Ticker

6/recent/ticker-posts

Header Ads Widget

വിദ്വേഷ പരാമർശം; ഖത്തറിലെ മലയാളം മിഷൻ കോ-ഓർഡിനേറ്റർ ദുർ​ഗാദാസിനെ ചുമതലകളിൽ നിന്ന് നീക്കി.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ദുര്‍ഗാദാസിനെ, ഖത്തറിനെ മലയാളം മിഷന്‍ ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കി. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കടയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ദുര്‍ഗാദാസിനെതിരെ വിവിധ പ്രവാസി സംഘടനകളും നഴ്‍സുമാരുടെ സംഘടനകളും രംഗത്തെത്തിയിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മിഷന്‍ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുകൊണ്ടും വേദന അറിയിച്ചുകൊണ്ടും മിഷനിലേക്ക് മെയിലുകള്‍ അയക്കുകയും സോഷ്യല്‍ മീഡിയകളിലൂടെ അറിയിക്കുകയും ചെയ്‍തതായി മുരുകന്‍ കാട്ടാക്കടയുടെ ഉത്തരവില്‍ പറയുന്നു. മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മെയിലിലൂടെയും വോയിസ് മെസേജിലൂടെയും നടപടി ആവശ്യപ്പെട്ടതായും ഉത്തരവിലുണ്ട്.

പി.സി ജോർജ് വിദ്വേഷ പ്രസ്‍താവന നടത്തിയ അതേ സമ്മേളനത്തിൽ വെച്ചായിരുന്നു, സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനിൽ ഔദ്യോ​ഗിക ചുമതല വഹിച്ചിരുന്ന ദുര്‍ഗാദാസിന്റെയും ചോദ്യം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‍സുമാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെയും മറ്റും മോശമായി ചിത്രീകരിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നത്. 'ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത്. നമുക്ക് അവിടെ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഞാൻ ​ഗൾഫ് നാട്ടിൽ നിന്നാണ് വരുന്നത്. നഴ്സ് റിക്രൂട്ടിങ് എന്ന പേരിൽ തീവ്രവാദികളുടെ ലൈം​ഗിക സേവയ്ക്ക് കൊണ്ടുപോകുന്നുവെന്ന് അറിയാൻ കഴിഞ്ഞു. അതിനെ തടയാൻ നടപടിയോ മറ്റോ ഇവിടെ നിന്ന് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ?' എന്നായിരുന്നു ദുർഗാദാസിന്റെ ചോദ്യം.

മലയാളം മിഷൻ കോ-ഓർഡിനേറ്ററുടെ പ്രസ്താവന ആതുര സേവന രം​ഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ നഴ്‍സുമാരെ വേദനിപ്പിക്കുന്നതാണെന്ന് നഴ്‍സുമാരുടെ കൂട്ടായ്‍മയായ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ - ഖത്തർ ആരോപിച്ചു. നഴ്സുമാരുടെ മറ്റൊരു സംഘടനയായ ഫെ‍ഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ ഖത്തറും പ്രസ്താവനയെ അപലപിച്ചു. ഖത്തർ ഇൻകാസ്, ഐഎംസിസി, യൂത്ത് ഫോറം ഖത്തർ എന്നിങ്ങനെയുള്ള വിവിധ പ്രവാസി സംഘടനകളും പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തി. മുഖ്യമന്ത്രിയും ഖത്തറിലെ ഇന്ത്യൻ അംബാസഡറും ഉൾപ്പെടെയുള്ളവർക്ക് പരാതികൾ അയക്കുകയും ചെയ്‍തു. ഇതിന് പിന്നാലെയാണ് ദുർ​ഗാദാസിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

പ്രചരിക്കുന്ന വീഡിയോയിൽ മതവേർതിരിവ് സൃഷ്ടിക്കുന്ന പരാമർശം കാണുന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലാത്ത രണ്ട് പരാമർശങ്ങൾ വീഡിയോയിലുണ്ടെന്നും മിഷൻ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഒരു വിഭാ​ഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് ഈ പ്രസ്താവനയെന്നും മുരുകൻ കാട്ടാക്കട പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.



Post a Comment

0 Comments