🛫റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍.
✒️റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 10 കോടി യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് വിമാനത്താവളങ്ങൾ നിർമിക്കുന്നത്.
പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കം കുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) പ്രസിഡന്‍റ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു. റിയാദിൽ നടക്കുന്ന ഏവിയേഷൻ ഫോറത്തിലാണ് ഗാക പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയത്. പദ്ധതി വഴി ടൂറിസം മേഖലയുടെ വികസനവും നിരവധി തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. ഇതിനു പുറമേ ജി.ഡി.പി വളർച്ചയിൽ വ്യോമയാന മേഖലയുടെ സംഭാവന നിലവിലുള്ളതിന്‍റെ മൂന്നിരട്ടിയായി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു.
🇦🇪യു എ ഇ: CEPA കരാർ; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 90% കുറയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായി സാമ്പത്തിക വകുപ്പ് മന്ത്രി.
✒️യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നതായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു. ഈ ഉടമ്പടി പ്രകാരമുള്ള തീരുവ ഇളവുകളോടെയുള്ള ആദ്യ ഇറക്കുമതി നടന്നതായും അദ്ദേഹം വ്യക്തമാക്കി.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കസ്റ്റംസ് തീരുവകൾ 90 ശതമാനം കുറച്ചുകൊണ്ട് വ്യാപാരം പ്രോത്സാഹിപ്പിക്കാനും, 2021 അവസാനത്തിൽ 45 ബില്യൺ ഡോളർ ആയിരുന്ന എണ്ണ ഇതര വ്യാപാരം അടുത്ത അഞ്ച് വർഷങ്ങളിൽ പ്രതിവർഷം 100 ബില്യൺ ഡോളറായി വർധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള CEPA ഉടമ്പടി സഹായിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
CEPA ഉടമ്പടിയിൽ ഒപ്പുവെക്കാൻ യു എ ഇ ഇന്ത്യയെ തിരഞ്ഞെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് അടിവരയിടുന്നു. ‘പ്രോജക്‌ട്‌സ് ഓഫ് ദി 50’ പദ്ധതിയുടെ ഭാഗമായുള്ള CEPA ഉടമ്പടിയിൽ ഒപ്പ്‌വെക്കുന്നതിന് വിവിധ രാജ്യങ്ങളുമായി യു എ ഇ ചർച്ച നടത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ വാർഷിക വളർച്ചയെക്കുറിച്ചും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തത നൽകി. CEPA ഉടമ്പടി ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുമെന്നും 2030-ഓടെ യു എ ഇയുടെ ജിഡിപിയിൽ 1.7 ശതമാനം അല്ലെങ്കിൽ 9 ബില്യൺ യുഎസ് ഡോളർ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. 2030-ഓടെ യു എ ഇയുടെ കയറ്റുമതി 1.5 ശതമാനവും ഇറക്കുമതി 3.8 ശതമാനവും വർദ്ധിപ്പിക്കുമെന്നും, കഴിവുള്ളവർക്കും വൈദഗ്ധ്യമുള്ളവർക്കും 1,40,000 തൊഴിലവസരങ്ങൾ ഇത് സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുവ കുറയ്ക്കലും, റദ്ദാക്കലും, വിപണികളിലേക്കുള്ള പ്രവേശനം വിപുലമാക്കലും ഉൾപ്പടെയുള്ള നേട്ടങ്ങൾക്ക് പുറമെ, വ്യോമയാനം, പരിസ്ഥിതി, ആതിഥ്യമര്യാദ, ലോജിസ്റ്റിക്സ്, നിക്ഷേപം, നിർമ്മാണം, സാമ്പത്തിക സേവനങ്ങൾ, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ സുപ്രധാന മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ CEPA വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകളിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നിരവധി നേട്ടങ്ങൾ CEPA ഉടമ്പടി വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംയോജനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ബിസിനസ്സ് കമ്മ്യൂണിറ്റികൾക്കിടയിൽ പുതിയ ചക്രവാളങ്ങൾ തുറക്കുന്ന ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിനുമുള്ള ചരിത്രപരമായ തന്ത്രപരമായ ചുവടുവെപ്പിനെ ഇത് പ്രതിനിധീകരിക്കുന്നു.
