Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ചില പ്രധാന വിദേശ വാർത്തകൾ

🎙️Qatar World Cup 2022: സ്വദേശികളെയും പ്രവാസികളെയും വിലക്കില്ലെന്ന് സംഘാടകര്‍, മത്സരസമയം നീട്ടില്ലെന്ന് ഫിഫ.

✒️ഫിഫ ലോകകപ്പ് (Qatar World Cup 2022)നടക്കുന്ന സമയത്തു രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രാദേശിക സംഘാടകര്‍. ലോകകപ്പിലെ മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്നു ഫിഫയും വ്യക്തമാക്കി.

ലോകകപ്പ് സമയത്ത് രാജ്യത്തിനു പുറത്തു പോകുന്ന പ്രവാസികൾക്കും പൗരന്മാർക്കും തിരികെ പ്രവേശനാനുമതി ലഭിക്കില്ലെന്ന പ്രചരണം വ്യാപകമാകുന്നതിനിടെയാണ് സംഘാടകരുടെ ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രവാസികളും പൗരന്മാരും ലോകകപ്പിന്‍റെ സമയത്ത് വിദേശയാത്ര നടത്തുന്നതിൽ താൽപര്യമില്ല. അവർ ലോകകപ്പ് കാണണമെന്നാണ് സുപ്രീം കമ്മിറ്റി ആഗ്രഹിക്കുന്നത്.

പക്ഷേ വിദേശയാത്ര നടത്തി തിരികെയെത്തുന്നവരെ വിലക്കില്ലെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നാമ വ്യക്തമാക്കി. ലോകകപ്പിനുള്ള എല്ലാ അന്തിമ തയാറെടുപ്പുകളും പൂർത്തിയായി. ടൂർണമെന്‍റിന്‍റെ സമയത്ത് സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ സാധാരണ പോലെ തന്നെ തുടരും. അതേസമയം നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിലെ മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്നു ഫിഫ വ്യക്തമാക്കി.

2022 ലോകകപ്പിന്‍റെ മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകള്‍ വ്യാപകമായിരുന്നു. നിലവിലെ 90 മിനിറ്റിൽ നിന്ന് ഫുട്‌ബോൾ മത്സരങ്ങൾ 100 മിനിറ്റാക്കി നീട്ടാനുള്ള സാധ്യത സംബന്ധിച്ചു ഫിഫ ചർച്ച ചെയ്യുന്നതായാണു റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിനെതിരെയാണ് ഫിഫയുടെ ഔദ്യോഗിക സ്ഥിരീകരണം

🎙️പാസ്‍പോര്‍ട്ടുകളുടെ കാര്യത്തില്‍ പ്രത്യേക നിര്‍ദേശവുമായി കോണ്‍സുലേറ്റ്.

✒️പാസ്‍പോര്‍ട്ടില്‍ പരസ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ പ്രത്യേക നിര്‍ദേശവുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. പാസ്‍പോര്‍ട്ടുകള്‍ വികൃതമാക്കാന്‍ ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരവാദിത്ത രഹിതമായി പെരുമാറുന്ന നിരവധി ട്രാവല്‍ ഏജന്റുമാര്‍ പാസ്‍പോര്‍ട്ടുകളെ പരസ്യം പതിക്കാനുള്ള വസ്‍തുവായാണ് കണക്കാക്കുന്നതെന്ന് കോണ്‍സുലേറ്റ് ആരോപിച്ചു. തങ്ങളുടെ ഏജന്‍സികളുടെയും കമ്പനികളുടെയും സ്റ്റിക്കറുകള്‍ പതിച്ച് പാസ്‍പോര്‍ട്ടുകളുടെ കവര്‍ വികൃതമാക്കുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യന്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പാസ്‍പോര്‍ട്ട് ഉടമകളായ എല്ലാവരും, തങ്ങളുടെ പാസ്‍പോര്‍ട്ടുകള്‍ ട്രാവല്‍ ഏജന്റുമാരോ മറ്റ് ആരെങ്കിലുമോ ഇത്തരത്തില്‍ വികൃതമാക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തണമെന്നും അറിയിപ്പിലുണ്ട്.

🎙️സൗദി: 2022-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് അധികൃതർ.

✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 9-ന് പുലർച്ചെയാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിനകത്തുനിന്നും, പുറത്തുനിന്നുമുള്ള തീർത്ഥാടകർ ഉൾപ്പെടെയാണ് ഒരു ദശലക്ഷം തീർത്ഥാടകർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. ഒരു ദശലക്ഷം തീർത്ഥാടകർക്ക് വരെ സേവനങ്ങൾ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, സുഗമമായി ഹജ്ജ് നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ചും മന്ത്രാലയം വ്യക്തത നൽകിയിട്ടുണ്ട്:

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 65 വയസിന് താഴെ പ്രായമുള്ളവർക്കാണ് പങ്കെടുക്കുന്നതിന് അനുമതി നൽകുന്നത്. ഇവർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുളള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചിരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്ന് എത്തുന്ന തീർത്ഥാടകർ സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള COVID-19 PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്.

🎙️സൗദി അറേബ്യ: COVID-19 വാക്സിന്റെ നാലാം ഡോസ് നൽകുന്നുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് COVID-19 വാക്സിന്റെ നാലാം ഡോസ് നൽകുന്നുവെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. അബ്ദുല്ല അസിരിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നതായുള്ള വാർത്തകൾ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.

ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ തവകൽന ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് മാറുന്നത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്.

🎙️കുവൈറ്റ്: മൂന്ന് മാസത്തിനിടയിൽ ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ രാജ്യത്ത് നിന്ന് തിരികെ മടങ്ങിയതായി അധികൃതർ.

✒️കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കുവൈറ്റിലെ തൊഴിൽ മേഖലയിൽ നിന്ന് ഏതാണ്ട് 27200 പ്രവാസികൾ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ മടങ്ങിയതായി അധികൃതർ അറിയിച്ചു. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നൽകുന്ന കണക്കുകൾ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2021 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2022 മാർച്ച് മാസം അവസാനത്തോടെ ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ തങ്ങളുടെ തൊഴിലുകൾ ഉപേക്ഷിച്ച് കൊണ്ട് രാജ്യത്ത് നിന്ന് തിരികെ മടങ്ങിയതായി വ്യക്തമാകുന്നു. 2021 ഡിസംബറിൽ 1479545 പ്രവാസി തൊഴിലാളികളാണ് കുവൈറ്റിലെ തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നത്. 2022 മാർച്ച് മാസത്തിൽ ഇത് 1452344 ആയി കുറഞ്ഞിട്ടുണ്ട്.

ഈജിപ്തിൽ നിന്നുള്ള പ്രവാസികളാണ് കുവൈറ്റിലെ തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതലായുള്ളത്. ഇന്ത്യക്കാർ രണ്ടാമതും, ബംഗ്ലാദേശിൽ നിന്നുള്ളവർ മൂന്നാം സ്ഥാനത്തും തുടരുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments