കെ റെയില്‍ (K Rail) കടന്നുപോകുന്ന വില്ലേജുകളില്‍ യുഡിഎഫ് (UDF) നടത്തുന്ന പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ മുളക്കുഴയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിക്കും. നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
കെ റെയിൽ വിരുദ്ധസമരം യുഡിഎഫ് ഏറ്റെടുക്കുന്നതായി ഇന്നലെ പ്രതിപക്ഷനേതാവ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ശക്തമായ പ്രതിഷേധം നടന്ന കോട്ടയം മാടപ്പള്ളിയിൽ, നേതാക്കളെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റില്ല.
അതിനെ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം മുഴുവന്‍ ഇതുപോലുള്ള സമരം ആവര്‍ത്തിക്കാന്‍ പോവുകയാണ്. ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്‍റെ തനിയാവര്‍ത്തനമാണ് ഇതെന്ന് ഞങ്ങള്‍ സൂചിപ്പിച്ചതാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
വി ഡി സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളുടെ നിരയാണ് മാടപ്പള്ളിയിൽ എത്തിയത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ് തുടങ്ങിയ നേതാക്കളെ ആവലാതി അറിയിക്കാൻ വീട്ടമ്മമാർ ഉൾപ്പടെയുള്ളവരെത്തി. മാടപ്പള്ളിയില്‍ ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുപിഴുത് പ്രതിഷേധിച്ചു. ഇന്നലെ വൻ പൊലീസ് സന്നാഹത്തിൽ സ്ഥാപിച്ച അതിരടയാള കല്ലുകളാണ് ഡിസിസി പ്രസിഡന്‍റും കൂട്ടരും പിഴുതെറിഞ്ഞത്. ഇന്നലെ രാത്രി തന്നെ മൂന്നു കല്ലുകൾ നാട്ടുകാർ എടുത്തു മാറ്റിയിരുന്നു.
സില്‍വര്‍ ലൈന്‍ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധിച്ച സ്ത്രികളേയും കുട്ടികളേയും റോഡിലൂടെ വലിച്ചിഴച്ച പൊലീസ് നടപടിക്കെതിരെ ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം രംഗത്തെത്തി. മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യര്‍ത്ഥന പ്രതിപക്ഷം തള്ളി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതുവരെ യുഡിഎഫ്, സമരം ശക്തമായി തുടരുമെന്ന് വി ഡി സതീശന്‍ അറിയിച്ചു.
'കെ റെയിലില്‍ പരസ്യ പ്രതികരണത്തിനില്ല'; സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കെ റെയിലില്‍ (K Rail) പ്രതിഷേധം കനക്കവേ പരസ്യപ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ (Governor) ആരിഫ് മുഹമ്മദ് ഖാന്‍. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയുള്ള പൊലീസ് നടപടിയെ ഗവര്‍ണര്‍ വിമര്‍ശിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നത്. ആ സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുത്. സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ല. സ്ത്രീകളല്ല ആർക്കെതിരെയും അതിക്രമം പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കെ റെയിലിന് എതിരെ കോട്ടയത്തെ മടപ്പള്ളിയിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് കല്ലായിയിൽ ഇന്ന് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കല്ലായില്‍ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ വലിയ പ്രതിഷേധമുയര്‍ന്നു. പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലയിൽ കെ റെയിൽ കല്ലിടലിനിടെയുണ്ടാകുന്ന ഇതുവരെയുള്ള എറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാൻ എത്തിയവരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു. ഉന്തും തള്ളിലും സ്ത്രീകൾക്ക് ഉൾപ്പെടെ പരിക്കേറ്റു. രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷ പൊലീസ് ലാത്തി വച്ച് കുത്തിയെന്ന് പ്രതിഷേധത്തിനെത്തിയ സ്ത്രീകൾ ആരോപിക്കുന്നു. കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു.
0 Comments