Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ.

🛫പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താന്‍ ലക്ഷങ്ങള്‍ മുടക്കണം; ടിക്കറ്റ് നിരക്ക് കൂടിയത് അഞ്ചിരട്ടിയോളം.

✒️പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ ടിക്കറ്റിന് മാത്രമായി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പെരുന്നാളിനോടടുത്ത ദിവസങ്ങളില്‍ നല്‍കേണ്ടിവരുന്നത്.

ഇന്ന് ദുബൈയില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ശരാശരി എണ്ണായിരം രൂപയ്ക്ക് താഴേയാണ് ടിക്കറ്റ് നിരക്കെങ്കില്‍, പെരുന്നാളിന് തൊട്ടുത്ത ദിവസങ്ങളില്‍ അഞ്ചിരട്ടിയോളം അധികം കൊടുക്കണം. ഈ മാസം 30ന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 39,505 രൂപയാണ് ഈടാക്കുന്നത്. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 39,786 നല്‍കേണ്ടിവരുമ്പോള്‍ കോഴിക്കോടേക്ക് 36,682 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ കൂടി വരാന്‍ എണ്‍പതിനായിരം രൂപയോളം ടിക്കറ്റിനു മാത്രം വേണം.

കൊവിഡ് കവര്‍ന്നെടുത്ത നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ പോകാനൊരുങ്ങുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ടിക്കറ്റ് വില വര്‍ദ്ധനവ് തിരിച്ചടിയാവും. രണ്ടു മക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ മൂന്നുലക്ഷത്തിലേറെ രൂപ നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ യാത്ര വേണ്ടെന്ന് വെച്ചവരും ഏറെയാണ്. അതേസമയം യുഎഇയിലെ സ്കൂളുകളില്‍ മധ്യവേനലവധി ആരംഭിക്കുന്ന ജൂലൈ മാസങ്ങളിലും കഴുത്തറുപ്പന്‍ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.

🇴🇲പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് ഏപ്രിൽ 29ന്.

✒️ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഏപ്രിൽ 29ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു .

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഓപ്പണ്‍ ഹൗസില്‍ നൽകുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

🇦🇪യുഎഇയില്‍ 215 പുതിയ കൊവിഡ് കേസുകള്‍, 358 പേര്‍ രോഗമുക്തരായി.


✒️അബുദാബി: യുഎഇയില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 358 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പുതിയതായി നടത്തിയ 2,79,109 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,97,351 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,80,145 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 14,904 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇸🇦സൗദി അറേബ്യയില്‍ 109 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 199 പേര്‍.

✒️റിയാദ്: സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ വീണ്ടും നേരിയ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 109 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 199 പേർ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,53,526 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,40,871 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,079 ആയി. രോഗബാധിതരിൽ 3,576 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 43 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

24 മണിക്കൂറിനിടെ 11,076 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 26, റിയാദ് - 22, മക്ക - 15, മദീന - 14, തായിഫ് - 7, ദമ്മാം - 5, അബഹ - 3, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‍തത്. രാജ്യത്ത് ഇതുവരെ 64,135,934 ഡോസ് കൊവിഡ് വാക്സിന്‍ കുത്തിവെച്ചു. ഇതിൽ 26,413,542 ആദ്യ ഡോസും 24,747,748 രണ്ടാം ഡോസും 12,974,644 ബൂസ്റ്റർ ഡോസുമാണ്.

🛫യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്‌ട്രേഷന്‍ തുടങ്ങി

✒️യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനും തുടര്‍ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നു. ഏപ്രില്‍ 30ന് ഉച്ചക്ക് 2.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്കിലെ ഉദയ കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം നടക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐ.എ.എസ്, റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും http://ukraineregistration.norkaroots.org എന്ന ലിങ്കില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ യോഗത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനായി പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മീറ്റിംഗ് ലിങ്ക് രജിസ്‌ട്രേഡ് മൊബൈല്‍ നമ്പരിലും ഇ-മെയിലിലും ലഭ്യമാക്കുന്നതാണ്. യുക്രൈന്‍ യുദ്ധം മൂലം പഠനം തടസപ്പെട്ട വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ നാലിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിദ്യാര്‍ഥികളുടെ യോഗം വിളിക്കാനും വിവര ശേഖരണത്തിനായി വെബ് പോര്‍ട്ടല്‍ രൂപീകരിക്കാനും തീരുമാനിച്ചത്.

🇴🇲ഹൂതി വിമതരുടെ തടവിലായിരുന്ന മലയാളികളുടെ മോചനം; നിര്‍ണായകമായത് ഒമാന്റെ ഇടപെടല്‍.

