രാജ്യത്ത് ഇന്ധന വില വര്‍ധന (fuel Price Hike) ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വർധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.
15 ദിവസത്തിനിടെ പത്ത് രൂപയോളം വർധന
കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് പത്ത് രൂപയിലധികമാണ് കൂട്ടിയത്. ഡീസലിനും ഒമ്പതര രൂപയോളം ഇതിനിടെ കൂട്ടി. തിരുവനന്തപുരത്ത് 115 രൂപയും കഴിഞ്ഞ് പെട്രോൾ ലിറ്ററിന്‍റെ വില കുതിക്കുകയാണ്. ഡീസല്‍ വിലയും 102 ലേക്കെത്തിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോളിന് 114 രൂപക്ക് മുകളിലും ഡീസലിന് നൂറ് രൂപക്ക് മുകളിലുമാകും ഇന്നത്തെ വർധനയോടെ. കോഴിക്കോടും സമാനമാണ് അവസ്ഥ.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
അതേസമയം ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാ ദിവസവും ഇന്ധനവില വർധിക്കുന്നത് കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങളില്‍ വമ്പിച്ച വിലക്കയറ്റത്തിന് കാരണമായിത്തീരുമെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇവയ്‌ക്കെതിരായി വലിയ പ്രക്ഷോഭങ്ങള്‍ രാജ്യത്തെമ്പാടും വളര്‍ന്നുവരികയാണെന്നും കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
0 Comments