🇸🇦സൗദി: റമദാനിൽ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ അധികൃതർ ആഹ്വാനം ചെയ്തു.
✒️റമദാനിലെ വലിയ തിരക്ക് കണക്കിലെടുത്ത് വിശ്വാസികൾ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വലിയ ആൾത്തിരക്ക് ഒഴിവാക്കുന്നതിനും, മറ്റുള്ളവർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അവസരം നൽകുന്നതിനുമായാണ് ഹജ്ജ് ഉംറ മന്ത്രാലയം തീർത്ഥാടകരോട് റമദാനിലെ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി സ്വയം നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയത്. മനുഷ്യരിൽ ത്യാഗശീലം വളർത്തുന്നതിന് പരസ്പര സഹകരണം, സ്‌നേഹശീലം എന്നിവ വളരെ പ്രധാനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
തീർത്ഥാടകർ റമദാനിൽ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമായി സ്വയം നിയന്ത്രിക്കുന്നത് ഈ ശീലങ്ങൾ വളർത്തുന്നതിന് സഹായകമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
🇰🇼കുവൈറ്റ്: ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ചു.
✒️രാജ്യത്ത് വിദേശ ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കുവൈറ്റ് നാഷണൽ അസംബ്ലി പ്രതിനിധി ഫാർസ് അൽ ദൈഹാനി ഒരു പ്രമേയം സമർപ്പിച്ചിരുന്നു. ഈ പ്രമേയത്തിന് കുവൈറ്റ് പാർലിമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
ഇതോടെ കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്നതാണ്.
🇦🇪യു എ ഇ: ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നൽകുന്ന റിക്രൂട്ട്‌മെന്‍റ് ഏജൻസികളെക്കുറിച്ച് MOHRE മുന്നറിയിപ്പ് പുറത്തിറക്കി.
✒️രാജ്യത്ത് ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നൽകുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ഇടപഴകുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) തൊഴിലുടമകൾക്കും, പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം തൊഴിലാളികളുടെ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിശ്വസനീയമല്ലാത്ത സോഷ്യൽ മീഡിയ പേജുകൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് ജാഗ്രത പുലർത്താൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ഇടപഴകുന്നത് എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തെ ഗാർഹിക തൊഴിലാളി നിയമത്തിനും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ നിയമപരമായ ബാധ്യതകൾ ഉറപ്പാക്കുന്നതിനായി അധികൃതർ കൃത്യമായ മേൽനോട്ടം വഹിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ ലൈസൻസുകളില്ലാതെ ഈ വിഭാഗത്തിലുള്ള തൊഴിലാളികളെ കൊണ്ടുവരുന്ന സ്ഥാപനങ്ങളുമായി ഇടപഴകുന്ന സാഹചര്യത്തിൽ തൊഴിലുടമകൾ നേരിടേണ്ടി വരാവുന്ന അപകടസാധ്യതകൾ മന്ത്രാലയം പ്രത്യേകം എടുത്ത് കാട്ടിയിട്ടുണ്ട്:
ഇത്തരം ഏജൻസികൾ നൽകുന്ന ഗാർഹിക ജീവനക്കാർ പ്രത്യേക പരിശീലനം ലഭിക്കാത്തവരാകാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം ജീവനക്കാർ കരാർ നടപടികൾ കൃത്യമായി പാലിക്കുമെന്ന് യാതൊരു ഉറപ്പുകളും തൊഴിലുടമയ്ക്ക് ലഭിക്കുന്നില്ല.
ഇത്തരം ഏജൻസികളിൽ നിന്ന് ലഭിക്കുന്ന തൊഴിലാളികൾ വിവിധ നിയമലംഘനങ്ങൾ നടത്തിയിട്ടുള്ളവരായിരിക്കാൻ സാധ്യതയുണ്ട്.
ഇത്തരം തൊഴിലാളികൾ നിയമ ലംഘനങ്ങൾ നടത്തിയിട്ടുള്ളവരാണെങ്കിൽ ലൈസൻസ് നേടിയിട്ടുള്ള ഏജൻസികളിൽ നിന്ന് നിയമിക്കുന്ന അവസരത്തിൽ തൊഴിലുടമയ്ക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ലഭിക്കുന്നതല്ല.