CEPA വിവിധ വിപണികളിലേക്കുള്ള പ്രവേശനം തുറക്കുകയും ഊർജം, പരിസ്ഥിതി, ഡിജിറ്റൽ വ്യാപാരം എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിൽ പുതിയ നിക്ഷേപങ്ങളും അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് സേവനങ്ങൾ, പ്രൊഫഷണൽ സേവനങ്ങൾ, അക്കൗണ്ടിംഗ്, റിയൽ എസ്റ്റേറ്റ്, പരസ്യംചെയ്യൽ, ആശയവിനിമയം, കെട്ടിടനിർമ്മാണം, അനുബന്ധ സേവനങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ, പരിസ്ഥിതി സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ്, സാമൂഹികം, ആരോഗ്യ സേവനങ്ങൾ, യാത്ര, ടൂറിസം സേവനങ്ങൾ എന്നിവയുൾപ്പെടെ 11 സേവന മേഖലകളും 100-ലധികം ഉപമേഖലകളും ഈ കരാർ ഉൾക്കൊള്ളുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
എണ്ണ ഇതര കയറ്റുമതിയുടെ കാര്യത്തിൽ യു എ ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും രാജ്യത്തിന്റെ മൊത്തം ആഗോള കയറ്റുമതിയുടെ 14 ശതമാനത്തിന് തുല്യമാണിതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം യു എ ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും അറബ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ 40 ശതമാനവും കൈവശം വയ്ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
“അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 100 ബില്യൺ യുഎസ് ഡോളറായി ഉയർത്താനാണ് ഈ ചരിത്രപരമായ കരാർ ലക്ഷ്യമിടുന്നത്. രാജ്യം ഇഷ്യൂ ചെയ്തതോ സ്വീകരിച്ചതോ ആയ നിക്ഷേപങ്ങളുടെ കാര്യത്തിൽ യുഎഇയുടെ ഏറ്റവും വലിയ നിക്ഷേപ പങ്കാളികളിൽ ഒന്നാണ് ഇന്ത്യ,” അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ചരക്കുകളും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളും പ്രധാനമായും സ്വർണ്ണം, വജ്രങ്ങൾ, ആഭരണങ്ങൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പെട്രോളിയം, പ്ലാസ്റ്റിക്കുകൾ മുതലായവയും, ഇരുമ്പ്, സ്റ്റീൽ, അലുമിനിയം എന്നിവ ഉൾപ്പെടുന്ന ധാതുക്കളുമാണ്. വജ്രം, സ്വർണം, ആഭരണങ്ങൾ എന്നിവയുടെ ആഗോള വ്യാപാരത്തിന്റെ 16 ശതമാനത്തിലധികം ഇരു രാജ്യങ്ങളും വഹിക്കുന്നു.
COVID-19 പകർച്ചവ്യാധി സമയത്ത് യു എ ഇയുടെ വ്യാപാരത്തിന്റെ മൂന്ന് ശതമാനം ഇന്ത്യയുമായാണ് നടന്നതെന്ന് കണക്കുകൾ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 15 ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാരിൽ ഒന്നാണ് ഇന്ത്യ. ഭക്ഷ്യ ചരക്കുകളിലും ഉൽപന്നങ്ങളിലും യു എ ഇയുടെ മൊത്തം വ്യാപാരത്തിന്റെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കൂടാതെ യു എ ഇയുടെ ഭക്ഷ്യ ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും മൊത്തം ഇറക്കുമതിയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്.
🇸🇦സൗദി: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ, 15 വർഷം തടവ്.
✒️രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും, രാജ്യത്ത് തൊഴിൽ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ചുരുങ്ങിയത് 5 വർഷത്തെ തടവും (പരമാവധി 15 വർഷം വരെ), ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ ശിക്ഷാനടപടികൾക്ക് പുറമെ, ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ, ഇവർക്ക് താമസസൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങൾ എന്നിവ അധികൃതർ പിടിച്ചെടുക്കുന്നതാണ്.
രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10842 പേരെ 2022 ഏപ്രിൽ 28 മുതൽ 2022 മെയ് 4 വരെയുള്ള കാലയളവിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കിയിരുന്നു.
🇴🇲ഒമാൻ: സൗത്ത് ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് മെയ് 12 മുതൽ COVID-19 വാക്സിൻ ലഭ്യമാക്കും.
✒️2022 മെയ് 12 മുതൽ സൗത്ത് ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. 2022 മെയ് 11-നാണ് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇക്കാര്യം അറിയിച്ചത്.
