Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ കൊവിഡ് വ്യാപന തോത് കുത്തനെ കുറഞ്ഞു.

✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 219 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത് (New Covid Cases). നിലവിലെ രോഗികളിൽ 534 പേർ സുഖം പ്രാപിച്ചു (Covid recoveries). 24 മണിക്കൂറിനിടയിൽ രണ്ട് മരണം (Covid Death) കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,47,934 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,28,723 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,011 ആയി. രോഗബാധിതരിൽ 10,200 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 383 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

സൗദി അറേബ്യയിലെ കൊവിഡ് മുക്തി നിരക്ക് 97.43 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 31,389 ആർ.ടി പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 62, ജിദ്ദ - 19, മദീന - 13, ദമ്മാം - 11, മക്ക - 9, അബഹ - 8 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 61,557,775 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,051,769 ആദ്യ ഡോസും 24,317,455 രണ്ടാം ഡോസും 11,188,551 ബൂസ്റ്റർ ഡോസുമാണ്.

🇸🇦പ്രവാസി നിയമ ലംഘകര്‍ക്കായി പരിശോധന ശക്തം; 13,000 പേര്‍ പിടിയിലായി.

✒️റിയാദ്: സൗദി അറേബ്യയുടെ (Saudi Arabia) വിവിധ പ്രദേശങ്ങളിൽ നിന്ന് ജോലി, താമസ, അതിർത്തി സുരക്ഷ (Labour, Residence and Border security violations) നിയമലംഘനങ്ങൾക്ക് 13,330 വിദേശികൾ പിടിയിലായതായി ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് (General Directorate of Passport) (ജവാസത്ത്) അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായ ഇവരിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. ഇവർക്ക് നിയമലംഘനങ്ങളുടെ തോത് അനുസരിച്ച് തടവ്, പിഴ, നാടുകടത്തൽ (Imprisonment, Fine and Deportation) എന്നിങ്ങനെ ശിക്ഷകൾ ലഭിക്കും. 

രാജ്യത്തുള്ള മുഴുവൻ പൗരന്മാരും താമസക്കാരും വ്യക്തികളും ഇത്തരം നിയമലഘനം നടത്തുന്നവരെ ഒരു തരത്തിലും സഹായിക്കരുതെന്ന് ജവാസത്ത് അറിയിച്ചു. അത്തരം ആളുകൾക്ക് ജോലി നൽകുകയോ അവരെ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുകയോ അഭയം നൽകുകയോ അവർക്ക് തൊഴിലവസരങ്ങൾ, പാർപ്പിടം, ഗതാഗതം എന്നിവ കണ്ടെത്തുന്നതിന് എന്തെങ്കിലും സഹായം നൽകുകയോ ചെയ്യരുതെന്ന് ജവാസത്ത് മുന്നറിയിപ്പ് നൽകി. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ് പ്രദേശങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ചറിയിക്കാൻ രാജ്യത്തെ മുഴുവൻ പൗരന്മാരോടും താമസക്കാരോടും ജവാസത്ത് ആവശ്യപ്പെട്ടു.

🇦🇪യുഎഇയില്‍ 323 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 1168 പേര്‍.

✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 323 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,168 പേരാണ് രോഗമുക്തരായത് (Covid recoveries). 

രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്‍ചയാണ് രാജ്യത്ത് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,02,508 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,83,593 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,44,476 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 35,812 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ഇന്ന് 9,493 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വാക്സിന്‍ നല്‍കിയത്. ആകെ 24,268,541 ഡോസ് വാക്സിനുകളാണ് ഇതുവരെ യുഎഇയില്‍ നല്‍കിയിട്ടുള്ളത്. 100 പേര്‍ക്ക് 245.37 ഡോസ് എന്ന കണക്കിലാണ് ഇപ്പോഴത്തെ വാക്സിനേഷന്‍ നിരക്ക്.

🇦🇪എത്ര ശ്രമിച്ചിട്ടും രണ്ട് ഭാഗ്യവാന്മാരെ കണ്ടെത്താന്‍ കഴിയുന്നില്ല; ജനങ്ങളുടെ സഹായം തേടി ബിഗ് ടിക്കറ്റ്.

