Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ...

🇦🇪ദുബായ്: ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽ‌സ് ഈടാക്കും.

✒️2022 ജൂലൈ 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത രണ്ട് വർഷത്തിനിടയിൽ ഇത്തരം പ്ലാസ്റ്റിക് ബാഗുകൾക്ക് ദുബായിൽ പൂർണ്ണ വിലക്കേർപ്പെടുത്തുന്നതിന്റെ പ്രാരംഭനടപടിയായാണ് ഈ തീരുമാനം.

വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ കൊണ്ട് പോകുന്നതിനായി ഉപയോഗിക്കുന്ന, 57 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ 25 ഫിൽസ് ചാർജ്ജ് ഈടാക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണ തോത് കുറയ്ക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദുബായ് ലക്ഷ്യമിടുന്നത്.

57 മൈക്രോണിൽ താഴെ കനമുള്ള പേപ്പർ, ബയോ-ഡീഗ്രേഡബിൾ പ്ലാസ്റ്റിക്, മറ്റു ബയോ-ഡീഗ്രേഡബിൾ വസ്തുക്കൾ എന്നിവയാൽ നിർമ്മിച്ചിട്ടുളള ബാഗുകൾക്കും ഈ ചാർജ്ജ് ഈടാക്കുന്നതാണ്. 2022 ജൂലൈ 1 മുതൽ ഇത്തരം ബാഗുകൾ പൂർണ്ണമായി നിരോധിക്കപ്പെടുന്ന അടുത്ത രണ്ട് വർഷത്തെ കാലയളവിൽ ഈ ചാർജ്ജ് ബാധകമാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി 2022 ഏപ്രിൽ 6-ന് അറിയിച്ചിരുന്നു.

🇴🇲ഒമാൻ: ചൂട് കൂടുന്നു; അന്തരീക്ഷ താപനില 45 ഡിഗ്രി കടന്നു.

✒️രാജ്യത്തെ അന്തരീക്ഷ താപനില ഉയരുന്നതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. 2022 മെയ് 19-ന് കാലാവസ്ഥാ കേന്ദ്രം നൽകിയ അറിയിപ്പ് പ്രകാരം സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബനി ബു ഹസ്സൻ സ്റ്റേഷനിൽ അന്തരീക്ഷ താപനില 45.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.

24 മണിക്കൂറിനിടയിൽ ഒമാനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സൈഖിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സൈഖ് സ്റ്റേഷനിൽ 21.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

🇸🇦സൗദി: Eatmarna ആപ്പിലെ ആരോഗ്യ സ്റ്റാറ്റസിൽ രേഖപ്പെടുത്തുന്ന തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച അറിയിപ്പ്.

✒️Eatmarna ആപ്പിലെ ആരോഗ്യ സ്റ്റാറ്റസിൽ രേഖപ്പെടുത്തുന്ന തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തത നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യക്തികൾക്കും, അവരുടെ കൂടെ യാത്ര ചെയ്യുന്നവർക്കും തങ്ങളുടെ അക്കൗണ്ടിലെ ആരോഗ്യ സ്റ്റാറ്റസിൽ Eatmarna ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് മാറ്റങ്ങൾ വരുത്തുന്നതിനുള്ള മാർഗങ്ങൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തികൾക്ക് താഴെ പറയുന്ന രീതിയിൽ Eatmarna ആപ്പിലെ ഹെൽത്ത് സ്റ്റാറ്റസിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്:
Eatmarna ആപ്പിലെ സെറ്റിംഗ്സ് പേജിൽ നിന്ന് പേർസണൽ ഡാറ്റ പേജ് എടുക്കുക.
ഇതിൽ നിന്ന് കൂടെ യാത്ര ചെയ്യുന്നവരുടെ ലിസ്റ്റ് എടുത്ത ശേഷം വിവരങ്ങൾ മാറ്റി രേഖപ്പെടുത്തേണ്ട വ്യക്തിയുടെ പേര് തിരഞ്ഞെടുക്കുക.
ഇതിൽ നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാറ്റസ് ഒഴിവാക്കി, ആവശ്യമായ പുതിയ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പന്തീരായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12458 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 മെയ് 12 മുതൽ 2022 മെയ് 18 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022 മെയ് 21-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 7836 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1488 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3134 പേരെയാണ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 115 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 35 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 47 ശതമാനം പേർ യെമൻ പൗരന്മാരും, 18 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇦🇪യു എ ഇ: ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളെ ഭീഷണിപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ.

✒️രാജ്യത്ത് ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും, ഭീഷണിപ്പെടുത്തിക്കൊണ്ട് വിവിധ കാര്യങ്ങൾ നേടിയെടുക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഓൺലൈൻ, ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരെ ബ്ലാക്ക്മെയിൽ ചെയ്യുന്ന പ്രവർത്തികൾ, ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന പ്രവർത്തികൾ എന്നിവയ്ക്ക് യു എ ഇയിൽ തടവും, പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും, കിംവദന്തികൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള യു എ ഇയിലെ ഫെഡറൽ നിയമം ‘2021/ 34’-ലെ ആർട്ടിക്കിൾ 42 പ്രകാരം ഇത്തരം പ്രവർത്തികൾക്ക് ലഭിക്കുന്ന ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് ചുരുങ്ങിയത് രണ്ടര ലക്ഷം ദിർഹം പിഴയും (പരമാവധി 5 ലക്ഷം ദിർഹം വരെ), രണ്ട് വർഷം വരെ തടവും ശിക്ഷയായി ലഭിക്കുന്നതാണ്.

ഈ നിയമ പ്രകാരം, ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും, രാജ്യത്തെ ഡാറ്റ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചും വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും, ഭീഷണിപ്പെടുത്തിക്കൊണ്ട് അന്യായമായ കാര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതും, ഭീഷണിപ്പെടുത്തിക്കൊണ്ട് ന്യായമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്നതും ഇത്തരം ശിക്ഷകൾ ലഭിക്കുന്നതിലേക്ക് നയിക്കുന്നതാണ്. ഇത്തരം പ്രവർത്തികൾ ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ ശിക്ഷാ നടപടികൾ കൂടുതൽ കഠിനമാകുന്നതാണ്.

ഇത്തരം ഭീഷണികളിലൂടെ ഒരു വ്യക്തിയെ ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതും, വ്യക്തികളുടെ അഭിമാനം, പദവി എന്നിവ ഹനിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് അവരെ നിർബന്ധിക്കുന്നതുമായ പ്രവർത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് യു എ ഇയിൽ പരമാവധി പത്ത് വർഷത്തെ തടവ് ശിക്ഷ ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

🇸🇦സൗദി അറേബ്യ: രാജ്യത്ത് കുരങ്ങ് പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരണം നൽകി. 2022 മെയ് 21, ശനിയാഴ്ച രാത്രി സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ ഏതാനം യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കയിലും കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്ത് കുരങ്ങ് പനി ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇത് നേരിടുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ ടെസ്റ്റുകൾ, ലാബ് ടെസ്റ്റുകൾ എന്നിവ സൗദി അറേബ്യയിൽ ലഭ്യമാണെന്നും, രോഗബാധ നിയന്ത്രിക്കുന്നതിനും, ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുറത്തിറക്കുന്ന അറിയിപ്പുകൾ പിന്തുടരാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന വ്യക്തികൾ ആവശ്യമായ സുരക്ഷാ, മുൻകരുതൽ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുരങ്ങ് പനി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വ്യാപകമായ രീതിയിൽ പടരുന്നതിനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്ന് സൗദി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. അബ്ദുല്ല അസിരി ചൂണ്ടിക്കാട്ടി.

🇶🇦ഖത്തറില്‍ 147 പുതിയ കൊവിഡ് കേസുകള്‍, 161 പേര്‍ക്ക് രോഗമുക്തി.

✒️ഖത്തറില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 161 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,65,415 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 129 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 18 പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 677 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,67,099 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 1,007 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 14,000 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,511,513 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല.

🇸🇦ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി.

✒️ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോങ്കോ, ലിബിയ, ഇന്തൊനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവാണ് വിലക്കിന് കാരണം. അതേസമയം സൗദി അറേബ്യയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇸🇦സൗദിയിൽ കൊവിഡ് മുക്തി കേസുകൾ ഉയരുന്നു.

✒️റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസിനെക്കാൾ രോഗമുക്തി കേസ് ഉയർന്നു. 467 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലുള്ളവരിൽ 493 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 763,042 ആയി. ആകെ രോഗമുക്തരുടെ എണ്ണം 747,492 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,130 ആയി. രോഗബാധിതരിൽ 6,420 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 77 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

24 മണിക്കൂറിനിടെ 23,416 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 133, റിയാദ് 119, മദീന 48, ദമ്മാം 41, മക്ക 40, അബഹ 18, ത്വാഇഫ് 8, ഹുഫൂഫ് 6, ജീസാൻ 5, ബുറൈദ 4, ദവാദ്മി 3, യാംബു 3, ഉനൈസ 3, ദഹ്റാൻ 3, താദിഖ് 3, അൽഖർജ് 3, ഖമീസ് മുശൈത്ത് 2, ഖോബാർ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,297,837 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,537,556 ആദ്യ ഡോസും 24,893,406 രണ്ടാം ഡോസും 13,866,875 ബൂസ്റ്റർ ഡോസുമാണ്.

