Ticker

6/recent/ticker-posts

Header Ads Widget

കൊവീഷിൽഡ്, കൊവാക്സീൻ വാക്സീനുകളുടെ വില കുത്തനെ കുറച്ചു.


രാജ്യത്ത് കൊവിഡ് വാക്‌സിനുകളുടെ വിലകുറച്ചു. ഇനി മുതൽ ഒരു ഡോസ് 225 രൂപയ്ക്ക് ലഭിക്കും. സ്വാകര്യ ആശുപത്രികളിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള സർക്കാർ തിരുമാനത്തിന് പിന്നാലെയാണ് വാക്‌സിൻ കമ്പനികൾ വിലകുറച്ചത്. കുറഞ്ഞ വില ഉടൻ പ്രാഭല്യത്തിൽ വരും.


കൊവാക്‌സിനുണ്ടായിരുന്ന 1200 രൂപയിൽ നിന്ന് 225 രൂപയിലേക്കാണ് കുറച്ചിരിക്കുന്നത്. കൊവിഷീൽഡ് 600 രൂപയിൽ നിന്ന് 225 ലേക്ക് കുറച്ചിട്ടുണ്ട്. സർക്കാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് ഇന്ത്യൻ വാക്‌സിൻ കമ്പനികൾ അറിയിച്ചു. 18 വയസിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസിന് അർഹതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനുള്ള നിർദ്ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു.

ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സിൻ തന്നെ കരുതൽ ഡോസായിയെടുക്കണം. കരുതൽ ഡോസ് എടുക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ല. പതിനെട്ട് മുതൽ അൻപത്തി ഒൻപത് വയസ് വരെയുള്ളവർക്ക് നാളെ മുതൽ കരുതൽ ഡോസ് നൽകാനിരിക്കേ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിലയിരുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പരിശോധിച്ചു.

"കേന്ദ്ര സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികൾക്കുള്ള കൊവീഷിൽഡ് വാക്‌സിന്റെ വില ഒരു ഡോസിന് 600 രൂപയിൽ നിന്ന് ₹ 225 ആയി കുറയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തീരുമാനിച്ചെന്ന വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മുൻകരുതൽ ഡോസുകൾ എല്ലാവ‍ർക്കും ലഭ്യമാക്കാനുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു - സെറം ഇൻസ്റ്റിറ്റ്യൂട്ട മേധാവി അദാർ പൂനെവാല ട്വിറ്ററിൽ കുറിച്ചു.
 
എല്ലാ മുതിർന്നവർക്കും മുൻകരുതൽ ഡോസ് ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കേന്ദ്ര ഗവൺമെന്റുമായി കൂടിയാലോചിച്ച്, സ്വകാര്യ ആശുപത്രികൾക്ക് #COVAXIN ന്റെ വില ഒരു ഡോസിന് 1200 രൂപയിൽ നിന്ന് ₹ 225 ആയി പരിഷ്കരിക്കാൻ ഞങ്ങൾ തീരുമാനിച്ചു," ഭാരത് ബയോടെക്ക് സിഇഒ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഷോട്ടുകൾ തുറക്കാനുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ പൂനാവാല ഇന്നലെ സ്വാഗതം ചെയ്തിരുന്നു. ഇത് നിർണായകവും സമയോചിതവുമായ തീരുമാനമാണെന്ന് പറഞ്ഞ അദ്ദേഹം, ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് നിരവധി രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മൂന്നാം ഡോസ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

നാളെ(ഏപ്രില്‍ 10) മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒന്‍പതു മാസം പൂര്‍ത്തിയായവര്‍ക്കാണ് സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇതിന് സൗകര്യമുണ്ടാവുക.

അറുപതു വയസ്സു കഴിഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. 18 വയസ്സു പൂര്‍ത്തിയായ മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് പണം നല്‍കിവേണം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാന്‍.

Post a Comment

0 Comments