Ticker

6/recent/ticker-posts

Header Ads Widget

ഈ പള്ളിക്ക് ഇത്തവണ സൂര്യശോഭയാണ്; മുഴുവൻ ഇരുട്ടിനെയും ഇല്ലാതാക്കാനുള്ള വെളിച്ചമുണ്ടിവിടെ.

മലപ്പുറത്തെ കുറുവ വറ്റലൂരിലെ ഉമറുൽ ഫാറൂഖ്​ മസ്​ജിദിന് ഈ റമദാനിൽ മുമ്പെങ്ങുമില്ലാ​ത്ത അഴകും നിറവുമാണ്. സാഹോദര്യത്തിന്റെ സൂര്യശോഭയിലാണ് ഈ പള്ളി ഇത്തവണ റമദാനെ വരവേറ്റത്.

ഖത്തറിൽ എൻജിനിയറായ സൂര്യനാരായണൻ ഒരു മാസത്തെ അവധിക്ക്​ നാട്ടിലെത്തിയപ്പോഴാണ്​ റമദാൻ അടുത്തിട്ടും നാട്ടിലെ പള്ളിയുടെ ചുവരുകൾ​ പെയന്‍റടിക്കാതിരുന്നത്​ ശ്രദ്ധിച്ചത്​. ഉടനെ പെയിന്റിങ് ചെലവ്​ ഏറ്റെടുക്കാൻ സന്നദ്ധനായി പള്ളി കമ്മിറ്റി ഭാരവാഹികളിലൊരാളും അയൽവാസിയുമായ മൻസൂറിനെ സമീപിക്കുകയായിരുന്നു. ഭാരവാഹികൾ നിറഞ്ഞ മനസ്സോടെ അനുമതി നൽകി.

സൂര്യനാരായണന്‍ തന്നെ ജോലിക്കാരെ ഏര്‍പ്പാടാക്കിയാണ് പെയിന്റിങ് നടത്തിയത്. നോമ്പ് തുടങ്ങുന്നതിന്​ രണ്ട് ദിവസം മുമ്പേ പണി തീർക്കുകയായിരുന്നു. പെയിന്‍റിങ്​ തീരുന്നതിന്​ മുമ്പ്​ തന്നെ അവധി കഴിഞ്ഞ്​ ഖത്തറിലേക്ക്​ മടങ്ങേണ്ടതിനാൽ സഹോദരന്‍ അജയകുമാറിനെ കാര്യങ്ങൾ ഏൽപിച്ചാണ് അദ്ദേഹം പോയത്​.

റമദാനിൽ പള്ളി മോടി കൂട്ടുന്നത്​ സാധാരണ നടക്കാറുള്ള കാര്യമാണെന്നും അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അജയകുമാർ പറഞ്ഞു. പാണക്കാട്​ ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങൾ ഫെയ്​സ്​ബുക്​ പോസ്റ്റിൽ സൂര്യനാരായണന്‍റെ നന്മ പങ്കുവെച്ചതോടെയാണ്​ സംഭവം പുറംലോകമറിഞ്ഞത്​.

👇

സാഹോദര്യത്തിന് മാതൃക തീർത്ത് വറ്റലൂർകാരുടെ സ്വന്തം സൂര്യേട്ടൻ

ഈ വാർത്ത പ്രിയ സുഹൃത്ത് മൻസൂറിന്റെ ഫേസ്ബുക്ക് പേജിലൂടെയും മറ്റും ശ്രദ്ധയിൽപ്പെട്ടു.

 പുതുതലമുറയ്ക്ക് ഏറെ കൗതുകമുണർത്തുന്ന ഈ വാർത്തയെക്കുറിച്ച് അന്വേഷിച്ചപ്പോൾ തികച്ചും മാതൃകാപരമായ ഒരു പ്രവർത്തനമാണ് സൂര്യനാരായണൻ എന്ന സഹോദരൻ ചെയ്തത് എന്ന് മനസ്സിലായി.

