Ticker

6/recent/ticker-posts

Header Ads Widget

ബസ് ചാര്‍ജ് വര്‍ധന, പുതിയ മദ്യനയം, ലോകായുക്ത ഭേദഗതി ഓർഡിനൻസ്; ഇന്ന് ഇടതു മുന്നണി യോഗം ചേരും.

സംസ്ഥാന സര്‍ക്കാരിന്റെ ബസ് ചാര്‍ജ് വര്‍ധനവിലും പുതിയ മദ്യനയത്തിലുമടക്കം നിര്‍ണായക തീരുമാനം എടുക്കാൻ ഇന്ന്ഇടതു മുന്നണി യോഗം ചേരും. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ എല്‍ജെഡി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതില്‍ നാളെ യോഗത്തില്‍ വിമര്‍ശനം ഉയരുമോയെന്നതും ശ്രദ്ധേയമാണ്. (ldf meeting to discuss bus charge increase and new liquor policy)

മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നത്.

ബസ് ചാര്‍ജ് വര്‍ധനവില്‍ തന്നെയാകും യോഗത്തില്‍ പ്രധാന ചര്‍ച്ചയെങ്കിലും മദ്യ നയത്തിലെ നിര്‍ണായക തീരുമാനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നവംബര്‍ മാസത്തില്‍ തന്നെ ബസ് ചാര്‍ജ്ജ് വര്‍ധനവ് സംബന്ധിച്ച് ഗതാഗത മന്ത്രി കക്ഷിനേതാക്കള്‍ക്ക് നോട്ട് നല്‍കിയെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. സ്വകാര്യ ബസ് ഉടമകള്‍ സമരം കടുപ്പിച്ച സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകാനിടയില്ല.

ലോകായുക്ത ഭേദഗതി ഉൾപ്പെടെ കാലഹരണപ്പെടുന്ന ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനുള്ള തീരുമാനം ഇന്ന് മന്ത്രിസഭായോഗം കൈക്കൊണ്ടേക്കും. ഓർഡിനൻസിൻ്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തുന്നത്. വിഷയത്തിൽ സി.പി.ഐ മന്ത്രിമാർ യോഗത്തിൽ സ്വീകരിക്കുന്ന നിലപാട് പ്രധാനമാണ്.

അധികാര സ്ഥാനത്തിരിക്കുന്നവരുടെ അഴിമതിക്കേസുകൾ തെളിയിക്കപ്പെട്ടാൽ അവർ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാലും, ബന്ധപ്പെട്ട അധികാരികൾക്ക് ഹിയറിംഗ് നടത്തി വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നാണ് നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി. ഓർഡിനൻസ് എതിർപ്പില്ലാതെ അംഗീകരിച്ചതിൽ പാർട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമർശിച്ചിരുന്നു.

ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതോടെയാണ് വിവാദത്തിന് താത്കാലിക ശമനമായത്. ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവർണർ ഒപ്പിട്ടത്. പിന്നീട് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രി കെ രാജൻ പാർട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് അറിയിച്ചു.

Post a Comment

0 Comments