Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇧🇭ബഹ്‌റൈൻ: ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ വരും ദിനങ്ങളിൽ ശക്തിപ്പെടുത്തുമെന്ന് ഗൾഫ് എയർ.

✒️വരും ദിനങ്ങളിൽ ബഹ്‌റൈനിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുളള വിമാനസർവീസുകൾ ശക്തിപ്പെടുത്തുമെന്ന് ഗൾഫ് എയർ വ്യക്തമാക്കി. 2022 മെയ് മാസം പകുതിയോടെ കൊറോണ വൈറസ് മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന സർവീസുകളുടെ ഏതാണ്ട് 90 ശതമാനം സർവീസുകൾ എന്ന നേട്ടം കൈവരിക്കുന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഗൾഫ് എയർ അറിയിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പ്രതിവാരം 49 വിമാനസർവീസുകൾ എന്ന രീതിയിൽ ഇന്ത്യയിലേക്കുള്ള സർവീസുകളുടെ തോത് ഈ മാസം തന്നെ വർധിപ്പിക്കുന്നതാണ്. മെയ് മാസം പകുതിയോടെ പ്രതിവാരം 75 വിമാനസർവീസുകൾ എന്ന രീതിയിലേക്ക് ഇത് ഉയർത്തുമെന്നും ഗൾഫ് എയർ കൂട്ടിച്ചേർത്തു.

കോഴിക്കോട്, ചെന്നൈ, കൊച്ചിൻ, ഡൽഹി, മുംബൈ, തിരുവനന്തപുരം തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് ഗൾഫ് എയർ സർവീസ് നടത്തുന്നതാണ്.

🇰🇼കുവൈറ്റ്: പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി.

✒️രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. 2022 ഏപ്രിൽ 14-നാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

2022 മെയ് 1 മുതൽ മെയ് 5 വരെ അഞ്ച് ദിവസത്തെ പൊതു അവധിയാണ് ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ കുവൈറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിനങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ മുതലായവ അവധിയായിരിക്കും.

ഈദുൽ ഫിത്ർ അവധിക്ക് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം 2022 മെയ് 8 മുതൽ പുനരാരംഭിക്കുമെന്നും സിവിൽ സർവീസ് കമ്മീഷൻ കൂട്ടിച്ചേർത്തു.

🇸🇦സൗദി: ഓൺലൈൻ സേവനങ്ങൾ റദ്ദാക്കപ്പെട്ട തൊഴിലുടമകളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ ഇഖാമ പുതുക്കാമെന്ന് ജവാസത്.

✒️ഓൺലൈൻ സേവനങ്ങൾ താത്കാലികമായി റദ്ദാക്കപ്പെട്ട തൊഴിലുടമകളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) പുതുക്കുന്നതിന് തടസമില്ലെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സാണ് (ജവാസത്) ഇക്കാര്യം വ്യക്തമാക്കിയത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സിന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു സൗദി പൗരൻ ഉയർത്തിയ സംശയത്തിന് മറുപടിയായാണ് ജവാസത് ഇക്കാര്യം അറിയിച്ചത്. തൊഴിലുടമയുടെ ഓൺലൈൻ സേവനങ്ങൾ താത്കാലികമായി റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യത്തിലും അവർക്ക് കീഴിലുള്ള തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങൾ അബ്ഷേർ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് തടസമില്ലെന്ന് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.

🇶🇦ഖത്തർ: വിസ ഓൺ അറൈവൽ ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് വീണ്ടും ആരംഭിച്ചു.