വറ്റലൂർ | കുറുവ വില്ലേജ് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന നിസ്കാരപ്പള്ളിയാണ് സൂര്യനാരായണൻ പെയിന്റിംഗ് ചെയ്തു വിശ്വാസികൾക്ക് സമർപ്പിച്ചത്.

റമളാന്റെ ഭാഗമായി മുസ്ലിം വീടുകളും ആരാധനാലയങ്ങളും വൃത്തിയാക്കി റമളാനെ വരവേൽക്കാൻ തയ്യാറാകുമ്പോൾ ഈ നിസ്കാരപ്പള്ളി പെയിന്റ് ചെയ്യാത്ത കാര്യം ശ്രദ്ധയിൽപ്പെട്ട ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസിയായ സൂര്യനാരായണൻ എന്ന സഹോദരൻ തന്റെ കർത്തവ്യമായികണ്ട് സ്വയം മുന്നോട്ടു വന്ന് ഏറ്റെടുക്കുകയായിരുന്നു. 

ഏറെ മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ മുൻ തലമുറയ്ക്ക് ഒട്ടും അന്യമായിരുന്നില്ല. സമുദായങ്ങൾ തമ്മിൽ ഉള്ള കൊടുക്കൽ വാങ്ങലുകളും പരസ്പര സഹായങ്ങളും മുൻകാലങ്ങളിൽ ഒട്ടും പുതുമയുള്ള കാര്യമായിരുന്നില്ല. ജാതിക്കും മതത്തിനും അതീതമായി ആളുകളെ പരസ്പരം മനുഷ്യരായി കണ്ട് അവരവരുടെ വിശ്വാസങ്ങളെ പരസ്പരം ബഹുമാനിച്ച് യാതൊരു തരത്തിലുമുള്ള അസ്വാരസ്യങ്ങളും ഇല്ലാതെ ജീവിച്ചു പോയവരാണ് മുൻതലമുറ. 

പള്ളികൾ നിർമിക്കാൻ സ്വന്തം സ്ഥലം സൗജന്യമായി വിട്ടുനൽകിയ ഹൈന്ദവ സഹോദരങ്ങളും ഹൈന്ദവരുടെ ആവശ്യങ്ങൾക്ക് മുന്നിൽ നിന്നിരുന്ന മുസ്ലിം, ക്രൈസ്തവ സഹോദരങ്ങളും നമ്മുടെ നാടിനെ മറ്റു നാടുകളിൽ നിന്നും വ്യത്യസ്തമാക്കി. 

എന്നാൽ ഇന്ന് നമുക്ക് അഭിവൃദ്ധിയും ആധുനിക സൗകര്യങ്ങളും സൃഷ്ടാവ് നൽകിയപ്പോൾ ഉണ്ണുന്നതിനും ഉടുക്കുന്നതിലുമെല്ലാം വർഗീയതയുടെ വിഷ വിത്ത് പാകി ഈ വിശാല ലോകത്ത് മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകൾ സ്വയം തീർത്ത് അതിൽ ഒതുങ്ങിക്കൂടാൻ ഉള്ള പ്രവണത വർദ്ധിച്ചു വരികയാണ്. അതിനിടയിലാണ് ഇത്തരത്തിലുള്ള സന്തോഷകരമായ വാർത്തകൾ വരുന്നത്......

ഇതുപോലുള്ള സൂര്യനാരായണൻമാർ നമുക്കിടയിൽ ധാരാളമുണ്ട് എന്നത് തന്നെയാണ് നമ്മുടെ നാടിന്റെ പ്രതീക്ഷ....

തീർച്ചയായും ഇത്തരം വാർത്തകളും പ്രവർത്തികളും മതേതര കേരളത്തിന് മുതൽക്കൂട്ടാണ്...

വറ്റലൂരുകാരുടെ പ്രിയപ്പെട്ട സൂര്യനാരായണൻ എന്ന സൂര്യേട്ടന് ഒരായിരം നന്മകൾ നേരുന്നു. ......

✍️ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ

Post a Comment

0 Comments