സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ (Plus Two Exams) തീയതിയില്‍ മാറ്റം. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.
മെഡിക്കല്‍ പ്രവേശപരീക്ഷയായ 'നീറ്റി'ന് ഇനി പ്രായപരിധിയില്ല
ദില്ലി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ (NEET) ഉയർന്ന പ്രായപരിധി ഒഴിവാക്കി. ഒക്ടോബര്‍ 21 ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും നാഷണല്‍ മെഡിക്കല്‍ കൌണ്‍സിലും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ഇതോടെ പ്രായപരിധിയില്ലാതെ ആര്‍ക്കും നീറ്റ് പരീക്ഷ എഴുതാം. നിലവിൽ പൊതുവിഭാഗത്തിന് 25 ഉം സംവരണ വിഭാഗങ്ങൾക്ക് 30 ഉം ആയിരുന്നു പരിക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി. ഇനിമുതല്‍ സയസന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു പാസായവര്‍ക്ക് പ്രായപരിധി ഇല്ലാതെ നീറ്റ് പരീക്ഷ എഴുതാം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ടേം1 പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും
ദില്ലി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒന്നാം ടേം1 പരീക്ഷഫലം ഇന്ന് (മാർച്ച് 9) പ്രഖ്യാപിക്കാൻ സാധ്യത. പരീക്ഷ ഫലം തയ്യാറാക്കൽ നടപടികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു എന്നും എപ്പോൾ വേണമെങ്കിലും ഫലം പ്രഖ്യാപിക്കാമെന്നും സിബിഎസ്ഇ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് ലോഗിൻ അക്കൗണ്ട് വഴി സ്കോർ നേരിട്ട് ലഭിക്കുന്ന രീതിയിലാകും ഫലപ്രഖ്യാപനം.
നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന ഒന്നാം ടേം, 10, 12 പരീക്ഷകളിൽ 36 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിൽ പരീക്ഷ ഫലങ്ങൾ പരിശോധിക്കാം. കൂടാതെ സിബിഎസ്ഇ ടേം 1 ഫലം DigiLocker ആപ്പിലും digilocker.gov.in-ലും ലഭ്യമാകും. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന ടേം 2 പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചു. ടേം-2 പരീക്ഷകളിൽ, വിദ്യാർത്ഥികൾക്ക് ഒബ്ജക്റ്റീവ്, സബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
സിബിഎസ്ഇ ചോദ്യപേപ്പർ വിവാദം
ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയ വിദ്ഗധരെ ചോദ്യപ്പേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് സിബിഎസ്ഇ പുറത്താക്കിയിരുന്നു. സോഷ്യോളജി, ഇംഗ്ലീഷ്, വിഷയങ്ങളിലെ വിദഗ്ധരെയാണ് പുറത്താക്കിയത്. പന്ത്രണ്ടാം ക്ലാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിൻ്റെയും, പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും പേരിലാണ് നടപടി.
എതിർപ്പുകളുയർന്നതിനെ തുടർന്ന് സിബിഎസ്ഇ ചോദ്യപ്പേപ്പറുകളിലെ വിവാദ പരാമർശം ഉൾപ്പെട്ട ഭാഗം പിൻവലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങൾക്ക് എല്ലാ വിദ്യാർത്ഥികൾക്കും മുഴുവൻ മാർക്കും നൽകുമെന്നും സി ബി എസ് ഇ അറിയിച്ചു. സ്ത്രീ ശാക്തീകരണവും, സ്ത്രീ -പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികൾക്കു മേൽ രക്ഷകർത്താക്കൾക്കുള്ള സ്വാധീനം കുറച്ചുവെന്നുമുള്ള പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ പരാമർശങ്ങളാണ് വിവാദമായത്. 'ഭാര്യമാരുടെ വിമോചനം' കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കിയെന്നതടക്കമുള്ള പരാമർശങ്ങളാണ് വിവാദത്തിലേക്ക് വഴിവച്ചത്.
12ാം ക്ലാസ് വിദ്യാർഥികളുടെ ബോർഡ് പരീക്ഷയുടെ ചോദ്യ പേപ്പറിനേക്കുറിച്ചും സിബിഎസ്ഇക്ക് ക്ഷമാപണം നടത്തേണ്ടി വന്നിരുന്നു. സോഷ്യോളജി ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യത്തേക്കുറിച്ചാണ് ക്ഷമാപണം. 2002ൽ ഗുജറാത്തിൽ മുസ്ലീം വിരുദ്ധ അക്രമത്തിന്റെ അഭൂതപൂർവമായ വ്യാപനമുണ്ടായത് ഏത് സർക്കാരിൻറെ കാലത്താണ് എന്നായിരുന്നു വിവാദമായ ചോദ്യം.
0 Comments