ഗവർണറേറ്റിലെ പൗരന്മാർ, പ്രവാസികൾ, തീർത്ഥാടകർ എന്നിവർക്ക് സുർ ഹെൽത്ത് കോംപ്ലക്സിൽ നിന്നാണ് COVID-19 വാക്സിൻ ലഭ്യമാക്കുന്നത്. മെയ് 12, 2022, വ്യാഴാഴ്ച്ച മുതൽ ദിനവും രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് വാക്സിൻ നൽകുന്നത്.
ഇവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിനാണ് നൽകുന്നത്.
🇦🇪അബുദാബി: ഡാർബ് ആപ്പിലൂടെ മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നത് സംബന്ധിച്ച് ITC അറിയിപ്പ് നൽകി.
✒️ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി. 2022 മെയ് 11-നാണ് ITC ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.
ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് മവാഖിഫ് പാർക്കിംഗ് ഫീസ് ലളിതമായി അടയ്ക്കാമെന്ന് ITC ഈ അറിയിപ്പിലൂടെ വ്യക്തമാക്കി. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ മുതലായ ഇടങ്ങളിൽ നിന്ന് ഡാർബ് സ്മാർട്ട് ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഡാർബ് ആപ്പിലൂടെ മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ:
ഡാർബ് ആപ്പിലെ ‘പേ ഫോർ പാർക്കിംഗ്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
പാർക്കിംഗ് ടൈപ്പ് തിരഞ്ഞെടുക്കുക.
വാഹനം പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന മണിക്കൂർ തിരഞ്ഞെടുക്കുക.
‘പേ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
പാർക്കിംഗ് ഫീസ് നിങ്ങളുടെ ഡാർബ് വാലറ്റിൽ നിന്ന് അടയ്ക്കുന്നതാണ്.
എമിറേറ്റിലെ വാഹന ഉടമകൾക്ക് മവാഖിഫ് പാർക്കിംഗ് ഫീസ് ഇനി മുതൽ ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് അടയ്ക്കാമെന്ന് ITC 2022 ഏപ്രിൽ 15-ന് അറിയിച്ചിരുന്നു. ഡാർബ് ആപ്പിലെ ഇ-വാലറ്റ് സംവിധാനത്തിലൂടെയാണ് മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നത്.
🇴🇲ഇന്ത്യ-ഒമാൻ വാണിജ്യ ബന്ധം കൂടുതൽ ശക്തമാകുമെന്ന് സൂചന.
✒️വരും വർഷങ്ങളിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്ന സൂചനകൾ നൽകിക്കൊണ്ട് ഇരുരാജ്യങ്ങളും പങ്കെടുത്ത ജോയിന്റ് കമ്മിഷൻ മീറ്റിംഗ് ന്യൂഡൽഹിയിൽ വെച്ച് നടന്നു. 2022 മെയ് 11, ബുധനാഴ്ച്ചയാണ് പത്താമത് ഒമാൻ – ഇന്ത്യ ജോയിന്റ് കമ്മിഷൻ മീറ്റിംഗ് നടന്നത്.
ഒമാൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി H.E. ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി H.E. ശ്രീ. പീയുഷ് ഗോയൽ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുത്തു. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള സാമ്പത്തിക, വാണിജ്യ, വ്യാപാര, നിക്ഷേപ, സേവന ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരത്തിന്റെ തോത് ഉയർത്താനും ഈ യോഗത്തിൽ ധാരണയായിട്ടുണ്ട്. വരും വർഷങ്ങളിൽ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വ്യാപാരം അഞ്ച് ബില്യൺ ഡോളറിൽ കൂടുതൽ മൂല്യത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ വാണിജ്യ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് മികച്ച ഒരു ഇടമായാണ് ഒമാനെ ഇന്ത്യ കാണുന്നതെന്ന് ശ്രീ. പീയുഷ് ഗോയൽ ചൂണ്ടിക്കാട്ടി.
🔊Rifa Mehnu : റിഫ മെഹ്നുവിന്‍റെ മരണം; ഭർത്താവ് മെഹ്നാസിന് മേല്‍ കുരുക്ക് മുറുകുന്നു,ലുക്ക് ഔട്ട് നോട്ടീസിറക്കും.
