രാജ്യത്ത് ഇന്ധന വില വര്‍ധന (Fuel Price Hike) പതിവ് പോലെ ഇന്നും. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസ വര്‍ധിപ്പിച്ചു.
കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് ഇന്നലെ വർധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.
അതേ സമയം ഇന്ധന വില വർധനവില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി രംഗത്ത് എത്തി. പാര്‍ലമെന്‍റിലാണ് മന്ത്രിയുടെ വിശദീകരണം. വിവിധ ലോക രാജ്യങ്ങളില്‍ അനുഭവപ്പെട്ട വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്എസ് പുരി ലോക്സഭയിൽ പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ വർധിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയിൽ ഇന്ധനവില വർധിപ്പിച്ചത്. 2021 ഏപ്രിലിനും മാർച്ച് 22നും ഇടയിൽ ഇന്ധന വില താരതമ്യം ചെയ്യുമ്പോൾ യുഎസിൽ 51%, കാനഡ 52%, ജർമ്മനി 55%, യുകെ 55%, ഫ്രാൻസ് 50%, സ്പെയിൻ 58% എന്നിങ്ങനെയാണ് വര്‍ധനവ്. അതേ സമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. എച്ച്എസ് പുരി ലോക്സഭയിൽ പറഞ്ഞു.
അതേസമയം രാജ്യത്തെ ദൈനംദിന ഇന്ധന വില വർദ്ധനവിനെതിരെ കേന്ദ്ര സർക്കാർ സഖ്യകക്ഷിയായ ജനതാദൾ (യുണൈറ്റഡ്). പെട്രോൾ വിലവർദ്ധനവ് പിൻവലിക്കണമെന്ന് പാർട്ടി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി കെ സി ത്യാഗി ആവശ്യപ്പെട്ടു.
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പാചക വാതകമടക്കമുള്ള ഇന്ധനവിലയിലുണ്ടായ വർധനവ് പിൻവലിക്കണമെന്ന് സർക്കാറിനോട് അഭ്യർത്ഥിക്കുന്നു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലക്കയറ്റം സർക്കാർ ഉടൻ അവസാനിപ്പിക്കണം.
വിലക്കയറ്റത്തെ കൂടുതൽ മോശമായി ബാധിക്കുമെന്നതിനാൽ ഇന്ധന വിലവർധനവുകൾ പിൻവലിക്കേണ്ടത് വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പിൽ എൻഡിഎയെ ആവേശത്തോടെ വിജയിപ്പിക്കാൻ സഹായിച്ച വോട്ടറെയും വിലക്കയറ്റം ബാധിക്കുന്നുണ്ടെന്നും ത്യാഗി ചൂണ്ടിക്കാട്ടി.
ഇന്ധനവില വർധന ഇപ്പോൾ ഇന്ത്യൻ ജനതയെ സംബന്ധിച്ച് നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയരുന്നതോടെ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാകുകയാണ്. സാധാരണ കുടുംബങ്ങളുടെ ബജറ്റ് പതിവായ ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ താളം തെറ്റിയിരിക്കുകയാണ്.
ക്രൂഡ് ഓയിൽ വില ബാരലിന് ഓരോ ഡോളർ വർധിക്കുമ്പോഴും പെട്രോളിന്റേയും ഡീസലിന്റേയും റീടെയിൽ വിലയിൽ 52 പൈസ മുതൽ 60 പൈസ വരേയും എണ്ണക്കമ്പനികൾ വർധിപ്പിക്കാറുണ്ട്. ക്രൂഡ് ഓയിൽ വില വർധനയെ മറികടക്കാനാണ് എണ്ണക്കമ്പനികളുടെ ഈ നടപടി.
കഴിഞ്ഞ നവംബർ നാല് മുതൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 28.4 ഡോളർ ഉയർന്നിട്ടുണ്ട്. നിലവിൽ 108.9 ഡോളറാണ് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില. ബ്രെന്റ് ക്രൂഡ് ഓയിൽ വില അനുസരിച്ച് രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 5.5 മുതൽ 7.8 രൂപയുടെ വർധന ഇനിയും വരാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച്, ഉയർന്ന ക്രൂഡ് ഓയിൽ വില ഉപഭോക്താക്കളിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കാൻ കേന്ദ്രത്തിന് സാധിക്കും.
0 Comments