✒️അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ എങ്ങനെയെങ്കിലും കണ്ടെത്തി സമ്മാനത്തുക കൈമാറാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണിപ്പോള്‍. ഈ വര്‍ഷം ആദ്യം സമ്മാനം നേടിയ ശ്രീധരന്‍ പിള്ള അജിത്ത്, കഴിഞ്ഞ വര്‍ഷം സമ്മാനം നേടിയ കമ്മു കുട്ടി എന്നിവരെയാണ് സമ്മാനത്തുക കൈമാറാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ മാസങ്ങളായി കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തി ഈ വര്‍ഷം ആദ്യത്തില്‍ സംഘടിപ്പിച്ച 'സെക്കന്റ് ചാന്‍സ്' ക്യാമ്പയിനിലാണ് ശ്രീധരന്‍ പിള്ള അജിത്തിന് 2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എടുത്ത 265264 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. എന്നാല്‍ സമ്മാന വിവരം അദ്ദേഹത്തെ ഇതുവരെ അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അദ്ദേഹം ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും വിജയം കണ്ടിട്ടില്ല.

2021 നവംബര്‍ 28ന് നറുക്കെടുത്ത 'റെഡ് വീക്ക് ബിഗ് ക്യാഷ് എവേ' നറുക്കെടുപ്പില്‍ സമ്മാനം നേടിയ കമ്മു കുട്ടിയെയും ഇതുവരെ വിവരം ബോധ്യപ്പെടുത്താനായിട്ടില്ല. ഈ നറുക്കെടുപ്പില്‍ കമ്മു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് 1,00,000 ദിര്‍ഹം (20 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. എന്നാല്‍ കമ്മു കുട്ടി ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ സ്വീകരിച്ചുവെങ്കിലും സമ്മാനം ലഭിച്ചെന്ന വിവരം വിശ്വസിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് രസകരമായ വസ്‍തുത.

ബിഗ് ടിക്കറ്റിന്റെ വെബ്‍സൈറ്റോ സോഷ്യല്‍ മീഡിയ പേജുകളോ പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് അദ്ദേഹത്തോട് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും ആരോ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തന്നെ വിശ്വസിക്കുകയാണ് അദ്ദേഹം. സമ്മാന വിവരം അറിയിച്ച് നിരന്തരം വിളിക്കാന്‍ തുടങ്ങിയതോടെ കബളിപ്പിക്കാനുള്ള ഫോണ്‍ കോളുകളാണെന്ന് കരുതി ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക നമ്പറില്‍ നിന്നുള്ള കോളുകള്‍ ഇപ്പോള്‍ അദ്ദേഹം അറ്റന്‍ഡ് ചെയ്യാറുമില്ല.

ശ്രമങ്ങളൊന്നും വിജയം കാണാതെ വന്നതോടെ രണ്ട് വിജയികളെയും കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. ഇരുവരില്‍ ആരെയെങ്കിലും പരിചയമുള്ളവര്‍, വിജയിയായ വിവരം അവരെ അറിയിക്കണമെന്നും 022019244 എന്ന നമ്പറില്‍ വിളിക്കാനോ Help@bigticket.ae എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാനോ അവരോട് പറയണമെന്നുമാണ് അഭ്യര്‍ത്ഥന.

അടുത്ത മാസം നടക്കാനിരിക്കുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഫൻറാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ)ആണ്. രണ്ടാം സമ്മാന വിജയിയെ കാത്തിരിക്കുന്നത് 10 ലക്ഷം ദിര്‍ഹമാണ്. കൂടാതെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് ലഭിക്കുന്നു. ഈ മാസം ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും 300,000 ദിര്‍ഹം നേടാനുള്ള അവസരവും ലഭിക്കുന്നു. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

കൂടാതെ ഡ്രീം കാര്‍ സീരിസില്‍ ഒരു ഭാഗ്യശാലിക്ക് ആഡംബര കാറായ മസെറാട്ടി ലവാന്റെ സ്വന്തമാക്കാനും ഇക്കുറി അവസരമുണ്ട്. ഇതാദ്യമായാണ് മസെറാട്ടി ലവാന്റെ കാര്‍ ബിഗ് ടിക്കറ്റിലൂടെ സമ്മാനം നല്‍കുന്നത്. ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് 150 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിക്കുക.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)
പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3 മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)
പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)
പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

🇴🇲പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് മാർച്ച് 11ന്.