✒️മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ (Vlogger Rifa Mehnu)ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാനുളള നീക്കവുമായി അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജാരാൻ സമയം നൽകിയിട്ടും മെഹ്നാസിനെ എത്താത്തതിനാലാണ് ലുക് ഔട്ട് നോട്ടീസ് ഇറക്കുക. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.
വ്ളോഗർ റിഫയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ പരാതി നൽകിയതോടെയാണ് കേസന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പിയും സംഘവും കഴിഞ്ഞ ദിവസം കാസർകോട്ടുളള മെഹ്നാസിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും നേരിട്ട് കണ്ട് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും മെഹ്നാസിനെ കണ്ടത്താനായില്ല. വ്യാഴാഴ്ചക്കകം കോഴിക്കോട്ടെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ മെഹ്നാസിന് സമയം നൽകിയിരുന്നു. എന്നാൽ പെരുന്നാളിന് ശേഷം യാത്ര പോയ മെഹ്നാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന മറുപടിയാണ് മാതാപിതാക്കൾ നൽകിയത്. നിലവിൽ മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്സെടുത്തിട്ടുണ്ട്. മെഹ്നാസിൽ നിന്ന് കൂടുതൽ വിവരങ്ങളറിഞ്ഞാലേ തുടർനടപടികളിലേക്ക് കടക്കാനാവൂ എന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം.
മെഹ്നാസ് സഹകരിക്കാത്തതിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസുൾപ്പെടെയുളള കടുത്ത നടപടികളേക്ക് കടക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. മെഹ്നാസ് രാജ്യം വിട്ടില്ലെങ്കിലും സംസ്ഥാനാതിർത്തി കടന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുൻകൂർ ജാമ്യത്തിന് മെഹ്നാസ് ശ്രമിക്കുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും കിട്ടിയ ശേഷം തുടർനടപടികളെടുത്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. മരണത്തിൽ ദുരൂഹതയാരോപിച്ച് റിഫയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് മറവ് ചെയ്ത മൃതദേഹം മൂന്ന് മാസങ്ങൾക്ക് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.
മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാക്കൂർ പൊലീസ് പിന്നീട് മെഹ്നാസിനെതിരെ കേസെടുത്തത്.
ആല്‍ബം നടി കൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
🇧🇭ശസ്‍ത്രക്രിയയെ തുടര്‍ന്ന് രോഗിയുടെ മരണം; ബഹ്റൈനില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ചുമത്തിയ കൊലക്കുറ്റം റദ്ദാക്കി.
✒️മനാമ: ബഹ്റൈനില്‍ ശസ്‍ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ കോടതി കുറ്റവിമുക്തരാക്കി. നേരത്തെ കീഴ്‍കോടതി 12 മാസം തടവിന് ശിക്ഷിച്ച രണ്ട് സ്വദേശി ഡോക്ടര്‍മാരാണ് അപ്പീലുമായി മേല്‍കോടതിയെ സമീപിച്ചത്. രോഗിയുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ പിഴവാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
2019 ജൂണ്‍ 17ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നടന്ന ഒരു ശസ്‍ത്രക്രിയയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ലൈല ഹസന്‍ എന്ന സ്വദേശി വനിത ശസ്‍ത്രക്രിയക്ക് ശേഷം കോമ അവസ്ഥയിലാവുകയും പിന്നീട് രണ്ട് മാസം കഴിഞ്ഞ് ഓഗസ്റ്റ് 17ന് മരണപ്പെടുകയുമായിരുന്നു. ശസ്‍ത്രക്രിയക്ക് ശേഷമുള്ള മേല്‍നോട്ടത്തില്‍ വീഴ്‍ച വരുത്തിയതാണ് മരണ കാരണമെന്നും ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ശസ്‍ത്രക്രിയ പൂര്‍ത്തിയായി രോഗി പൂര്‍ണമായി ബോധം വീണ്ടെടുക്കുന്നതിന് മുമ്പ് ഓപ്പറേഷന്‍ തീയറ്ററില്‍ നിന്ന് മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം. എന്ത് ശസ്‍ത്രക്രികയക്കാണ് രോഗി വിധേയമായതെന്ന വിവരം കേസ് രേഖകളിലില്ല. അതേസമയം ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് സ്ഥാപിക്കാന്‍ തെളിവുകളില്ലെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു. അപ്പീല്‍ കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ പിഴവ് രോഗിയുടെ മരണത്തിന് കാരണമായെന്ന് സ്ഥാപിക്കാന്‍ സാധിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡോക്ടര്‍മാരുടെ പിഴവ് എന്താണെന്ന് ആരോപണങ്ങളില്‍ വ്യക്തമല്ല. രോഗിയുടെ ശരീരത്തില്‍ ഓക്സിജന്‍ കുറവായിരുന്നുവെന്ന് സംഭവം അന്വേഷിച്ച മെഡിക്കല്‍ പാനല്‍ കണ്ടെത്തിയെങ്കിലും മരണകാരണം എന്താണെന്ന് അവര്‍ക്കും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരെ കുറ്റവിമുക്തമാക്കിയത്. കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ് രണ്ട് ഡോക്ടര്‍മാരെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു.