🇸🇦പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ എല്ലാവരും വനിതകള്‍, ചരിത്രം സൃഷ്ടിച്ചു സൗദിയില്‍ വിമാന സര്‍വീസ്.

✒️പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ പൂര്‍ണമായും വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി, ചരിത്രം സൃഷ്ടിച്ചു സൗദിയില്‍ വിമാന സര്‍വീസ്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് ഇന്ന് സര്‍വീസ് നടത്തിയ ഫ്‌ലൈഡീല്‍ വിമാനത്തിലാണ് സ്ത്രീ ജീവനക്കാര്‍ മാത്രം ഉണ്ടായിരുന്നത്.

ഈ രീതിയിലുള്ള സൗദിയിലെ ആദ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് ആണിത്. ഏഴംഗ ക്രൂവില്‍ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്‌ലൈഡീല്‍ വക്താവ് ഇമാദ് പറഞ്ഞു. 
രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

🇦🇪77-ാമത് നറുക്കെടുപ്പില്‍ 22 വിജയികള്‍ക്ക് 1,000,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി മഹ്സൂസ്.

✒️ദുബൈ: യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് 2022 മേയ് 21 ശനിയാഴ്ച നടന്ന 77-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 22 ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 45,454.54 ദിര്‍ഹം വീതമാണ് നേടിയത്. 1, 24, 29, 31, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. 

യുഎഇയില്‍ നിരവധി മില്യനയര്‍മാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന, ഈവിങ്‌സ് എല്‍എല്‍സി മാനേജിങ് ഓപ്പറേറ്ററായുള്ള യുഎഇയിലെ പ്രമുഖ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസില്‍ 969 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. എല്ലാ ആഴ്ചയിലെയും പോലെ ഈ ആഴ്ചയും റാഫിള്‍ ഡ്രോയിലൂടെ മൂന്ന് ഭാഗ്യശാലികള്‍ 100,000 ദിര്‍ഹം സ്വന്തമാക്കി. 14717899, 14699145, 14658901 എന്നീ ഐഡികളിലൂടെ ജോസ്, അല്‍ഡ്വിന്‍, ഏഞ്ചല എന്നിവര്‍ യഥാക്രമം വിജയികളായി. 

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 മെയ് 28 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 1,000,000 ദിര്‍ഹത്തിന് പകരം 2,000,000 ദിര്‍ഹമാണ്.


www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഈ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക. 

മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

🇴🇲മാസ്‌ക് നിര്‍ബന്ധമല്ല; ഒമാനില്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി.


✒️കൊവിഡുമായി ബന്ധപ്പെട്ട എല്ലാ കൊവിഡ് മുന്‍കരുതല്‍ നടപടികളും ഒഴിവാക്കാന്‍ ഒമാന്‍ സുപ്രീം കമ്മറ്റിയുടെ തീരുമാനം. എല്ലാ സ്ഥലങ്ങളിലെയും കൊവിഡ് മാനദണ്ഡങ്ങള്‍ എടുത്തുകളഞ്ഞു. തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി. അവരവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനമെടുക്കാം.

എന്നാല്‍ ജനങ്ങള്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നത് തുടരണമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. ഇതനുസരിച്ച് പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉള്ളവര്‍ വീട്ടില്‍ തന്നെ തുടരുകയും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുകയും വേണം. സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മാസ്‌ക് ധരിക്കണം. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.

🇦🇪യുഎഇയില്‍ ഇന്ന് 364 കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 364 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 356 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 2,32,385 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,04,830 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,88,584 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

🇧🇭ബഹ്‌റൈനില്‍ 12-17 പ്രായക്കാര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിന് അനുമതി.

✒️മനാമ: ബഹ്‌റൈനില്‍ 12-17 പ്രായക്കാര്‍ക്ക് ഇഷ്ടാനുസരണം രണ്ടാം ബൂസ്റ്റര്‍ ഡോസിന് ദേശീയ മേഡിക്കല്‍ പ്രതിരോധ സമിതി അനുമതി നല്‍കി. തീരുമാനം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഒമ്പതു മാസത്തിന് ശേഷം ഇവര്‍ക്ക് രണ്ടാം കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 

ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ അല്ലെങ്കില്‍ ആദ്യ ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ച വാക്‌സിന്‍ രണ്ടാം ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം. കൊവിഡ് രോഗമുക്തരായവര്‍ക്ക് രോഗം സ്ഥിരീകരിച്ച തീയതി മുതല്‍ ആറുമാസത്തിന് ശേഷവും ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷവും ഇഷ്ടാനുസരണം രണ്ടാമത്തെ ബൂസ്റ്റര്‍ േേഡാസ് സ്വീകരിക്കാവുന്നതാണ്.

Post a Comment

0 Comments