Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12920 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 മാർച്ച് 31 മുതൽ 2022 ഏപ്രിൽ 6 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022 ഏപ്രിൽ 9-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 8171 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1647 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3102 പേരെയാണ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 185 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 37 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 58 ശതമാനം പേർ യെമൻ പൗരന്മാരും, 5 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇶🇦റമദാൻ: സ്വകാര്യ മേഖലയിലെ പരമാവധി പ്രവർത്തി സമയം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

✒️ഈ വർഷത്തെ റമദാനിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ അനുവദനീയമായ പരമാവധി പ്രവർത്തി സമയം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. 2022 ഏപ്രിൽ 9-ന് രാത്രിയാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം റമദാനിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പരമാവധി പ്രവർത്തി സമയം ആഴ്ച്ചയിൽ 36 മണിക്കൂർ എന്ന രീതിയിൽ നിജപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ആറ് മണിക്കൂർ പ്രവർത്തി സമയം എന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. ഖത്തർ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 73 പ്രകാരമാണ് ഈ തീരുമാനം.

മറ്റു മാസങ്ങളിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പരമാവധി പ്രവർത്തി സമയം ആഴ്ച്ചയിൽ 48 മണിക്കൂർ (പ്രതിദിനം എട്ട് മണിക്കൂർ) എന്ന രീതിയിലാണ് നിജപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

🇶🇦ഖത്തർ: ഏപ്രിൽ 11 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്ക് QR ടിക്കറ്റ് നിർബന്ധമാക്കുന്നു; കർവ ബസ് ആപ്പിലൂടെ ടിക്കറ്റ് സൗജന്യമായി ലഭിക്കും.

✒️2022 ഏപ്രിൽ 11 മുതൽ ദോഹ മെട്രോയുടെ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സൗജന്യ QR ടിക്കറ്റ് നിർബന്ധമാക്കുന്നതായി മൊവാസലാത് അറിയിച്ചു. 2022 ഏപ്രിൽ 9-നാണ് മൊവാസലാത് ഈ അറിയിപ്പ് നൽകിയത്.

ഈ QR ടിക്കറ്റ് കർവ ബസ് ആപ്പിൽ നിന്ന് സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണെന്ന് മൊവാസലാത് വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിൽ നിന്ന് ഒരു തവണ ഡൌൺലോഡ് ചെയ്യുന്ന മെട്രോ ലിങ്ക് QR ടിക്കറ്റ് തുടർന്നുള്ള എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഉപയോഗിക്കാവുന്നതാണ്.

മെട്രോലിങ്ക് QR ടിക്കറ്റ് നേടുന്നതിനുള്ള നടപടികൾ:
ഫോണിൽ കർവ ബസ് ആപ്പ് ഇൻസ്റ്റാൽ ചെയ്യുക. തുടർന്ന് ഈ ആപ്പിലേക്ക് ലോഗിൻ ചെയ്യുക.
മെട്രോലിങ്ക് ബസ് സേവനം ഉപയോഗിക്കുന്നതിന് മുൻപായി ആപ്പിൽ നിന്ന് ‘Download an E-Ticket’ എന്ന സേവനം തിരഞ്ഞെടുക്കുക. ഇത് ഒറ്റത്തവണ മാത്രം ചെയ്യേണ്ട നടപടിയാണെന്നും, ഒരു തവണ ലഭിക്കുന്ന ടിക്കറ്റ് തുടർന്നുള്ള എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ടിക്കറ്റ് ഡൗൺലോഡ് നടപടി പൂർത്തിയാക്കിയ ശേഷം ആപ്പിലെ ‘Metro Link QR Ticket’ എന്ന സേവനം തിരഞ്ഞെടുക്കുക.
ഇപ്പോൾ ആപ്പിൽ സ്വർണ്ണ വർണ്ണത്തിലുള്ള ഒരു QR കോഡിന്റെ രൂപത്തിൽ നിങ്ങളുടെ മെട്രോ ലിങ്ക് ടിക്കറ്റ് കാണാവുന്നതാണ്.
മെട്രോലിങ്ക് ബസുകളിൽ കയറുകയും, ഇറങ്ങുകയും ചെയ്യുന്ന അവസരത്തിൽ ഈ QR ടിക്കറ്റ് ബസിലെ QR കോഡ് റീഡർ സംവിധാനത്തിലൂടെ സ്കാൻ ചെയ്യേണ്ടതാണ്.
ആപ്പിലെ ഹോം സ്‌ക്രീനിൽ നിന്നും, ആപ്പിലെ കാർഡ് മാനേജ്‌മന്റ് സ്‌ക്രീനിൽ നിന്നും ഈ QR ടിക്കറ്റ് എടുക്കാവുന്നതാണ്.

