Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇶🇦ഖത്തർ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു..

✒️രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 13-ന് ഖത്തർ സർക്കാർ പോർട്ടലായ ഹുക്കൂമി ട്വിറ്ററിൽ ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ ഖത്തർ പൗരന്മാർക്കും, ഖത്തർ സ്ത്രീകളുടെ കുട്ടികൾക്കുമായി രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലായി 456 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു. ദേശീയ തൊഴിൽ സംവിധാനത്തിന് കീഴിലാണ് ഈ നടപടികൾ.

ഈ പദ്ധതിയുടെ കീഴിൽ ഇപ്പോൾ 456 പുതിയ തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കമ്മ്യൂണിക്കേഷൻ, ഐ ടി മേഖലയിൽ 271 തൊഴിലവസരങ്ങളും, ഗതാഗത മേഖലയിൽ 88 തൊഴിലവസരങ്ങളും, ഫിനാൻസ്, ഇൻഷുറൻസ് മേഖലയിൽ 55 തൊഴിലുകളും, എനർജി, ഇൻഡസ്ട്രി മേഖലയിൽ 28 തൊഴിലവസരങ്ങളും ഉൾപ്പെടുന്നു. 2022-ൽ ഇതുവരെ ഖത്തർ പൗരന്മാർക്ക് ഇത്തരത്തിൽ 900 തൊഴിലുകൾ നൽകിയതായും അധികൃതർ കൂട്ടിച്ചേർത്തു.

🇰🇼കുവൈറ്റ്: വാക്സിനെടുക്കാത്ത അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഏർപെടുത്തിയിരുന്ന PCR ടെസ്റ്റ് ഒഴിവാക്കി.

✒️രാജ്യത്തെ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് റിസൾട്ട് ഒഴിവാക്കി. ഇത് സംബന്ധിച്ച തീരുമാനത്തിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദ്യാലയങ്ങളുടെ പ്രവർത്തനം COVID-19 മഹാമാരിയ്ക്ക് മുൻപുള്ള നിലയിലേക്ക് പൂർണ്ണമായും മടക്കികൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊണ്ട് വരുന്നതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി വിദ്യാർത്ഥികളെ സംഘങ്ങളായി തിരിച്ചുള്ള പഠന രീതി പൂർണ്ണമായി ഒഴിവാക്കാനും മന്ത്രാലയം തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.

🇸🇦സൗദി അറേബ്യ: ശീതതരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

✒️രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മാർച്ച് 15, ചൊവ്വാഴ്ച്ച മുതൽ മാർച്ച് 18, വെള്ളിയാഴ്ച്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും താപനില വളരെയധികം താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ദിനങ്ങളിൽ തബുക്, ഹൈൽ, അൽ ജൗഫ്, നോർത്തേൺ ബോർഡർ തുടങ്ങിയ മേഖലകളിൽ താപനില മൈനസ് മൂന്ന് വരെ താഴാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ വടക്കന്‍ മേഖലകളിൽ അനുഭവപ്പെടുന്ന ഈ ശീതതരംഗത്തിന്റെ പ്രഭാവം അൽ ഖാസിം, അൽ ശർഖിയ, റിയാദ് മുതലായ മേഖലകളിലേക്കും വ്യാപിക്കുമെന്നും, ഈ ഇടങ്ങളിൽ താപനില നാല് ഡിഗ്രി വരെ താഴമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിന് പുറമെ, മക്ക, തബുക്, മദീന, അൽ ജൗഫ്, ഹൈൽ, നോർത്തേൺ ബോർഡേഴ്സ്, അൽ ഖാസിം തുടങ്ങിയ ഇടങ്ങളിൽ പൊടിയ്ക്കും, ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ കാറ്റ് മാർച്ച് 16, 17 എന്നീ ദിവസങ്ങളിൽ ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് തുടങ്ങിയ മേഖലകളിലും അനുഭവപ്പെടാമെന്നും അധികൃതർ കൂട്ടിച്ചേർത്തു. മാർച്ച് 18-ന് മക്ക, നജ്‌റാൻ എന്നിവിടങ്ങളിലും അസിർ, അൽ ബാഹ എന്നിവിടങ്ങളുടെ കിഴക്കൻ പ്രദേശങ്ങളിലും മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗതയുള്ള അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഈ പൊടിക്കാറ്റിനാൽ കാഴ്ച്ച മറയുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🇶🇦ഖത്തർ ഫിഫ ലോകകപ്പ് 2022: താത്കാലികാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതായി PHCC.

✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതായി ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു. PHCC-യുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഈ അറിയിപ്പ് പ്രകാരം ജനറൽ പ്രാക്റ്റിഷണർ, സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ, സ്പെഷ്യലിസ്റ്റ് എമർജൻസി മെഡിസിൻ, സ്പെഷ്യലിസ്റ്റ് ഇന്റേർണൽ മെഡിസിൻ, നേഴ്സ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നൊളജിസ്റ്റ്, റേഡിയോളജി ടെക്നൊളജിസ്റ്റ്, കസ്റ്റമർ സർവീസ്, റിസപ്‌ഷനിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് PHCC താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്. ഓരോ തസ്തികകളുമായി ബന്ധപ്പെട്ട യോഗ്യതകൾ, പ്രവർത്തിപരിചയം മുതലായ വിവരങ്ങൾ https://www.phcc.gov.qa/en/AboutUs/Careers/Temporary-Hiring-for-FIFA-2022-World-Cup എന്ന വിലാസത്തിൽ PHCC വ്യക്തമാക്കിയിട്ടുണ്ട്.

താത്പര്യമുള്ള വ്യക്തികൾക്ക് ഈ താത്കാലിക തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സംവിധാനവും വെബ്‌സൈറ്റിൽ ലഭ്യമാണ്. fifa2022jobs@phcc.gov.qa എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ സി വി ഉൾപ്പടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇമെയിൽ അയച്ച് കൊണ്ടും ഇതിനായി അപേക്ഷിക്കാവുന്നതാണ്.

🇦🇪റമദാൻ 2022: ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി.

✒️രാജ്യത്ത് ഈ വർഷത്തെ റമദാനോടനുബന്ധിച്ച് ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. 2022 മാർച്ച് 14-നാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിൽ 2022-ലെ റമദാനിൽ ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന COVID-19 പ്രതിരോധ നിബന്ധനകൾ:
ഇഫ്താർ ടെന്റുകളിൽ പ്രവേശിക്കുന്നവർക്ക് ഗ്രീൻ പാസ് നിർബന്ധമാണ്.
ഇഫ്താർ ടെന്റുകളിൽ പ്രവേശിക്കുന്നവർക്ക് മാസ്കുകൾ നിർബന്ധമാണ്. ഭക്ഷണം കഴിക്കുന്ന സമയങ്ങളിലൊഴികെ ടെന്റുകൾക്കുള്ളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
ടെന്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി ഓരോ ഇഫ്താർ ടെന്റുകളിലും സന്നദ്ധ സേവകരുടെയോ, സെക്യൂരിറ്റി പ്രവർത്തകരുടെയോ സേവനം ഉറപ്പാക്കേണ്ടതാണ്.
ഇഫ്താർ ടെന്റുകൾ ഒരുക്കുന്നതിന് എമിറേറ്റ്സ് റെഡ് ക്രെസെന്റിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണ്.
ടെന്റുകളിൽ പ്രവേശിക്കുന്നവർക്കിടയിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം ഉറപ്പ് വരുത്തേണ്ടതാണ്.
ടെന്റുകളിൽ പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ഓരോ എമിറേറ്റുകളിലെയും എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റികൾ തീരുമാനം കൈക്കൊള്ളുന്നതാണ്.
ടെന്റുകൾക്കുള്ള പെർമിറ്റുകൾ അനുവദിക്കുന്നതിനും, നിരാകരിക്കുന്നതിനുമുള്ള ചുമതല ഓരോ എമിറേറ്റുകളിലെയും എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റികളിൽ നിക്ഷിപ്തമാണ്.
ടെന്റുകളിൽ മാസ്കുകൾ, സാനിറ്റൈസർ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്.
തിരക്ക് ഒഴിവാക്കുന്നതിനായി ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് ഇഫ്താർ ടെന്റുകൾ തുറക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
എല്ലാ വശങ്ങളിൽ നിന്നും തുറന്നിരിക്കുന്ന മാതൃകയിലോ, പൂർണ്ണമായും ശീതീകരിച്ച രീതിയിലോ ആയിരിക്കണം ടെന്റുകളുടെ നിർമ്മിതി.
ടെന്റുകളിലെ മേശകളിൽ ഉപയോഗിക്കുന്ന ടേബിൾ ക്ലോത്തുകൾ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന രീതിയിലുള്ളവയായിരിക്കണം.
കഴിയുന്നതും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, സ്പൂണുകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്.

