിന്റെയാകെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുന്ന ബ്ളാസ്റ്റേഴ്സിന് ഫൈനലിലെ എതിരാളികൾ ഹൈദരാബാദ് എഫ്.സിയാണ്. ഹൈദരാബാദിന്‌ കന്നി ഫൈനലാണെങ്കില്‍ മറുപക്ഷത്ത് കേരളത്തിന് ഇത് മൂന്നാമൂഴമാണ്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങി. പക്ഷേ ഇന്ന് ഇറങ്ങുന്നത് ചില്ലറ ടീമല്ല. ഹൈദരാബാദിനെ ഉറക്കാൻ കഴിവുള്ള യുവനിരയാണ് നമുക്കുള്ളത്.

മലയാളി താരം കെ.പി. രാഹുല്‍, ജീക്‌സണ്‍ സിങ്‌, സഞ്‌ജീവ്‌ സ്‌റ്റാലിന്‍, എട്ടാം സീസണിലെ മികച്ച ഗോള്‍ കീപ്പറായ പ്രഭുസുഖന്‍ സിങ്‌ ഗില്‍, ആയുഷ്‌ അധികാരി, റൂയിവ ഹോര്‍മിപാം എന്നിവര്‍ ധാരാളം. ഇവാൻ വുകോമനോവിചിന്റെ ശിക്ഷണം കൂടി കലരുമ്പോൾ കേരളത്തിന്റെ കരുത്ത് ഏറും. ഈ സീസണിൽ ബ്ളാസ്റ്റേഴ്സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ജനുവരിയിൽ ബ്ളാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചപ്പോൾ ഫെബ്രുവരിയിൽ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു.

ആകെ ആറു തവണ തമ്മിൽ ഏറ്റുമുട്ടി. ഇരുവരും മൂന്ന്‌ ജയം വീതം കുറിച്ചു.

സെമിയിൽനിന്ന് വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സ് പാസിങ്‌ ഗെയിമിലേക്ക് പോകാനാകും സാധ്യത. പന്ത് കൈവശംവെക്കുന്നതിൽ ആധിപത്യം നേടാനും ടീം ശ്രമിക്കും. ജംഷേദ്പുരിനെതിരേ ലോങ് ബോൾ ഗെയിമാണ് ടീം പുറത്തെടുത്തത്. അതിനുകാരണം എതിരാളികളുടെ ശാരീരികഗെയിമായിരുന്നു. ആക്രമണ ഫുട്‌ബോൾ കളിക്കുന്ന ടീമാണ്‌ ഹൈദരാബാദ്. അതിനാൽ പന്തിനുമേൽ ആധിപത്യംനേടാൻ ഇരുടീമുകളും ശ്രമിക്കും.

മധ്യനിരയിലെ ആധിപത്യം നിർണായകമാകും. പുടിയ-ആയുഷ്- അഡ്രിയൻ ലൂണ ത്രയത്തിന്റെ മധ്യനിരയിലെ പ്രകടനം നിർണായകമാകും. ഹൈദരാബാദ് നിരയിലെ അപകടകാരി ബർത്തലോമ്യു ഒഗ്‌ബെച്ചെയിലേക്കുള്ള പന്തിന്റെ വിതരണം തടയാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ എളുപ്പമാകും. ഹൈദരാബാദ് കഴിഞ്ഞ കളിയിൽനിന്ന് വ്യത്യസ്തമായി ഒഗ്ബച്ചെയെ മുന്നേറ്റത്തിലേക്ക് തിരികെ കൊണ്ടുവരും. ടീം 4-2-3-1 ശൈലിയിൽ കളിക്കാനാണ് സാധ്യത. സീസണിൽ മുഖാമുഖം വന്നപ്പോൾ ഓരോവീതം ജയങ്ങളുമായി ഇരുടീമുകളും തുല്യതയിലാണ്.

സാധ്യതാ ടീം:

ബ്ലാസ്റ്റേഴ്‌സ്-പ്രഭ്‌സുഖൻ ഗിൽ, സന്ദീപ് സിങ്, ഹോർമിപാം, മാർക്കോ ലെസ്‌കോവിച്ച്, ഹർമൻജ്യോത് ഖബ്ര, പുടിയ, ആയുഷ് അധികാരി, അഡ്രിയൻ ലൂണ, നിഷുകുമാർ, യോർഗെ ഡയസ്, അൽവാരോ വാസ്‌ക്വസ്.