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു.

✒️റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു മൂന്ന് പേർ കൂടി മരിച്ചു. പുതിയതായി 96 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ രോഗ ബാധിതരിൽ 289 പേരാണ് കഴി‌ഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,51,813 ഉം രോഗമുക്തരുടെ എണ്ണം 7,37,199 ഉം ആയി. 

ഇതുവരെ 9,058 പേര്‍ക്കാണ് കൊവിഡ് കാരണം സൗദി അറേബ്യയില്‍ ജോലി നഷ്‍ടമായത്. നിലവിൽ 5,556 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 75 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദി അറേബ്യയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 98 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 23, ജിദ്ദ - 17, മക്ക - 14, തായിഫ് - 10, മദീന - 8, അബഹ - 6, ദമ്മാം - 2.

🇴🇲ഒമാനിലേക്ക് നിയമ വിരുദ്ധമായി പ്രവേശിക്കാന്‍ ശ്രമിച്ച 52 വിദേശികള്‍ അറസ്റ്റില്‍.

✒️സമുദ്രമാര്‍ഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. തീരപ്രദേശത്തിനടുത്ത് വിവിധ സ്ഥലങ്ങളില്‍ നിന്ന് മൂന്ന് ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറിയിച്ചു. 

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 52 വിദേശികളാണ് ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നത്. അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.

🇴🇲പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി ആളുകളെ 'അറസ്റ്റ് ചെയ്‍ത്' പണം തട്ടി; മൂന്ന് പേര്‍ പിടിയില്‍.

✒️ഒമാനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റിലായി. പ്രതികള്‍ ആളുകളെ പിടിച്ചുവെയ്‍ക്കുകയും ഇവരില്‍ നിന്ന് ബലമായി പണം വാങ്ങുകയും ചെയ്‍തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സര്‍ക്കാര്‍ ജീവനക്കാരായി ആള്‍മാറാട്ടം നടത്തുകയും ബലമായി പണം വാങ്ങുകയും ചെയ്‍ത മൂന്ന് പേരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അറസ്റ്റ് ചെയ്‍തുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറയിപ്പില്‍ പറയുന്നത്. ഇവര്‍ അനധികൃതമായി ആളുകളെ 'അറസ്റ്റ്' ചെയ്‍തിരുന്നുവെന്നും മോചനത്തിനായി പണം വാങ്ങിയിരുന്നു എന്നും പൊലീസിന്റെ പ്രസ്‍താവനയില്‍ പറയുന്നു. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

🇦🇪യുഎഇയില്‍ 226 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 619 പേര്‍ക്ക് രോഗമുക്തി.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 224 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 591 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പുതിയതായി നടത്തിയ 2,33,862 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,93,862 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,74,040 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 17,520 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇸🇦ഈ വർഷം ഹജ്ജിന് ഏറ്റവും കൂടുതൽ അവസരം വിദേശ തീർത്ഥാടകർക്ക്.

✒️ഈ വർഷം ഹജ്ജിന് ഏറ്റവും കൂടുതൽ അവസരം വിദേശ തീർത്ഥാടകർക്ക്. കൂടുതല്‍ അവസരവും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ആയിരിക്കുമെന്നും ഒരു രാജ്യത്തെയും മാറ്റി നിര്‍ത്തില്ലെന്നും ഹജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിശാം സഈദ് പറഞ്ഞു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിദേശത്ത് നിന്നുള്ളവര്‍ക്ക് ഹജ്ജിനെത്താന്‍ സാധിച്ചിരുന്നില്ല.

