Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ.

🇦🇪യു എ ഇ: വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത 16 വയസിന് താഴെയുള്ള യാത്രികർക്ക് ഏപ്രിൽ 19 മുതൽ PCR ടെസ്റ്റ് ആവശ്യമില്ല.

✒️2022 ഏപ്രിൽ 19 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ അറിയിച്ചു. 2022 ഏപ്രിൽ 13-ന് രാത്രി യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റിയാണ് (NCEMA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഏപ്രിൽ 19 മുതൽ യു എ ഇയിലേക്ക് പ്രവേശിക്കുന്ന 16 വയസിന് താഴെ പ്രായമുള്ള COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത യാത്രികർക്ക് യു എ ഇയിലെത്തിയ ശേഷമുള്ള PCR പരിശോധന ഒഴിവാക്കുന്നതാണ്. ഇവർ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള മറ്റു സുരക്ഷാ നിബന്ധനകൾ പാലിക്കണമെന്ന് NCEMA ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 19 മുതൽ COVID-19 വാക്സിനെടുക്കാത്ത യു എ ഇ പൗരന്മാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും NCEMA അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR റിസൾട്ട് ഉപയോഗിച്ച് കൊണ്ട് വിദേശത്തേക്ക് യാത്ര ചെയ്യാവുന്നതാണ്.

ഏപ്രിൽ 13-ന് നടന്ന പത്ര സമ്മേളനത്തിൽ NCEMA ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമേരിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.

🇴🇲ഒമാൻ: VAT ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ വ്യാപാരസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

✒️മൂല്യവർദ്ധിത നികുതി (Value Added Tax – VAT) ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ രാജ്യത്തെ ഷോപ്പിംഗ് കേന്ദ്രങ്ങൾക്കും, വ്യാപാരസ്ഥാപനങ്ങൾക്കും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിർദ്ദേശം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിൽപനക്കായി വെക്കുന്ന ഉത്പന്നങ്ങളിൽ മൂല്യവർദ്ധിത നികുതി പൂജ്യം ശതമാനമായി നിശ്ചയിച്ചിട്ടുള്ള ഉത്പന്നങ്ങളുടെ ലേബലുകളിൽ ഇക്കാര്യം കൃത്യമായി വെളിപ്പെടുത്താനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. VAT നികുതിയുടെ മറവിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനുള്ള സാധ്യത ഒഴിവാക്കുന്നതിനായാണ് ഇത്തരം ഒരു നടപടി.

ഒമാനിൽ ഭക്ഷണ സാധനങ്ങൾ ഉൾപ്പടെയുള്ള അവശ്യവസ്തുക്കളെ മൂല്യവർദ്ധിത നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാൽ, ക്ഷീരോല്‍പന്നങ്ങള്‍, മാംസം, മീൻ, മുട്ട, കോഴി, താറാവ്, പഴം, പച്ചക്കറി, കാപ്പി, ചായ, പഞ്ചസാര, ഒലിവ് എണ്ണ, ബ്രഡ്, കുപ്പിയിൽ ലഭിക്കുന്ന കുടിവെള്ളം, ഉപ്പ് മുതലായ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

🇴🇲ഒമാൻ: വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാമെന്ന് ROP.

✒️വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായുള്ള ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഈ ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. നിലവിൽ സാധുതയുള്ള വാഹന ലൈസൻസോട് കൂടിയ, ലൈസൻസ് പ്ലേറ്റ് നമ്പറുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുക.

എന്നാൽ പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കൾ നേരിട്ട് ഹാജരാകേണ്ടതാണെന്നും ROP വ്യക്തമാക്കിയിട്ടുണ്ട്.

സാധുതയുള്ള റെസിഡൻസി കാർഡുകളും, ഡ്രൈവേഴ്സ് ലൈസൻസുമുള്ള പ്രവാസികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. സ്വന്തം പേരിൽ രണ്ടിലധികം നാല് ചക്ര വാഹനങ്ങളുള്ള പ്രവാസികൾക്ക് ഈ സംവിധാനം ഉപയോഗിക്കാനാകില്ലെന്നും ROP വ്യക്തമാക്കി. നിലവിൽ ഒമാനിൽ തന്നെയുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാത്രമാണ് ഈ സംവിധാനത്തിലൂടെ കൈമാറാനാകുന്നത്.

🇸🇦സൗദി: ഏപ്രിൽ 16 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ്.

