ഗുജറാത്തില്‍ നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം എന്താണെന്ന് പഠിക്കുന്നതിന് കേരളം ചീഫ് സെക്രട്ടറി അടങ്ങുന്ന സംഘത്തെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണ്. ഗുജറാത്തിന്റെ ഡാഷ് ബോര്‍ഡ് മോഡല്‍ അനുകരിക്കുന്ന കേരള സര്‍ക്കാരിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. വിമര്‍ശനങ്ങള്‍ക്കിടയിലും എന്താണ് ഡാഷ് ബോര്‍ഡ് മോഡല്‍ എന്നുപരിശോധിക്കാം.
സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ഡാഷ് ബോര്‍ഡ് പദ്ധതി ഗുജറാത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതികള്‍ വിലയിരുത്താനും അത് ഏകോപിപ്പിക്കാനും ഇതിനായി പ്രത്യേക സംവിധാനമുണ്ടാകും. ഈ സംവിധാനത്തിന് കീഴിലായിരിക്കും പദ്ധതികളുടെ നിര്‍വഹണം നടക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് പരാതികള്‍ പെട്ടന്ന് തീര്‍പ്പാക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടുതല്‍ ഉത്തരവാദിത്തബോധമുള്ളവരാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയുമോ എന്ന് പഠിക്കാനാണ് പ്രത്യേക സംഘം ഗുജറാത്തിലെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകതകളിലൊന്ന്. മുഖ്യമന്ത്രിക്ക് ഈ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താം. അതില്‍ ഇടപെടുകയും പുരോഗതി വിലയിരുത്തുകയും ചെയ്യാം. പദ്ധതിയുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുകയും ചെയ്യാം. 450ഓളം മാനദണ്ഡങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡാഷ് ബോര്‍ഡിനുള്ളത്. വിദ്യാഭ്യാസം, റവന്യൂ, ആരോഗ്യം ഉള്‍പ്പെടെയുള്ള 16 വകുപ്പുകളെ ഈ പദ്ധതിയനുസരിച്ച് നിരീക്ഷിക്കും.
2018ലാണ് ഗുജറാത്തില്‍ അന്നത്തെ മുഖ്യമന്ത്രി വിജയ് രൂപാണി തന്റെ സ്വപ്‌ന പദ്ധതി പോലെ ഡാഷ് ബോര്‍ഡ് സംവിധാനം നടപ്പിലാക്കിയത്. നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.
0 Comments