🇦🇪യു എ ഇയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു.

✒️യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 280 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 947 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,54,579 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,85,983 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,53,253 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 30,428 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇸🇦സൗദിയിൽ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സക്ക് ഇനി സർക്കാർ സഹായം ഇല്ല.

✒️സൗദിയിൽ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ചെലവുകള്‍ ഇനിമുതൽ അതാത് രോഗികൾ തന്നെ വഹിക്കേണ്ടിവരും. ഇത് വരെ സർക്കാർ ചിലവിൽ ലഭ്യമായിരുന്ന സൗജന്യ ചികിത്സ നിര്‍ത്തിവെച്ചതായി ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികൾക്കുമായി അയച്ച സര്‍ക്കുലറില്‍ കോ ഓപറേറ്റീവ് ഹെൽത്ത് ഇന്‍ഷുറന്‍സ് (സി.സി.എച്ച്‌.ഐ) അതോറിറ്റി വ്യക്തമാക്കി.

എന്നാൽ ഈ മാസം 13 ന് മുമ്പായി കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് കൃത്യമായ രേഖകളോടെ അവരെ സർക്കാർ ആശുപത്രികളിലേക്ക് മാറ്റുന്നത് വരെയുള്ള ചികിത്സ ചിലവ് വഹിക്കും. ചികിത്സക്കായി ഇൻഷുറൻസ് പരിരക്ഷക്ക് അർഹതയില്ലാത്ത രോഗികളെ ആരോഗ്യ ഇൻഷുറൻസ് പ്രോഗ്രാമിൽ നിന്ന് മുൻകൂർ അനുമതി നേടിയും ഓപ്പറേറ്റിംഗ് കമ്പനി മുഖേന ആരോഗ്യ സേവനങ്ങൾ വാങ്ങിയും ചികിത്സ തുടരും.

കോവിഡ് ബാധിച്ച് ന്യുമോണിയ ആയി മാറുകയോ ഓക്സിജന്റെ അഭാവം മൂലം അവർക്ക് രോഗം ഗുരുതരമാവുകയോ ഹിപ്നോസിസ് ആവശ്യമായി വരികയോ ചെയ്താൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതുവരെയും അംഗീകൃത പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് കോവിഡ് പരിശോധന നെഗറ്റീവ് ഫലങ്ങൾ തെളിയിക്കപ്പെടുന്നതുവരെയും സൗജന്യ ചികിത്സ ലഭിക്കും.

എന്നാൽ മറ്റ് രോഗ ബാധിതര്‍ക്ക് കോവിഡ് ബാധിച്ചാലും സൗജന്യ ചികിത്സ ലഭിക്കില്ല. ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കൾക്ക് പോളിസിയുടെ പരിധിക്ക് അനുസൃതമായി എല്ലാ ചികിത്സ ചെലവുകളും ഇൻഷുറൻസ് കമ്പനികൾ വഹിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡിനെതിരെ എല്ലാ വാക്സിനേഷൻ ഡോസുകളും ബൂസ്റ്റർ ഡോസുകളും പൂർത്തിയാക്കണമെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമായതിനെത്തുടർന്നാണ് പുതിയ പ്രഖ്യാപനം.

Post a Comment

0 Comments