🇴🇲ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്.
✒️ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ കാറിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. സലാല വിലായത്തിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആളപമായോ പരിക്കുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
🇸🇦സൗദി അറേബ്യയിൽ 611 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
✒️റിയാദ്: സൗദി അറേബ്യയിൽ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 611 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 172 പേർ സുഖം പ്രാപിച്ചു. രണ്ട് മരണമാണ് രാജ്യത്ത് വിവിധഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 757,802 ആയി. ആകെ രോഗമുക്തരുടെ എണ്ണം 743,099 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,110 ആയി. രോഗബാധിതരിൽ 5,593 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 22,368 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
ജിദ്ദ - 146, റിയാദ് - 138, മക്ക - 67, മദീന - 60, ദമ്മാം - 30, ത്വാഇഫ് - 28, അബഹ - 18, ജീസാൻ - 14, ഹുഫൂഫ് - 9, അൽബാഹ - 6, ബുറൈദ - 5, യാംബു - 5, ദഹ്റാൻ - 5, ഹാഇൽ - 4, സബ്യ - 4, ബേയ്ഷ് - 4, അൽഖർജ് - 4, തബൂക്ക് - 3, ഖമീസ് മുശൈത്ത് - 3, നജ്റാൻ - 3, ഖോബാർ - 3, അബൂ അരീഷ് - 3, ജുബൈൽ - 3, ബൽജുറൈഷി - 3, ഖുലൈസ് - 2, ഫർസാൻ - 2, അഫീഫ് - 2, ദവാദ്‍മി - 2, റാബിഖ് - 2, ഉനൈസ - 2, അൽറസ് - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,779,656 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,483,557 ആദ്യ ഡോസും 24,831,995 രണ്ടാം ഡോസും 13,464,104 ബൂസ്റ്റർ ഡോസുമാണ്.
🇴🇲ഇനി കൃത്യ സമയത്ത് ജോലിക്ക് എത്തണമെന്നില്ല; ഒമാനില്‍ ഞായറാഴ്‍ച മുതല്‍ പുതിയ സംവിധാനം.
✒️ഒമാനില്‍ ഞായറാഴ്‍ച മുതല്‍ 'ഫ്ലെക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം' നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജോലിക്ക് എത്തുന്നതിനോ ജോലി അവസാനിപ്പിക്കുന്നതിനോ കൃത്യമായ സമയം നിശ്ചയിക്കാതെ ജീവനക്കാര്‍ക്ക് ഇഷ്‍ടാനുസരണം സമയം തെരഞ്ഞെടുക്കാമെന്നതാണ് പുതിയ രീതിയുടെ പ്രത്യേകത. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഈ സംവിധാനം ബാധകമാവുക.
ഒമാനില്‍ സിവില്‍ സര്‍വീസ് നിയമവും അതിന്റെ ഭാഗമായ ചട്ടങ്ങളും ബാധകമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മെയ് 15 തിങ്കളാഴ്‍ച മുതല്‍ 'ഫ്ലെക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം' നടപ്പാക്കുന്നതായാണ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. ജീവനക്കാരുടെ ഹാജറും ജോലി അവസാനിപ്പിച്ച് പോകുന്ന സമയവും സ്വന്തം ഇഷ്‍ടപ്രകാരം തെരഞ്ഞെടുക്കാന്‍ ഇനി മുതല്‍ സാധിക്കും. പുതിയ രീതി അനുസരിച്ച് രാവിലെ 7.30 മുതല്‍ വൈകുന്നേരം 4.30വരെയായിരിക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുക. ഇതിനിടയില്‍ ഏഴ് മണിക്കൂര്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി ചെയ്‍തിരിക്കണമെന്നതാണ് വ്യവസ്ഥ. ജോലി തുടങ്ങുന്ന സമയം മുതലായിരിക്കും ജോലി സമയം കണക്കാക്കുന്നത്.
🇴🇲നികുതി വെട്ടിപ്പ്; ഒമാനില്‍ പ്രവാസിക്ക് പിഴയും തടവും നാടുകടത്തലും ശിക്ഷ.
✒️ഒമാനില്‍ നികുതി സംബന്ധമായ ക്രമക്കേടുകള്‍ നടത്തിയ പ്രവാസിക്ക് 1000 റിയാല്‍ പിഴയും ഒരു മാസം ജയില്‍ ശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തും. യഥാസമയം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‍ച വരുത്തിയതിനാണ് ശിക്ഷ.
ഒമാനിലെ നികുതി നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ ഒരു സ്ഥാപനത്തിനെതിരെ ബുറേമി വിലായത്തിലെ പ്രാഥമിക കോടതി നടപടി സ്വീകരിക്കുകയായിരുന്നു. നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള 2009ലെ നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടിയെന്ന് ടാക്സ് അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
കമ്പനിയുടെ പാര്‍ട്ണര്‍മാരിലൊരാള്‍ നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഒമാനിലെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള സര്‍ക്കാര്‍ വകുപ്പിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്സ് അതോരിറ്റിയുടെ പക്കലുള്ള മറ്റ് വിവരങ്ങള്‍ കൂടി പരിശോധിച്ചപ്പോള്‍ ഇയാള്‍ നികുതി റിട്ടേണുകള്‍ നല്‍കിയിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
രേഖകളും തെളിവുകളും ശേഖരിച്ച ശേഷം കേസ്, കള്ളപ്പണം തടയുന്നതിനുള്ള പ്രത്യേക പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി. പിന്നീട് കേസ് കോടതിയുടെ പരിഗണനയ്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു. ബോധപൂര്‍വം തന്നെ ഇയാള്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‍ച വരുത്തിയെന്ന് കോടതിയും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി പിഴയും ജയില്‍ ശിക്ഷയും നാടുകടത്തലും വിധിച്ചത്.
🇦🇪യുഎഇയില്‍ ഇന്ന് 252 പുതിയ കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല.
✒️യുഎഇയില്‍ ഇന്ന് 252 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 364 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 2,68,888 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,01,440 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,85,287 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 13,851 കൊവിഡ് രോഗികളാണുള്ളത്.
🇴🇲ഒമാനില്‍ ഇന്ന് 26 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️ഒമാനില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 18 പേര്‍ രോഗമുക്തരായി. അതേസമയം രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,89,370 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,84,543 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 4,259 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.8 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും കൊവിഡ് ബാധിച്ച് രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 11 പേര്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത് മൂന്ന് പേര്‍ മാത്രമാണ്.
🇦🇪മൂന്ന് മാസത്തിനിടെ ദുബൈ സന്ദര്‍ശിച്ചത് 39.7 ലക്ഷം പേര്‍.
✒️ഈ വര്‍ഷം ആദ്യ പാദത്തില്‍ ദുബൈയിലെത്തിയത് 39.7 ലക്ഷം സന്ദര്‍ശകര്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.7 ലക്ഷം സന്ദര്‍ശകരാണ് ദുബൈ സന്ദര്‍ശിച്ചത്. 214 ശതമാനം വളര്‍ച്ചയാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ദുബൈ എക്കണോമി ആന്‍ഡ് ടൂറിസം (ഡിഇറ്റി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊവിഡിന് ശേഷം ആദ്യ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും മികച്ച അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണമാണിത്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ഹോട്ടല്‍ ഒക്യുപന്‍സി നിരക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്താനും ദുബൈയ്ക്ക് സാധിച്ചു. ദുബൈയില്‍ ഹോട്ടല്‍ ഒക്യൂപന്‍സി നിരക്ക് 82 ശതമാനമായിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടുനിന്ന ദുബൈ എക്‌സ്‌പോ 2.4 കോടി പ്രാദേശിക, വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദുബൈയില്‍ ടൂറിസം മേഖലയുടെ ശക്തിയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
0 Comments