ഇത്തരം തൊഴിലാളികളെ നിയമിക്കുന്നതിലൂടെ തൊഴിലുടമയ്ക്കും കുടുംബത്തിനും പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യു എ ഇയിൽ ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, കെനിയ, എത്യോപ്യ, ഉഗാണ്ട, നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഗാർഹിക ജീവനക്കാരായി തൊഴിലെടുക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13265 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 ഏപ്രിൽ 7 മുതൽ 2022 ഏപ്രിൽ 13 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 ഏപ്രിൽ 16-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 8490 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1628 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3147 പേരെയാണ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 377 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 39 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 39 ശതമാനം പേർ യെമൻ പൗരന്മാരും, 22 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
2022 മാർച്ച് 31 മുതൽ 2022 ഏപ്രിൽ 6 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12920 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
🇶🇦ഖത്തർ: ഏപ്രിൽ 17 മുതൽ റമദാനിലുടനീളം ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനം.
✒️2022 ഏപ്രിൽ 17 മുതൽ ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. റമദാനിൽ രാത്രി സമയങ്ങളിൽ കൂടുതൽ നേരം യാത്രാ സേവനങ്ങൾ നൽകുന്നതിനായാണ് ഈ തീരുമാനം.
2022 ഏപ്രിൽ 16-നാണ് ഖത്തർ റെയിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം 2022 ഏപ്രിൽ 17 മുതൽ മെയ് 5 വരെ ദോഹ മെട്രോ, ട്രാം, മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് സേവനങ്ങൾ ദിനവും കൂടുതൽ സമയം സേവനങ്ങൾ നൽകുന്നതാണ്.
2022 ഏപ്രിൽ 17 മുതൽ മെയ് 5 വരെ ദോഹ മെട്രോ, ട്രാം എന്നിവയുടെ പ്രവർത്തന സമയക്രമം:
ശനിയാഴ്ച മുതൽ വ്യാഴം വരെ – രാവിലെ 6 മുതൽ രാത്രി 1 മണിവരെ.
വെള്ളിയാഴ്ച – ഉച്ചയ്ക്ക് 2 മുതൽ രാത്രി 1 മണിവരെ.
🇸🇦സൗദി അറേബ്യയിൽ 93 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 257 പേർ രോഗമുക്തരായി.
✒️സൗദി അറേബ്യയിൽ പുതിയതായി 93 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിലെ രോഗബാധിതരിൽ 257 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത ആകെ കൊവഡ് കേസുകളുടെ എണ്ണം 7,52,572 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,39,037 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,069 ആയി.
രോഗബാധിതരിൽ 4,466 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 57 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‍തികരമാണ്. 24 മണിക്കൂറിനിടെ 10,176 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.
ജിദ്ദ - 23, റിയാദ് - 16, മക്ക - 13, തായിഫ് - 11, മദീന - 9, അബഹ - 4, ജിസാൻ - 4, ദമ്മാം - 4, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,781,377 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,358,080 ആദ്യ ഡോസും 24,686,356 രണ്ടാം ഡോസും 12,736,941 ബൂസ്റ്റർ ഡോസുമാണ്.
🇰🇼കുവൈത്തില്‍ പൊലീസുകാര്‍ക്ക് പെപ്പര്‍ സ്‍പ്രേ ഉപയോഗിക്കാന്‍ അനുമതി.
✒️കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പെപ്പര്‍ സ്‍പ്രേ ഉപയോഗിക്കാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
ഇനി മുതല്‍ സ്വയരക്ഷക്കായോ അല്ലെങ്കില്‍ മറ്റൊരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനോ വേണ്ടി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുവൈത്തില്‍ പെപ്പര്‍ സ്‍പ്രേ പ്രയോഗിക്കാനാവും. രാജ്യത്തെ നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും ക്രമസമാധാന നില ഭദ്രമാക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. രാജ്യത്തെ പൊലീസ് നിയമം ഉള്‍പ്പെടെയുള്ള വിവിധ നിയമങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെടുത്തതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേല്‍ക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
🇦🇪യുഎഇയില്‍ ഇന്ന് 201 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 385 പേര്‍ രോഗമുക്തരായി.
✒️യുഎഇയില്‍ ഇന്ന് 201 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 385 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 2,65,321 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 895,465 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,77,278 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 15,885 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
0 Comments