കൊച്ചുതോവാള പൂവേഴ്സ് മൗണ്ടില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചതോടെ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുകയാണ് അഗ്‌നിരക്ഷാസേന ജില്ലാ ഓഫീസറായ റെജി വി.കുര്യാക്കോസ്.
മര്‍ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ് പ്രഷര്‍ കുക്കര്‍. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മര്‍ദം പുറത്തുപോകുന്നത് പ്രഷര്‍ വാല്‍വ് വഴിയാണ്. വാല്‍വിന് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കുക. വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ഒരു ബോംബായി മാറാം. ഇത് വലിയ അപകടത്തിന് വഴിവെയ്ക്കും.
ഉപയോഗത്തിനുശേഷം വാല്‍വ് ഊരിമാറ്റി വൃത്തിയാക്കുക. ഇല്ലെങ്കില്‍ വാല്‍വിനുള്ളില്‍ തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
നാളുകളായി ഉപയോഗിക്കാതിരിക്കുന്ന കുക്കറുകളുടെ വാല്‍വുകളില്‍ തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് ഇങ്ങനെയുള്ള കുക്കറുകള്‍ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.
കുക്കറിനുള്ളില്‍ പാകംചെയ്യേണ്ട വസ്തുക്കള്‍ കുത്തിനിറയ്ക്കാതിരിക്കുക. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഗുണനിലവാരമില്ലാത്ത കുക്കറുകള്‍ ഒഴിവാക്കുക. മികച്ച ഗുണനിലവാരം ഉറപ്പുനല്‍കുന്ന ഐ.എസ്.ഐ. മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങുക.
പാചകത്തിന് മുമ്പ് കുക്കർ പരിശോധിക്കാം
ഓരോ തവണം പാചകത്തിനായി പ്രഷർ കുക്കർ എടുക്കുമ്പോൾ ചില കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താം. അതിലാദ്യം കുക്കറിന്റെ മൂടിയിലുള്ള റബ്ബർ ഗാസ്കറ്റ് ആണ്. ഈ റബ്ബർ ഗാസ്കറ്റിന് വിള്ളൽ വീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. കുക്കറിന്റെ ഉപയോഗത്തിന് അനുസരിച്ച് ചില ഗാസ്കറ്റുകൾ വർഷംതോറും മാറ്റണമെന്ന് ചില കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ഒപ്പം പാത്രത്തിന്റെ വക്കിൽ ഭക്ഷണം ഉണങ്ങിപ്പിടിച്ച് ഇരിക്കുന്നില്ലെന്നും ഉറപ്പു വരുത്തണം, ഇത് സീലിനെ കേടാക്കിയേക്കാം.
കുക്കറിന് അമിതഭാരം നൽകേണ്ട
കുക്കറിനുള്ളിൽ അമിതമായി ഒന്നും വേവിക്കാനിടരുത്. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂട്ടുമെന്നു മാത്രമല്ല ഭക്ഷണത്തിന്റെ രുചിയും സ്വഭാവവും മാറാനും കാരണമാകും. പയർ വർഗങ്ങൾ പോലെ വേവുംതോറും വികസിക്കുന്നവ കുക്കറിന്റെ അരഭാഗത്തോളം മാത്രമേ ഇടാവൂ. ഒപ്പം പ്രഷർ കുക്കറിൽ എപ്പോഴും മതിയായ വെള്ളമുണ്ടെന്നും ഉറപ്പുവരുത്തുകയും വേണം. ഭക്ഷണം വേവാൻ ആവശ്യത്തിനുള്ള വെള്ളം ഉണ്ടായിരിക്കണം.
പതഞ്ഞുപൊങ്ങുന്ന ഭക്ഷണങ്ങൾ വേവിക്കുമ്പോൾ
ചില ആഹാരപദാർഥങ്ങൾ പ്രഷർ കുക്കറിൽ വേവിക്കുമ്പോൾ പതഞ്ഞു പൊങ്ങാറുണ്ട്. എന്നാൽ ഇതത്ര നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. പതഞ്ഞു വരുന്നതു വഴി കുക്കറിൽ ആവി പോകുന്ന വാൽവുകൾ അടയാനും പ്രഷർ റിലീസ് ചെയ്യുന്ന വെന്റുകൾ അടയാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ വെക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.
പ്രഷർ റിലീസ് ചെയ്യുമ്പോൾ
കുക്കറിലെ പ്രഷർ എളുപ്പത്തിൽ പോകാൻ ഒട്ടും സുരക്ഷിതമല്ലാത്ത മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. എന്നാൽ അതിനു പകരം സുരക്ഷിതമായ രീതിയിൽ കുക്കറിലെ പ്രഷർ നീക്കം ചെയ്യുകയാണ് വേണ്ടത്. അതിൽ ആദ്യത്തേത്, അടുപ്പിലെ ചൂടിൽ നിന്ന് കുക്കർ മാറ്റിവെച്ച് പ്രഷർ തനിയെ പോകാൻ വെക്കുന്ന വിധമാണ്. മറ്റൊന്ന് കുക്കറിലെ മൂടിക്ക് മുകളിലൂടെ തണുത്ത വെള്ളം ഓൺ ചെയ്ത് ഇടുകയാണ്. കുക്കർ കൈയിൽപിടിച്ച് പ്രഷർ റിലീസ് ചെയ്യുന്ന ഏതു മാർഗം സ്വീകരിക്കുമ്പോഴും മുഖത്തിൽ നിന്നും ശരീരത്തിൽ നിന്നും ദൂരേക്ക് പിടിച്ച് ചെയ്യാം. ചൂടുള്ള കുക്കർ അടുപ്പിൽ നിന്ന് മാറ്റി പത്തുമിനിറ്റെങ്കിലും കഴിഞ്ഞ് മൂടി തുറക്കുന്നതാണ് അഭികാമ്യം.
കുക്കർ നന്നായി കഴുകാം
കുക്കർ വൃത്തിയായി കഴുകേണ്ടതും പ്രധാനമാണ്. ഗാസ്കറ്റ് നീക്കി പ്രത്യേകം കഴുകണം. കുക്കറിലെ വാൽവ് വുഡൻ ടൂത് പിക് മറ്റോ ഉപയോഗിച്ച് വൃത്തിയാക്കാം. ഗാസ്കറ്റ് കഴുകി ഉണങ്ങിയതിനുശേഷം മാത്രം മൂടിയിലേക്ക് തിരികെ വെക്കാം.
പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു.
കട്ടപ്പന: ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു. പൂവേഴ്സ് മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ഷിബുവിന്റെ ഭാര്യ ജിന്‍സി ഗര്‍ഭിണിയായതിനാല്‍ ഏതാനും ദിവസമായി വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് ഷിബുവായിരുന്നു.
രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ വന്നിടിച്ചു. തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ ഷിബു മരിച്ചു. മക്കള്‍: അന്ന, ഹെലന്‍.
0 Comments