✒️യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ തടവില്‍ നിന്ന് 14 പേരെ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഒമാന്റെ ഇടപെടല്‍. ഞായറാഴ്‍ച മോചിതരാക്കപ്പെട്ടവരില്‍ ഏഴ് പേരും ഇന്ത്യക്കാരാണ്. ബ്രിട്ടന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മ്യാന്മാര്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മോചിതരാക്കപ്പെട്ട മറ്റുള്ളവര്‍.

മൂന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരാണ് യെമനില്‍ ഹൂതി വിമതരുടെ തടവിലുണ്ടായിരുന്നത്. ഇവരെ മോചിപ്പിക്കാനായി ഒമാന്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടുവെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാറിന്റെയും ബ്രിട്ടണ്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ ഭരണകൂടങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് പ്രശ്‍നത്തില്‍ ഇടപെട്ടതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‍താവനയില്‍ പറയുന്നു

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരം, യെമന്‍ തലസ്ഥാനമായ സന്‍ആയിലെ അധികൃതരുമായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. സന്‍ആയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതോടെ സൗദി അറേബ്യയുമായി ബന്ധപ്പെട്ട ശേഷം ആവശ്യമായ രേഖകള്‍ ശരിയാക്കി 14 പേരെയും മോചിപ്പിക്കുകയായിരുന്നു. മോചിതരാക്കപ്പെട്ടവരെ ഒമാന്‍ റോയല്‍ എയര്‍ ഫോഴ്‍സിന്റെ വിമാനത്തില്‍ സന്‍ആയില്‍ നിന്ന് മസ്‍കത്തിലെത്തിച്ചതായും ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവിടെ നിന്ന് ഇവര്‍ അതത് രാജ്യങ്ങളിലേക്ക് തിരിക്കും.


🇧🇭ബഹ്‌റൈൻ: 2022 സെപ്റ്റംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം.

✒️2022 സെപ്റ്റംബർ 19 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രാലയം തീരുമാനിച്ചു. 2022 ഏപ്രിൽ 24-നാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി, കോമേഴ്‌സ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും, മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുമാണ് ഈ തീരുമാനം. 35 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ നിരോധനം ബാധകമാക്കുന്നത്.

ഇതോടെ ബഹ്‌റൈനിൽ 2022 സെപ്റ്റംബർ 19 മുതൽ 35 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ വിൽക്കുന്നതും, ഉത്പാദിപ്പിക്കുന്നതും, വിതരണം ചെയ്യുന്നതും, ഇറക്കുമതി ചെയ്യുന്നതും നിരോധിക്കപ്പെടുന്നതാണ്. എന്നാൽ 35 മൈക്രോണിൽ കൂടുതൽ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഈ നിരോധനം ബാധകമല്ല.

കയറ്റുമതി ആവശ്യങ്ങൾക്കുള്ള പ്ലാസ്റ്റിക് ബാഗുകൾ, മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള പ്ലാസ്റ്റിക് ബാഗുകൾ, മാലിന്യ വസ്തുക്കളുടെ നിർമാർജ്ജനത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ എന്നിവയ്ക്കും ഈ നിരോധനം ബാധകമല്ല.

🇰🇼കുവൈറ്റ്: ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ.

✒️മിഷറീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ കേന്ദ്രങ്ങളിൽ നിന്ന് കുവൈറ്റിലെ പൗരന്മാർക്കും, പ്രവാസികൾക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. ഏപ്രിൽ 19 വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 1.3 ദശലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

കുവൈറ്റിൽ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവരുടെ എണ്ണം 3.3 ദശലക്ഷം കടന്നതായും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

🇦🇪ദുബായ് ഫുഡ് ഫെസ്റ്റിവൽ 2022 മെയ് 2 മുതൽ ആരംഭിക്കും.


✒️ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ (DFF) ഒമ്പതാമത് പതിപ്പ് 2022 മെയ് 2 മുതൽ ആരംഭിക്കും. 2022 ഏപ്രിൽ 22-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിൽ വാർഷികാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ ഭക്ഷണമേളയുടെ ഒമ്പതാമത് പതിപ്പ് 2022 മെയ് 2 മുതൽ മെയ് 15 വരെ ഭക്ഷണപ്രേമികൾക്ക് വിരുന്ന് ഒരുക്കുന്നതാണ്. എമിറേറ്റിലെ ഏറ്റവും മികച്ച രുചിയനുഭവങ്ങളുടെ ഒത്ത് ചേരലാണ് DFF.

ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ അധിവസിക്കുന്ന ദുബായ് എന്ന നഗരത്തിന്റെ സമ്പുഷ്‌ടമായ രുചിവൈവിധ്യങ്ങൾ അടുത്തറിയാൻ ഈ ഭക്ഷണമേള സന്ദർശകർക്ക് അവസരമൊരുക്കുന്നു.

Post a Comment

0 Comments