✒️രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2022 ഏപ്രിൽ 13 ബുധനാഴ്ച മുതൽ ഏപ്രിൽ 16 ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്. റിയാദ്, മക്ക, മദീന, അൽ ബഹ, അസീർ, ജസാൻ, നജ്‌റാൻ, ഖാസിം, ഹൈൽ, അൽ ഷർഖിയാഹ് മുതലായ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

ഈ ഇടങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതായും, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപൊക്കം ഉണ്ടാകാനിടയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാൻ സൗദി സിവിൽ ഡിഫൻസ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

🇰🇼കുവൈറ്റ്: ഡ്രോൺ പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

✒️രാജ്യത്ത് ഡ്രോൺ പെർമിറ്റുകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്ന നടപടികൾ നിർത്തിവെച്ചിട്ടുണ്ട്. ഇത്തരം പെർമിറ്റുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർക്കാർ ഏജൻസികൾക്ക് മാത്രം അനുവദിക്കാൻ നിർദ്ദേശിച്ച് കൊണ്ട് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ വ്യോമയാന സർവീസുകൾക്ക് ഡ്രോണുകൾ മൂലം ഉണ്ടകാനിടയുള്ള അപകടം കണക്കിലെടുത്താണ് ഇത്തരം ഒരു നടപടി.

🇶🇦ഖത്തറിലെ വിസ ഓണ്‍ അറൈവല്‍; ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ ഹോട്ടല്‍ ബുക്കിങ് പേജ് പുനഃസ്ഥാപിച്ചു.

✒️വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഖത്തറിലെത്തുന്നവര്‍ക്ക് വേണ്ടിയുള്ള ഹോട്ടല്‍ ബുക്കിങ് പുനഃരാരംഭിച്ചു. ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ ഇതിനായുള്ള പേജ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഖത്തറിലെത്താന്‍ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ട്രാവല്‍ ഏജന്‍സികളെയാണ് ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ ഹോട്ടല്‍ ബുക്കിങിനായി ലിസ്റ്റ് ചെയ്‍തിരിക്കുന്നത്. വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിയവര്‍ക്ക് വേണ്ടി മാത്രമാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള 'കട്ടിങ് എഡ്‍ജ്', ഇറാനില്‍ നിന്നുള്ള 'പി.സി.ജി', പാകിസ്ഥാനില്‍ നിന്നുള്ള 'ട്രാവല്‍ വിത്ത് ഫ്ലെയര്‍' എന്നീ ട്രാവല്‍ ഏജന്‍സികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തിലെ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഡിസ്‍കവര്‍ ഖത്തര്‍ പ്ലാറ്റ്ഫോം വഴിയുള്ള ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞയാഴ്‍ചയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഹോട്ടല്‍ ബുക്കിങ് പേജ്, ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ നിന്ന് നീക്കിയതോടെ തീരുമാനം പിന്‍വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഹോട്ടല്‍ ബുക്കിങ് പുനഃസ്ഥാപിച്ചത്.

🇦🇪യുഎഇയില്‍ ഇന്ന് 256 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 462 പേര്‍ രോഗമുക്തരായി.

✒️യുഎഇയില്‍ ഇന്ന് 256 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 462 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പുതിയതായി നടത്തിയ 2,85,495 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 894,779 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,76,064 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 16,413 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇸🇦ഉംറ നിർവഹിക്കാവുന്ന കുറഞ്ഞ പ്രായപരിധി അഞ്ചാക്കി ഹജ്ജ് ഉംറ മന്ത്രാലയം.

✒️ഉംറ നിർവഹിക്കാവുന്ന കുറഞ്ഞ പ്രായപരിധി അഞ്ചാക്കി ഹജ്ജ് ഉംറ മന്ത്രാലയം. തീര്‍ത്ഥാടകരുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും,അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഹറമിലെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്ക് പ്രവേശന അനുമതിയുണ്ടെന്നും, മതാഫിലേക്ക് പ്രവേശനമില്ലെന്നും മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

🛫കരിപ്പൂർ ഭൂമിയേറ്റെടുക്കൽ: പ്രാരംഭ നടപടികൾ 18 മുതൽ.

✒️കോഴിക്കോട്​ വിമാനത്താവള വികസനത്തിന്​ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഏപ്രിൽ 18ന്​ ആരംഭിക്കും. 18.5 ഏക്കർ ഭൂമിയാണ്​ റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ (റെസ) നീളം കൂട്ടുന്നതിനായി കേന്ദ്രം ആവശ്യപ്പെട്ടത്​. പടിഞ്ഞാറ്​ ഭാഗത്തെ 11 ഏക്കറും കിഴക്ക്​ വശത്തെ​ ഏഴര ഏക്കറുമാണ്​ ഏറ്റെടുക്കുക. ഇതിന്​ മുന്നോടിയായി 18ന്​ റവന്യു വകുപ്പ്​ ഉദ്യോഗസ്ഥരും വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തും.

