ആദ്യ പകുതി
സെമി ഫൈനലിന്റെ എല്ലാ പോരാട്ടവീര്യവും കണുന്നതായിരുന്നു കേരള കര്‍ണാടക മത്സരത്തില്‍ ആദ്യ പകുതി. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ആദ്യ ഇലവനില്‍ സല്‍മാന് പകരക്കാരനായി നിജോ ഗില്‍ബേര്‍ട്ടിനെ ഉള്‍പ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. ആദ്യ മിനുട്ടുകളില്‍ പതിയെ തുടങ്ങിയ കേരളം പിന്നീട് അറ്റാകിങിന്റെ രീതി മാറ്റി. നിരവധി അവസരങ്ങള്‍ കേരളത്തിന് ലഭിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി.
25-ാം മിനുട്ടില്‍ തിങ്ങിനിറഞ്ഞ കേരള ആരാധകരെ നിശബ്ദരാക്കി കര്‍ണാടക ലീഡ് എടുത്തു. ഇടതു വിങ്ങില്‍ നിന്ന് സുലൈമലൈ നല്‍കിയ പാസില്‍ സുധീര്‍ കൊട്ടികലയുടെ വകയായിരുന്നു ഗോള്‍. ചാമ്പ്യന്‍ഷിപ്പില്‍ കൊട്ടികലയുടെ അഞ്ചാം ഗോള്‍. ഇതോടെ ഏറ്റവും അധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ കേരള ക്യാപ്റ്റന്‍ ജിജോ ജോസഫിനൊപ്പം എത്തി കർണാടക നായകന്‍. കേരളം ഗോള്‍വഴങ്ങിയതിന് ശേഷം 30-ാം മിനുട്ടില്‍ ജെസിന്‍ പകരക്കാരനായി എത്തിയതോടെ കളിയുടെ മട്ടും ഭാവവും മാറി.
35-ാം മിനുട്ടില്‍ സൂപ്പര്‍ സബ് ജെസിന് കേരളത്തിനായി സമനിയ പിടിച്ചു. ബോക്‌സിന് അകത്തേക്ക് നല്‍കിയ പാസില്‍ അതിമനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു. 40-ാം മിനുട്ടില്‍ ജെസിനിലൂടെ കേരളം ലീഡ് എടുത്തു. കര്‍ണാടകന്‍ മധ്യനിരതാരങ്ങള്‍ വരുത്തിയ പിഴവില്‍ ഓടി കയറി പന്ത് തട്ടിയെടുത്ത ജെസിന്‍ കര്‍ണാടകന്‍ പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. 44-ാം മിനുട്ടില്‍ ജെസിന്‍ ഹാട്രിക്ക് നേടി. ഇടതു വിങ്ങില്‍ നിന്ന് കേരളാ താരം നിജോ ഗില്‍ബേര്‍ട്ട് അടിച്ച ബോള്‍ കര്‍ണാടകന്‍ കീപ്പര്‍ കെവിന്‍ന് തട്ടിയെങ്കിലും ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിലയുറപ്പിച്ചിരുന്ന ജെസിന്‍ അനായാസം ഗോളാക്കി മാറ്റി.
മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളം ലീഡ് മൂന്നാക്കി ഉയര്‍ത്തി. വലതു വിങ്ങിലൂടെ കര്‍ണാടകന്‍ ബോക്‌സിലേക്ക് ഇരച്ചു കയറിയ നിജോ ഗില്‍ബേര്‍ട്ട് നല്‍കിയ പാസ് കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ തട്ടിയെങ്കിലും തുടര്‍ന്ന് കിട്ടിയ അവസരം ഷിഖില്‍ ഗോളാക്കിമാറ്റുകയായിരുന്നു.
രണ്ടാം പകുതി
54-ാം മിനുട്ടില്‍ കര്‍ണാടക ഒരു ഗോള്‍ തിരിച്ചടിച്ചു. ഏകദേശം 30 വാര അകലെ നിന്ന് കര്‍ണാടകന്‍ വിങ്ങര്‍ കമലേഷ് എടുത്ത ഷോട്ട് കേരള കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി സെകന്റ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍. ഗോള്‍ വഴങ്ങിയതിന് ശേഷം രണ്ട് മിനുട്ടിനുള്ളില്‍ കേരളത്തിന്റെ അടുത്ത ഗോള്‍ പിറന്നു. മധ്യനിരയില്‍ നിന്ന് കര്‍ണാടകന്‍ ബോക്‌സിലേക്ക് സോളോ റണ്ണിലൂടെ മുന്നേറിയ ജെസിന്‍ ഗോള്‍കീപ്പറെ കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. സെമിയില്‍ ജെസിന്റെ നാലാം ഗോള്‍. അതോടെ ഏറ്റവും അധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ കേരളാ ക്യാപ്റ്റന്‍ ജിജോ ജോസഫിനും കര്‍ണാടകന്‍ താരം സുധീര്‍ കൊട്ടികലക്കുമൊപ്പം എത്തി.
62-ാം മിനുട്ടില്‍ കേരളത്തിന്റെ ആറാം ഗോള്‍ പിറന്നു. വലതുവിങ്ങില്‍ നിന്ന് അര്‍ജുന്‍ നല്‍കിയ ക്രോസ് കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു. 71-ാം മിനുട്ടില്‍ കര്‍ണാടക മൂന്നാം ഗോള്‍ നേടി. ബോക്‌സിന് പുറത്തുനിന്ന് സുലൈമലൈ എടുത്ത ഉഗ്രന്‍ ഷോട്ട് കേരള കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി ഗോളായി മാറി. രണ്ട് മിനുട്ടിന് ശേഷം 74-ാം മിനുട്ടില്‍ ജെസിന്റെ അഞ്ചാം ഗോള്‍ വലയിലേക്ക് വീണു. നൗഫല്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് അനായാസം ജെസിന് ഗോളാക്കി മാറ്റുകയായിരുന്നു. അതോടെ ജെസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി.
0 Comments