✒️ഡിസ്കവർ ഖത്തർ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ വിഭാഗങ്ങൾക്കുള്ള ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് വീണ്ടും ആരംഭിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിന് ശേഷം വെബ്‌സൈറ്റിൽ നിന്ന് ഈ ബുക്കിംഗ് നേരത്തെ താത്‌കാലികമായി ഒഴിവാക്കിയിരുന്നു.

https://www.discoverqatar.qa/mandatory-hotels-for-visa-on-arrival/ എന്ന വിലാസത്തിലാണ് ഈ ബുക്കിംഗ് ലഭ്യമാക്കിയിരിക്കുന്നത്. ഈ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് Ehteraz ആപ്പിൽ ഹോട്ടൽ ബുക്കിംഗ് നിർദ്ദേശിക്കുന്ന വ്യക്തികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഈ സംവിധാനത്തിലൂടെ ഹോട്ടൽ ബുക്ക് ചെയ്യേണ്ടതാണ്.

https://www.visitqatar.qa/intl-en/plan-your-trip/visas എന്ന വിലാസത്തിൽ നിന്ന് ഖത്തറിലേക്കുള്ള വിവിധ വിസകൾ സംബന്ധിച്ച നിബന്ധനകൾ ലഭ്യമാണ്. ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന വിസ ഓൺ അറൈവൽ യാത്രികർക്ക് ഹോട്ടൽ ബുക്കിംഗ് നിർബന്ധമാക്കുമെന്ന് ഡിസ്കവർ ഖത്തർ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ഇപ്പോൾ ഡിസ്കവർ ഖത്തർ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹോട്ടൽ ബുക്കിംഗ് സേവനങ്ങൾ നൽകുന്നതിന് അംഗീകാരം നൽകിയിട്ടുള്ള ട്രാവൽ ഏജൻസികളുടെ വിവരങ്ങൾ തങ്ങളുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

ഇന്ത്യ – Cutting Edge, India +91 99 3036 0346, +91 98 2033 3342.
ഇറാൻ – PCG, Iran, +98 21 8850 8050.
പാകിസ്ഥാൻ – Travel With Flair, Pakistan, +92 51 2601658, +92 51 2601659.

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. പുതുതായി 105 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 265 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,396 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,38,531 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,066 ആയി. 

രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 4,799 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 62 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു. ബാക്കിയുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 11,476 ആർ.ടി-പി.സി.ആർ പരിശോധനകൾ സൗദി അറേബ്യയിൽ നടത്തി. ജിദ്ദ - 23, റിയാദ് - 19, മദീന - 15, മക്ക - 15, തായിഫ് - 8, ദമ്മാം - 5, അബഹ - 4, ജീസാൻ - 3, ഹുഫൂഫ് - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

🇰🇼പ്രവാസികളെ നാടുകടത്താൻ ചെലവായത് 52 കോടിയിലധികം രൂപ.

✒️അനധികൃത താമസക്കാരായ പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തുന്നതിനായി 21 ലക്ഷം ദിനാർ (52 കോടിയിലധികം ഇന്ത്യൻ രൂപ) ചെലവായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.

നാടുകടത്തിയ പ്രവാസികളുടെ ടിക്കറ്റ് ചാർജ് ഇനത്തിലാണ് ഇത്രയധികം പണം രാജ്യത്തിന്റെ ഖജനാവിൽ നിന്ന് ചെലവായതെന്ന് കുവൈത്ത് പാർലമെന്റ് അം​ഗം മുഹൽഹൽ അൽ മുദ്ഹഫിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11 വരെയുള്ള കാലയളവിൽ ആകെ 42,529 പ്രവാസികളെയാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയതെന്നും കഴിഞ്ഞ ദിവസം അൽ ജരീ​ദ ​ദിനപ്പത്രം പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.

അതേസമയം നാടുകടത്തപ്പെട്ട പ്രവാസികളുടെ സ്പോൺസര്‍മാര്‍ ഈ തുക വഹിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പണം പൂര്‍ണമായി ലഭിക്കുന്നതു വരെ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് താമസ, തൊഴിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള ശക്തമായ പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.

🇦🇪ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 60 ലക്ഷം നേടിയ പ്രവാസി ഇന്ത്യക്കാരനെ വിവരമറിയിക്കാനാവാതെ സംഘാടകർ.