തുടർന്ന്​ ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച സ്​കെച്ച്​ തയാറാക്കും. പിന്നീടാണ്​ സ്ഥലം ഏറ്റെടുക്കുന്നതിന്​ സർവേ നമ്പറുകൾ അടക്കം ഉൾപ്പെടുത്തി വിജ്​ഞാപനം പുറപ്പെടുവിക്കുക. നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം ചീഫ്​ സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ്​ വിമാനത്താവള ഉദ്യോഗസ്ഥരുമായുള്ള ചർച്ച. ഭൂമി വിട്ടുനൽകുന്നവരെ ബോധവത്​കരിക്കാൻ​ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനും നഷ്ടപരിഹാര പാക്കേജ്​ വിശദീകരിക്കാനും പദ്ധതിയുണ്ട്​. അഞ്ച്​ മാസത്തിനകം വിജ്ഞാപന നടപടികൾ പൂർത്തീകരിക്കാനാണ്​ നീക്കം.

വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനാണ്​ ഭൂമി ഏറ്റെടുത്ത്​ നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടത്​. 2023 മാർച്ചിന്​ മുമ്പ്​ ഭൂമി ഏറ്റെടുത്ത്​ നിരപ്പാക്കി നൽകണമെന്നാണ്​ കേന്ദ്ര​ വ്യോമയാന മന്ത്രാലയം സംസ്ഥാനത്തോട്​ ആവശ്യപ്പെട്ടത്​.

🇶🇦മെസ്സിക്കും സംഘത്തിനും പരിശീലനവും താമസവും ഖത്തർ യൂനിവേഴ്​സിറ്റി കാമ്പസിൽ.

✒️ലോകകപ്പ്​ കിരീടസ്വപ്നവുമായി ഖത്തറിന്‍റെ മണ്ണിലെത്തുന്ന ലയണൽ മെസ്സിക്കും സംഘത്തിനും ഖത്തർ യൂണിവേഴ്​സിറ്റി കാമ്പസ്​ ആതിഥേയരാവും. താമസവും പരിശീലനവുമെല്ലാമാണ്​ കാമ്പസിൽ ഒരുക്കുന്നത്​. അർജന്‍റീന ടീമിനെ സ്വാഗതം ചെയ്തുകൊണ്ട്​ ഖത്തർ യൂണിവേഴ്​സിറ്റി ട്വീറ്റ്​ ചെയ്തു.

നവംബർ 21ന്​ കിക്കോഫ്​ കുറിക്കുന്ന ലോകകപ്പിന്​ ഒരാഴ്ച മുമ്പു തന്നെ ​കോപ അമേരിക്ക ചാമ്പ്യന്മാരായ അർജന്‍റന ഖത്തറിലെത്തും. തുടർന്ന്​, ലയണൽ മെസ്സിയും ഡി മരിയയും ഉൾപ്പെടെ പരിശീലനവും താമസവുമായെല്ലാം ടീം അംഗങ്ങൾ ഖത്തർ സർവകലാശാലാ കാമ്പസിൽ തന്നെയുണ്ടാവും.

താമസ സ്ഥലം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി അർജന്‍റീന ഫുട്​ബാൾ ഫെഡറേഷന്‍റെ ഔദ്യോഗിക സംഘം അടുത്തിടെ ഖത്തർ സന്ദർശിച്ചിരുന്നു. ഇവരുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ്​ ടീമിന്‍റെ ബേസ്​ ക്യാമ്പായി സർവകലാശാലാ ക്യാമ്പസിനെ തെരഞ്ഞെടുത്തത്​.

🇸🇦കോവിഡ്: സൗദിയിൽ ഇന്ന് 103 പുതിയ രോഗികളും 255 രോഗമുക്തിയും.

✒️സൗദിയിൽ ഇന്ന് 103 പുതിയ രോഗികളും 255 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,291 ഉം രോഗമുക്തരുടെ എണ്ണം 7,38,266 ഉം ആയി.

പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെയുള്ള ആകെ മരണം 9,063 ആയി. നിലവിൽ 4,962 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 63 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.14 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 22, റിയാദ് 18, മക്ക 15, മദീന 12, ത്വാഇഫ് 8, ദമ്മാം 6.

Post a Comment

0 Comments