✒️ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് (Indian Expats in Oman) ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ (Indian Ambassador) നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് (Open House) മാർച്ച് പതിനൊന്നിന് നടക്കുമെന്ന് എംബസി (Indian Embassy in Oman) വൃത്തങ്ങൾ അറിയിച്ചു .

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഫെബ്രുവരി പതിനൊന്നിന് നൽകുമെന്നും എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

🇦🇪യുഎഇയിലെ വനിതകള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്താന്‍ 'ഭീമ സൂപ്പര്‍ വുമണ്‍' വരുന്നു; ഗ്രാന്റ് ഫിനാലെ മേയ് 15ന്.

✒️ദുബൈ: യുഎഇയിലെ വനിതകള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്താന്‍ ലക്ഷ്യമിടുന്ന 'ഭീമ സൂപ്പര്‍ വിമണ്‍' മത്സരത്തിന്റെ രണ്ടാം എഡിഷന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 14ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ മേയ് 15ന് നടക്കും. ജീവിതത്തില്‍ വേണ്ടത്ര അംഗീകാരമോ പ്രശംസയോ ലഭിക്കാത്ത സ്‍ത്രീകളിലെ മൂല്യങ്ങളെ കണ്ടെത്താനും അവയെ വെളിച്ചത്തുകൊണ്ടു വന്ന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാനും പ്രശസിക്കാനുമുള്ള ഈ വേദി, ഓരോ സ്‍ത്രീയ്‍ക്കും തങ്ങളുടെ മഹത്വം സ്വയം മനസിലാക്കാനും ലോകത്തെ അത് ബോധ്യപ്പെടുത്താനുമുള്ള അവസരമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. 'ആന കാര്‍‌ട്ട്' ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങള്‍ 'ഭീമ സൂപ്പര്‍ വുമണിന്' പിന്തുണയുമായി അണിയറയിലുണ്ട്. 'ഇക്വിറ്റി പ്ലസ് അഡ്വടൈസിങ്' ആണ് പരിപാടിയുടെ സംഘാടനം നിര്‍വഹിക്കുന്നത്.

21 വയസിന് മുകളില്‍ പ്രായമുള്ള യുഎഇയിലെ എല്ലാ സ്‍ത്രീകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രികളില്‍ നിന്ന് വിദഗ്ധരായ വിധികര്‍ത്താക്കള്‍ ആദ്യം 50 പേരെയും പിന്നീട് അവരില്‍ നിന്ന് പത്ത് പേരെയും തെരഞ്ഞെടുക്കും. ഈ പത്ത് പേരായിരിക്കും ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കുക. ഓരോ സ്‍ത്രീക്കും തന്നെക്കുറിച്ച് തയ്യാറാക്കുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പിലൂടെ 'സൂപ്പര്‍ വിമണ്‍' മത്സരത്തിന്റെ ഭാഗമാകാം. അംഗീകരിക്കപ്പെടേണ്ട ഏത് സ്‍ത്രീയെയും മറ്റുള്ളവര്‍ക്ക് ഈ മത്സരത്തിലേക്ക് നാമനിര്‍ദേശം ചെയ്യുകയും ചെയ്യാം. ജോലിയും ജീവിതവും തമ്മിലുള്ള ആരോഗ്യകരമായ സന്തുലനം മുതല്‍ ഏറ്റവും ആത്മവിശ്വാസത്തോടെ വസ്‍ത്രം ധരിക്കുന്നതുവരെയുള്ള എന്തും രണ്ട് മാസം നീളുന്ന ഈ യാത്രയില്‍ നിങ്ങളുടെ നേട്ടമായി മാറ്റാം. മാര്‍ച്ച് 14ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ മേയ് 15നായിരിക്കും.

ഭീമ സ്ഥാപകന്‍ ഭീമ ഭട്ടരുടെ ഭാര്യ വനജ ഭീമ ഭട്ടരുടെ സ്‍മരണ കൂടി ഉള്‍പ്പെടുന്നതാണ് 'ഭീമ സൂപ്പര്‍ വുമണ്‍' മത്സരമെന്ന് സംഘാടര്‍ അറിയിച്ചു. 12 മക്കളുടെ അമ്മയായിരുന്ന, കരുത്തയായ അവര്‍ സ്‍നേഹവും അച്ചടക്കും പിന്തുണയും കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നിക്ഷപകയാണ്. സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്ത സ്‍ത്രീകളെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ മത്സരം വനജ ഭീമ ഭട്ടര്‍ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്.

