ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ട് ദിവസത്തേക്ക് സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ കൊച്ചി മെട്രൊ, സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ വിഭാഗത്തെയും സമരം ബാധിക്കില്ല. (Kochi Metro run strike days)
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, കെടിയുസി, യുടിയുസി തുടങ്ങി ഇരുപതില്‍പ്പരം സംഘടനകള്‍. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്, കര്‍ഷകസംഘടനകള്‍, മത്സ്യ വിപണന മേഖല, സഹകരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങി നൂറില്‍പ്പരം അനുബന്ധ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പെട്രോള്‍ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാഗമാകും. പൊതുയാത്രാ സംവിധാനങ്ങളെല്ലാം തടസപ്പെടാനാണ് സാധ്യത.
അതേസയമം, രണ്ട് ദിവസത്തെ പണിമുടക്ക് മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഇന്നും ട്രഷറി പ്രവര്‍ത്തിക്കുന്നുണ്ട്. കരാറുകാര്‍ക്ക് ബില്ല് മാറുന്നതില്‍ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
‘രണ്ട് ദിവസം പൊതു പണിമുടക്കാണെന്ന് മുന്‍കൂട്ടി അറിയാവുന്നതാണ്. എന്നാലും പെന്റിങ്ങില്‍ ധാരാളം ബില്ലുകളില്ല. വന്നതൊക്കെ എല്ലാം മാറി കൊടുക്കുന്നുണ്ട്. പണിമുടക്ക് സംസ്ഥാനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് വരാത്ത രീതയില്‍ അതിനുള്ള പണവും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസയം കെ-റെയില്‍ സമരത്തില്‍ യുഡിഎഫിനെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ എംപിമാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കെ -റെയിലിനെതിരെ സമരം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ കേരളത്തിന് കിട്ടേണ്ട ഫണ്ട് കിട്ടാന്‍ വേണ്ടിയെങ്കിലും എംപിമാര്‍ക്ക് വാദിച്ചു കൂടെയെന്നും കെഎസ്ആര്‍ടിസിയുടെ ഇന്ധന വില വര്‍ധനക്കെതിരെ പോലും മിണ്ടുന്നില്ലെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകര്‍ക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്. ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യം മാനിച്ച് സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
0 Comments