✒️അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ഇന്ത്യക്കാരന് സമ്മാനം. 065049 എന്ന ടിക്കറ്റിലൂടെ മനുഭായ് ചൗഹാനാണ് 3,00,000 ദിർഹം (അറുപത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കിയത്. നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ സന്തോഷ വാർത്ത അറിയിക്കാൻ മനുഭായ് ചൗഹാനെ ഫോണിൽ ബന്ധപ്പെടാൻ ബി​ഗ് ടിക്കറ്റ് അവതാരക ബുഷ്റ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സമ്മാനാർഹനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബി​ഗ് ടിക്കറ്റ് സംഘാടകർ അറിയിച്ചു. ബി​ഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പാണ് ഇന്ന് നടന്നത്. പ്രതിവാര നറുക്കെടുപ്പിലെ വിജയത്തിനൊപ്പം മേയ് മൂന്നിന് നടക്കാനിരിക്കുന്ന മെ​ഗാ നറുക്കെടുപ്പിലേക്കും ഈ ടിക്കറ്റ് പരി​ഗണിക്കും. വൻതുകയുടെ സമ്മാനങ്ങൾക്കായിരിക്കും അന്ന് ബി​ഗ് ടിക്കറ്റ് അവതാരകരായ ബുഷ്റയും റിച്ചാർഡും അവകാശികളെ കണ്ടെത്തുക.

മനുഭായ് ചൗഹാനെപ്പോലെ ഭാ​ഗ്യം കൊണ്ട് ജീവിതം മാറ്റിമറിക്കാൻ www.bigticket.ae എന്ന വെബ്സൈറ്റ് സന്ദർശിച്ച് പ്രതിവാര, പ്രതിമാസ നറുക്കെടുപ്പുകളിലെ വിജയികളെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാം.

1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് ഏപ്രില്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരെ കാത്തിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും വിലയേറിയ മറ്റ് സമ്മാനങ്ങളുമുണ്ടാവും ഒപ്പം. കൂടാതെ ഈ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് അതാത് ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുത്ത് 300,000 ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ആഴ്ചതോറുമുള്ള പ്രമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആ ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്‍ട്രി ലഭിക്കും. വിജയിക്കുന്നവര്‍ക്ക് 300,000 ദിര്‍ഹമാണ് സമ്മാനം.

🇸🇦സൗദി അറേബ്യയിൽ ഓൺലൈൻ ബിസിനസിന് വാണിജ്യ രജിസ്ട്രേഷൻ നിർബന്ധം.

✒️സൗദി അറേബ്യയില്‍ ഓൺലൈൻ ബിസിനസ്സിലേർപ്പെടുന്നവർ വാണിജ്യ രജിസ്ട്രേഷൻ നേടണമെന്ന് ഇ-കൊമേഴ്സ് കൗൺസിൽ അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് അനുസൃതമായാണ് അവരുടെ പ്രവർത്തനം തുടരുന്നതെന്ന് ഉറപ്പാക്കുന്നതിനാണിത്. വാണിജ്യ രജിസ്ട്രേഷൻ http://e.mc.gov.sa എന്ന ലിങ്ക് വഴി ലഭ്യമാകും. 

ഓൺലൈൻ ബിസിനസ് സ്ഥാപനം ആരംഭിക്കാൻ മറ്റ് വകുപ്പുകളിൽ നിന്ന് ലൈസൻസ് ആവശ്യമാണെങ്കിൽ അതിനുവേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇ-കൊമേഴ്‌സ് ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കുക, ഉപഭോക്തൃ-വ്യാപാരി അവകാശങ്ങൾ സംരക്ഷിക്കുക, വ്യാജ സ്റ്റോറുകൾ ഇല്ലാതാക്കുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കൗൺസിൽ അധികൃതർ പറഞ്ഞു. നിയമങ്ങൾ പാലിക്കാത്തതും ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടതുമായ കേസുകൾ, വാണിജ്യ രേഖകൾ ഇല്ലാത്ത ചില സ്റ്റോറുകളുടെ വഞ്ചനയും തട്ടിപ്പും എന്നിവ വാണിജ്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് വാണിജ്യ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.

🇦🇪യുഎഇയില്‍ ഇന്ന് 239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 431 പേര്‍ രോഗമുക്തരായി.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 431 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പുതിയതായി നടത്തിയ 2,56,333 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 895,018 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,76,495 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 16,221 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Post a Comment

0 Comments