🇸🇦സൗദി: റിയാദ് സീസൺ വേദികളിലേക്ക് മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം നൽകാൻ ആരംഭിച്ചു.

✒️റിയാദ് സീസൺ വേദികളിലേക്ക് മാസ്കുകൾ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിച്ച് തുടങ്ങിയതായി സംഘാടകർ അറിയിച്ചു. 2022 മാർച്ച് 7-നാണ് റിയാദ് സീസൺ സംഘാടകർ ഇക്കാര്യം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.

റിയാദ് സീസൺ വേദികളിലേക്ക് പൂർണ്ണ ശേഷിയിൽ സന്ദർശകരെ അനുവദിച്ചതായും സംഘാടകർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ തുറന്ന പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയത് 2022 മാർച്ച് 5 മുതൽ ഒഴിവാക്കാനും, COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുമുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

നേരത്തെ റിയാദ് സീസൺ വേദികളിലെത്തുന്ന സന്ദർശകരുടെ എണ്ണം സുരക്ഷാ നിബന്ധനകൾക്കനുസൃതമായി നിയന്ത്രിച്ചിരുന്നു. റിയാദ് സീസൺ വേദിയിലെ തുറന്ന ഇടങ്ങളിൽ സന്ദർശകർക്ക് മാസ്ക് ഒഴിവാക്കിയതായി സംഘാടകർ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.

🇰🇼കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണത്തിൽ പതിനേഴ് ശതമാനം കുറവ് രേഖപ്പെടുത്തി.

✒️കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് കുവൈറ്റിലെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണത്തിൽ പതിനേഴ് ശതമാനം കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021-ൽ കുവൈറ്റിലെ പൊതു, സ്വകാര്യ മേഖലയിൽ നിന്നായി ഇത്തരത്തിലുള്ള ആകെ 13530 പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങിയിട്ടുണ്ട്.

2021 ജനുവരി 1 മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണിത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ തൊഴിലെടുത്തിരുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണം 2021 ജനുവരി 1-ന് 81500 ആയിരുന്നു. 2021 സെപ്റ്റംബർ അവസാനത്തോടെ ഇത് 67980 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ ഈ കാലയളവിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളായ ഗാർഹിക ജീവനക്കാരുടെ എണ്ണം ഉയർന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് 12 ശതമാനം വർദ്ധനവാണ് ഈ പ്രായവിഭാഗത്തിലുള്ള പ്രവാസികളായ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

🇸🇦സൗദി: ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഫീസ് തിരികെ നൽകാൻ വിമാനക്കമ്പനികളോട് GACA ആവശ്യപ്പെട്ടു.

✒️ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ സേവനങ്ങൾക്കായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകാൻ രാജ്യത്തേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 മാർച്ച് 5 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ നിയന്ത്രണങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയ സാഹചര്യത്തിലാണ് GACA ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക നിർദ്ദേശം GACA മാർച്ച് 6-ന് പുറപ്പെടുവിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാർച്ച് 5 മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 ക്വാറന്റീൻ നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം, രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് റിസൾട്ടും ഒഴിവാക്കിയിട്ടുണ്ട്. സൗദിയിലേക്ക് വിസിറ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് COVID-19 ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന (സൗദിയിൽ തുടരുന്ന കാലയളവിലേക്ക്) ഇൻഷുറൻസ് നിർബന്ധമാണെന്ന് GACA വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦മെട്രാഷ് 2 -ലൂടെ ഖത്തറിലെ യാത്ര നിയന്ത്രണങ്ങളെക്കുറിച്ചറിയാം.

✒️ദോഹ: ഖത്തറിലെ യാത്ര നിയന്ത്രണങ്ങളെക്കുറിച്ച് മെട്രാഷ് 2 -ലൂടെയും അറിയാം. യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും ഇനിപ്പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്: 55788372, 44597769, 44597777.

രാജ്യം വിടുന്നതിന് മുമ്പ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെട്രാഷ് 2-ലൂടെ യാത്രാ നിരോധന ഉത്തരവുകളുടെ സര്‍ക്കുലറുകള്‍ ഓണ്‍ലൈനായി അവലോകനം ചെയ്യാനാകുമെന്ന് സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു.

