രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. നാലര മാസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. ഇന്ന്ആ ചൊവ്വാഴ്ച ആറ് മണി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളർ വരെ ഉയർന്നു. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്.
കഴിഞ്ഞ വർഷം നവംബർ നാലിനാണ് രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്. കഴിഞ്ഞ നാല് മാസമായി മാറ്റമുണ്ടായിട്ടില്ല. നവംബർ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വന്നതോടെ ദിനേനയുള്ള വില നിശ്ചയിക്കലിൽ നിന്ന് എണ്ണക്കമ്പനികൾ പിന്നോട്ട് പോയി.
കേന്ദ്ര സർക്കാരിന് എണ്ണക്കമ്പനികളുടെ വില നിർണയാധികാരത്തിൽ യാതൊരു സ്വാധീനവുമില്ലെന്നാണ് യാഥാർത്ഥ്യം. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് എണ്ണവില സ്ഥിരതയോടെ നിൽക്കുന്നതാണ് പതിവ് രീതി. ഇക്കാരണത്താലാണ് കഴിഞ്ഞ നാല് മാസത്തിലേറെയായി എണ്ണ വില ഉയരാതിരുന്നതെന്നാണ് ജനം പൊതുവെ വിശ്വസിക്കുന്നത്.
0 Comments