ഇതു പരിഗണിച്ചാണ് വിദേശത്ത് നിന്നുള്ളവര്‍ക്ക് പരിഗണന നല്‍കാന്‍ കാരണം. ലോകത്തുള്ള എല്ലാ മുസ്ലിംകളെയും ഞങ്ങള്‍ ഹജ്ജിന് ക്ഷണിക്കുന്നു. ആയിരത്തില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് ഓരോ രാജ്യങ്ങള്‍ക്കും ഹജ് ക്വാട്ട നിശ്ചയിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്കുള്ള ക്വാട്ടകള്‍ നിശ്ചയിച്ചുവരികയാണ്. കാരണം പൂണ്യ ഭൂമികളില്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനുള്ള പരിധിക്കനുസരിച്ചാണിത് നിശ്ചയിക്കുന്നത്.

🇴🇲ഒമാനില്‍ മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 83 കൊവിഡ് കേസുകള്‍ മാത്രം.

✒️മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് മുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. മൂന്ന് ദിവസത്തിനിടെ രാജ്യത്ത് 83 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച 37 പേര്‍ക്കും വെള്ളിയാഴ്ച 22 പേര്‍ക്കും ശനിയാഴ്ച 24 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ചികിത്സയിലായിരുന്ന 189 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,83,681 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,88,686 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,254 പേര്‍ കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 41 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ മൂന്നുപേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.

🇴🇲കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി വിപണിയില്‍ നിന്ന് നീക്കം ചെയ്ത് സൗദി, മുന്നറിയിപ്പുമായി ഒമാന്‍.

✒️ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്കലേറ്റിന്റെ ഉപയോഗത്തിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. കിന്‍ഡര്‍ ചോക്കലേറ്റിന്റെ ഒരു ഉല്‍പ്പന്നത്തിന്റെ ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിച്ച ചില ബാച്ചുകളില്‍ സാല്‍മൊണെല്ല ബാക്ടീരിയ സാന്നിധ്യം സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് എസ്എഫ്ഡിഎ മുന്നറിയിപ്പ് പുറത്തുവിട്ടത്. 

കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്കലേറ്റ് വിപണിയില്‍ ലഭ്യമല്ലെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി എസ്എഫ്ഡിഎ അറിയിച്ചു. 2022 ഒക്ടോബര്‍ ഒന്ന് വരെ കാലാവധിയുള്ള L004L03 , L005L03-AD ഈ ബാച്ച് നമ്പറുകളുള്ള ഉല്‍പ്പന്നം ഉപഭോക്താക്കള്‍ വാങ്ങരുതെന്നും മുമ്പ് വാങ്ങിയവരുടെ കൈവശം ഉണ്ടെങ്കില്‍ അത് നശിപ്പിച്ച് കളയണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സിയില്‍ സാല്‍മൊണെല്ല സാന്നിധ്യം ഉണ്ടായേക്കാമെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ക്വാളിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കി. ഈ പ്രത്യേക ബാച്ചില്‍പ്പെട്ട ഉല്‍പ്പന്നം വിപണിയില്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്കതമാക്കി. ഈ ബാച്ചിലെ ഉല്‍പ്പന്നം ഉപയോഗിക്കരുതെന്നും കൈവശമുണ്ടെങ്കില്‍ നശിപ്പിച്ച് കളയണമെന്നും സെന്റര്‍ അറിയിച്ചു.

🇶🇦🇦🇪ബാക്ടീരിയ സാന്നിധ്യം; കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിച്ചതായി നിര്‍മ്മാതാക്കള്‍.

✒️സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിക്കുന്നതായി ചോക്കലേറ്റിന്റെ നിര്‍മ്മാതാക്കളായ ഫെററോ. കിന്‍ഡര്‍ ചോക്കലേറ്റുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയ സാന്നിധ്യം സംശയിക്കുന്നത്. എന്നാല്‍ യുഎഇയിലും ഗള്‍ഫ് മേഖലയിലുമുള്ള കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റുകളില്‍ സാല്‍മൊണെല്ല പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി ഉറപ്പാക്കി. ഫെററോ എന്ന ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിക്കുന്ന ചോക്ലേറ്റാണ് കിന്റര്‍ സര്‍പ്രൈസ്. 

'ഫെററോയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിച്ച കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണെല്ല സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതായി യൂറോപ്പില്‍ നിന്നും വരുന്ന വാര്‍ത്തകളെ കണക്കിലെടുത്ത്, ജിസിസിയിലെ ഒരു ഉല്‍പ്പന്നത്തിലും സാല്‍മൊണെല്ല സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജിസിസിയിലെ ഉപഭോക്താക്കള്‍ക്ക് ഫെററോ ഗള്‍ഫ് വീണ്ടും ഉറപ്പു നല്‍കുന്നു'- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഫെററോ, എട്ട് ഫാക്ടറികളില്‍ നിര്‍മ്മിച്ച് ജിസിസിയില്‍ വിതരണം ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും ഒരെണ്ണം മാത്രമാണ് ബെല്‍ജിയത്തിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്- ഇത് ലാര്‍ജ് കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി 100 ജിആര്‍ എന്ന ഉല്‍പ്പന്നമാണ്. 'മുന്‍കരുതല്‍ നപടിയെന്ന രീതിയില്‍, ഫെററോ ഗള്‍ഫ് ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി 100 ജിആര്‍ ഉല്‍പ്പന്നത്തിന്റെ 2022 ഒക്ടോബര്‍ 1 വരെ കാലാവധിയുള്ള പ്രത്യേക ബാച്ചുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രത്യേക ബാച്ചുകള്‍ പിന്‍വലിക്കുന്നത്'- കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. 

കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളുള്‍പ്പെടെ ഫെററോയുടെ മറ്റ് ഉല്‍പ്പന്നങ്ങളെയൊന്നും ഈ തീരുമാനം ബാധിച്ചിട്ടില്ല. പിന്‍വലിച്ച ഉല്‍പ്പന്നം വിപണിയില്‍ ലഭ്യമല്ലെന്ന് ഉറപ്പാക്കാനായി റീട്ടെയ്‌ലര്‍മാരുമായി ബന്ധപ്പെടുകയാണെന്നും ഈ പ്രത്യേക ഉല്‍പ്പന്നം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അത് ഉപയോഗിക്കരുതെന്നും ഫെററോ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

🇰🇼കുവൈത്തിന് പിന്നാലെ വിജയിയുടെ ‘ബീസ്റ്റി’നെ വിലക്കി ഖത്തറും.

✒️റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയ് ചിത്രം ബീസ്റ്റിന്റെ പ്രദര്‍ശനം വിലക്കി ഖത്തറും. ചിത്രത്തില്‍ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്താനെതിരെയുള്ള ചില പരാമര്‍ശങ്ങളുമാണ് പ്രദര്‍ശനം വിലക്കാന്‍ കാരണം. നേരത്തെ ഇതേ കാരണം ചൂണ്ടിക്കാട്ടി കുവൈത്ത് സര്‍ക്കാരും ബീസ്റ്റിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.

നേരത്തെ സിനിമ തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധയതകളേറെയാണെന്നാണ് റിപ്പോര്‍ട്ട്.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. ഏപ്രില്‍ 13ന് എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകന്‍ ശെല്‍വരാഘവന്‍, മലയാളി താരം ഷൈന്‍ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെന്‍ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

ഏവീരരാഘവന്‍ എന്ന സ്പൈ ഏജന്റായാണ് ബീസ്റ്റില്‍ വിജയ് എത്തുന്നത്. ആദ്യ ട്രെയ്ലറിനും വന്‍ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നു. സിനിമ കാത്തിരിക്കുന്ന ആകാംക്ഷ വര്‍ധിപ്പിക്കുന്ന ട്രെയ്ലറാണ് പുറത്തുവന്നത്. ഒരു മാളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കുന്നത്.

Post a Comment

0 Comments