🇶🇦ഖത്തറില്‍ കോവിഡ് വാക്‌സിന്റെ പരമാവധി കാലാവധി 9 മാസം; ബൂസ്റ്റർ എടുത്തില്ലെങ്കിൽ അഞ്ച് ദിവസം ക്വാറന്റൈൻ


✒️ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിന്റെ പരമാവധി കാലാവധി 9 മാസം മാത്രമെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഒൻപത് മാസം കഴിഞ്ഞവർ ബൂസ്റ്റർ എടുത്തില്ലെങ്കിൽ ഖത്തറിലെത്തിയ ശേഷം അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിയണം.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്‍ഡാന്‍, ഫിലിപ്പീന്‍സ് എന്നീ 9 രാജ്യങ്ങളെ റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്‌സിനെടുത്ത് 9 മാസം കഴിഞ്ഞ താമസക്കാര്‍ ബൂസ്റ്റര്‍ ഡോസെടുത്തിട്ടില്ലെങ്കില്‍ 5 ദിവസം ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണം. യാത്രക്ക് പരമാവധി 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.

റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന താമസക്കാര്‍ക്ക് 5 ദിവസത്തെ ഹോം ക്വാറന്റൈന്‍ മതിയാകും. പി.സി.ആര്‍ ബാധകമല്ല. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൂര്‍ണമായും അംഗീകരിച്ച ഫൈസര്‍, മൊഡേണ, അസ്ട്രസെനിക ( കോവിഷീല്‍ഡ്) ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ഖത്തറിൽ അംഗീകാരമുള്ളത്.

🇸🇦സൗദിയിൽ നിയമ വിരുദ്ധ മാലിന്യ സംസ്കരണം ശിക്ഷാർഹമാക്കി.

✒️സൗദിയിൽ അംഗീകാരമില്ലാത്ത ഏജൻസികളിൽ നിന്ന് പുനരുപയോഗത്തിനായി മാലിന്യം ശേഖരിക്കുന്നത് ശിക്ഷാർഹമാക്കി. കുറ്റക്കാർക്ക് 2 വർഷം വരെ തടവോ 10 ദശലക്ഷം റിയാൽ വരെ പിഴയോ ചുമത്തും. റീ സൈക്ലിങ് മേഖലയിലെ നിക്ഷേപ സാധ്യതകൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സൗദിയിൽ നിന്നുള്ള മാലിന്യങ്ങൾ പിന്നീട് റീസൈക്ലിങ് അഥവാ പുനചംക്രമണത്തിനായി കൊണ്ടു പോകാറാണ് പതിവ്. മാലിന്യങ്ങളിൽ നിന്നുള്ള വലിയ ഭാഗം വസ്തുക്കളും സംസ്കരിച്ച് വീണ്ടും ഉപയോഗിക്കും. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായാണിത്. ആഗോള തലത്തിൽ തന്നെ വലിയ നിക്ഷേപ സാധ്യതയുള്ളതാണ് ഈ മേഖല. സൗദിയിലെ ചട്ടം പ്രകാരം അംഗീകാരമില്ലാത്ത ഏജൻസികളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പാടില്ല. നിയമം ലംഘിച്ചാൽ രണ്ട് വര്‍ഷം വരെ തടവോ 10 ദശലക്ഷം റിയാല്‍ പിഴയോ ചുമത്തും. നാഷണല്‍ സെന്‍റര്‍ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്‍റ് സി.ഇ.ഒ ഡോ. അബ്ദുല്ല അല്‍ സിബായുടേതാണ് മുന്നറിയിപ്പ്. സൗദി അംഗീകാരവും രേഖകളും ഉള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം റീ സൈക്ലിങിനുള്ള മാലിന്യം ശേഖരിക്കാം. ഇതിനായി ബന്ധപ്പെട്ട ഭരണകൂട വകുപ്പുകളുടെ സഹകരണവും തേടാം. മാലിന്യ സംസ്‌കരണ മേഖലയിലെ നിക്ഷേപം സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. 2035 ഓടെ രാജ്യത്തിന്‍റെ ആഭ്യന്തര ഉൽപാദനത്തിലേക്ക് 120 ബില്യണ്‍ റിയാല്‍ ഇത് വഴി വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. അതിന് സഹായകരമാകും വിധം മാലിന്യ സംസ്‌കരണ മേഖലയെ ഉയര്‍ത്താനാണ് പദ്ധതി.

Post a Comment

0 Comments