Ticker

6/recent/ticker-posts

Header Ads Widget

വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമെന്ന് മന്ത്രി; 3 സ്വിച്ച് അണച്ച് സഹകരിക്കണമെന്ന് KSEB......

സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കല്‍ക്കരി ക്ഷാമം മൂലമുണ്ടായ നിലവിലെ പ്രതിന്ധി പരിഹരിക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. 15 മിനിറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും. കൂടുതല്‍ വൈദ്യതി ലഭ്യമാക്കാന്‍ ആന്ധ്രയിലെ കമ്പനിയുമായി കരാറിലെത്തിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ കോഴിക്കോട്ടെ താപവൈദ്യുത നിലയം കൂടി പ്രവര്‍ത്തിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി ആവശ്യകതയിലുണ്ടായ വര്‍ദ്ധനവും കല്‍ക്കരി ക്ഷാമം മൂലം താപവൈദ്യുത ഉല്‍പാദനത്തിലുണ്ടായ കുറവ് മൂലവും 10.7 ജിഗാവാട്ടിന്റെ ഉല്‍പാദനക്കുറവ് രാജ്യത്ത് നേരിടുന്നുണ്ട്. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് സംസ്ഥനത്ത് ഇന്ന് പ്രതിക്ഷിക്കുന്നത്. എന്നാല്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കാന്‍ രാത്രികാലത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് എല്ലാ ഉപഭോക്താക്കളും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളില്‍ സാധാരണ നില കൈവരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ എല്ലാ ഉപഭോക്താക്കളും വൈകുന്നേരം ആറ് മുതല്‍ 11 വരെ വീട്ടിലെ മൂന്ന് സ്വിച്ച് അണച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു.

ഇന്നു വൈകീട്ട് 6.30നും 11.30നും ഇടയില്‍ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളത്. നഗരപ്രദേശങ്ങളിലും ആശുപത്രി ഉള്‍പ്പെടയുള്ള അവശ്യസേവനങ്ങളെയും വൈദ്യുതി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments