🇴🇲ഒമാൻ: പ്രവാസികളുടെ വർക്ക് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴതുകകൾ സെപ്റ്റംബർ 1 വരെ ഒഴിവാക്കിയതായി ROP.
✒️രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ 2022 സെപ്റ്റംബർ 1 വരെ ഒഴിവാക്കി നൽകിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഒമാൻ ഭരണാധികാരിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ROP തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും പിഴതുകകളിൽ ഈ ഇളവ് അനുവദിക്കുന്നത്.
2022 ഏപ്രിൽ 6 മുതൽ പ്രവാസികളുടെ റെസിഡൻസി രേഖകൾ, റെസിഡൻസി കാർഡ് മുതലായവ പുതുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ വ്യക്തികളിൽ നിന്നും, തൊഴിലുടമകളിൽ നിന്നും ഈടാക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് ROP അറിയിച്ചു. ഈ ഇളവ് 2022 സെപ്റ്റംബർ 1 വരെ മാത്രമാണ് നൽകുന്നതെന്നും, ഇത്തരം രേഖകൾ പുതുക്കുന്നതിൽ വീഴ്ച്ച വരുത്തിയിട്ടുള്ളവർ സെപ്റ്റംബർ 1-ന് മുൻപായി രേഖകൾ പുതുക്കണമെന്നും ROP കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിലും, പുതുക്കുന്നതിലും നേരിടുന്ന കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ 2022 സെപ്റ്റംബർ 1 വരെ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം മാർച്ച് 20-ന് അറിയിച്ചിരുന്നു.
🇦🇪യു എ ഇ: പ്രവാസികളുടെ റസിഡൻസ് സ്റ്റിക്കറിന് പകരമായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാൻ തീരുമാനം.
✒️രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള റസിഡൻസ് സ്റ്റിക്കർ നിർത്തലാക്കാനും, ഇതിന് ബദലായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനും തീരുമാനിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി. 2022 ഏപ്രിൽ 5-ന് വൈകീട്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാനം 2022 ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുകയും അവരുടെ സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നത് ലക്ഷ്യമിട്ടാണ് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഇതോടെ യു എ ഇയിൽ താമസിക്കുന്ന വിദേശികൾക്ക് തങ്ങളുടെ എമിറേറ്റ്‌സ് ഐഡി കാർഡ് റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള ബദലായി ഉപയോഗിക്കാവുന്നതാണ്. റസിഡൻസ്, ഐഡന്റിറ്റി കാർഡ് അപേക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി, നേരത്തെ ഉണ്ടായിരുന്ന വ്യത്യസ്ത അപേക്ഷകൾക്ക് പകരമായി ഒരു അപേക്ഷയിൽ തന്നെ താമസ, തിരിച്ചറിയൽ കാർഡ് സേവനങ്ങൾ നൽകുന്നതും പുതുക്കുന്നതും ഉൾപ്പടെയുള്ള നടപടികൾ സംയോജിപ്പിക്കുന്നതാണ്.
യു എ ഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന പുതിയ തലമുറയിൽപ്പെട്ട എമിറേറ്റ്‌സ് ഐഡി കാർഡിൽ റസിഡൻസ് സ്റ്റിക്കറിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്ന എല്ലാ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. എമിറേറ്റ്സ് ഐഡി കാർഡ് ഇലക്ട്രോണിക് രൂപത്തിലും ലഭ്യമാകുമെന്നത് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യം നൽകുന്നതായും അതോറിറ്റി കൂട്ടിച്ചേർത്തു.
🇸🇦സൗദി: അപരിചിതർക്ക് നൽകുന്ന ധനസഹായം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതായി അധികൃതർ.
✒️അപരിചിതർക്ക് സംഭാവനയായി നൽകുന്ന പണം ഭീകരപ്രവര്‍ത്തനങ്ങളിലേർപ്പെടുന്നവർക്കുള്ള ധനസഹായമായി ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതായി സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിലെ പ്രെസിഡെൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയാണ് രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
2022 ഏപ്രിൽ 5-നാണ് പ്രെസിഡെൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അപരിചിതർക്ക് നൽകുന്ന ഇത്തരത്തിലുള്ള സംഭാവനകൾ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതർ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
ഇതിനാൽ അപരിചിതർക്ക് സംഭാവനകൾ നൽകരുതെന്നും, സംഭാവനകൾ നൽകുന്നതിനായി അംഗീകൃത സംവിധാനങ്ങളും, ഔദ്യോഗിക മാർഗങ്ങളും ഉപയോഗിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഭിക്ഷാടകരുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാനും പ്രെസിഡെൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭിക്ഷാടനത്തിലേർപ്പെടുന്നവർക്കെതിരെയും, ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും, സംഘടിത ഭിക്ഷാടക പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഭിക്ഷാടനത്തിലേർപ്പെടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക പരിശോധനകൾ സൗദി അറേബ്യയിൽ നടന്ന് വരികയാണ്.
സൗദി മന്ത്രിസഭ അംഗീകരിച്ചിട്ടുള്ള ഭിക്ഷാടന നിരോധന നിയമപ്രകാരം രാജ്യത്ത് ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുന്നതാണ്. സൗദി അറേബ്യയിൽ ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
സൗദിയിൽ പ്രാബല്യത്തിൽ വന്നിട്ടുള്ള ഭിക്ഷാടന നിരോധന നിയമം ഭിക്ഷാടനത്തിനായി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കും ബാധകമാണെന്ന് അധികൃതർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
🇦🇪ദുബൈയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫീസ് കാര്‍ഡ് പുറത്തിറക്കി.
✒️ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ പുതിയ ഫീസ് കാര്‍ഡ് പുറത്തിറക്കി. ഒരു വര്‍ഷത്തെ പഠനത്തിനായി സ്‍കൂളുകള്‍ക്ക് നല്‍കേണ്ടി വരുന്ന എല്ലാ ഫീസുകളുടെയും വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളവയാണ് ഈ കാര്‍ഡുകള്‍.
ആധികാരികവും വ്യക്തവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയാണ് ഫീസ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ട്യൂഷന്‍ ഫീസിന് പുറമെ ഒരു വര്‍ഷം കുട്ടിക്കായി രക്ഷിതാക്കള്‍ നല്‍കേണ്ട ട്രാന്‍സ്‍പോര്‍ട്ടേഷന്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ട്രിപ്പുകള്‍, പുസ്‍തകങ്ങള്‍ തുടങ്ങിയവയ്‍ക്കായി വേണ്ടി വരുന്ന തുകകളും ഫീസ് കാര്‍ഡില്‍ വിവരിച്ചിട്ടുണ്ട്. ഓരോ സ്‍കൂളുകളും നല്‍കുന്ന ഫീസ് ഇളവുകളും മറ്റ് സ്‍കോളര്‍ഷിപ്പുകളും സംബന്ധിച്ച വിവരങ്ങളുമുണ്ടാകും.
ഫലത്തില്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിലെ എല്ലാ ഫീസ് വിവരങ്ങളും അറിയാനുള്ള ആധികാരിക രേഖയായി രക്ഷിതാക്കള്‍ക്ക് ഈ ഫീസ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. ആദ്യ ഘട്ടമായി ദുബൈയിലെ 35 സ്‍കൂളിലെ 81,000 വിദ്യാര്‍ത്ഥികള്‍ക്കായാണ് ഫീസ് കാര്‍ഡുകള്‍ തയ്യാറാക്കിയത്. ഏപ്രിലില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സ്‍കൂള്‍ക്കായാണ് ഇപ്പോള്‍ ഫീസ് കാര്‍ഡുകള്‍ നല്‍കുക. സെപ്‍റ്റംബറില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സ്‍കൂളുകളില്‍ ഇപ്പോഴത്തെ ക്ലാസുകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത വര്‍ഷത്തേക്കുള്ള ഫീസ് കാര്‍ഡുകള്‍ തയ്യാറാക്കും.
🇸🇦റമദാനില്‍ സംസം ഉല്‍പാദനം പ്രതിദിനം രണ്ട് ലക്ഷം ബോട്ടിലാക്കി ഉയര്‍ത്തി.
✒️റമദാന്‍ പ്രമാണിച്ച് സംസം ജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്നത് വര്‍ധിപ്പിച്ചു. അഞ്ച് ലിറ്ററിന്റെ രണ്ട് ലക്ഷം ബോട്ടിലുകളാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നതെന്ന് കിങ് അബ്ദുല്ല സംസം ഫാക്ടറി അധികൃതര്‍ അറിയിച്ചു. റംസാന്‍ മാസം മുഴുവനുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. പ്രതിദിനം അഞ്ച് ലിറ്ററിന്റെ രണ്ട് ലക്ഷം ബോട്ടില്‍ സംസം ഒരുക്കി വിതരണം ചെയ്യാനുള്ള ശേഷിയാണ് ഫാക്ടറിയില്‍ സജ്ജീകരിച്ചത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന 20 ലക്ഷത്തിലധികം ബോട്ടിലുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഫാക്ടറിക്കുള്ളത്.
നോമ്പുതുറ വേളയില്‍ മക്ക ഹറമില്‍ വിതരണം ചെയ്യാന്‍ അഞ്ച് ലക്ഷം ലിറ്റര്‍ സംസം ഒരുക്കിയയിട്ടുണ്ട്. സംസം നിറച്ച ഒരു ലക്ഷം ബോട്ടിലുകള്‍ നമസ്‌കാര സ്ഥലങ്ങളിലും 40 ലിറ്റര്‍ ശേഷിയുള്ള 13,000 സംസം പാത്രങ്ങള്‍ മുറ്റങ്ങളിലും ഒരുക്കി. മദീന പള്ളിയില്‍ 1,10,000 ബോട്ടില്‍ സംസം വിതരണം ചെയ്യുന്നുണ്ട്. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി 14,000 സംസം പാത്രങ്ങളും സംസമെടുക്കുന്നതിന് എട്ട് സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
🇰🇼കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് രാജിവെച്ചു..
✒️കുവൈത്ത് മന്ത്രിസഭ വീണ്ടും രാജിവെച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ചൊവ്വാഴ്ച ബയാന്‍ പാലസിലെത്തി രാജിക്കത്ത് അമീറിന്റെ ചുമതല വഹിക്കുന്ന കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് കൈമാറി.
പാര്‍ലമന്റുമായുള്ള പ്രശ്‌നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ ഇന്ന് നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുന്നോടിയായാണ് രാജി. 2019 ഡിസംബറിലാണ് ശൈഖ് സബാഹ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് മൂന്ന് തവണ രാജിവെക്കുകയും പിന്നീട് പുതിയ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റത്.
🇶🇦ഖത്തറിൽ ഇന്ന് 123 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.
✒️ഖത്തറിൽ ഇന്ന് 123 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 134 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 360,311 ആയി ഉയര്‍ന്നു. ആകെ മരണം 677 ആയി തുടരുകയാണ്. രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്.
🇸🇦സൗദിയിൽ പുതിയ മേഖലകളിലെ സ്വദേശിവത്കരണം ഏപ്രിൽ 11 മുതൽ.
✒️റിയാദ്:സൗദിയിൽ പുതിയ മേഖലകളിലെ സ്വദേശിവത്കരണം ഏപ്രിൽ 11 മുതൽ. ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലാണ് സ്വദേശിവത്കരണം വരുന്നത്. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവല്‍ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കി വരുന്നത്.
ഈ തൊഴിലുകളില്‍ സ്വദേശി സ്പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലുമായും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ കുറവ് വേതനം ലഭിക്കുന്നവരെ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെന്നോണം പരിഗണിച്ച് സ്വദേശിവല്‍ക്കരണ അനുപാതത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കില്ല.
🇶🇦ഓൺ അറൈവൽ വിസ; ഹോട്ടൽ ബുക്കിങ് വിൻഡോ ഒഴിവാക്കി 'ഡിസ്കവർ ഖത്തർ'.
✒️ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 'വിസ ഓൺ അറൈവൽ' യാത്രക്കാർക്കുള്ള ഹോട്ടൽ ബുക്കിങ്ങ് വിൻഡോ ഒഴിവാക്കി ഡിസ്കവർ ഖത്തർ. ചൊവ്വാഴ്ച പുതിയ നിർദേശത്തിനു പിന്നാലെയായിരുന്നു ഇന്ത്യ, ഇറാൻ, പാകിസ്താൻ രാജ്യങ്ങളിൽ നിന്നുള്ള ഓൺ അറൈവൽ യാത്രക്കാർക്ക് ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക് ചെയ്യണമെന്ന നിർദേശം വന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ ബുക്കിങ് വിൻഡോ ആരംഭിക്കുകയും നടപടികൾ സജീവമാവുകയും ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ച ഉച്ചയോടെ 'ഡിസ്കവർ ഖത്തർ' വെബ്സൈറ്റിലെ വിസ ഓൺ അറൈവൽ വിൻഡോ ഒഴിവാക്കി. മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ഡിസ്കവർ ഖത്തർ ഹെൽപ്ലൈൻ അറിയിച്ചു. പുതിയ നിർദേശം ഏപ്രിൽ 14 മുതൽ പ്രാബല്ല്യത്തിൽ വരുമെന്നായിരുന്നു അറിയിപ്പ്.
🇸🇦സൗദിയിൽ ഇന്ന് 108 പുതിയ രോഗികളും 3 മരണങ്ങളും.
✒️സൗദിയിൽ പുതുതായി 108 രോഗികളും 314 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,51,404 ഉം രോഗമുക്തരുടെ എണ്ണം 7,36,013 ഉം ആയി. ഇന്ന് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 9,053 ആയി. നിലവിൽ 6,338 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.
ഇവരിൽ 84 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.95 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 23, ജിദ്ദ 19, മക്ക 15, മദീന 11, ദമ്മാം 6, അബഹ 6, ത്വാഇഫ് 5.
🇰🇼നിയമ ലംഘകര്‍ക്കായി വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്റ്റിലായി.
✒️കുവൈത്തില്‍ താമസ നിയമ ലംഘകരെ കണ്ടെത്താനായി നടത്തിയ പരിശോധനയില്‍ 58 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.
പിടിയിലായ പ്രവാസികളില്‍ 18 പേര്‍ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരായിരുന്നു. തിരിച്ചറിയല്‍ രേഖകളില്ലാത്ത 17 പേരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 12 പേരെയും ഗതാഗത നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് കേസുകളില്‍ ഉള്‍പ്പെട്ട 33 പേരെയുമാണ് അറസ്റ്റ് ചെയ്‍തത്.
പിടിയിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. നേരത്തെ ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 35 പേര്‍ അറസ്റ്റിലായിരുന്നു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഇനിയും ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമലംഘകര്‍ക്ക് അഭയം നല്‍കരുതെന്നും അത്തരക്കാരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവരും അവര്‍ക്ക് ജോലി നല്‍കുന്നവരും നിയമ നടപടികള്‍ വിധേയരാകുമെന്നും മുന്നറിയിപ്പ് നല്‍കി
🇦🇪യുഎഇയില്‍ ഇന്ന് 215 കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 614 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 2,30,104 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,92,929 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,71,669 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 18,958 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
0 Comments