ഹൈദരാബാദ് എഫ്.സി. -കട്ടിമണി, ആകാശ് മിശ്ര, ചിങ്‌ലെൻസന സിങ്, യുവാനൻ, നിം ദോർജി, ജാവോ വിക്ടർ, സൗവിക് ചക്രവർത്തി, യാസിർ മുഹമ്മദ്, ഒഗ്‌ബെച്ചെ, അനികേത് ജാദവ്, ഹാവിയർ സിവേറിയോ

മുഖാമുഖം

മൊത്തം മത്സരം 6

ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്: 3

ഹൈദരാബാദ് ജയിച്ചത്: 3

സീസണിലെ പ്രകടനം

ബ്ലാസ്റ്റേഴ്‌സ്

കളി: 22

ജയം: 10

സമനില: 8

തോൽവി: 4

ഗോൾ: 36

വഴങ്ങിയ ഗോൾ: 25

ടോപ് സ്കോറർ: വാസ്‌ക്വസ്, ഡയസ് (8 ഗോൾ വീതം)

ഹൈദരാബാദ്

കളി: 22

ജയം: 12

സമനില: 5

തോൽവി: 5

ഗോൾ: 46

വഴങ്ങിയത്: 25

ടോപ് സ്കോറർ: ഒഗ്‌ബെച്ചെ (18 ഗോൾ)

മികച്ചപ്രകടനം

ബ്ലാസ്റ്റേഴ്‌സ്: റണ്ണറപ്പ് (2014, 2016)

ഹൈദരാബാദ്: അഞ്ചാംസ്ഥാനം (2020-21)

കൊച്ചുകുട്ടികള്‍ മുതല്‍ വാര്‍ധക്യത്തിലെത്തിയവര്‍ വരെ ആവേശം ചോരാതെ നെഞ്ചോട് ചേര്‍ത്ത ടീമാണ് ബ്ലാസ്റ്റേഴ്സ്. ഇന്ത്യന്‍ ഇതിഹാസം ഐ. എം. വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗ്യാലറിയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഗോവയിലെത്താന്‍ സാധിക്കാതെ പോയവര്‍ക്കും ടിക്കറ്റ് കിട്ടാത്തവരും വിഷമിക്കേണ്ടതില്ല. തിരുവനന്തപുരം മുതല്‍ കാനഡ വരെ നീളുന്ന ഫാന്‍ പാര്‍ക്കുകളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

കോഴിക്കോട് നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയം
എല്ലാ കായിക ഇനങ്ങളേയും നെഞ്ചോട് ചേര്‍ക്കുന്നവരാണ് നൈനാംവളപ്പുകാര്‍. ഇത്തവണയും അതിന് മാറ്റമില്ല. നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ കൂറ്റൻ എല്‍ഇഡി സ്ക്രീനില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയും മത്സരം കാണാൻ നൈനാംവളപ്പിൽ എത്തുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.

ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം കൊല്ലം
ഗോവയിൽ നടക്കുന്ന അതേ ആവേശത്തോടെ 200 സ്ക്വയർ ഫീറ്റോളം വരുന്ന ബിഗ് സ്ക്രീനിൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് മറ്റൊരു ലൈവ് സ്ട്രീമിങ് നടക്കുന്നത്. ഇതിനുമുന്നോടിയായി ആരാധകര്‍ക്കായി ഡിജെ നൈറ്റും ഒരുക്കിയിട്ടുണ്ട്.

ഗവ. വിക്ടോറിയ കോളജ് ഗ്രൗണ്ട്, പാലക്കാട്
പാലക്കാടെ ഫുട്ബോള്‍ ആരാധകര്‍ക്കായി ഫാന്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത് ഗവ. വിക്ടോറിയ കോളജ് ഗ്രൗണ്ടിലാണ്. ആറ് മണി മുതല്‍ ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരിക്കും. എല്‍ഇഡി സ്ക്രീനില്‍ തന്നെയാണ് പാലക്കാടും ലൈവ് സ്ട്രീമിങ്.

ലുലു മാള്‍ തിരുവനന്തപുരം
ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പോരാട്ടം കാണാന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ലുലു മാളില്‍ ഒത്തുകൂടാം. വൈകുന്നേരം അഞ്ചര മുതല്‍ സൗജന്യ പ്രവേശനമാണ് ആരാധകര്‍ക്ക്.

ചെന്നൈ
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ആന്‍ഡ് മദ്രാസ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് ചെന്നൈയില്‍ ഫാന്‍ പാര്‍ക്ക് ഒരുങ്ങുന്നത്. വൈകുന്നേരം ഏഴ് മണി മുതലാണ് പ്രവേശനം. ഫാന്‍ പാര്‍ക്കിന്റെ കൃത്യം ലൊക്കേഷന്‍ ചുവടെ ചേര്‍ക്കുന്നു.

വിദേശ രാജ്യങ്ങളിലും ആഘോഷം
വിദേശ രാജ്യങ്ങളിലും ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാന്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നുണ്ട്. ബെര്‍ളിന്‍ (ജര്‍മനി), കാനഡ, ലണ്ടണ്‍, ഖത്തര്‍ എന്നിവടങ്ങളിലാണ് ഫാന്‍ പാര്‍ക്കുകള്‍.


Post a Comment

0 Comments